Current Date

Search
Close this search box.
Search
Close this search box.

മരണമെന്ന യാഥാർഥ്യം

‘മൃത്യുസന്നദ്ധതയാവട്ടെ നിന്നാട;
ശുദ്ധമാം കന്യകപോലെയാവട്ടെ നിന്നുടല്‍’ -ഗുരു നാനാക്ക്

ജീവിതത്തിന്റെ മറുപുറമാണ് മരണം. ജനിച്ചിട്ടുണ്ടോ, എങ്കില്‍, മരണവും നടക്കും. എലീഫാസിന്റെ മുന്നറിയിപ്പ് എത്ര അര്‍ഥത്തവത്താണ്: ‘വയോവൃദ്ധനായി നീ ശവകുടീരത്തിലേക്ക് പോകും, യഥാകാലം മെതികളത്തിലെത്തുന്ന കതിര്‍ക്കറ്റപോലെ’. ഓരോ ആത്മാവും മരണം രുചിക്കുമെന്ന് വിശുദ്ധവേദം ഉണര്‍ത്തുന്നു. രസങ്ങളുടെ അന്തകനായ മരണത്തെ സൂക്ഷിക്കണമെന്ന് തിരുചര്യ. ചുരുക്കത്തില്‍, ആര്‍ക്കും മരണത്തില്‍നിന്ന് കുതറി മാറാനാവില്ല. അതിന് സാധിച്ചുരുന്നുവെങ്കില്‍, അലക്‌സാണ്ടറും ഹാമാനും ഫറോവയും മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമായിരുന്നു.

മരണത്തിന്റെ രൂപം, അനുഭവം, രുചി എന്നിത്യാദി കാര്യങ്ങളെക്കുറിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒന്നും പറയാനാവില്ല. കാരണം, ജീവിച്ചിരിക്കുന്നവരുടെ എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറമാണ് മരണം. മരണമൊഴികെ ജീവിതത്തില്‍ സംഭവിക്കുന്ന മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും തനിക്ക് എഴുതാനായിട്ടുണ്ടെന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന്റെ വിഷയത്തില്‍ അധ്യാത്മിക ചിന്തകള്‍ പകരുന്ന പാഠങ്ങള്‍ പിന്തുടരുകയേ നിര്‍വാഹമുള്ളൂ.

ശൂന്യതയിലേക്കുള്ള പതനമല്ല മരണം. അതൊരു സര്‍ഗാത്മക പ്രക്രിയയാണ്. എന്നാല്‍, മരണത്തിന്റെ സര്‍ഗാത്മകതയെ വര്‍ണിക്കാനാവില്ല. കാരണം, അതിന്റെ അത്യഗാധമായ നിഗൂഢതതന്നെ. നിഗൂഢത വിരൂപമോ, പോരായ്മയോ അല്ല. സൃഷ്ടിയുടെ സൗന്ദര്യത്തിന് തികവിന്റെ ഛായങ്ങള്‍ ഉണ്ടാവുന്നത് നിഗൂഢതയുടെ ചേരുവകള്‍ പടരുമ്പോഴാണ്. കവിത കവിതയാകുന്നതും കല കലയാകുന്നതും സാഹിത്യം സാഹിത്യമാകുന്നതും നിഗൂഢതയുടെ വര്‍ണങ്ങള്‍ ചേരുമ്പോഴാണല്ലോ. ജീവനും ജീവിതവും ദൈവത്തിന്റെ സവിശേഷ സൃഷ്ടികളാണ്. അതുപോലെ, മരണവും ഒരു സൃഷ്ടിയാണ്. ജീവിതത്തെയും മരണത്തെയും സൃഷ്ടിച്ചവനാണ് ദൈവമെന്ന് വിശുദ്ധവേദം പരാമര്‍ശിക്കുന്നുണ്ട്. സൃഷ്ടിയായതിനാലാണ് മരണം സര്‍ഗാത്മകമാവുന്നത്. ദൈവസൃഷ്ടികളില്‍ ഭാവന, കാവ്യാത്മകത, സൗന്ദര്യം, നിഗൂഢത, പ്രത്യുല്‍പ്പന്നമതിത്വം തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. ഇത്തരം ആന്തരിക സത്തകള്‍ ചേരുമ്പോഴാണ് സൃഷ്ടി സൃഷ്ട്യോന്മുഖമാവുന്നത്. മരണം ഒരു സൃഷ്ടിയായതിനാല്‍, മരണത്തിലും ഇത്തരം സവിശേഷതകള്‍ ഉള്‍ചേര്‍ന്നിട്ടുണ്ടെന്ന് വിശ്വസിക്കാം.

നല്ല മരണവുമുണ്ട്; ചീത്ത മരണവുമുണ്ട്. ധര്‍മാധര്‍മബോധത്തിന്റെ അടിസ്ഥാനത്തിലാണ് മരണം നല്ലതും ചീത്തയുമാവുന്നത്. ഏതുരീതിയില്‍ മരണപ്പെട്ടാലും ശരി, ധര്‍മിഷ്ഠന്റെ മരണം നല്ല മരണവും അധര്‍മിയുടെ മരണം ചീത്ത മരണവുമായിരിക്കും. ധര്‍മിഷ്ഠന്റെയും അധര്‍മിയുടെയും മരണം എങ്ങനെയായിരിക്കുമെന്ന് തിരുചര്യ വിശദ്ധീകരിച്ചിട്ടുണ്ട്. മാലാഖമാര്‍ ശാന്തിവചനം ഉരുവിട്ടുകൊണ്ടായിരിക്കും നല്ല മനഷ്യരുടെ ആത്മാവിനെ സ്വീകരിക്കുന്നത്. കൂജയില്‍നിന്ന് വെള്ളം ഒഴിഞ്ഞുപോകുംപോലെ അവരുടെ ആത്മാവ് അനശ്വരതയിലേക്ക് ചേക്കേറും. ഭീകരമായിരിക്കും ചീത്ത മനുഷ്യരുടെ മരണം. മുള്ളുകളില്‍പ്പെട്ട പരുത്തി വലിക്കുംപോലെയുള്ള പ്രതീതിയാവും, അത്തരക്കാരുടെ ആത്മാക്കള്‍ക്ക് മരണവേളയില്‍ ഉണ്ടാവുക.

ശുഭപ്രതീക്ഷയോടെയാണ് മരണത്തെ അഭിമുഖീകരിക്കേണ്ടത്. മരണാസന്നവേളയില്‍ എല്ലാം കൈവിട്ടുവെന്ന ചിന്ത ഉണ്ടാവാനേ പാടില്ല. ഇമാം ഗസ്സാലിയുടെ മരണാസന്ന സന്ദര്‍ഭം സ്മരണീയമാണ്. ഒരു തിങ്കളാഴ്ച ദിവസമായിരുന്നു അദേഹത്തിന്റെ മരണം. പതിവുപോലെ പ്രഭാതനമസ്‌കാരവും പ്രാര്‍ഥനകളും നിര്‍വഹിച്ചു. തുടര്‍ന്ന്, വെളുത്ത നിറത്തിലുള്ള ശവക്കച്ച കൊണ്ടുവരാന്‍ കല്‍പിച്ചു. അതില്‍ തുരുതുരെ ചുംബനങ്ങള്‍ പൊഴിക്കുകയും ശരീരം സ്വയം അതില്‍ മൂടുകയും ചെയ്തു. ശേഷം, ‘നാഥാ, നിനക്ക് ഞാന്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു’വെന്ന് പ്രഖ്യാപിച്ചു. അനന്തരം, സാക്ഷ്യവചനം ഉരുവിട്ട് സന്തോഷത്തോടെ മരണത്തെ പുല്‍കുകയും ചെയ്തു ആ മഹാമനീഷി.

മരണത്തോടെ ഒരാളുടെ അസ്തിത്വം ഒടുങ്ങുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ഒരു ഘട്ടം മാത്രമാണ് മരണം. അനശ്വരതയിലേക്കുള്ള കവാടമാണത്. ജനിച്ചുക്കഴിഞ്ഞ ഏവരും മരിക്കും, മരിച്ചുക്കഴിഞ്ഞ ഏവരും ജനിക്കുമെന്ന് ഗീത മൊഴിഞ്ഞിട്ടുണ്ട്. ആത്മപ്രധാനമായ ജീവിതമാണ് മരണഘട്ടം. ഇഹലോകത്തില്‍ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതത്തെ മനോഹരമാക്കിയ സാത്വികന് ആത്മീയമായ സുഖാനുഭൂതി ലഭിക്കുന്നതായിരിക്കും. ദുഷ്‌കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതത്തെ മലിനമാക്കിയ ദുഷ്ടന് ദുഖാനുഭൂതിയും ലഭിക്കുന്നതായിരിക്കും.

Related Articles