Current Date

Search
Close this search box.
Search
Close this search box.

ജനങ്ങളില്‍ ഏറ്റവും വലിയ സമ്പന്നനാവാന്‍

ശരിയായ ജീവിത വഴിയെ കുറിച്ചും അതിന്‍റെ ചില അര്‍ത്ഥ തലങ്ങളെ കുറിച്ചും കഴിഞ്ഞ ലേഖനങ്ങളില്‍ പരാമര്‍ശിക്കുകയുണ്ടായെങ്കിലും, കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ അത് ഇവിടെ ആവര്‍ത്തിച്ച് വിശദീകരിക്കാം. അഥവാ നിനക്ക് അനുഗ്രഹമായി ലഭിച്ച നിന്‍റെ ശരീരം, സമ്പത്ത്, സന്താനങ്ങള്‍, വീട്, സര്‍ഗ്ഗസിദ്ധി തുടങ്ങിയ സകല കാര്യങ്ങളിലും നീ സംതൃപ്തനായി ജീവിച്ചാല്‍ നിനക്ക് ജനങ്ങളില്‍ ഏറ്റവും സമ്പന്നനായി ജീവിക്കാം. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്:

“നിനക്കു നല്‍കുന്നതെന്തോ അതു സ്വീകരിക്കുകയും നന്ദിയുള്ളവനായിരിക്കുകയും ചെയ്യക.” 7:144

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ച മുന്‍ഗാമികളായ പല പണ്ഡിതന്മാരും പൂര്‍വ്വസൂരികളും സമ്പന്നരായിരുന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന മണിമാളികകളൊ അകമ്പടി സേവിക്കാന്‍ പരിവാരങ്ങളൊ യാത്രചെയ്യാന്‍ വാഹനങ്ങളൊ അവര്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ ജീവിതവുമായി മല്ലിടുകയും വിജയിക്കുകയും ചെയ്തുവെന്നത് ചരിത്രം. മനുഷ്യ സമൂഹത്തിന് അവര്‍ സമര്‍പ്പിച്ചതും അത് തന്നെയായിരുന്നു. എന്ത്കൊണ്ട് അവര്‍ക്ക് ഇത് സാധിച്ചു? അല്ലാഹു നല്‍കിയ നല്ലതില്‍ നിന്ന് ശരിയായ വഴിയില്‍ ചിലവഴിച്ചത് കൊണ്ടാണ്. അതിനാല്‍ അവര്‍ അവരുടെ ജീവിതത്തിലും കാലഘട്ടത്തിലും സര്‍ഗ്ഗാത്മകതയിലും അനുഗ്രഹിക്കപ്പെട്ടവരായിത്തീര്‍ന്നു.

ഈ അനുഗ്രഹിക്കപ്പെട്ടവരുടെ എതിര്‍ വിഭാഗത്തിനും അല്ലാഹു സമ്പത്തും സന്താനങ്ങളും മറ്റു അനുഗ്രഹങ്ങളുമെല്ലാം നല്‍കിയിരുന്നു. എന്നാല്‍ അത് അവരുടെ പരാജയത്തിന്‍റെയും നഷ്ടത്തിന്‍റെയും ഉറവിടമായിത്തീരുമകയാണുണ്ടായത്. കാരണം അവര്‍ ശരിയായ സഹജാവബോധത്തില്‍ നിന്നും ശരിയായ പാതയില്‍ നിന്നും ബഹുദൂരം വ്യതിചലിച്ചത്കൊണ്ടാണ്. ചിലകാര്യങ്ങളെല്ലാം നേടുമ്പോഴേക്കും എല്ലാം നേടി എന്ന് അര്‍ത്ഥമില്ലന്നാണ് ഇത് വ്യക്തമാക്കുന്നത്.

അന്തരാഷ്ട്ര ബിരുദങ്ങള്‍ നേടിയ ഒരാളെ കുറിച്ച് ആലോചിച്ച് നോക്കൂ. അത് അയാള്‍ക്ക് ലഭിച്ച നിരവധി സമ്മാനങ്ങളില്‍, സര്‍ഗ്ഗസിദ്ധികളില്‍, സ്വാധീനത്തില്‍ ഒന്ന് മാത്രം. അതേസമയം മറ്റു ചിലരിലാകട്ടെ അല്‍പം അറിവ് മാത്രമേ അവര്‍ക്കുണ്ടാവുകയുള്ളുവെങ്കിലും, അവര്‍ പാരാവാരം കണക്കെ അനുഗ്രഹങ്ങളും അഭിവൃദ്ധിയും നേടീട്ടുണ്ടാവും.

നിങ്ങള്‍ വിജയിക്കണമെങ്കില്‍, അല്ലാഹു നിന്നെ സൃഷ്ടിച്ചതില്‍ സംതൃപ്തനായി കഴിയുക. നിന്‍റെ ശബ്ദത്തില്‍, ബുദ്ധിയില്‍, സമ്പാദ്യത്തില്‍ എല്ലാം സംതൃപ്തിയോടെ ജീവിക്കുക. ചില വിദ്യാസമ്പന്നരായ ആളുകള്‍, ലൗകിക സുഖസൗകര്യങ്ങള്‍ പോലും അല്ലാഹുവിന്‍റെ പ്രീതി ലഭിക്കാനായി ത്യജിക്കുന്നു. ഭാവിയില്‍ അതിനെക്കാള്‍ മെച്ചപ്പെട്ടത് അവര്‍ കാണുന്നു. അവര്‍ പറയുന്നു: നിനക്ക് ലഭിച്ച അനുഗ്രഹത്തെക്കാള്‍ കുറഞ്ഞത് കൊണ്ട് സംതൃപ്തനാവുക.

നിങ്ങളെക്കാള്‍ താഴ്ന്നപടിയില്‍ ജീവിക്കുന്നവരുണ്ടെന്ന് ചിന്തിക്കാന്‍ കഴിയുകയാണ് നിങ്ങളുടെ മഹത്തായ വിജയം എന്ന് ഒരു അറബി കവി പാടിയത് എത്ര സത്യം.

ലൗകിക സുഖസൗകര്യങ്ങളെ തൃണവല്‍ക്കരിച്ച ഒരുപറ്റം ഉന്നതരുടെ നിരതന്നെ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാം. തന്‍റെ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതനായ, മോചിതനായ അടിമയായിരുന്ന തളര്‍വാതം പിടിപ്പെട്ട, മുടി കൊഴിഞ്ഞപോയ ‘അത്താ ഇബ്ന് റബാഹ്’ അവരില്‍ ഒരാളാണ്. അറബ് വംശജനായ അല്‍ അഹ്നാഫ് ബിന്‍ ഖൈയ്സ് ദുര്‍ബ്ബലനും കൃശഗാത്രനുമായ കാല്‍മുട്ടുകള്‍ പിരിഞ്ഞ് പോയ വ്യക്തിയായിരുന്നു.

എക്കാലത്തേയും ഏറ്റവും വലിയ ഹദീസ് പണ്ഡിതനായ, വിമോചിതനായ അടിമയായ, ദുര്‍ബലനായ അല്‍ അഅ്മാഷിനും ഭൗതിക വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. പലപ്പോഴും കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഒട്ടും സൗകര്യമില്ലാത്ത കൂരയിലായിരുന്നു അദ്ദേഹം പാര്‍ത്തിരുന്നത്.

എന്തിനധികം പറയുന്നു പ്രവാചകന്മാര്‍ പോലും ആടിന്‍പറ്റങ്ങളെ മേച്ചു. ദാവുദ് നബി സ്വര്‍ണ്ണപണിക്കാരനായിരുന്നു. സകരിയ്യ നബി ആശാരിയും ഇദ്രീസ് നബി ടൈലറും. അവരൊക്കെയും സമൂഹത്തിലെ ഉന്നതന്മാരും ഏറ്റവും ഉത്തമ വ്യക്തികളുമായിരുന്നു.

നിങ്ങള്‍ ജീവിതത്തില്‍ ആര്‍ജ്ജിക്കുന്ന വിവിധതരം പുരഷ്കാരങ്ങളും സല്‍കര്‍മ്മങ്ങളും നിങ്ങളുടെ സ്വഭാവ വൈശിഷ്ട്യങ്ങളും നിങ്ങള്‍ ചെയ്യുന്ന പരോപകാരങ്ങളുമാണ് നിങ്ങളുടെ യഥാര്‍ത്ഥ ശ്രേഷ്ടത. അത്കൊണ്ട് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട് പോയ സൗന്ദര്യത്തിലൊ സമ്പത്തിലൊ ആശ്രയക്കാരിലൊ ഒന്നും ദു:ഖിക്കരുത്. അല്ലാഹു നിനക്കായി ഓഹരിവെച്ച് നല്‍കിയതില്‍ കൃതാര്‍ത്ഥനാവുക.
ഖുര്‍ആന്‍ പറയുന്നൂ: “നാമാകുന്നു അവര്‍ക്ക് ഐഹികജീവിതത്തില്‍ വിഭവങ്ങള്‍ വീതിച്ചുകൊടുത്തത്.” 43:32

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles