Politics

ഹിസ്ബുല്ലയോട് വിയോജിക്കാം, പക്ഷേ എല്ലാം വിയോജിപ്പാവരുത്!  

ബെയ്റൂത്ത് വിമാനത്താവളത്തിൽ കൊറോണ പരിശോധന നടത്തുന്ന ഹിസ്ബുല്ലക്ക് കീഴിലെ ഇസ് ലാമിക ആരോഗ്യ വിഭാഗത്തിലെ പത്തോളം വരുന്ന ആരോഗ്യപ്രവർത്തകരുടെ ചിത്രം ശക്തമായ വിമർശനത്തിനും പരിഹാസത്തിനും കാരണമായിരിക്കുകയാണ്. പ്രതിഷേധക്കാർ ഉയർത്തുന്ന പ്രശ്നമെന്നത് ഹിജാബുധാരികളായ സന്നദ്ധപ്രവർത്തകർ നാഗരികമായ ലെബനാനെ പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ്. ബെയ്റൂത്ത് വിമാനത്താവളിത്തിലെ ഹിസ്ബുല്ലയുടെ ആധിപത്യത്തെ അപലപിച്ചുകൊണ്ടാണ് അവർ ശബ്ദമുയർത്തുന്നത്. ബെയ്റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തെ ഹിസ്ബുല്ല തെഹ്റാൻ വമാനത്താവളമാക്കി മാറ്റുകയാണെന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ഹിജാബുധാരികളായ സന്നദ്ധ ആരോഗ്യപ്രവർത്തകരുടെ സഹായം തേടിയെന്നതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായിരിക്കുന്നത്. അടുത്ത ദിവസം, ഫ്രഞ്ച് പ്രസിഡന്റ് ലെബനാൻ സന്ദർശിക്കുന്നതിന്റെ ഭാഗമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒരുക്കിയ മധ്യാഹ്ന ഭക്ഷണ വിരുന്നിൽ നിന്ന് ഹിസ്ബുല്ലയുടെ പാർലമെന്ററി ബ്ലോക്ക് തലവൻ മുഹമ്മദ് റഅദ് തീൻമേശയിൽ വൈൻ കുപ്പികൾ നിരത്തിയതുകൊണ്ട് വിട്ടുനിന്ന വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു. ഈയൊരു വാർത്തയും ആക്ഷേപത്തിനും വിമർശനത്തിനും പരിഹാസത്തിനും കാരണമായി.

ബെയ്റൂത്ത് വിമാനത്താവളത്തിൽ ഹിജാബുധാരികളായ സന്നദ്ധ ആരോഗ്യപ്രവർത്തകർ സേവനത്തിനെത്തിയതിലെയും, ഉച്ചഭക്ഷണത്തിന് തീൻമേശയിൽ കള്ളുകുപ്പികൾ നിരത്തിയത് കാരണമായി പാർലമെന്റ് പ്രതിനിധി വിരുന്നിൽ നിന്ന് വിട്ടുനിന്നതിലെയും ഇടത്-മതേതര-മതനിരാസ വിഭാഗങ്ങളുടെ നീരസം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്. ലെബനാനിലെ ഈയൊരു വിഭാഗം മതത്തോട്- പ്രത്യേകിച്ച് ഇസ് ലാമിനോട് ബന്ധപ്പെട്ട് നിൽക്കുന്ന എന്തിനോടും വെറുപ്പിന്റെ പ്രത്യയശാസ്ത്ര മനോഭാവം ശീലിച്ചിരാണ്. ലെബനാനികൾ കഴിഞ്ഞ ദശാബ്ദങ്ങളായി മതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന, എല്ലാം അനുവദിക്കുന്ന ഉദാര സമീപനത്തിന്റെയും അടിസ്ഥാനത്തിലുള്ള വാർപ്പ് മാതൃകകൾ രാഷ്ട്രീയത്തിലും, മാധ്യമപ്രവർത്തനത്തിലും, ടൂറിസത്തിലും യാഥാർഥ്യമാക്കുന്നതിന് വലിയ രീതിയിൽ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ലെബനാനിലെ പൊതു ജീവിതത്തിന്റെ ഏതെങ്കിലുമൊരു മേഖലയിൽ ഇസ് ലാമിനോടുള്ള പ്രതിബദ്ധത അനുവദിക്കാൻ കഴിയുകയില്ല. പുരോഗതി നേടിയെങ്കിലും ഈയൊരു നിഷേധ മനോഭാവം ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്.

Also read: സമാധാന നൊബേൽ പുരസ്കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്യുന്നത്..

രാജ്യത്തെ സുരക്ഷാ-സേവന വിഭാഗത്തിലെ അംഗങ്ങൾ താടിവളർത്തുന്നത് ഇപ്പോഴും നിഷിദ്ധമാണ്. കോടതിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഹിജാബുധാരികളായ സ്ത്രീകൾക്ക് അവിടേക്ക് പ്രവേശനാനുമതിയില്ലതാനും. പൊതു നീന്തൽക്കുളങ്ങളിലും ഹിജാബുധാരികളായ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. മതത്തെ മുറുകെപിടിക്കുന്ന ഏതൊരുവനെയും കൊടിയ മതഭ്രാന്തനായാണ് സമൂഹം കാണുന്നത്. അത്തരമൊരു വാർപ്പുമാതൃകകൾ അതിന്റെയാളുകളെ അഭിമാനംകൊള്ളിക്കുന്നു. ഇതെല്ലാം നമുക്ക് മനസ്സിലാക്കാവുന്നതാണ്. പക്ഷേ, വിമാനത്താവളത്തിൽ ഹിജാബുധാരികൾ പ്രത്യക്ഷപ്പെട്ടതിലും, പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ തീൻമേശയിൽ വിളമ്പിയ കള്ള് ബഹിഷ്കരിച്ചതിലും അസ്വസ്ഥരാവുകയും, വിമർശിക്കുകയും, പരിഹസിക്കുകയും ചെയ്ത മൊത്തം ആളുകളിൽ വിശ്വാസം മുറുകെ പിടിക്കുന്ന, കള്ള് ദർബാറുകളിൽ സമ്മേളിക്കുന്നത് വൻപാപമായി കാണുന്ന, സ്ത്രീകൾക്ക് ഹിജാബ് ധരിക്കൽ നിർബന്ധമാണെന്നും അതിനെ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്യാതെ ആദരിക്കണമെന്നും അംഗീകരിക്കുന്ന വിഭാഗമാണെന്നതാണ് ഒരു നിലക്കും മനസ്സിലാവത്ത കാര്യം!എന്നാൽ, അവരെ സംബിന്ധിച്ചിടത്തോളം അസ്വസ്ഥതയുടെയും ആക്ഷേപത്തിന്റെയും കാരണം ഹിസ്ബുല്ലയുടെ ഇടപെടലും, അബദ്ധങ്ങളും, പാളിച്ചകളും മുഖേനയുള്ള എതിർപ്പും വിരോധവും മാത്രമാണ്. ആ എതിർപ്പും വിരോധവും അവരെ ഇസ് ലാമിനോടുള്ള എതിർപ്പും വിരോധവുമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ബെയ്റൂത്തിലെ വിമാനത്താവളത്തിലെ ഹിജാബുധാരികളായ ആരോഗ്യപ്രവർത്തകരെ ആദ്യമായി പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടവരും, കള്ളിന്റെ സാന്നിധ്യമുള്ള വിരുന്നിൽ നിന്ന് വിട്ടുനിന്നതിനെ പിന്തുണക്കേണ്ടവരുമായി വിഭാഗം വിമർശിക്കുന്നവരുടെയും, പരിഹസിക്കുന്നവരുടെയും കൂടെ കൂടുകയാണ് ചെയ്തത്. ഹിസ്ബല്ലയോടുള്ള എതിർപ്പും വിരോധവുമാണ് ഇപ്രകാരം അവരെ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്.

ലെബനാനിലെ വലിയൊരു വിഭാഗത്തിന് ഹിസ്ബുല്ലയുമായി പ്രാഥമികമായും അടിസ്ഥാനപരമായും വലിയ രീതിയിലുള്ള വിയോജിപ്പുണ്ട്. പ്രത്യേകിച്ച്, സിറിയയിൽ തങ്ങളുടെ ജനതയെ കൊലചെയ്യുന്ന ഭരണകൂടത്തിന് പിന്തുണനിൽകികൊണ്ടിരിക്കുകയും, അറേബ്യൻ രാഷ്ട്രങ്ങളിൽ നിന്ന് കൂടുതലായി സൈന്യത്തിനും മിലീഷ്യകൾക്കും പിന്തുണനൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ. പക്ഷേ, ലെബനാൻ പൊതുജീവിതത്തിൽ ഹിസ്ബുല്ല നടത്തിയ ഇസ് ലാമിക പ്രവർത്തനങ്ങളെയും, ഇതര വിഭാഗങ്ങൾക്ക് ഇസ് ലാമിന് മേൽ ബഹുമാനമുണ്ടാക്കിയെടുക്കുകയും ചെയ്ത യാഥാർഥ്യത്തെ തിരസ്കരിച്ചുകൊണ്ടാകരുത് ഹിസ്ബുല്ലയോടുള്ള വിയോജിപ്പ്. ഇതൊന്നും ആരുടെയും വിട്ടുവീഴ്ച കൊണ്ടോ ഹൃദയ വിശാലത കൊണ്ടോ ഉണ്ടായതല്ല. മറിച്ച്, ലെബനാൻ പൊതു ജീവിതത്തിലെ ഹിസ്ബല്ലയുടെ പ്രഭാവവും സ്വാധീനവും കൊണ്ട് മാത്രമാണ്. ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ സ്ക്രീനിൽ അവതാരകരായി രംഗത്തുവരുന്നതും, മാധ്യമ മേഖലയിൽ ഹിജാബ് ധരിച്ച് വാർത്ത കവർ ചെയ്യുന്നതും ആക്ഷേപിക്കപ്പെടുന്നില്ല. താടി വളർത്തുന്നവനെ മതഭ്രാന്തനെന്ന് പറഞ്ഞ് ആശ്ചര്യത്തോടെ ആരും ഇന്ന് നോക്കുന്നില്ല. സ്ത്രീകൾക്ക് കൈകൊടുക്കുന്നതിന് പകരം നെഞ്ചത്ത് കെെ വെച്ച് അഭിവാദ്യം ചെയ്യുന്നത് കാണുമ്പോൾ വാപൊളിച്ച് അത്ഭുതമൂറി നിൽക്കുകയും ചെയ്യുന്നില്ല. ഇതെല്ലാം ഹിസ്ബുല്ല ലെബനാ‍ൻ സമൂഹത്തിൽ സ്ഥാക്ഷാത്കൃതമാക്കിയ മഹത്വമേറിയ കാര്യങ്ങളാണ്. ഒരുപക്ഷേ ഹിസ്ബുല്ല അറിയാതെ ഇതെല്ലാം അവയിലേക്ക് ചേർന്നുനിൽക്കുന്നതാണ്. ലെബനാനിലെ പുരുഷന്മാരെയും സ്ത്രീകളെ സംബന്ധിച്ച വാർപ്പ് മാതൃകകളെ പൊളിക്കുന്നതിന് ലെബനാനിൽ നിന്ന് ഒരു വിഭാഗത്തിന് വെളിച്ചം പകർന്നത് ഹിസ്ബുല്ലയാണ്.

Also read: ഖുദ്സിനെക്കുറിച്ച് മുസ് ലിം സമൂഹം അറിയേണ്ടത്

ഹിസ്ബുല്ലയോടുള്ള വിയോജിപ്പും വിരോധവും, ഹിസ്ബുല്ല മുറുകെ പിടിക്കുന്ന ഇസ് ലാമിക മൂല്യങ്ങളും രണ്ടും രണ്ടാണ്. ഹിസ്ബുല്ലയുടെ രീതിയിലും പ്രവർത്തനങ്ങളിലും നിർവഹണങ്ങളിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് മൊത്തം മുസ് ലിംകളെ ബാധിക്കുന്ന ഇസ് ലാമിന്റെ പ്രശ്നമായിത്തീരുന്നത് അപകടകരമാണ്.

വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker