Current Date

Search
Close this search box.
Search
Close this search box.

പ്രാർഥിച്ചു നേടേണ്ടതാണ് കുടുംബവും പ്രസ്ഥാനവും

കരുണാമയനായ ദൈവത്തിന്റെ യഥാർഥ ദാസന്മാർ ഒട്ടേറെ സവിശേഷതകൾ ഉള്ളവരാണ്. ഖുർആനിലങ്ങിങ്ങോളം അല്ലാഹു അവ വിശദീകരിച്ച് പറഞ്ഞതായി കാണാനാവുന്നുണ്ട്. അവയിലൊന്നാണ് ‘അവർ പ്രാർഥിക്കുന്നവരാണ്’ എന്ന വിശേഷണം. പ്രഭാതത്തിലും പ്രദോശത്തിലും പ്രാർഥിക്കുന്നവർ, ഭയത്തോടെയും പ്രതീക്ഷയോടെയും പ്രാർഥിക്കുന്നവർ, അല്ലാഹുവല്ലാത്ത മറ്റൊരു ദൈവത്തോടും പ്രാർഥിക്കാത്തവർ എന്നിങ്ങനെ ഖുർആൻ അവ പരിചയപ്പെടുത്തുന്നു. പ്രാർഥനയാണ് ദൈവാർപ്പണത്തിന്റെ ആത്മാവ്. സത്യവിശ്വാസികൾക്ക് ജീവിതമാകുന്ന പോരാട്ടത്തിന് കരുത്തേകുന്ന ആയുധവും പ്രാർഥന തന്നെ.

ഒരു പ്രാർഥന ഖുർആനിലെ അൽഫുർഖാൻ അധ്യായത്തിൽ ഇങ്ങനെ കാണാം:
وَٱلَّذِينَ يَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعۡيُنٖ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا (الفرقان:74)
“അവർ പ്രാർഥിച്ചുകൊണ്ടിരിക്കും : ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങളുടെ കണ്ണ് കുളിർപ്പിക്കേണമേ. ഞങ്ങളെ നീ ഭക്തന്മാരുടെ നേതാക്കളാക്കേണമേ”.

വിശ്വാസികളുടെ ഈ പ്രാർഥന ഉൾക്കൊള്ളുന്നത് രണ്ട് പ്രധാന വിഷയങ്ങളാണ്.
ഒന്ന്, ഇണകളിൽ നിന്നും മക്കളിൽ നിന്നുമുള്ള കൺകുളിർമ.
രണ്ട്, ദൈവഭക്തരായ സമൂഹത്തിന്റെ നേതൃത്വം.
മറ്റനേകം ആവശ്യങ്ങളോടൊപ്പം ഇവയും പ്രപഞ്ച നാഥനോട് ചോദിച്ച് നേടുന്നവരാണ് വിശ്വാസികൾ.

ജീവിതത്തിന്റെ എല്ലാ സന്ദർഭത്തിലും, ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കുമൊപ്പം ചേർത്ത് നിർവഹിക്കാൻ വിശ്വാസികൾക്ക് പ്രാർഥനകളുണ്ട്. ഏതെങ്കിലും കാര്യം ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ, ഉപകാരപ്രദമാകുമെങ്കിൽ അത് സാധ്യമാക്കിത്തരാനും ദ്രോഹകരമാകുമെങ്കിൽ അതിനെ തട്ടിമാറ്റാനും വേണ്ടി റബ്ബിനോട് തേടണം. ഏതൊരു കാര്യത്തിനു മുമ്പും നന്മ തേടി പ്രാർഥിക്കാൻ നബി(സ) സ്വഹാബത്തിനെ പഠിപ്പിച്ചിരുന്നു. ഫർദല്ലാത്ത രണ്ട് റക്അത്ത് നമസ്കരിച്ച ശേഷം പ്രാർഥിക്കുകയാണ് അതിന്റെ രൂപം. പ്രാർഥനാ വചനം ഇപ്രകാരമാണ്: ‘അല്ലാഹുവേ, നിന്റെ അറിവുകൊണ്ട് ഞാൻ നന്മയെ ചോദിക്കുന്നു. നിന്റെ ശക്തികൊണ്ട് ഞാൻ സഹായം തേടുകയും ചെയ്യുന്നു. നിന്റെ ഔദാര്യത്തിൽ നിന്നും എനിക്ക് നീ നൽകേണമേ. നീ എല്ലാ കാര്യങ്ങളുമറിയുന്നു. ഞാനാകട്ടെ അറിയുന്നില്ല. നീ എല്ലാറ്റിനും കഴിവുള്ളവനും ഞാൻ കഴിവില്ലാത്തവനുമാണ്. നീ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനല്ലൊ. അല്ലാഹുവേ, ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ കാര്യം (ആവശ്യം പറയുക ) എനിക്ക് ഇപ്പോഴും ഭാവിയിലും ദുനിയാവിലും പരലോകത്തും നല്ലതാണെങ്കിൽ എനിക്ക് നീ അതു വിധിക്കുകയും എളുപ്പമാക്കിത്തരികയും അതിൽ ഐശ്വര്യം നൽകുകയും ചെയ്യേണമേ. എന്നാൽ അത് എനിക്ക് ഇപ്പോഴും ഭാവിയിലും ദുൻയാവിലും പരലോകത്തും ഗുണകരമല്ലെങ്കിൽ അതിനെ എന്നിൽ നിന്നും നീ തിരിച്ചു വിടുകയും നന്മ എവിടെയാണോ ഉള്ളത് അവിടേക്ക് എന്നെ നീ എത്തിക്കുകയും അതെനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ.’
اللَّهُمَّ إنِّي أسْتَخِيرُكَ بعِلْمِكَ، وأَسْتَقْدِرُكَ بقُدْرَتِكَ، وأَسْأَلُكَ مِن فَضْلِكَ العَظِيمِ؛ فإنَّكَ تَقْدِرُ ولَا أقْدِرُ، وتَعْلَمُ ولَا أعْلَمُ، وأَنْتَ عَلَّامُ الغُيُوبِ، اللَّهُمَّ إنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ خَيْرٌ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – أوْ قالَ: عَاجِلِ أمْرِي وآجِلِهِ – فَاقْدُرْهُ لي ويَسِّرْهُ لِي، ثُمَّ بَارِكْ لي فِيهِ، وإنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ شَرٌّ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – أوْ قالَ: في عَاجِلِ أمْرِي وآجِلِهِ – فَاصْرِفْهُ عَنِّي واصْرِفْنِي عنْه، واقْدُرْ لي الخَيْرَ حَيْثُ كَانَ، ثُمَّ أرْضِنِي قالَ: «وَيُسَمِّي حَاجَتَهُ».

എല്ലാ നല്ല കാര്യത്തിലും എന്നപോലെ ഓരോരുത്തരുടെയും ജീവിതത്തിലെ സവിശേഷ മുഹൂർത്തമായ വിവാഹ സന്ദർഭത്തിലും ഏറെ പ്രധാനമായ ഒന്നാണ് ഈ ദുആ. വിവാഹാന്വേഷണം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ച് നിൽക്കുമ്പോൾ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി നടത്തേണ്ടതായ പ്രാർഥന. അല്ലാഹുവിനോട് നന്മ തേടിയുള്ള ഈ പ്രാർഥനക്ക് ദുആഉൽ ഇസ്തിഖാറ എന്നാണ് പറയുന്നത്. പ്രാർഥനയാകുന്ന കോൺക്രീറ്റിട്ടാണ് ഓരോ വിശ്വാസിയും ഇണയെ ഉറപ്പിക്കുന്നത്. ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ച് പടച്ചവനുമായുള്ള ഒരു കൂടിയാലോചനയാണത്. അല്ലാഹുവിൽ തവക്കുലാക്കലാണ്. നാഥനിലുള്ള വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രഖ്യാപനമാണ്. വിവാഹ സന്ദേശം നൽകുന്ന വിവാഹ പ്രഭാഷണത്തിലും പ്രാധാന്യം നൽകേണ്ട കാര്യമാണ് പ്രാർഥന. നികാഹ് പൂർത്തിയാകുന്നതോടെ അതിന് സാക്ഷിയാകുന്നവരെല്ലാം നിർവഹിക്കേണ്ട ഏറെ മുഖ്യമായ കാര്യമാണ് നവ ദമ്പതികൾക്കായുള്ള ദുആ.

بارك الله لكما وبارك عليكما وجمع بينكمافى خير
‘അല്ലാഹു നിങ്ങൾക്ക് വർധനവ് നൽകുകയും നിങ്ങൾക്ക് അനുഗ്രഹം വർഷിക്കുകയും നിങ്ങൾ ഇരുവരെയും നന്മയിൽ യോജിപ്പിക്കുകയും ചെയ്യട്ടെ ‘

ഒരാണും ഒരു പെണ്ണും ഇണകളായി ചേരുമ്പോഴാണ് കുടുംബം ജനിക്കുന്നത്. സമൂഹത്തിന്റെ ചെറിയ യൂണിറ്റാണ് കുടുംബം. കുടുംബം എന്ന സ്ഥാപനത്തെ എല്ലാ മതങ്ങളും വേദങ്ങളും പ്രോത്സാഹിപ്പിക്കുന്നു.
ഇസ്‌ലാമിലും വളരെ പ്രധാനമായ ഒരു ഘടകമാണത്. വിശുദ്ധ ഖുർആൻ ധാരാളമായി കുടുംബത്തെ പരാമർശിച്ചിട്ടുണ്ട്. എത്രത്തോളമെന്നാൽ, ആദിമ മനുഷ്യരെത്തന്നെ അല്ലാഹു കുടുംബമായി രൂപപ്പെടുത്തുകയായിരുന്നു. അതാണ് മാനവസമൂഹത്തിന് മാതൃക. ഇസ്‌ലാം അനുശാസിക്കും വിധം വിവാഹ ബന്ധത്തിലൂടെ ഇണകളായി ജീവിക്കാൻ ആരംഭിക്കുമ്പോഴാണ് ഇസ്‌ലാമിക കുടുംബം സാധ്യമാകുന്നത്.

കുടുംബം പ്രഫുല്ലമാകുന്നത് സന്താനങ്ങൾ ജനിക്കുന്നതിലൂടെയാണ്. മക്കളുണ്ടാവാൻ ആഗ്രഹിക്കുന്നവരായിരിക്കണം ദമ്പതികൾ. രണ്ട് പേർക്കും ഉറച്ച തീരുമാനങ്ങൾ വേണം. ‘നന്നായി സ്നേഹിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീയെ വിവാഹം ചെയ്യുക. നിങ്ങളുടെ എണ്ണപ്പെരുപ്പം മൂലം ഇതര സമുദായങ്ങളെക്കാൾ അന്ത്യനാളിൽ എനിക്ക് അഭിമാനത്തിന് വക ലഭിക്കുന്നതാണ് ‘ എന്ന് നബി (സ) പറഞ്ഞത് പ്രസവത്തിന്റെ വിശാല ലക്ഷ്യത്തിലേക്ക് വിരൾ ചൂണ്ടുന്നതാണ്. മക്കളെ കുറിച്ച കാഴ്ച്ചപ്പാട് ഇണകൾക്ക് എത്രമാത്രം ഉണ്ടെന്ന കാര്യം വിവാഹത്തിന് മുമ്പു തന്നെ ഉറപ്പുവരുത്തേണ്ട സാഹചര്യമായോ എന്ന് തോന്നുന്നു. മക്കളെ സുഖജീവിതത്തിന് തടസ്സമായി കാണുന്ന നിലപാടുകാർ വർധിച്ചു വരുന്ന ഈ കാലത്ത് വിശേഷിച്ചും.

എല്ലാം നൽകുന്നവനായ പടച്ചവനോട് തന്നെയാണ് മക്കളെയും ചോദിക്കേണ്ടത്. സന്താന സൗഭാഗ്യത്തിനായി നടത്തേണ്ട പ്രാർഥനകൾ ഖുർആനിൽ കാണാം.

رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ(ال عمران:38)
‘നാഥാ, നിന്റെ വകയായി എനിക്ക് നീ നല്ല സന്താനങ്ങളെ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ പ്രാർഥന കേൾക്കുന്നവനല്ലോ.’

رَبِّ هَبْ لِي مِنَ الصَّالِحِينَ(الصافات:100)
‘നാഥാ, എനിക്ക് നീ സജ്ജനങ്ങളിൽ പെട്ട സന്താനങ്ങളെ ദാനമായി നൽകേണമേ.’

ഇണകൾ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പു നടത്തേണ്ട പ്രാർഥന പ്രവാചക പാഠങ്ങളിലുണ്ട്.

بِسْمِ اللَّهِ ، اللَّهُمَّ جَنِّبْنَا الشَّيْطَانَ ، وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا
‘അല്ലാഹുവിന്റെ നാമത്തിൽ …. അല്ലാഹുവേ, ഞങ്ങളിൽ നിന്ന് പിശാചിനെ അകറ്റേണമേ. ഞങ്ങൾക്ക് നീ നൽകിയ സന്താനങ്ങളിൽ നിന്നും പിശാചിനെ അകറ്റേണമേ.’

പ്രാർഥനയുടെ ഫലമായി ലഭിക്കുന്ന അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാകുന്നു മക്കൾ. സന്താനങ്ങളിലൂടെ കുടുംബം സജീവമാകുന്നു. പ്രാർഥിച്ചു നേടിയ ഇണകളെയും മക്കളെയും കുറിച്ച് നാം അശ്രദ്ധരായിക്കൂടാ. വിവാഹത്തിന് മുമ്പേ ജാഗ്രതയും പ്രാർഥനയും തുടങ്ങണം. നാട്ടിൽ നടക്കാറുള്ള വിവാഹങ്ങൾക്ക് പല പരിഗണനകളും ഉണ്ടാവാറുണ്ട്. സമ്പത്തും സൗന്ദര്യവും കുല മഹിമയും മതബോധവും പരിഗണനാ വിഷയങ്ങളിൽ പെട്ടതാണെന്ന് പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട്. ഒരു പിതാവിന് മക്കളോടുള്ള ബാധ്യത എന്തെന്ന് ചോദിച്ച കുട്ടിയോട് ഉമർ(റ) ഉമ്മയെ തെരഞ്ഞെടുക്കുന്നത് നന്നാവണം എന്നാണ് പറഞ്ഞത്. അധർമികൾക്ക് പെൺ മക്കളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് നബി ഉണർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം ദീനാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലാണ് വിജയം. ദീനുൽ ഇസ്‌ലാം തന്നെ ജീവിതത്തിന്റെ പ്രചോദക ശക്തിയായി മാറണം. വിവാഹം രക്ഷിതാക്കളുടെ നിയന്ത്രണങ്ങളിൽ നിന്നുള്ള രക്ഷപ്പെടലായി കാണുന്ന സാധുക്കളുണ്ട്. പിന്നെ ഞങ്ങൾ സർവതന്ത്ര സ്വതന്ത്രരായെന്നാണ് അവർ കരുതുന്നത്. എന്നും എപ്പോഴും എവിടെയും റബ്ബിന്റെ നിയമങ്ങൾക്ക് വിധേയമായി ജീവിക്കണമെന്ന അറിവാണ് യഥാർഥത്തിൽ യുവതയിൽ വേരുറക്കേണ്ടത്.

ഇണയോടുള്ള സ്നേഹമെന്നത് അവരെ തോന്നിയതു പോലെ ജീവിക്കാൻ അനുവദിക്കലും അതിനാവശ്യമായ എല്ലാം ഒരുക്കിക്കൊടുക്കലുമാണെന്ന ധാരണ ഇസ്‌ലാമികമല്ല. സത്യാസത്യ വിവേചനബോധത്തോടെ പരസ്പരം എല്ലാം പങ്കുവെക്കുന്നവരാകണം ദമ്പതികൾ. ജീവിതത്തിലെ ശരിതെറ്റുകളെ കുറിച്ച് കലവറയില്ലാതെ മനസ്സ് തുറക്കാനും താൽപര്യത്തോടെ തിരുത്താനും ദമ്പതികൾക്ക് സാധിക്കുന്നത് സുകൃതമാണ്. എന്റെ ശരീരം എന്റെ ജീവിതം എനിക്ക് തോന്നിയ പോലെയേ ഞാൻ ജീവിക്കൂ എന്ന ശാഠ്യമുള്ളവർ ദേഹേഛയെ ഇലാഹാക്കിയവരും നരകത്തിന്റെ താക്കോൽ ചുമക്കുന്നവരുമാണ്. എന്റെ ഖബറിൽ ഞാൻ മാത്രമല്ലേ ഉണ്ടാവൂ എന്ന് പറഞ്ഞ് ഉപദേശകരെ എത്ര എളുപ്പത്തിലാണ് ചിലർ വായടപ്പിച്ച് കളയുന്നത്. ഇണകൾ ആരാധനാ നിഷ്ഠയുള്ള, ഇസ്‌ലാമിക സംസ്കാരം മുറുകെ പിടിക്കുന്ന, പരസ്പരം അറിവ് പകരുന്ന, ഇസ്‌ലാമിക കർമമാർഗത്തിൽ ആവേശമുള്ള, പരസ്പരം പ്രചോദനമേകുന്ന ആളുകളാണെങ്കിൽ ദാമ്പത്യം എത്രമേൽ ആഹ്ലാദകരമായിരിക്കും.

റബ്ബിന്റെ അനുഗ്രഹമായി ലഭിച്ച ഗർഭസ്ഥശിശു ഭൂമിയിൽ പിറക്കുന്നതു മുതൽ റബ്ബിന് ഏറെ പ്രിയപ്പെട്ട , സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്ന, രക്ഷിതാക്കളെ സ്വർഗത്തിലേക്ക് കൈപ്പിടിക്കുന്ന വ്യക്തി ആയിട്ട് വളർത്താൻ ശ്രമിക്കും എന്ന നിശ്ചയമുണ്ടായിരിക്കണം. അത്തരം ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ഗർഭകാലം സന്തോഷകരമാകണം. തങ്ങളുടെ നിയന്ത്രണത്തിലല്ലാതിരുന്ന ഒരു അനുഗ്രഹമാണ് പടച്ചവൻ തന്നതെന്ന ബോധത്തോടെ പ്രാർഥനാ നിർഭരമാക്കണം ആ നാളുകൾ. പിറക്കാൻ പോകുന്ന കുഞ്ഞിൽ നിന്ന് പ്രതീക്ഷിക്കുന്നത് നാഥനോട് ചോദിച്ചുകൊണ്ടിരിക്കണം. ജനിച്ച കുഞ്ഞിന്റെ വലതു കാതിൽ ബാങ്കും ഇടത് കാതിൽ ഇഖാമത്തും ഹൃദയസ്പർശിയായി കേൾപ്പിക്കണം. ആ കുഞ്ഞു ഹൃദയത്തിലേക്ക് ആദർശ വാക്യങ്ങളും വിജയ മന്ത്രങ്ങളും ആദ്യമായി സന്നിവേശിപ്പിക്കുകയാണതിലൂടെ . കരളിന്റെ കഷണമായ മക്കൾക്ക് അർഥവത്തായ പേരു നൽകണം. ഓരോ രക്ഷിതാവിന്റെയും സ്വപ്നത്തിന് നൽകുന്നതാണല്ലോ മക്കൾക്കിടുന്ന പേരുകൾ.

മക്കൾക്ക് വിദ്യാഭ്യാസം നൽകലാണ് മറ്റൊരു പ്രധാന കാര്യം. رب زدنى علما ‘അറിവ് വർധിപ്പിച്ചു തരണേ നാഥാ ‘ എന്ന പ്രാർഥന ശീലിപ്പിക്കണം. വിശുദ്ധ വേദ പാഠങ്ങൾ കുഞ്ഞു ഹൃദയങ്ങളിൽ കോരി ഒഴിക്കണം. അറിവ് തേടി പുറപ്പെട്ടതു മുതൽ വീട്ടിൽ തിരിച്ചെത്തും വരെ പടച്ചവന്റെ മാർഗത്തിലാണെന്ന ബോധ്യവും നാഥന്റെ കരുതലും കാവലും എപ്പോഴും ഉണ്ടാകും എന്ന പ്രതീക്ഷയും പകരണം. അതിനാൽ തന്നെ അരുതായ്മകളിലേക്ക് കൈകാലുകൾ ചലിക്കാതിതിരിക്കാനും കണ്ണും കാതും പതിയാതിരിക്കാനുമുള്ള ജാഗ്രതയുള്ളവരാക്കണം.

അങ്ങിനെ മക്കളെ സംസ്കാര സമ്പന്നരാക്കുക. അതെക്കാൾ വലിയ സമ്മാനം മക്കൾക്ക് നൽകാനില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതിന് ഒന്നാമത് വേണ്ടത് അനുകൂലമായ ഗാർഹികാന്തരീക്ഷം ഒരുക്കുക എന്നതു തന്നെയാണ്. രക്ഷിതാക്കൾ റോൾ മോഡലുകളാവണം. മക്കളുടെ ഉറ്റ ചെങ്ങാതിമാരാവാൻ മാതാപിതാക്കൾക്ക് സാധിക്കണം. നന്മകളെല്ലാം ഇബാദത്താണെന്ന ധാരണയും പരലോകത്തേക്കുളള വമ്പിച്ച നിക്ഷേപങ്ങളാണെന്ന വിശ്വാസവും ഊട്ടി ഉറപ്പിക്കണം. നിർബന്ധ കാര്യങ്ങളെല്ലാം ഒഴിച്ചുകൂടാനാവാത്ത ശീലങ്ങളാക്കി പ്രാക്‌ടീസ് ചെയ്യിക്കണം. വിശിഷ്യാ ആരാധനകൾ. നമസ്കരിക്കാത്തതിന്റെ പേരിൽ പത്താം വയസ്സിൽ അടിക്കേണ്ടി വരരുത്. കുഞ്ഞുന്നാളിലേ പള്ളിയിലേക്ക് കൈപിടിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കില്ല. അനാവശ്യമായി കുഞ്ഞുങ്ങളോട് കണ്ണുരുട്ടാതിരിക്കാനുളള ബാധ്യത സമൂഹത്തിനുമുണ്ട്. ക്ഷീണിക്കുമ്പോൾ കളിപ്പിച്ചിട്ടാണേലും കുഞ്ഞുങ്ങളെ നോമ്പ് എടുപ്പിക്കാനും റസൂലിന്റെ(സ) മൊഴിയുണ്ട്. മക്കളുടെ ഹജ്ജ് – ഉംറകളുടെ പ്രതിഫലം എന്നും കൗതുകമുള്ള അന്വേഷണ വിഷയമായിരുന്നു. മക്കളുടെ എല്ലാ നന്മകളും മാതാപിതാക്കൾക്ക് മുതൽക്കൂട്ടാണെന്നതിൽ ആർക്കാണ് തർക്കം. ആ ഒരു ലാഭത്തെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരാകണം.

മക്കളുടെ തെറ്റായ വാക്കുകളെയും പ്രവർത്തികളെയും അപ്പപ്പോൾ തന്നെ തിരുത്തണം. മുതിർന്നവരെ ആദരിക്കാനും അശരണർക്ക് ആലംബമാകാനും അയൽക്കാർക്ക് ആശ്വാസമാകാനും അവർ പഠിക്കേണ്ടത് വീട്ടിൽ നിന്നാണ്.

ഇണകളുടെയും മക്കളുടെയും നന്മകൾ, പക്വമായ സമീപനങ്ങൾ, ആരാധനകളിലെ കൃത്യനിഷ്ഠ, വിദ്യാഭ്യാസത്തിലെ വിജയങ്ങൾ, ഇസ്‌ലാമിക സംസ്കാരം നിറഞ്ഞ ജീവിതം തുടങ്ങിയവയിലെല്ലാം മികവ് തെളിയിക്കുന്നത് ആത്മഹർഷം പകരുന്ന കാര്യമല്ലേ ? അതോടൊപ്പം മക്കൾ നമസ്കാരത്തിന് നേതൃത്വം നൽകുന്നവരും ജുമുഅ ഖുതുബ നിർവഹിക്കുന്നവരും നാട്ടിൽ സർവാംഗീകാരമുള്ളവരുമാണെങ്കിൽ ഉണ്ടാവുന്ന ആനന്ദത്തിൽ പകരം വരുന്ന കൺകുളിർമയുണ്ടോ ? ‘കണ്ണുകളുടെ കുളിരാണ് قرةأعين . അറബി ഭാഷയിൽ ജീവിതത്തിന് സന്തോഷവും ശുഭപ്രതീക്ഷയും നൽകുന്ന കാര്യങ്ങളെക്കുറിക്കുന്ന പ്രയോഗമാണിത്. ‘ (ഖുർആൻ ബോധനം)

കൺകുളിർമ നൽകുന്ന ഇണകളും മക്കളും അടക്കം ഞങ്ങളെയെല്ലാം ദൈവഭക്തന്മാരുടെ നേതാക്കളാക്കണേ എന്ന പ്രാർഥന നമ്മോടാവശ്യപ്പെടുന്ന കാര്യങ്ങൾ എന്തെല്ലാമാണ്? ദൈവത്തിന്റെ കൽപനകൾ ശിരസാ വഹിച്ച് ജീവിക്കുന്നവരാണല്ലോ ഭക്തന്മാർ. ശരിയായ ദൈവബോധം ലഭിച്ചവർക്ക് ധാരാളം തിരിച്ചറിവുകൾ ലഭിക്കുന്നു. അല്ലാഹുവിന്റെ ഖലീഫമാരായി നിയോഗിതരായവർ പ്രാതിനിധ്യം എന്ന ദൗത്യം നിർവഹിക്കേണ്ടവരാണ്. അടിസ്ഥാനപരമായി അല്ലാഹുവിലേക്ക് ജനങ്ങളെ ദഅവത്ത് ചെയ്യേണ്ടവരാണ്. സത്യത്തിന് സാക്ഷ്യം വഹിക്കേണ്ടവരാണ്. സമൂഹത്തിൽ നന്മ കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യേണ്ടവരാണ്. അല്ലാഹുവിന്റെ സഹായികളാകേണ്ടവരും ഇഖാമതുദ്ദീനിനായ് പരിശ്രമിക്കേണ്ടവരുമാണ്. സത്യ മാർഗത്തിൽ അധ്വാനവും സമയവും സമ്പത്തും നൽകേണ്ടവരാണ്. ഈ ബാധ്യത ആർക്കൊക്കെ ഉണ്ട്? ഉമ്മത്തിലെ സ്ത്രീയും പുരുഷനും ചെറിയവരും വലിയവരും ആത്മമിത്രങ്ങളായി ഒറ്റക്കെട്ടായ് നിർവഹിക്കണം എന്നാണ് ഖുർആനിക ഭാഷ്യം.

വിശ്വാസത്തോടൊപ്പം ഒഴിച്ചുകൂടാനാവാത്തതാണ് സൽക്കർമങ്ങൾ. സൽക്കർമങ്ങളില്ലാതെ വിശ്വാസമോ വിശ്വാസമില്ലാതെ സൽക്കർമങ്ങളോ സ്വീകാര്യമല്ല. ഈ പ്രവർത്തനമാർഗത്തിൽ ആരും തനിച്ചാവരുത്. ഇണകളെയും മക്കളെയും ജനസേവനത്തിന്റെയും ദീനീ സേവനത്തിന്റെയും കർമപഥത്തിൽ കൂടെ കൂട്ടണം. സംഘടിതമായി നിർവഹിക്കേണ്ടുന്ന കർത്തവ്യമാണത്. സംഘടനാ രൂപമില്ലാതെ ഉമ്മത്തിന് നിലനിൽക്കാൻ കഴിയില്ല. അങ്ങിനെ ഒരു ഇസ്‌ലാം ഇല്ലതന്നെ എന്ന് ഉമറുബ്നുൽ ഖത്താബ്. ഉമ്മത്തിന് മികച്ച നേതൃത്വമുണ്ടാകണം. ആ നേതൃത്വത്തിൽ എത്തിപ്പെടുന്നത് ഉൽകൃഷ്ടരും ഉത്തമരുമായ വ്യക്തിത്വങ്ങളായിരിക്കും. ആ പദവിയിൽ അവരോധിതമാകുന്നത് വലിയ അംഗീകാരമാണ്. ദൈവപ്രീതി നേടാൻ ഓരോരുത്തരും നിഷ്കളങ്കമായി ആഗ്രഹിക്കേണ്ട പദവിയാണ് നേതൃത്വം.

മക്കൾക്ക് സ്വഭാവവും സംസ്കാരവും പകർന്ന് നൽകിയ പോലെ, മക്കളെ ആരാധനകൾ പരിശീലിപ്പിച്ചപോലെ, ഭൗതിക സംവിധാനങ്ങളുടെ തലപ്പത്ത് എത്തിച്ചേരാൻ ട്രൈനിംഗ് നൽകുന്ന പോലെ ദീനീ പ്രവർത്തനത്തിന്റെ സംഘാടനത്തിനും പുരോഗതിക്കും നേതൃത്വം നൽകാൻ മതിയായ പരിശീലനം നൽകണം. ദീനീ അടിത്തറയിലുള്ള ബാല സംഘങ്ങളിലും വിദ്യാർഥി പ്രസ്ഥാനങ്ങളിലും മക്കൾ സജീവമാകണം. അതിനും മുമ്പ് പ്രസ്ഥാനമാർഗത്തിലെ മാതാപിതാക്കളുടെ രാപ്പകലില്ലാത്ത ഓട്ടവും പ്രയത്നവും ധനവ്യയവും എന്തിനു വേണ്ടിയായിരുന്നു എന്ന് മക്കൾ തിരിച്ചറിയണം. ഖുർആൻ ക്ലാസിലും പ്രാദേശിക യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും ജമാഅത്ത് നമസ്കാരങ്ങളിലും വിനോദ യാത്രകളിലും ഉണ്ടായേക്കാവുന്ന മക്കളുടെ ബഹളത്തെ വെറുക്കാതെ ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാവണം. മക്കളെ ധാർമിക സംരംഭങ്ങളിലേക്ക് അടുപ്പിക്കാതെയും വിദ്യാർഥി കാലത്ത് അവരെ സംഘടനാ ശരീരത്തിന്റെ ഭാഗമാകുന്നത് വിലക്കിയും അച്ചടക്കത്തിന്റെ വാൾ വീശിയവർ ഒടുക്കം ദീനിന്റെ മണ്ണിൽ നിന്നുതന്നെ മക്കൾ പിഴുതെറിയപ്പെട്ടെന്ന് ബോധ്യമാകുമ്പോൾ ‘അവര് വലുതാകുമ്പം ഉഷാറാകുമെന്ന് വിചാരിച്ചു ‘ എന്ന സങ്കട വിലാപം മുഴക്കുന്നവരെ എമ്പാടും കാണാനുണ്ട്.

നേതാക്കളാവാൻ പ്രാർഥിക്കുകയും നേതാക്കളായി മാതൃക കാണിക്കുകയും മക്കൾ ദീനീ മാർഗത്തിലെ നേതാക്കളായി കാണാൻ വഴികാണിക്കുകയും ചെയ്യണമെന്ന് അല്ലാഹു താൽപര്യപ്പെടുന്നു. واجعلنا للمتقين اماما. അധികാരവും സ്ഥാനമാനങ്ങളും മോഹിച്ച് ചെയ്യുന്നതല്ല. ഏറ്റവും മനോഹരമായി ഉത്തരവാദിത്തം നിർവഹിക്കാനുള്ള വഴിയാണത്. നേതൃത്വം പിടിച്ചടക്കുന്നതും ചോദിച്ച് വാങ്ങുന്നതും നല്ലതായിരിക്കില്ല. എന്നാൽ ആഗ്രഹിച്ചും പ്രാർഥിച്ചും കാര്യപ്രാപ്തി സമ്പാദിച്ചും യോഗ്യരായ് എല്ലായിടത്തും വിശ്വാസികളുണ്ടാവണം. നീതി നിഷേധിക്കപ്പെടുന്നേടത്ത് നീതിയുടെ കാവലാളായി എഴുന്നേറ്റു നിൽക്കണം.

വീട്ടിലും കുടുംബത്തിലും നന്മനിറഞ്ഞ നേതാവാകുക. അതിൽ വിജയിച്ചാൽ നാട്ടിലും സമുദായത്തിലും നല്ല നേതാവാകാൻ യോഗ്യതയായി.
നേതൃത്വം ജനങ്ങളോടല്ല നാഥനോടാണ് ചോദിക്കേണ്ടത്. ഇബ്റാഹീം നബി(അ) പരീക്ഷണ പർവങ്ങളെല്ലാം താണ്ടിക്കടന്നപ്പോൾ ജന നായകനാക്കുമെന്ന് നാഥന്റെ പ്രഖ്യാപനം വന്നു.

وَإِذِ ٱبْتَلَىٰٓ إِبْرَٰهِۦمَ رَبُّهُۥ بِكَلِمَٰتٍۢ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّٰلِمِينَ (البقر:124)
അപ്പോഴാണ് മക്കളും തന്റെ പിന്തുടർച്ചയിൽ ജനനായകരാവണമെന്ന് ഇബ്റാഹീം നബി ആഗ്രഹിച്ചതും നാഥനോട് അഭ്യർഥിച്ചതും. ആ അപേക്ഷ അല്ലാഹു തള്ളിക്കളയുകയോ അഭ്യർഥന തെറ്റാണെന്ന് പറയുകയോ ചെയ്തിട്ടില്ല. മറിച്ച് പ്രാർഥന സഫലമാക്കി ഇസ്മാഈലിനെയും ഇസ്ഹാഖിനെയും അവ്വിധം നൽകുകയായിരുന്നു. ഇബ്റാഹീമിനും ഹാജറിനും സാറക്കും അവ്വിധം മക്കളെ വളർത്താൻ സാധിച്ചു എന്നത് കൂടിയാണ് ബോധ്യമാകുന്നത്. എന്നാൽ, ദൈവമാർഗത്തിൽ നിന്ന് വ്യതിചലിച്ച അക്രമികളെ നാഥൻ പരിഗണിക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles