Opinion

മാതൃത്വം: സഫൂറ കേസ് വ്യക്തമാക്കുന്നത്‌

ലോകത്ത് മാതൃത്വത്തിന് ഉയര്‍ന്ന പരിഗണനയും ബഹുമാനവും നല്‍കാത്ത ഒരു സമൂഹവും ഇല്ലന്നതാണ് ശരി. ഇന്ത്യയും അങ്ങനെത്തന്നെയാണ്. കുടുംബമെന്ന സ്ഥാപനത്തെ സംരക്ഷിക്കുന്നതിലും മൂല്യങ്ങളെ വിപണനം ചെയ്യുന്നതിലും മാതൃത്വത്തിനുള്ള പങ്ക് ഏറെ വലുതാണ്. എന്നാല്‍ മാതൃത്വത്തെ കളങ്കപ്പെടുത്തുന്ന പലതരം ഹീനകൃത്യങ്ങളാണ് ദിനംപ്രതി സംഭവിച്ച് കൊണ്ടിരിക്കുന്നത്. ജാതിയും മതവും മറ്റ് വൈരങ്ങളും അതിരിടാത്ത ഒരു സമൂഹത്തിലെ അത്തരം മൂല്യങ്ങള്‍ കരുത്തോടെ നിലനില്‍ക്കൂ എന്നാണ് വര്‍ത്തമാന കാലം നമ്മെ പഠിപ്പിക്കുന്നത്.

ഇന്ന് പ്രാസംഗികന് മൈക്കിന് മുന്നില്‍ വഴിപാട് പോലെ ‘ അമ്മമാരെ പെങ്ങന്‍മാരെ ‘ എന്നത് ഉദ്‌ഘോഷിക്കാനുള്ള ഒരു രാഷ്ട്രീയ അഭിസംബോധന രീതിമാത്രമാണല്ലോ. ജീവിതത്തില്‍ ഒരു രണ്ടാംകിട പൗരയായി സ്ത്രീ സമൂഹം തഴയപ്പെടുന്നുവെന്നാണല്ലോ അതിനര്‍ഥം. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരും മാതൃത്വത്തിന്റെ ഉമ്മറപടിയിലെത്തിയവരും അവമാനങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നുവെന്നത് ചരിത്രമായി അവശേഷിക്കുകയാണിന്ന്.

Also read: രോഗമാണദ്ദേഹത്തെ ധനികനാക്കിയത്

ഒരു അമ്മയാവാന്‍ കാത്തുനില്‍ക്കുന്ന 27 കാരിയായ സഫൂറ സര്‍ഗറിനെ തുടര്‍ച്ചയായി തടവിലാക്കിയത് ഇത്തരം കാപട്യമല്ലാതെ മറ്റെന്താണ്. മാതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള ജനപ്രിയ വര്‍ത്തമാനത്തിലെ തികഞ്ഞ കാപട്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണല്ലോ ഇത്. സഫൂറക്ക് ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചത് എല്ലാ മാതൃത്വങ്ങളും തുല്യമല്ലെന്ന രാഷ്ട്രീയ വായനയ്ക്ക് വീണ്ടും നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ചയായ സഫൂറക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസോര്‍ഡര്‍ പ്രയാസംകൂടി ഉണ്ടന്ന അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടും കഴിഞ്ഞ ആഴ്ച ജാമ്യം നിഷേധിച്ചതും നാം കണ്ടു. ദില്ലിയിലെ മൂന്ന് ജയിലുകളിലെയും അന്തേവാസികളില്‍ കോവിഡ് 19 വൈറസ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്കൂടി അഭിഭാഷകന്‍ ശ്രദ്ധയില്‍പെടുത്തി എന്നും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന അക്രമത്തില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടാണല്ലോ യുഎപിഎ ചുമത്തി ജാമിയ മില്ലിയ ഇസ്ലാമിയയിലെ റിസര്‍ച്ച് സ്‌കോളറായ സഫൂറയെ ഏപ്രില്‍ 10 ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 13 ന് ജാമ്യം അനുവദിച്ചങ്കിലും, പ്രത്യേക എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ അതേ ദിവസം തന്നെ വീണ്ടും അറസ്റ്റിലാവുകയാണുണ്ടായത്.

ജാമ്യാപേക്ഷ നിരസിച്ച ദില്ലി കോടതി ഇങ്ങനെ നിരീക്ഷിച്ചു: ‘നിങ്ങള്‍ തീക്കട്ട  കളിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍, തീപ്പൊരി കുറച്ചുകൂടി മുന്നോട്ട് കൊണ്ടുപോയി തീ പടര്‍ത്തിയാല്‍ കാറ്റിനെ കുറ്റപ്പെടുത്താനാവില്ല.’ കോടതിയുടെ ഈ നിരീക്ഷണത്തെക്കുറിച്ച് നിയമ പണ്ഡിതനായ ഗൗതം ഭാട്ടിയ അഭിപ്രായപ്പെട്ടതിങ്ങനെയാണ്: ‘ഒരു വ്യക്തിയെ ജയിലില്‍ അടയ്ക്കുന്നതിനെ ന്യായീകരിക്കുന്നതിന് കോടതി നിയമത്തിനുപകരം ഭാവാര്‍ഥങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് നീതിന്യായ സംവിധാനം ദീര്‍ഘവും ക്ലശകരവുമാക്കിയേക്കാം’… എന്നാണ്.

Also read: കുഞ്ഞുമനസ്സിൽ ഉദിക്കുന്ന ലൈംഗീകപരമായ സംശയങ്ങൾ

ഇന്ത്യന്‍ മാതൃത്വത്തിന്റെ വിലയും നിലയും തല്ലിക്കെടുത്തുന്ന മതവും രാഷ്ട്രീയവും ഇഴച്ചേര്‍ന്ന ഒരു ഐക്കണായി സഫൂറ മാറിക്കഴിഞ്ഞുവെന്നത് ഒരു സത്യമാണ്. അറസ്റ്റിന് തൊട്ടുപിന്നാലെ സഫൂറ അവിവാഹിതയായ ഗര്‍ഭിണിയാണന്നാണ് വലതുപക്ഷ ട്രോളര്ർമാര്ർ പറഞ്ഞു പരത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ട്രോളുകളുടെ പേമാരി വര്‍ഷമാണ് നടന്നത്. ഒടുവില്‍ ഭര്‍ത്താവ് ആള്‍ട്ട് ന്യൂസിനോട് ഞങ്ങള്‍ 2018 ല്‍ വിവാഹിതരാണെന്ന് പറഞ്ഞതിന് ശേഷമാണ് തെറിപ്പാട്ടുകള്‍ക്ക് വിരാമമായത്.

ട്രോളുകളിലൂടെ ഒരു രാഷ്ട്രീയ തിരക്കഥയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം. സഫൂറക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള തീവ്ര ശ്രമമായിരുന്നു ആ പോസ്റ്റുകള്‍. അറു പിന്തിരിപ്പന്‍ സഹജാവബോധത്തോടെ പ്രതികരിക്കാനും അത്തരത്തിലുള്ള വിധികര്‍ത്താക്കളാകാനും സമൂഹത്തെ പ്രേരിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ഗര്‍ഭിണിയായ ഒരു ആന പടക്കം നിറച്ച പൈനാപ്പിള്‍ തിന്ന് ജീവന്‍ നഷ്ടപ്പെട്ടതിലെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും നാം ഇതിനകം കണ്ടുകഴിഞ്ഞു. രാഷ്ട്രീയക്കാര്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെയുള്ള എല്ലാ മേഖലകളിലുമുള്ളവര്‍ കുറ്റവാളികളെ തരംതിരിച്ച് കണ്ടെത്തുന്ന തിരക്കിലായിരുന്നു. ഇതും സഫൂറയുടെ ജാമ്യ നിഷേധവും കഴിഞ്ഞ വാരം തന്നെയായിരുന്നല്ലോ. മിണ്ടുന്ന ഗര്‍ഭിണിയും മിണ്ടാത്ത ഗര്‍ഭിണിയും ചര്‍ച്ചക്കെത്തിയ വാരം കൂടിയായിരുന്നു അത്.

പ്രതികാര രാഷ്ട്രീയവും മതാന്ധതയും തലക്ക് പിടിച്ചാല്‍ ഇതില്‍പരം യാതൊന്നും ലഭിക്കില്ലന്ന് ആര്‍ക്കും മനസ്സിലാക്കാം. മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധ ഭരദ്വാജിന് തന്റെ മകളെ പൂനെയിലെ യെര്‍വാഡ ജയിലില്‍ വെറും അഞ്ച് മിനിറ്റ് മാത്രം കാണാന്‍ അനുവദിച്ചതും നമ്മുടെ ശ്രദ്ധയിലുണ്ടാവുമല്ലോ.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker