Palestine

ഖുദ്സിനെക്കുറിച്ച് മുസ് ലിം സമൂഹം അറിയേണ്ടത്

ഖുദ്സിനെക്കുറിച്ച് അറബ്, അറബേതര മുസ്ലിംകളെപ്പോലെ തന്നെ അറബ് ക്രൈസ്തവരും ഒരുപോലെ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. പുണ്യ പ്രവാചകരുടെ റൗളയും മസ്ജിദുല്‍ ഹറാമും കഴിഞ്ഞാല്‍ മഹത്വം കല്‍പ്പിക്കപ്പെടുന്ന മസ്ജിദുല്‍ അഖ്സയാല്‍ പരിശുദ്ധമാക്കപ്പെട്ട നഗരമാണ് ഖുദ്സ്.

ഖുദ്സിനുമേലുള്ള കയ്യേറ്റം എത്രനാള്‍ തുടര്‍ന്നാലും കയ്യേറ്റത്തെയും അതിക്രമത്തെയും സഹായിക്കുന്ന ശത്രുസൈന്യം എത്ര കണ്ട് അധികരിച്ചാലും സത്യത്തെയും അതിന്‍റെ വക്താക്കളെയും കബളിപ്പിക്കാന്‍ ശ്രമിച്ചാലും ആ നാടിന് മേലുള്ള ഉടമസ്ഥാവകാശം ഒരിക്കലും നഷ്ടപ്പെട്ടുപോവുകയില്ല. അസത്യത്തിന്‍റെ ദീര്‍ഘകാല അധിനിവേശം കൊണ്ട് സത്യത്തെ മൂടിവെക്കാനാകില്ല. കയ്യേറ്റം ഉടമസ്ഥാവകാശമായി പരിവര്‍ത്തിക്കപ്പെടുകയുമില്ല. വേനല്‍ കാലത്ത് മഞ്ഞയായി പൊഴിഞ്ഞ് വസന്ത കാലത്ത് പുതിയതായി വീണ്ടും തളിര്‍ക്കുന്ന മരത്തിലെ ഇലകള്‍ പോലെ അതിന്‍റെ സംക്ഷണം വ്യത്യസ്ത സമൂഹങ്ങളിലേക്ക് മാറിമറിയുമെന്ന് ആരാണ് വാദിക്കുന്നത്? ചരിത്രപരമായി അതിന് എന്ത് അടിസ്ഥാനമാണുള്ളത്?
ചരിത്രം പറയുന്ന വസ്തുതകള്‍ അതൊന്നുമല്ല. നൂറ്റാണ്ടുകള്‍ റോമന്‍ നാഗരികതയുടെയും കോളണിവല്‍കരണത്തിന്‍റെയും അധീനതിലായിരുന്ന ഖുദ്സും അതിന്‍റെ പരിസര പ്രദേശങ്ങളും ഇസ്ലാമിന്‍റെ വിജയഗാഥയിലൂടെയാണ് മുസ്ലിം, ക്രൈസ്തവ, ജൂത സമൂഹമടങ്ങുന്ന യഥാര്‍ത്ഥ അവകാശികളിലേക്ക് തന്നെ തിരിച്ചു ലഭിക്കുന്നത്.

Also read: സാമ്പത്തിക മാന്ദ്യ കാലത്തെ നിക്ഷേപ സാധ്യതകള്‍

സമ്പൂര്‍ണ്ണ നീതിവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക രാഷ്ട്രത്തിനു കീഴില്‍ ഭാഷ, വര്‍ണ, വര്‍ഗങ്ങളിലെ വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവരും അവിടെ സന്തുഷ്ടരായിരുന്നു. ഒരു ഉമ്മ തന്‍റെ മക്കളോട് കാണിക്കുന്ന സ്നേഹം പോലെ പൗരന്മാര്‍ക്കിടയില്‍ യാതൊരു വിവേചനത്തിനും ഇട നല്‍കാതെത്തന്നെ ഖുദ്സും പരിസര പ്രദേശങ്ങളും ഇസ്ലാമിക ഭരണാധികാരികള്‍ ഭംഗിയായി ഭരിച്ചു. ഇസ്ലാമിന്‍റെ ഖിലാഫത്ത് ഭരണാധികാരികളും മറ്റു നേതാക്കളും ഭരിച്ചതിന്‍റെ അടിസ്ഥാനത്താല്‍ മാത്രമല്ല ഖുദ്സിന് മേലുള്ള ഉടമസ്ഥത അവകാശപ്പെടുന്നത്. മറിച്ച്, വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനവും അതിനെ ശക്തിപ്പെടുത്തുന്ന അന്ത്യ പ്രവാചകന്‍ മുഹമ്മദ്(സ്വ) നബിയുടെ ആഹ്വാനവുമാണ് അവിടെ ഇസ്ലാമിക ഭരണവും തത്വസംഹിതകളും തുടരണമെന്ന് പറയുന്നതിന്‍റെ അടിസ്ഥാനം.

മുസ്ലിംകള്‍ക്കും ഇതര മതസ്ഥര്‍ക്കുമിടയില്‍ അപര വിദ്വേഷത്തിന്‍റെയും മോശം പെരുമാറ്റത്തിന്‍റെയും ഇരുണ്ട കാര്‍മേഘത്തെക്കുറിച്ചുള്ള ഒരു സംഭവം പോലും നൂറ്റാണ്ടുകളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഫലസ്ഥീനും അതിന് ചുറ്റുമുള്ള അന്നത്തെ ശാം പ്രദേശങ്ങളും പിടിച്ചടക്കാന്‍ ശ്രമിച്ച കുരിശുപടയുടെ വഞ്ചനകളെയും കുതന്ത്രങ്ങളെയും അവിടെയുണ്ടായിരുന്ന മുസ്ലിംകളും ക്രൈസ്തവരും ചേര്‍ന്ന് നേരിട്ട ചരിത്രം അതിന് സാക്ഷിയാണ്. കുരിശുയോദ്ധാക്കള്‍ക്ക് എതിരെ സംഘടിച്ച സൈന്യത്തില്‍ ക്രൈസ്തവരുടെയും മുസ്ലിംകളടെയും എണ്ണം തുല്യമായിരുന്നെന്ന വസ്തുതയും ചരിത്ര വിരോധികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതായിരുന്നു അവിടെയുള്ള ഇസ്ലാമിക രാഷ്ട്രത്തിന്‍റെ അവസ്ഥ. സത്യത്തിന്‍റെയും നീതിയുടെയും മാത്രം അധികാരത്തിന് വിധേയമായിരുന്നു അത്. വിവേചനത്തിന് പകരം സമാനതകളില്ലാത്ത മതിപ്പോടെയും പരിഗണനയോടെയുമാണ് അവിടെ ഭരണാധികാരികള്‍ പ്രജകളെ ഭരിച്ചത്. ‘ഒരു ക്രിസ്ത്യാനിയും തന്‍റെ ക്രിസ്തുമതത്താലും ഒരു യഹൂദിയും തന്‍റെ യഹൂദമതത്താലും ഫിത്നയിലാകാതിരിക്കട്ടെ എന്നായിരുന്നു ജനങ്ങള്‍ക്കിടയിലെ സംസാരം. മുസ്ലിംകളുമായുള്ള അവരുടെ സഹവാസമാണ് അത് മനസ്സിലാക്കിത്തരുന്നത്. അധിനിവേശത്തിന്‍റെയും മോഷണത്തിന്‍റെയും കാലം പിന്നീടാണ് വരുന്നത്. അങ്ങനെയാണ് സത്യവും അവകാശവും അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് നഷ്ടമാകുന്നത്.

ബ്രിട്ടീഷ് അനുകൂല ഗൂഢാലോചനകളുടെ ഇരുണ്ട രാത്രികളിലൊന്നിലാണ് ഫലസ്ഥീന്‍ ദേശത്തെ നിയമാനുസൃതവും നീതിയിലധിഷ്ടിതവുമായ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതും സത്യങ്ങള്‍ കുഴിച്ചു മൂടപ്പെടുന്നതും. അതിന്‍റെ സ്ഥാനത്ത് ബ്രിട്ടണ്‍ ഇസ്രയേലെന്ന ചരിത്ര വഞ്ചനക്ക് അടിത്തറ പാകി. തങ്ങളുടെ അതിരുകടന്ന മോഹങ്ങളെ നേടിയെടുക്കാനും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെട്ട വ്യവസ്തിതിയെ പുച്ഛത്തോടെ കാണാനും ബ്രിട്ടണ്‍ പിന്തുണ ഇസ്രയേലിന് സഹായകമായി. ഇന്നിപ്പോള്‍ അവര്‍ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പരിശുദ്ധമായ ഫലസ്ഥീന്‍ ദേശത്തെ യഥേഷ്ടം മാറ്റിക്കൊണ്ടിരിക്കുന്നു. ഈയൊരു വഞ്ചനാപരമായ ഗൂഢാലോചനയുടെ മറവില്‍ ഖുദ്സ് അടക്കം തങ്ങള്‍ക്ക് നേടിയെടുക്കാനാകുന്ന ഫലസ്ഥീന്‍ പ്രദേശങ്ങളെല്ലാം ഇസ്രയേല്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അങ്ങോട്ടേക്ക് ഒഴുകിയെത്തുന്ന ജൂതന്മാര്‍ക്ക് പുനരധിവാസത്തിനായി അനിയന്ത്രിതമായി ഭവന നിര്‍മ്മാണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതിനായി യഥാര്‍ത്ഥ അവകാശികളുടെ വീടുകളും ജീവിതോപാകളും കൊല്ലും കൊലയും കൊള്ളിവെപ്പും ഉപയോഗിച്ച് നശിപ്പിക്കുകയും അവരെ ആട്ടിയോടിക്കുകയും ചെയ്യുന്നു. ഇന്നും ഇതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവരുടെ ആക്രമണങ്ങളും അധിനിവേശങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഖുദ്സും കടന്ന് അവര്‍ അവരുടെ ചുവടുകള്‍ മുന്നോട്ട് വെച്ചു കൊണ്ടേയിരിക്കുന്നു. അതില്‍ നിന്ന് പിന്മാറാന്‍ ഒരിക്കലും അവര്‍ തയ്യാറല്ല. അതവരുടെ അവകാശമാണെന്ന് സ്ഥാപിച്ചെടുക്കാനും അന്താരാഷ്ട്ര നിയമങ്ങളെ അതിന് അനുകൂലമാക്കാനും വേണ്ടിവന്നാല്‍ നിയമങ്ങളെ തങ്ങളുടെ കാല്‍കീഴിലിട്ട് ചവിട്ടാനും അവര്‍ ഒരിക്കലും മടി കാണിക്കില്ല.
മേല്‍പറഞ്ഞതാണ് ഖുദ്സും മസ്ജിദുല്‍ അഖ്സയും അധിനിവേശം നടത്താനുള്ള ഇസ്രയേലിന്‍റെ ന്യായം. എന്നാല്‍, ഈ വിഷയത്തില്‍ ഇസ്ലാമിന്‍റെ നിലപാടെന്താണ്? മുസ്ലിം ഉമ്മത്തിന്‍റെയും ഒഐസി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍)യുടെ നിലപാടെന്താണ്?

ഇസ്ലാമിനെ സംബന്ധിച്ചെടുത്തോളം ശരീഅത്ത് നിയമ പ്രകാരം ഫലസ്ഥീനും അതിന്‍റെ ഹൃദയ ഭൂമിയായ ഖുദ്സും ഇസ്ലാമിക ഭരണാധികാരികള്‍ കീഴടക്കിയത് മുതല്‍ അത് ഇസ്ലാമിക വ്യവസ്ഥിതികള്‍ക്കനുരിച്ച് ഭരണം നിര്‍വ്വഹിക്കപ്പെടുന്ന രാജ്യമാണ്. മുസ്ലിം ഉമ്മത്തിന്‍റെ വാസസ്ഥലമാണ്. എത്രതന്നെ അധിനിവേശം നടത്തിയാലും അതിക്രമിച്ചു കടന്നാലും ഫലസ്ഥീനെ സംബന്ധിച്ചെടുത്തോളം ഇസ്ലാമിക രാജ്യമെന്ന വിശേഷണം മാഞ്ഞുപോവുകയില്ല. അതിനാല്‍ തന്നെ ഇസ്ലാമിക രാജ്യത്തിന് നേരെ വരുന്ന ശത്രുതയുടെ ദുഷിച്ച കരങ്ങളെയും അധിനിവേശത്തെയും ചെറുക്കാന്‍ എല്ലാ മുസ്ലിംകളും ബാധ്യസ്ഥരാണ്. ഫലസ്ഥീനിലെ അനിയന്ത്രിത അധിനിവിഷ്ട സ്ഥലങ്ങളെ തിരിച്ചു പിടിച്ച് അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്നെ തിരിച്ചു കൊടുക്കുക എന്നത് മുസ്ലിം ഉമ്മത്തിന്‍റെ മുഴുവന്‍ ബാധ്യതയാണ്. അതാണ് ശരീഅത്തിന്‍റെ നിലപാട്.

Also read: യുക്തിവാദികളും ആത്മഹത്യയും

എന്നാല്‍, ചിലരെ സംബന്ധിച്ചെടുത്തോളം അവരുടെ വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ഒറ്റയായും കൂട്ടമായും അവര്‍ ഇസ്ലാമിന്‍റെ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കുന്നുണ്ട്. ഖുദ്സും മസ്ജിദുല്‍ അഖ്സാ പള്ളിയും സന്ദര്‍ശനം നടത്തുന്നതിനെ പൂര്‍ണ്ണമായി വിലക്കി എല്ലാ നിലക്കും സുസ്ഥിരമായ ഇസ്ലാമിന്‍റെ ഈ നിയമത്തെയും വ്യവസ്ഥിതിയെയും മായ്ച്ചു കളയാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത് ഇസ്ലാമിക രാജ്യമായി കണക്കാക്കാന്‍(ഖുദ്സും മസ്ജിദുല്‍ അഖ്സയും ഫലസ്ഥീനിന്‍റെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോള്‍ ഇസ്രയേല്‍ അധിനിവേശത്തിന് കീഴിലാണ്) അവര്‍ ഒരുക്കമല്ല. പ്രവാചകന്‍ മുഹമ്മദ്(സ്വ) നബി അന്ന് സ്വഹാബികളെയും ഇനി അന്ത്യനാള്‍ വരെ ലോകത്ത് വരാനിരിക്കുന്ന മുസ്ലിം സമൂഹത്തെയും അഭിസംബോധന ചെയ്ത് പറഞ്ഞ വാക്യം മഹാനായ ഇബ്നു മാജ ഉദ്ധരിക്കുന്നുണ്ട്: ‘നിങ്ങള്‍ മസ്ജിദുല്‍ അഖ്സയില്‍ പോവുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും ചെയ്യുക. മറ്റു മസ്ജിദുകളില്‍ വെച്ചുള്ള ആയിരം നമസ്കാരത്തിന് സമമാണ് അവിടെ വെച്ചുള്ള ഒരു നമസ്കാരം’. എന്നാല്‍, നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിക്ക് ഏറ്റവും അനുയോജ്യം തിരുനബിയുടെ ഈ കല്‍പന സ്വീകരിക്കാതിരിക്കലാണെന്നാണ് ഇന്ന് നേതാക്കന്മാരെന്നും പണ്ഡിതന്മാരെന്നും നടിക്കുന്ന ചിലരുടെ അഭിപ്രായം.

ഇസ്ലാമിന്‍റെ നിലപാടിനെക്കുറിച്ചാണ് ഞാന്‍ നിങ്ങളോട് സംസാരിച്ചത്. അതില്‍ അഭിപ്രായ ഭിന്നത ഉള്ളതായി എനിക്ക് അറിവില്ല. ഇസ്രയേല്‍ ബലാല്‍ക്കാരമായി പിടിച്ചെടുത്ത അവകാശത്തിനെതിരെ അല്ലാഹുവിന്‍റെ ശരീഅത്തിനെ പ്രായോഗിക വല്‍കരിക്കുന്നതില്‍ മുസ്ലിം രാഷ്ട്രങ്ങളും അവിടുത്തെ പൗരന്മാരും അടങ്ങുന്ന നമ്മുടെ മുസ്ലിം ഉമ്മത്തിന്‍റെ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. ഈ ഉത്തരവാദിത്വം ഖുദ്സിലും അതിന്‍റെ പരിസര പ്രദേശത്തുമുള്ള സമൂഹങ്ങളില്‍ മാത്രം പരിമിതമല്ലെന്ന് നാം മനസ്സിലാക്കിയിട്ടുള്ളതാണ്. പ്രദേശവാസികളില്‍ മാത്രം പരിമിതമല്ലെന്ന പോലെത്തന്നെ അറബ് സമൂഹത്തിലും മാത്രമായി ആ ഉത്തരവാദിത്വം ഒതുങ്ങി നില്‍ക്കുന്നില്ല. അവര്‍ക്കെല്ലാം ഒപ്പം പ്രധാനമായും അത് മുസ്ലിം ഉമ്മത്തിന്‍റെ മുഴുന്‍ ബാധ്യതയാണ്. അല്ലാഹു നമ്മില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഈ ഉത്തരവാദിത്വം നിറവേറ്റന്നതിനെക്കുറിച്ചുള്ള ആലോചനയില്‍ നിന്ന് പല മുസ്ലിംകളും പിന്തിരിയുന്നുവെന്നതാണ് സങ്കടകരമായ വസ്തുത, പ്രത്യേകിച്ചും ഖുദ്സിന്‍റെ പരിശുദ്ധമായ മണ്ണില്‍ നിന്ന് വേര്‍പ്പെടുത്തപ്പെട്ടവര്‍ തന്നെ. വേദനാജനകമായ നഷ്ടമായിരിക്കും അതിന്‍റെ അനന്തരഫലം.

സ്വതന്ത്ര ഫലസ്ഥീന്‍, ഖുദ്സ് എന്ന വികാരം മുസ്ലിം ഉമ്മത്തില്‍ നിന്ന് സ്വന്തം വീടുകളില്‍ നിന്നും നിര്‍ബന്ധിത പലായനത്തിന് ഇരയായവരും സ്വന്തം സമ്പത്തിന് മേലുള്ള ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടവരുമായ നക്ബ പോരാളികളിലേക്കും അതിന്‍റെ മുറിവ് അനുഭവിക്കേണ്ടി വന്നവരിലേക്കും മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. പോരാട്ടത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ഭൂമിയില്‍ അവര്‍ക്കൊപ്പം ഐക്യത്തോടെയും സഹവര്‍ത്തിത്വത്തോടെയും നിലയുറപ്പിക്കാന്‍ പലരും സന്നദ്ധരല്ല. സത്യത്തെ വെളിച്ചത്ത് കൊണ്ടു വരാനും അവകാശങ്ങള്‍ നേടിയെടുക്കാനും ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നാല്‍ അതിനും സജ്ജരായി വിജയം വരിക്കും വരെ ഫലസ്ഥീനികള്‍ക്ക് കൂടെയുണ്ടാകുമെന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്ത സിറിയയല്ലാതെ ആരും തന്നെ പോരാട്ട വീഥിയില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിക്കുന്നില്ല.

Also read: വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ട്

നമ്മുടെ മുസ്ലിം സഹോദരന്മാരെ സംബന്ധിച്ചെടുത്തോളം അധിനിവിഷ്ട ഭൂമിയിലെ അഭിമാനികളായ ജനതയായിരുന്നു അവര്‍. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവരും പരസ്പര സമീപനങ്ങളിലും ഉടമ്പടി പാലിക്കുന്നതിലും ഉത്തമ ബോധ്യമുള്ളവരുമായിരുന്നു. ആ മാര്‍ഗത്തെത്തൊട്ട് അവരെ അശ്രദ്ധരാക്കിയത് എന്താണെന്നും ഉടമ്പടിയുടെ അപകടത്തെക്കുറിച്ചുള്ള ബോധ്യം അവര്‍ മറന്നതെങ്ങനെ ആണെന്നും ഇന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. അധികാരത്തോടുള്ള അമിത സ്നേഹവും ആഢംബര ജീവിതത്തോടുള്ള അതിരുവിട്ട അഭിനിവേശവുമാണ് അവരെ ഈ പരിതസ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചത്.

അല്‍പം ദിവസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫ്-ഇസ്രയേല്‍ നയതന്ത്ര ബന്ധത്തെ ഊട്ടിയുറപ്പിക്കാന്‍ ആദ്യ ശ്രമം നടത്തിയ സാമി റാഫേല്‍ എഴുതിയ ‘ഖത്തറും ഇസ്രയേലും; രഹസ്യ ബന്ധങ്ങളുടെ രേഖകള്‍ എന്ന പുസ്തകം വായിച്ചു തീര്‍ത്തത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ശുഭാപ്തി വിശ്വാസത്തെക്കുറിച്ച് അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്. മാത്രമല്ല, ഒരു അധ്യായത്തില്‍ ഖത്തറിനും ഇസ്രയേലിനുമിടയിലെ രഹസ്യ കരാറിനെക്കുറിച്ചും അതുവഴി സമീപ ഭാവിയില്‍ തന്നെ അറബ് മേഖലയില്‍ സാമ്പത്തിക ശൃംഖല ആരംഭിക്കുന്നതിലൂടെ പ്രദേശത്തെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനാകുമെന്നതിനെക്കുറിച്ചും എത്രമാത്രം പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. അവരിലാരാണ് വിജയിക്കുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഒഐസിയുടെ പ്രവര്‍ത്തനങ്ങളില്‍ നമുക്കുണ്ടായിരുന്ന ശുഭാപ്തി വിശ്വാസമെല്ലാം അവസാനിച്ചിരിക്കുന്നു. അതിന്‍റെ പ്രതാഭവും അന്തസ്സും അതിന്‍റെ പേരില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. പ്രശോഭിതമായിരുന്നു ഭൂതകാല സ്മരണകളുടെ പാതയില്‍ ഇനി ധാര്‍ഷ്ട്യമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. മറിച്ച്, സാമി റാഫേലിന്‍റെ ആഗ്രഹങ്ങളെ മറികടക്കാന്‍ അറബ് രാജ്യങ്ങളിലെ നേതാക്കളും സമ്പന്നരും തയ്യാറാണെങ്കില്‍ ലോക മുസ്ലിംകള്‍ അവരോട് നന്ദിയുള്ളവരായിരിക്കും. ഇതിന് തയ്യാറില്ലാത്തവരോട് പറയാനുള്ളത് ‘തന്‍റെ കാര്യങ്ങളില്‍ അല്ലാഹു അജയ്യനായിരിക്കും, എന്നാല്‍ മിക്ക മനുഷ്യരും അതറിയുകയില്ല(യൂസുഫ്: 21) എന്ന് മാത്രമാണ്.

( അറബിയിൽ  2016 ൽ എഴുതിയതാണ് ലേഖനം)

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker