Personality

കുട്ടികളിൽ പ്രായത്തിനൊത്ത പക്വതയെ വളർത്തണം

കേൾക്കുന്ന കാര്യങ്ങളെക്കാൾ പതിന്മടങ്ങ് വേഗത്തിലാണ് കാണുന്ന കാഴ്ചകൾ കുഞ്ഞിനെ സ്വാധീനിക്കുന്നത്. ഇന്ന് പൊതുവെ വീടുകളിൽ കുട്ടികൾ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ, ടി.വി എന്നിവയ്ക്ക് മുന്നിൽ സ്വയം തളച്ചിടപ്പെടുന്ന  കാഴ്ചയാണ് ഒട്ടുമിക്കയിടത്തും കാണപ്പെടുന്നത്. ദൃശ്യമാധ്യമങ്ങൾക്ക് കുട്ടികൾ അടിമപ്പെട്ടുപോകുന്നത് എന്താണെന്ന് വെച്ചാൽ മറ്റെല്ലാത്തിനെക്കാളും കാഴ്ചകളാണ് കുട്ടികളെ അതിവേഗം ആകർഷിക്കുന്നത് എന്നതുകൊണ്ടാണ്. ആദ്യമൊക്കെ ടി.വിയായിരുന്നു വലിയൊരു വില്ലൻ. ഇപ്പോൾ ദേ.. മൊബൈൽ എന്നൊരു കൊച്ചു ഡിവൈസ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്,  ഈ കുഞ്ഞ് ഉപകരണം മാറ്റിനിർത്താൻ പറ്റാത്തവണ്ണം നമ്മുടെ നിത്യജീവിതത്തിലെ കമ്മ്യൂണിക്കേഷനിലും വ്യവഹാരങ്ങളിലും ക്രയവിക്രയങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞുവെന്ന്. കുട്ടികളിൽ നിന്ന് തൽക്കാലം രക്ഷപ്പെടാൻ ടി.വി.യിൽ കാർട്ടൂൺ ഓൺ ചെയ്ത് വെച്ചുകൊടുക്കുന്ന അമ്മമാർ ആയിരുന്നു ഒരു കാലം വരെ. ഇപ്പോഴാണെങ്കിൽ മൊബൈലിൽ യൂട്യൂബ് തുറന്നാൽ ഏത് പ്രായക്കാർക്കും മാത്രമല്ല ഏത് അഭിരുചിക്കുമനുസരിച്ചുള്ള വീഡിയോ, പാട്ട്, സിനിമ എല്ലാം ലഭ്യമാണ്. മക്കൾക്ക് ആണെങ്കിലോ അഛനമ്മമാരെക്കാൾ ഫോണിന്റെ എല്ലാ ഫീച്ചേഴ്‌സും നല്ല ഹൃദിസ്ഥവുമായിരിക്കും. വേണമെങ്കിൽ ഇങ്ങോട്ട് പഠിപ്പിച്ചു തരും, അത് കണ്ട് സ്വന്തം കണ്ണുകളെ വിശ്വസിയ്ക്കാൻ കഴിയാതെ കണ്ണും മിഴിച്ചു നോക്കിനിൽക്കും ചില അച്ഛനമ്മമാർ.

തങ്ങളുടെ കുഞ്ഞുങ്ങൾ മൊബൈൽ ഫോണിൽ ഗ്യാലറി തുറന്ന് പിക്‌സും വീഡിയോസും എടുത്ത് കാണുന്നതും ക്യാമറ ഉപയോഗിക്കുന്നതും വളരെ ഭംഗിയായി സെൽഫി എടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെല്ലാം മറ്റുള്ളവരോട് പറഞ്ഞുകൊടുത്ത് അവർ അഭിമാനം കൂറും. എന്നാൽ ഇതൊന്നും അത്ര വലിയ സംഭവമല്ല. വാസ്തവത്തിൽ ഇതൊക്കെ ഒരുവിധം കുട്ടികൾക്കെല്ലാം കഴിയുന്ന കാര്യമാണ് എന്ന് മനസ്സിലാക്കുക. കുഞ്ഞുങ്ങൾക്ക് എന്ത് കാര്യങ്ങളും ഒരു തവണ കണ്ടെങ്കിലോ, കേട്ടെങ്കിലോ മതിയാവും അത്രയും ഷാർപ്പ് ആയിട്ട് അവരുടെ ബ്രെയിൻ അത് ക്യാച്ച് ചെയ്തെടുക്കും. ഈ പ്രായത്തിൽ ഗ്രാസ്‌പിങ് പവർ അത്രയ്ക്കാണ്. അതുകൊണ്ട് അവരെ എന്തിലേക്കണോ എക്സ്പോസ് ചെയ്തിടുന്നത് അവിടെയാണ് അവരുടെ കഴിവും ബുദ്ധിവൈഭവവും പ്രകടമാകുക എന്ന് നാം മനസ്സിലാക്കുക. അതിനാൽ ഈ കുഞ്ഞുപ്രായത്തിൽ തന്നെ നല്ലൊരു മനുഷ്യൻ അല്ലെങ്കിൽ വ്യക്തിയാവാൻ വേണ്ടത് ചൊല്ലിക്കൊടുത്തും പറഞ്ഞുകൊടുത്തും ശീലിപ്പിച്ചും വളർത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുകയാണ് വേണ്ടത്.

Also read: കത്തലടങ്ങാത്ത യൂറോപ്പ്

മൊബൈൽ ഫോൺ, കമ്പ്യൂട്ടർ അല്ലെങ്കിൽ ടി.വി ഇവയ്ക്കൊക്കെ നിശ്ചിത സമയപരിധി വെയ്ക്കണം. വാശിപിടിച്ച്‌ പറയുന്നതും കരയുന്നതും രണ്ടോ മൂന്നോ ദിവസം തുടരും പിന്നെ എന്റെ വാശി ഒരു നടയ്ക്ക് പോകില്ല എന്ന് തോന്നുന്നതോടെ നിർത്തിക്കൊള്ളും. പിന്നെ ചെയ്യാൻ പറ്റുന്നത് അവർ പോലും അറിയാതെ അവരുടെ ശ്രദ്ധ മറ്റൊന്നിലേക്ക് തിരിച്ചുവിടലാണ്. ഓർക്കുക ഒരു മനുഷ്യന്റെ ശ്രദ്ധ അല്ലെങ്കിൽ attention എന്തിലേയ്ക്കണോ കേന്ദ്രീകരിക്കപ്പെടുന്നത് ഏത് ദിശയിലേയ്ക്കണോ ഫോക്കസ് ചെയ്യുന്നത് അവിടേയ്ക്കാണ് അയാളുടെ ചിന്തകളും സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ ഒഴുക്കും ഗ്രാജ്വലി അതേ ദിശയിലേക്കായ് മാറുന്നത് അവനോ അല്ലെങ്കിൽ അവളോ പോലും അറിയില്ല എന്നതാണ് സത്യം. കുട്ടികളുടെ ശ്രദ്ധ എന്നതിലേക്ക് വേണം അവരുടെ എനർജിയും അവരുടെ ജീവിതവും എങ്ങോട്ട് ഒഴുകണം ഏത് തരം ചിന്തകളിലൂടെ വളരണം ഇതൊക്കെ തീരുമാനിക്കാൻ മാതാപിതാക്കൾക്ക് കഴിയുമെന്ന് മറക്കാതിരിക്കുക. അതുകൊണ്ട് തന്നെ കുട്ടികളുടെ വ്യക്തിത്വത്തെ വാർത്തെടുക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു റോൾ ഉണ്ടെന്നും.

അമിതവാശിക്ക്  വളം വെച്ചുകൊടുക്കുന്നതൊന്നും അത്ര ഭൂഷണമല്ല. കുഞ്ഞുങ്ങളുടെ വാശിക്ക് എപ്പോഴും നിന്ന് കൊടുക്കാനെ പാടില്ല. അവർ അത് പതിവാക്കും, ശീലമാക്കി എടുത്തുകളയും. ഇന്ന് അത് കൊച്ചു കൊച്ചു കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ നാളെ അത് രക്ഷിതാക്കൾക്ക് സാധിപ്പിച്ച് കൊടുക്കാൻ പറ്റാത്ത വല്ല കാര്യങ്ങൾക്കും വേണ്ടിയാവും. നടത്തി കൊടുത്തില്ലെങ്കിൽ ദുർവാശി കയറി വല്ല അത്യാപത്തും വിളിച്ചു വരുത്തും. ചില കുട്ടികൾ സ്വന്തം ജീവൻ വരെ അപകടത്തിൽ ആക്കികളയും. ഒടുക്കം ഇപ്പറഞ്ഞതെല്ലാം ഒഴിയാബാധ പോലെയായി മാറുന്നതാണ് കാണുന്നത്. പല രക്ഷിതാക്കളും എങ്ങനെ കുട്ടികളെ ഇവയിൽ നിന്നൊക്കെ, ഇത്തരം അഡിക്ഷനിൽ നിന്നൊക്കെ മോചിപ്പിച്ചെടുക്കാം എന്ന് തല പുകഞ്ഞ് ആലോചിക്കാറുണ്ട്. മക്കളുടെ നിലവിലെ ജീവിതത്തെയും ഭാവി ജീവിതത്തെയും പലവിധത്തിലും ബാധിക്കുന്നുണ്ട് ഇവയെല്ലാം. ബാല്യമെന്നാൽ ചുറ്റുപാടുകളെ അറിഞ്ഞും കളിച്ചും വളരേണ്ട പ്രായമാണ്. ലോകത്തെയും പരിതസ്ഥിതികളെയും അറിയാനും പഠിക്കാനുമുള്ള അവരിലെ കൗതുകവും ജിജ്ഞാസയും ഒരു കുഞ്ഞു ഗാഡ്‌ജെറ്റ് അല്ലെങ്കിൽ ഡിവൈസിലേക്ക് ഒതുക്കിക്കളയുന്ന പ്രവണത വളർത്തിയെടുക്കുന്നത് ഒട്ടും ശരിയല്ല. കുട്ടികളോട് ചെയ്യുന്ന വലിയൊരു പാപമാണ്.

സദാസമയവും പഠിക്കാൻ പറഞ്ഞുകൊണ്ടിരിക്കാതെ ചില നിമിഷങ്ങൾ അവർക്ക് അവനവനെയും മറ്റുള്ള ആളുകളെയും അറിയാനും തിരിച്ചറിയാനും പ്രകൃതിയും ചുറ്റുപാടുകളുമായി ഇണങ്ങാനും ഇടപഴകാനുമായി കണ്ടെത്തിക്കൊടുക്കണം. ഓർക്കുക പഠനം മാത്രമല്ല മുഖ്യം. അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും നിർണ്ണയിക്കുന്നതിൽ ഇതൊന്നുമല്ലാത്ത വേറെ ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. അവിടെയാണ് മാതാപിതാക്കളുടെ സാന്നിധ്യം തീർച്ചയായും ഉറപ്പവരുത്തേണ്ടത്. കുഞ്ഞിനെ സഹായിക്കുകയെ വേണ്ടുള്ളൂ. അവർ സ്വയം പഠിക്കട്ടെ ചുറ്റുപാടുകളെയും ആളുകളെയും അവരുടെ മുന്നിൽ വരുന്ന സാഹചര്യങ്ങളെയുമെല്ലാം. അതിലൂടെ മാത്രമേ സെൽഫ് എക്സ്‌പ്ലോറിങ് നടക്കുള്ളൂ. ഇതെല്ലാം കുഞ്ഞുങ്ങളെ ഭാവിയിൽ വ്യത്യസ്തമായൊരു വ്യക്തിത്വത്തിന് ഉടമയാക്കും.

ബാധ്യത തീർക്കലല്ല രക്ഷാകർതൃത്വം കൃതജ്ഞതയോടെ നിറവെറ്റേണ്ട ഒന്നാണ്. നല്ല മക്കൾക്ക് ജന്മം നൽകിയെന്ന സൗഭാഗ്യവും സാഫല്യവും നേടണമെങ്കിൽ അവർ തങ്ങളിൽ അധിഷ്ഠിതമായ ധർമ്മം നിർവ്വഹിക്കുന്നതിൽ കൃത്യനിഷ്ഠത പാലിക്കാൻ നിർബ്ബന്ധിതരാണ്. കഴിയുന്നതും വിട്ടുവീഴ്ചകൾ വരുത്താതിരിക്കണം. ചില കൈയ്യബദ്ധങ്ങളൊക്കെ ആർക്കും ഏത് മനുഷ്യനും സംഭവിക്കാം അതൊക്കെ തിരുത്താൻ മനസ്സുണ്ടായാലും മതി. ഞങ്ങൾ അച്ഛനമ്മമാർ ചെയ്യുന്നതും പറയുന്നതും തീരുമാനിക്കുന്നതും എല്ലാം ശരി, മക്കൾക്ക് ഒന്നുമറിയില്ല എന്ന് രക്ഷിതാക്കളും ഞങ്ങൾ മക്കൾ ചിന്തിക്കുന്നതാണ് ശരി മാതാപിതാക്കൾക്ക് ഒന്നുമറിയില്ല. പഴഞ്ചന്മാരാണ് എന്നൊക്കെ ചിന്തിക്കുന്ന മക്കളുമാണ് ഒരു ശാപമായി മാറുന്നത്. പുതുമയെ സ്വീകരിക്കാൻ അല്പമൊക്കെ അച്ഛനമ്മമാർ തയാറായെ തീരൂ, അതേപോലെ അവർ കടന്നുവന്ന വഴികളെക്കുറിച്ചും അവരെ സ്വാധീനിച്ച ചിന്തകളെയും അനുഭവങ്ങളെക്കുറിച്ചും മക്കളുമായി ഷെയർ ചെയ്യണം. പഴയ കാലത്തിന്റെ നന്മകളും മൂല്യങ്ങളും അവരും ഇഷ്ടപെടട്ടെ. പതിയെ പതിയെ അച്ഛനും അമ്മയും അവരുടെ മനസ്സിൽ ഹീറോസ് ആവുന്നത് കാണാം അപ്പോൾ.

Also read: സ്നേഹിക്കാനറിയാത്ത ലോകത്തെ കുറിച്ച് ഒരു ഫലസ്തീനിയുടെ വ്യാകുലതകള്‍

പ്രായത്തിനൊത്ത പക്വത എന്ന് പറയുമ്പോൾ അതിനെ ഇപ്പറയും വിധം വിലയിരുത്താം : ഇപ്പോൾ കുഞ്ഞു നിൽക്കുന്ന പ്രായത്തിന് അനിവാര്യമായ ഒരു പക്വതയുണ്ട് അതിന് മേലേ പക്വത കാണിക്കുക അല്ലെങ്കിൽ അതിന്റെ താഴെ ഇവ രണ്ടും പ്രായത്തിനൊക്കാത്തവയാണ്. തിരിച്ചറിവും മനസ്സിലാക്കാനുള്ള കഴിവും കുഞ്ഞുങ്ങളിൽ കാണുന്നത് പ്രശംസനീയം തന്നെ എന്നാൽ കുട്ടിപ്രായത്തിൽ തന്നെ വലിയ ആളുകളെപോലെ അല്ലെങ്കിൽ മുതിർന്നവരെപ്പോലെ ചിന്തകളും പ്രവൃത്തികളും കുഞ്ഞുങ്ങളിൽ കാണുന്നതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. കുട്ടിക്കാലം ആസ്വദിക്കാൻ കുട്ടിമനസ്സുകൾക്കല്ലേ കഴിയുള്ളൂ. അതിനാൽ കുട്ടികളുടെ സൗഹൃദം എപ്പോഴും സമപ്രായക്കാരായ ആളുകളുമായിട്ടു വേണം. എങ്കിലേ ആ പ്രായത്തിന്റെതായ എല്ലാ കൗതുകങ്ങളും കുസൃതിത്തരങ്ങളും നിഷ്കളങ്കതയും അനുഭവേദ്യമായി മാറുള്ളൂ. കൂടെ കളിക്കാൻ അടുത്തെങ്ങും കൂട്ടുകാർ ഇല്ലാത്ത കുഞ്ഞുങ്ങളുടെ കാര്യമൊന്ന് ഓർത്ത് നോക്കൂ എന്തൊരു ശൂന്യതയായിരിക്കും ആ കുഞ്ഞിന്റെ ജീവിതത്തിൽ. ഓരോ സ്റ്റേജിലും കടന്നുപോകേണ്ട മാനസിക വളർച്ച, ചിന്തകൾ, വിചാരങ്ങൾ, അന്വേഷണങ്ങൾ, പക്വത ഇതൊക്കെ വളരെ വ്യത്യസ്തമാണ്. കുട്ടിക്കാലം മറന്ന് വലിയവരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും നിർബ്ബന്ധിതനായ ഒരാൾ പിന്നീട് എന്നും അതോർത്ത് വേദനിയ്ക്കുന്നത് കാണേണ്ടിവരും. അന്ന് അവൻ അല്ലെങ്കിൽ അവൾക്ക് അറിയില്ലല്ലോ താൻ എന്താണ് നഷ്ടപ്പെടുത്തുന്നതെന്ന്.

ചെറുപ്രായത്തിൽ കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നത് ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ ഒന്നാണ്. കുട്ടിക്കാലം കുട്ടികൾക്ക് അവകാശപ്പെട്ടതാണ് അത് അവരിൽ നിന്ന് തട്ടിപ്പറിച്ച് എടുക്കരുത്, ക്രൂരതയാണ് അത്. മനുഷ്യത്വവിരുദ്ധമാണ് അത് ഓടിച്ചാടി നടക്കാനും ഒത്തൊരുമിച്ച് കളിക്കാനും ആഹ്ലാദിക്കാനുമുള്ള പ്രായം. അത് സ്ക്രീനിൽ നോക്കി ചടഞ്ഞിരുന്നോ, ഏത് സമയവും കോച്ചിങ് ക്ലാസ്സും ട്യൂഷൻ ക്ലാസ്സുമൊക്കെയായി തീർക്കാനുള്ളതുമല്ല. ബാല്യവും അതിലെ ഓർമ്മകളും നമുക്കൊക്കെ ഒരുപക്ഷേ എത്രത്തോളം മനോഹരമായിരുന്നോ അതൊന്നും ഇന്നത്തെ കുട്ടികൾക്ക് ലഭിക്കുന്നില്ല. വെയിൽ തട്ടാതെ, മഴ കൊള്ളിക്കാതെ, കഷ്ടപ്പാടുകൾ അറിയിക്കാതെ വളർത്തുന്ന മക്കൾ വളരെ ദുർബലമായ മനസ്സിനുടമകളായിരിക്കും. ഇന്നത്തെ മക്കൾക്ക് വല്ല പ്രതിസന്ധികളും മുന്നിൽ വന്നുനിന്നാൽ അത് തരണം ചെയ്യാനോ കടുത്ത പരീക്ഷണങ്ങളെ അതിജീവിക്കാനോ ത്രാണിയില്ലാതെ പോകുന്നെങ്കിൽ അതിന് മിക്കപ്പോഴും ഹേതുവായി തീരുന്നത് ഒരു പരിധിവരെ മാതാപിതാക്കൾ ഒന്നുമറിയിക്കാതെ വളർത്തുന്നത് തന്നെയാണ്. കുഞ്ഞുങ്ങൾ ഒന്നും അറിയരുത് എന്ന ചിന്ത തന്നെ തെറ്റാണ് എന്ന് മനസ്സിലാക്കുക. ജീവിതത്തെ സ്വയം നേരിടാനുള്ള സാഹചര്യങ്ങൾ ഒരുക്കുമ്പോഴാണ് അവർ മാനസികമായി ഭാവിജീവിതം കെട്ടിപ്പടുക്കാനായി പാകപ്പെടുന്നതും പരുവപ്പെടുന്നതും. ഓരോ പരീക്ഷണങ്ങളും മറികടന്ന് ജീവിതം അഭ്യസിക്കുകയാണ് നാം. പരിശീലനത്തിലൂടെ അഭ്യാസിയായി മാറുമ്പോൾ മെരുക്കിയെടുത്ത ജീവിതത്തെ തന്റെ ഉള്ളംകൈകളിൽ നിർത്താൻ ഒരാൾക്ക് കഴിയും.

Also read: ഇഷ്ടപ്പെട്ട പുസ്തകം എതെന്ന ചോദ്യത്തിന് ജി എസ് പ്രദീപിനുള്ള ഉത്തരം

കുഞ്ഞുപ്രായത്തിൽ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കും വിധം ഉണ്ടാവുന്ന മാനസിക ശാരീരിക പീഡനങ്ങൾ അല്ലെങ്കിൽ ലൈംഗീകപരമായ ചൂഷണം ഇതെല്ലാം അവരുടെ ഭാവിയെയും വ്യക്തിത്വത്തെ ബാധിച്ചേക്കും. ഇക്കാര്യത്തിലെല്ലാം മാതാപിതാക്കൾ ബോധവാന്മാർ ആയിരിക്കുക. എന്നുവെച്ച് വീടിനുള്ളിൽ പൂട്ടിയിടുകയോ, സ്വാതന്ത്ര്യത്തിന് വിലക്ക് കല്പിക്കലോ അല്ല. അതൊന്നും ഒരിക്കലും പ്രാക്ടിക്കൽ അല്ല. രക്ഷിതാക്കൾക്ക് എന്നും എവിടെയും അവർക്ക് കാവൽ നിൽക്കാൻ പറ്റുമോ? ഒരിക്കലുമില്ല. സ്വന്തം ചിറകിൽ വിശ്വസിച്ച് പറക്കുന്ന പറവകളെപ്പോലെ ആക്കിയെടുക്കണം മക്കളെ. അവർ സ്വയം നേരിടട്ടെ എല്ലാത്തിനേയും കൂടെ ഉണ്ടെന്ന് ഓർമ്മിപ്പിച്ചാൽ മതി. വല്ലതും സംഭവിച്ചാൽ അച്ഛനമ്മമാർ പാനിക്ക് ആവരുത്, ഭയചകിതരാവരുത്. കുഞ്ഞുങ്ങളെ അത് പരിഭ്രാന്തരാക്കും. ഒന്നും സംഭവിക്കാത്ത പോലെ ചേർത്ത് പിടിച്ചുകൊണ്ട് ഡീൽ ചെയ്യണം എന്നിട്ട് പതിയെ സംഭവിച്ചതിനെയെല്ലാം വിവരിച്ചുകൊടുത്ത് ഉൾക്കൊള്ളാനും അക്സെപ്റ്റ് ചെയ്യാനുമുള്ള തലത്തിലേക്ക് മനസ്സിനെ എത്തിക്കാൻ കൗണ്സിലിങ് ഏർപ്പെടുത്തണം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ അത് വലിയ മാനസിക പ്രശ്നമായി തീരും.

കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുക, ബോധ്യപ്പെടുത്തുക ചുറ്റുപാടിൽ എന്തെല്ലാം തരത്തിലുള്ള മനുഷ്യരുണ്ടെന്ന്. കുട്ടിക്കാലവും കുട്ടിക്കളികളും കഴിഞ്ഞ് അവർ കൗമാരത്തെ എത്തിപ്പിടിക്കുമ്പോൾ അവിടെ അവരെ കാത്തിരിക്കുന്നത് എന്തൊക്കെയാണെന്നും. വലിയ കുട്ടി ആവാൻ പോവുകയാണ്, അവരിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ, സ്വന്തം കൗമാരത്തിന്റെ വിസ്മയകഥകൾ ഒക്കെ പറഞ്ഞു കൊടുക്കാം.

തന്റെ യൗവനവും ദലങ്ങൾ കൊഴിഞ്ഞ് ഇതാ തീരാറായി, മദ്ധ്യവയസ്സ് ഇതാ പടിവാതിൽക്കൽ വന്നു കാത്തുനിൽക്കുന്നു. അതും കഴിഞ്ഞാൽ വാർദ്ധക്യവും വൈകാതെ ഇങ്ങെത്തും മാതാപിതാക്കളുടെ ചിന്ത ആ വഴിയ്ക്ക് സഞ്ചരിച്ചു തുടങ്ങിക്കാണും. മനസ്സിനെ നാം ഒരുക്കിക്കൊണ്ടിരിക്കണം, എന്തിനെയും സ്വീകരിക്കാൻ മനസ്സ് സജ്ജമാകണം. എല്ലാ പ്രായത്തിനും അതിന്റെതായ ഭംഗിയുണ്ട്. പുറംമോടികളും പുറംതോടും അഴിച്ചുവെച്ച് വീണ്ടുമൊരു ശൈശവഘട്ടത്തെ വരവേൽക്കലാണ് വാർദ്ധക്യം. അഭിമാനത്തോടെയും സന്തോഷത്തോടെയും വാർദ്ധക്യദശയെ സ്വാഗതം ചെയ്യാം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അതിയായി ആഗ്രഹിക്കുന്ന കാലം കൂടെയാണ് ഇത്. വേണ്ടവിധം മനസ്സ് പകപ്പെടുത്തിയാൽ അതും ആസ്വദിക്കാം. എന്നാൽ ഒട്ടും മനോവീര്യം ചോർന്നു പോകാതെ, ആത്മവിശ്വാസത്തിന് കോട്ടം തട്ടാതെ മരണം വരെ ജീവിക്കാൻ കഴിഞ്ഞാൽ ആരും എവിടെയും തളർന്ന് പോകില്ല. മക്കൾക്കും ഇതുപോലെ നിലകൊള്ളുന്ന അച്ഛനമ്മമാർ വലിയൊരു കരുത്തും ശക്തിയുമായി മാറും. ആത്യന്തികമായി നോക്കിയാൽ തങ്ങളുടെ മാതാപിതാക്കളുടെ മനോഭാവം, കാഴ്ചപ്പാടുകൾ, നിലപാടുകൾ ഇവയൊക്കെയാണ് കുഞ്ഞിന്റെ അടിസ്ഥാനസ്വഭാവത്തിന് കാരണമാകുന്നതും.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker