Book Review

ഗാസ; പറഞ്ഞു തീരാത്ത കഥകൾ

ഗാസയും അവിടെയുള്ള ജനങ്ങളും എന്നും ലോകത്തിന് മുൻപിൽ കണ്ണുനീരാണ് .സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ സയണിസം ഫലസ്തീനിൽ അനധികൃത ജൂത കുടിയേറ്റം തുടങ്ങിയ നാൾ മുതൽ ഇന്ന് വരെ ഗാസയുടെ തെരുവുകളിൽ ചോര ചിന്താത്ത ദിനങ്ങൾ വളരെ വിരളമായിട്ടായിരിക്കും കടന്നു പോയിട്ടുണ്ടാവുക .ഒരുപാട് രാഷ്ട്രീയ അജണ്ടകളുടെയും ചതികളുടെയും ഇരകളാണ് ഫലസ്തീനികൾ .സാമ്രാജ്യത്വം ഒരേ സമയം ഇരയോടോപ്പവും വേട്ടക്കാരനോടോപ്പവും ചേർന്ന് നിൽക്കുന്നു .അറബ് ലോകത്ത് നിസംഗമായ മൗനം തളം കെട്ടി നിൽക്കുന്നു .

ഈയടുത്ത് ഇന്റർനെറ്റ് സോഫ്റ്റ് വെയർ രംഗത്തെ ഭീമന്മാരായ ഗൂഗിളും ആപ്പിളും അവരുടെ ഡിജിറ്റൽ മാപ്പുകളിൽ നിന്ന് ഫലസ്തീന്റെ ഭൂപടം ഒഴിവാക്കിയതിനെ കുറിച്ച് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .അത് പോലെ തന്നെ അമേരിക്കയുടെ നേത്രത്വത്തിൽ ദുബായ് ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പിട്ടു .സമാധാന കരാർ ഒപ്പിടാൻ നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രശനങ്ങളില്ലാതിരുന്നിട്ടും ഈയൊരു കരാർ ഇരു രാജ്യങ്ങളുടെയും വ്യാപാര മേഖലയിലുള്ള രഹസ്യ ബന്ധത്തെ ‘പലസ്തീൻ സമാധാനം’ എന്ന മേമ്പൊടി നൽകി ഒന്നു കൂടി പരസ്യമായി അവതരിപ്പിച്ചു എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും ഈ കരാറിനെ കുറിച്ച് അഭിപ്രായപ്പെട്ടത് .വെസ്റ്റ് ബാങ്കിലുള്ള തങ്ങളുടെ അധിനിവേശം പിൻവലിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് നെതന്യാഹു ഇതിൽ ഒപ്പ് വെച്ചതെങ്കിലും അടുത്ത ദിവസം മുതൽ തന്നെ അവർ ഫലസ്തീനിൽ ബോംബിടൽ തുടങ്ങി .

ഇത്തരം വിഷയങ്ങളിലൂടെ ഫലസ്തീൻ -ഇസ്രായേൽ പ്രശ്നം ലോകത്തിന്റെ ചർച്ചാ വേദിയിലേക്ക് ഒരാവർത്തി കൂടി കടന്നു വരികയാണ് .ഈയൊരു അവസരത്തിൽ സയണിസത്തിന്റെ ഫലസ്തീനിലേക്കുള്ള അധിനിവേശത്തെ കുറിച്ചും ഇസ്രായേൽ എന്ന രാഷ്ട്ര രുപീകരണത്തെ കുറിച്ചും തുടർന്നുണ്ടായ യുദ്ധങ്ങൾ ,അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഇടപെടലുകൾ ,സമാധാന കരാറുകൾ എന്നിവയെ കുറിച്ചും നമ്മൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട് .അതിന് സഹായകരമായിട്ടുള്ളതാണ് പ്രശസ്ത അറബി പത്ര പ്രവർത്തകൻ ഡോ .റംസി ബാറൂദിന്റെ ‘മൈ ഫാദർ വാസ് എ ഫ്രീഡം ഫൈറ്റർ ,ഗാസാസ് അൺടോൾഡ് സ്റ്റോറി ‘ എന്ന പുസ്തകം .

Also read: ഖുദ്സിനെക്കുറിച്ച് മുസ് ലിം സമൂഹം അറിയേണ്ടത്

കഴിഞ്ഞ ഇരുപതിലേറെ വർഷമായി ഫലസ്തീൻ -പശ്ചിമേഷ്യൻ സംഘർഷങ്ങൾ വിശകലനം ചെയ്യുന്ന റംസി ബാറൂദ് ഫലസ്തീനിൽ ജനിച്ച വ്യക്തി കൂടിയാണ് .തന്റെയും ഉപ്പ മുഹമ്മദ് ബാറൂദിന്റെയും ഉപ്പാപ്പയുടെയും ജീവിതത്തിലൂടെയാണ് അദ്ദേഹം ഫലസ്തീൻ പ്രശ്നങ്ങളെ അടയാളപ്പെടുത്തുന്നത് .തന്റെയും പിതാമഹന്മാരുടെയും ജീവിത യാത്രയിൽ തങ്ങൾക്കും തങ്ങളുടെ ദേശത്തിനുമുണ്ടായ പ്രശ്നങ്ങളെ കൃത്യമായ റഫറൻസുകൾ നൽകി അദ്ദേഹം തുറന്നു കാട്ടുന്നുണ്ട് .

ബെയ്ത് ദറാസ് എന്ന ഗ്രാമത്തിൽ കർഷകനായി ജോലി ചെയ്യുന്നയാളാണ് മുഹമ്മദ് ബാറൂദിന്റെ ഉപ്പ .അക്കാലത്തും ഗ്രാമത്തിൽ ജൂത കുടിയേറ്റങ്ങൾ ഉണ്ടായിരിന്നിട്ടും എല്ലാവരും പരസ്പര സഹകരണത്തോടെയാണ് കഴിഞ്ഞ് കൂടിയിരുന്നത് .ബ്രിട്ടീഷ് -ഓട്ടോമൻ പോരാട്ടത്തിൽ ഓട്ടോമൻ ഭരണകൂടം പരാജയപ്പെടുകയും 1917 ഡിസംബറിൽ ജറുസലേമും 1918 ഇൽ ഫലസ്തീനും ബ്രിടീഷ് സേന പിടിച്ചടക്കുകയും ചെയ്തു .തുടർന്ന് 1930 കളിൽ ഫലസ്തീൻ അതിന്റെ നിർണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ മുഹമ്മദ് മുപ്പതിന് മുകളിൽ പ്രായമുള്ള യുവാവായിരുന്നു. യൂറോപ്പിന്റെ കിഴക്കിലും റഷ്യയിലും പീഡനങ്ങളും ഉന്മൂലനങ്ങളും നേരിട്ട നിരപരാധികളായ ജൂതന്മാരുടെ കുടിയേറ്റമെന്ന് വിളിച്ചാണ് കൊളോണിയൻ ശക്തികൾ അവരുടെ ഗൂഢ പദ്ധതി ആവിഷ്കരിച്ചത് .

ഒന്നാം ലോക യുദ്ധത്തിൽ ഓട്ടോമൻ ഭരണത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം സഖ്യമുറപ്പിച്ച അറബ് രാഷ്ട്രങ്ങൾക്ക് മോഹ വാഗ്ദാനങ്ങളായിരുന്നു നൽകിയിരുന്നത് .അതിൽ ഫലസ്തീനും ഉൾപ്പെട്ടിരുന്നു .ഫലസ്തീൻ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്ക് സ്വാതന്ത്ര്യം നല്‌കുമെന്നായിരുന്നു പ്രഖ്യാപനം .എന്നാൽ ഈ പ്രവചനകളെയെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു ‘സൈക്സ് പിക്കോ’ ഉടമ്പടി .ഫലസ്തീനെ അന്താരാഷ്‌ട്ര ഭൂപടമായി പരിഗണിച്ച് അതിന്റെ ഭാവി നിർണയിക്കാൻ ബ്രിട്ടനും ഫ്രാൻസും റഷ്യയും ചേർന്നാണ് ഇത്തരമൊരു കരാറിൽ എത്തിയത് .അതോടൊപ്പം തന്നെ ഫലസ്തീനെ ജൂതന്മാർക്ക് നൽകണമെന്ന് വ്യക്തമാക്കി 1917 നവംബറിൽ ബാൽഫർ ബ്രിട്ടീഷ് സയണിസ്റ്റ് നേതാവ് ബാരൻ ലയൺ വാൾട്ടേഴ്‌സിന് രഹസ്യ കത്ത് കൈമാറി .

തങ്ങളോട് ചെയ്ത ചതിയിൽ പ്രതിഷേധിച്ച് പലസ്തീൻ ജനത പ്രതിഷേധങ്ങൾ അഴിച്ചു വിട്ടു .നിലനിൽപ്പിനായുള്ള അവരുടെ പോരാട്ടത്തെ അന്താരാഷ്‌ട്ര സമൂഹത്തിനിടയിൽ സയണിസ്റ്റുകൾ ‘കുഴപ്പക്കാരുടെ പോരാട്ടം ‘എന്ന് ചാപ്പ കുത്തി അവതരിപ്പിച്ചു .സയണിസ്റ്റ് ശക്തികൾ തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചതോടെ ആ ജനതയുടെ ജോലി നഷ്ട്പ്പെടുകയും അവരുടെ കൃഷി ഭൂമിയിൽ നിന്ന് അവരെ ആട്ടിയിറക്കപ്പെടുകയും ചെയ്തു .

ഫലസ്തീനികൾക്ക് അവരുടെ ജനന തിയ്യതി പോലും അറിയില്ലെന്ന് തന്റെ ഉപ്പയെ സൂചിപ്പിച്ച് റംസി ബാറൂദ് പറയുന്നുണ്ട് .1948 ന് മുൻപ് ജനിച്ച എല്ലാ കുടുംബങ്ങളുടെയും ക്ര്യത്യമായ ജനന തിയതി സംബന്ധിച്ച രേഖകൾ അവരുടെ കൈവശം ഉണ്ടായിരുന്നില്ല .യുദ്ധാനന്തരം നാട്ടിൽ നിന്ന് പുറന്തള്ളപ്പെട്ട് അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടിയ അവർക്കിടയിൽ അതൊരു വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു .ജനന സർട്ടിഫിക്കറ്റ് അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിൽ വലിയൊരു പ്രശ്നമായിരുന്നു .നമ്മുടെ രാജ്യത്ത് ഈയിടെ നിലവിൽ വന്ന പൗരത്വ ഭേദഗതിയുടെ ആദ്യ കാല ഉദാഹരണമായി ഇതിനെ നമുക്ക് കാണാവുന്നതാണ് .

Also read: ഹിസ്ബുല്ലയോട് വിയോജിക്കാം, പക്ഷേ എല്ലാം വിയോജിപ്പാവരുത്!

അക്കാലത്ത് യുവായിരുന്ന തന്റെ ഉപ്പ ഫലസ്തീനിലെ വിമോചന പോരാളികളുടെ സേനയിൽ അംഗമാകാൻ പോയതും വഴിയിൽ വെച്ച് തടസ്സങ്ങൾ നേരിട്ട് ഒരു ഗ്രാമത്തിൽ കുറച്ച് കാലം അധ്യാപകനായി ജോലി ചെയ്തതും റംസി ബാറൂദ് പറയുന്നുണ്ട് .തുടർന്ന് നാട്ടിലേക്ക്’തന്നെ തിരിച്ചു വന്ന് അദ്ദേഹം കച്ചവടമാരംഭിക്കുന്നു .അതിനിടയിലാണ് സരീഫ എന്ന റംസി ബാറൂദിന്റെ ഉമ്മയെ മുഹമ്മദ് കാണുന്നതും അവർ തമ്മിൽ പ്രണയത്തിലാവുന്നതും .അവരെ വിവാഹം ചെയ്യാനുള്ള പണം കണ്ടെത്തുന്നതിനായി അദ്ദേഹം സൗദിയിലേക്ക് പോകുകയും മെച്ചപ്പെട്ട കച്ചവടം ആരംഭിച്ച് കിട്ടിയ ലാഭവുമായി തിരിച്ചു വന്ന് തന്റെ പ്രാണ സഖിയെ വിവാഹം ചെയ്യുകയും ചെയ്യുന്നു .ഇതിനിടയിൽ വീണ്ടും മുഹമ്മദ് വിമോചന സമരത്തിന് വേണ്ടി സേനയിൽ ചേരുകയും പല യുദ്ധങ്ങൾക്കും പങ്കെടുക്കയും ചെയ്തിട്ടുണ്ട് .

ഒരു യുദ്ധത്തിൽ മുഹമ്മദിന്റെ സൈന്യം ജൂത സേനയോട് ദയനീയമായി പരാജയപ്പെടുകയും സയണിസ്റ്റ് പട്ടാളം അവരെ കൊന്നൊടുക്കയും ചെയ്തു .അതിനിടയിൽ നിന്ന് മുഹമ്മദും കുറച്ചു പേരും മാത്രം രക്ഷപ്പെടുകയും ബോധം വന്ന് കണ്ണ് തുറക്കുമ്പോൾ തങ്ങൾ വേറെ എവിടെയോ എത്തിപ്പെട്ടതായും മുഹമ്മദ് തിരിച്ചറിയുന്നുണ്ട് .മുഹമ്മദിന്റെ സേന സയണിസ്റ്റ് പട്ടാളത്തോട് പരാജയപ്പെട്ടെന്നും അവർ ക്രൂരമായി വധിക്കപ്പെട്ടന്നുമുള്ള വാർത്ത കേട്ട് തൊട്ടിലിൽ ആട്ടിയിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് സരീഫ മുഹമ്മദിനെ തേടിയിറങ്ങുന്നു .മുഹമ്മദിനെ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിലും ജൂത സേനയുടെ തോക്കിന് മുന്നിൽ അവളുടെ ദൗത്യം അവസാനിക്കുന്നു .

എങ്ങനെയോ ജീവൻ തിരിച്ചു കിട്ടി വീട്ടിലെത്തിയ സരീഫയും കുടുംബവും പിന്നീട് മുഹമ്മദ് മരണപ്പെട്ടെന്ന് വിശ്വസിച്ചാണ് ജീവിച്ചിരുന്നത് .തങ്ങളുടെ ക്യാംപിന് ചുറ്റും ആളുകൾ ധീരരായ മുഹമ്മദിന്റെയും പോരാളികളുടെയും രക്തസാക്ഷിത്വത്തെ സ്മരിച്ചു കൊണ്ട് ഫോട്ടോകൾ ഒട്ടിച്ചിരുന്നു .അങ്ങനെ ഒരു ദിവസം പെട്ടെന്ന് തന്റെ ഭാര്യയെയും നാട്ടുകാരെയും ഞെട്ടിപ്പിച്ച് ക്യാമ്പിലേക്ക് മുഹമ്മദ് വരുന്നുണ്ട് .പിന്നീട് മുഹമ്മദ് അവിടെയുള്ളവരുടെ ഇടയിൽ ധീരനും ഫലസ്തീൻ -ഇസ്രായേൽ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ പറയാൻ അർഹനുമായി തീർന്നു .തിരിച്ചു വന്ന മുഹമ്മദിന് ഇനിയൊരു പോരാട്ടത്തിന് പോകാൻ ആരോഗ്യമുണ്ടായിരുന്നില്ല .എങ്കിൽ കൂടിയും ജൂത പട്ടാളം ഇടക്കിടെ അദ്ദേഹത്തെയും കൂട്ടാളികളെയും സൈനിക ക്യാമ്പിലേക്ക് വിളിപ്പിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിരുന്നു .ധീരനായ മുഹമ്മദിനെ വെറുതെ വിടാൻ അവർക്ക് ഉദ്ദേശമില്ലായിരുന്നു.അവർ ഇടക്കിടെ മുഹമ്മദിനെ വിളിപ്പിച്ചു ഇസ്രായേൽ സേനയുടെ ചാരനായി സേവനം ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു .ഒരു പോരാട്ടത്തിനുള്ള ആരോഗ്യം തന്റെ ശരീരത്തിനില്ലെങ്കിലും മനസ്സ് കൊണ്ട് മുഹമ്മദ് അപ്പോഴും ഒരു യുവായിരുന്നു .അത് കൊണ്ട് തന്നെ ഇസ്രായേൽ സേനയുടെ ഔദാര്യങ്ങളെയെല്ലാം പുച്ഛത്തോടെ അവഗണിക്കാൻ അയാൾക്ക് സാധിച്ചിരുന്നു .

Also read: സാമൂഹ്യ ധാര്‍മികത ഇസ്‌ലാമില്‍

ഫലസ്ത്രീനെതിരെയുള്ള സയണിസ്റ്റ് അധിനിവേശത്തിൽ അറബ് രാഷ്ട്രങ്ങൾ പ്രതിഷേധം അറിയിക്കാതെ മൗനം പാലിച്ചു നിന്നു .പലസ്തീനിൽ നിന്നും ഈജിപ്തിലേക്കുള്ള അഭയാർത്ഥി പ്രവാഹം നേരിൽകണ്ട് അറബികൾ ഭരണകൂടത്തെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് അവർ പ്രതികരിക്കാൻ തയ്യാറായത് .എങ്കിലും അതൊന്നും ഫലസ്തീനികളുടെ മേലിലുള്ള സയണിസ്റ്റ് അധിനിവേശത്തെ തടയാൻ ബലം നൽകുന്നതായിരുന്നില്ല .ഫലസ്തീൻ വിമോചന പോരാട്ടങ്ങളിൽ മുഖ്യ പങ്കു വഹിച്ചിരുന്ന ഫലസ്തീനിലെ ഫതഹ് ,പി എൽ ഒ എന്നീ സംഘടനകളെ കുറിച്ചും യാസർ അറാഫത്തിനെ കുറിച്ചും വിവരിക്കുന്നുണ്ട് .എല്ലാവരുടെയും ലക്‌ഷ്യം ഫലസ്തീൻ വിമോചനമായിരുന്നുവെങ്കിലും ഭിന്നിപ്പുകളും അധികാര വടം വലികളുമെല്ലാം അവരെ ലക്ഷ്യത്തിലെത്തുന്നതിൽ നിന്നും പിന്നോട്ടടിച്ചു .

സരീഫയെ അർബുദ രോഗ ബാധിതയായി മെച്ചപ്പെട്ട ചികിത്സക്ക് വേണ്ടി ഈജിപ്തിലേക്ക് മുഹമ്മദ് കൊണ്ട് പോകുന്നുണ്ട് .അതിർത്തിയിലുള്ള പ്രയാസമേറിയ ചെക്കിങ്ങും അതിർത്തി കടക്കാൻ സയണിസ്റ്റ് സേനയൊരുക്കിയ പെർമിറ്റുമെല്ലാം ഫലസ്തീനികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു . ഫലസ്തീനിൽ മെച്ചപ്പെട്ട ആശുപത്രികളില്ല .ഉള്ളതെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു .മെച്ചപ്പെട്ട ചികിത്സക്ക് ഫലസ്തീനികൾക്ക് അതിർത്തി കടക്കാൻ വീണ്ടും സയണിസ്റ്റ് പട്ടാളത്തെ സമീപിക്കേണ്ടതായി വരുന്നു .തന്റെ മക്കളെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഏല്പിച്ചാണ് ആ ദമ്പതികൾ ചികിത്സക്ക് പോകുന്നത് .മാസങ്ങളിൽ ഒരു തവണ മുഹമ്മദ് മക്കളെ കാണാൻ നാട്ടിലെത്തും .ഉമ്മയുടെ അന്വേഷണം അവരെ അറിയിക്കും .ഒരു ദിവസം മുഹമ്മദ് മക്കളെ കാണാൻ എത്തിയത് ഉമ്മയുടെ മരണ വാർത്തയുമായിട്ടാണ് .ക്യാംപിലുള്ളവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട സരീഫയുടെ മരണവാർത്തയറിഞ്ഞ് ദുഖാർത്ഥരായി . മരണാനന്തര ചടങ്ങുകളിലെ ആളുകളുടെ എണ്ണത്തിലുള്ള സയണിസ്റ്റ് പട്ടാളത്തിന്റെ നിയന്ത്രണങ്ങൾ വരെ ലംഘിച്ച് ഫലസ്തീനികൾ ഒത്തുകൂടി .അഭയാർത്ഥി ക്യാമ്പിന് തൊട്ടടുത്തായി രക്തസാക്ഷികളുറങ്ങുന്ന മണ്ണിൽ അവർ സരീഫയെയും മറമാടി .പിന്നീടുള്ള അവരുടെ ജീവിതത്തിലും യുദ്ധങ്ങളും ആക്രമണങ്ങളും അരക്ഷിതാവസ്ഥ തീർത്തു .റംസി ബാറൂദ് അപ്പോൾ യുവാവായ ഒരു വിദ്യാർത്ഥി ആയിരുന്നു.

തന്റെ ബാപ്പയുടെ പോരാട്ട വീര്യം തന്നിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ അയാൾ ഫലസ്തീനിലെ വിദ്യാർത്ഥി പ്രക്ഷോഭ റാലികളിലെല്ലാം പങ്കെടുത്തു .മുഹമ്മദ് അഭയാർത്ഥി ക്യാമ്പിന് പിറകിലുള്ള തന്റെ പ്രിയതമയുടെ കല്ലറ നോക്കി പ്രിയതമയെ ഓർത്തു കാലം കഴിച്ചു കൂട്ടി .ഫലസ്തീനിന്റെ വിമോചനം ഇനിയൊരിക്കലും സാധ്യമാകില്ല എന്ന് തന്റെ മനസ്സിനെ അയാൾ ബോധ്യപ്പെടുത്തി കഴിഞ്ഞിരിക്കുന്നു .താൻ അമിതമായി വിശാസമർപ്പിച്ച ഫലസ്തീനിലെ പല സംഘടനകളിലുമുള്ള അയാളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു .താൻ ഒരിക്കൽ ആരാധ്യപുരുഷനായി കണ്ടിരുന്ന നേതാക്കന്മാരെല്ലാം തന്റെ നാടിനെ ചതിച്ചതായി അയാൾക്കനുഭവപ്പെട്ടു .രോഗിയായ തന്റെ ശരീരത്തിന് വേണ്ട മരുന്നും ചികിത്സയും കണ്ടെത്തുക എന്നത് മാത്രമായി ചുരുങ്ങി അദ്ദേഹത്തിന്റെ ലക്ഷ്യം .തുടർ വിദ്യാഭ്യാസത്തിനായി റംസി ബാറൂദ് വിദേശത്തേക്ക് യാത്ര പുറപ്പെട്ടു .സന്തോഷത്തോടെയും ഒരൽപം ഭീതിയുടെയും മുഹമ്മദ് മകനെ യാത്രയാക്കി .റംസി ബാറൂദിന്റെ സഹോദരി മെഡിസിൻ പഠിക്കാൻ ഈജിപ്തിലേക്കും പോയി .ജീവതത്തിൽ ഏകനായ മുഹമ്മദ് മരുന്നുകൾക്കും ചികിത്സയ്ക്കും വേണ്ടി ഫലസ്തീൻ തെരുവുകളിലൂടെ നടന്നു നീങ്ങി .ഈജിപ്തിലേക്ക് ചികിത്സക്ക് പോകാൻ പട്ടാള ഉദ്യോഗസ്ഥരുടെ മുൻപിൽ പാസ്സിന് വരി നിന്നു.

വിദ്യാഭ്യാസം കഴിഞ്ഞ് ജോലി നേടി വിദേശത്തു സ്ഥിര താമസമാക്കിയ മക്കൾ മുഹമ്മദിനെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു .അവരുടെ മക്കൾ മുഹമ്മദിനോട് സംസാരിക്കുന്നത് അയാളിൽ സന്തോഷം നിറച്ചു .തന്റെ ഉപ്പൂപ്പ ഒരു വിമോചന പോരാളിയാണെന്ന കാര്യമോർത്ത് പേരമക്കൾ അഭിമാനം കൊണ്ടു .തന്റെ മകളും മകനും ഒരുപോലെ അവരുടെ നാട്ടിലേക്ക് മുഹമ്മദിനെ വിളിച്ചിട്ടും ജനിച്ച മണ്ണും പ്രിയതമയുടെ കല്ലറയും വിട്ട് അവരുടെ കൂടെ ജീവിക്കാൻ അയാൾ തയ്യാറായില്ല .അങ്ങനെ ഒരു ദിവസം മറു തലയ്ക്കലുള്ള ടെലിഫോൺ റിസീവറിൽ ശബ്ദം നിലച്ചപ്പോഴാണ് റംസി ബാറൂദ് തന്റെ പ്രിയപ്പെട്ട ഉപ്പയെ ,ബെയ്ത് ദറാസുകാരുടെ വിമോചന പോരാളിയെ മരണം കീഴടിക്കിയെന്ന് തിരിച്ചറിയുന്നത് .

Also read: കുട്ടികളിൽ പ്രായത്തിനൊത്ത പക്വതയെ വളർത്തണം

സന്തോഷകരമായ ബാല്യം നഷ്ടപ്പെട്ട ,മാതൃ സ്നേഹം ചെറുപ്പത്തിലേ ഇല്ലാതായ ഒരുകൂട്ടം ബാല്യങ്ങളുടെ കഥ ഇനിയും ഗാസയ്ക്ക് പറയാനുണ്ടാവും .ബോം ബേറിലും വെടിവെപ്പുകളിലും ജീവിതം നഷ്ടപ്പെട്ട പോരാളികളുടെ ചരിത്രങ്ങൾ ഗാസയ്ക്ക് ഇനിയും പറയാനുണ്ടാവും . മാതൃത്വം നഷ്ടപ്പെട്ട ഒരുപാട് അമ്മമാരുടെ കണ്ണീരുകൾ ഗാസയുടെ കഥയിൽ ഉപ്പു രസം ചേർക്കുന്നുണ്ടാകും .സ്നേഹിച്ച് കൊതി തീരാത്ത ഒരുപാട് പ്രണയങ്ങളുടെ നീറുന്ന വേദനകൾ ഗാസയുടെ കഥയുടെ ഹൃദയങ്ങളിൽ നീറ്റൽ സൃഷ്ടിക്കുന്നുണ്ടാവും . ഗാസയുടെ പറഞ്ഞു തീരാത്ത കഥകളത്രയും കൊളോണിയലിസവും സയണിസവും ഒരു ജനതയോട് ചെയ്ത ചതികൾ മാത്രമാകും .

ഗാസ പറഞ്ഞു തീരാത്ത കഥകള്‍
റംസി ബാറൂദ്
വിവ- പി. കെ. നിയാസ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker