Current Date

Search
Close this search box.
Search
Close this search box.

സമത്വത്തിന്റെ പാഠങ്ങള്‍

‘സ്വാതന്ത്ര്യത്തിന്റെ ആത്മാവാണ് സമത്വം. യഥാര്‍ഥത്തില്‍
സമത്വമില്ലാതെ സ്വാതന്ത്ര്യമില്ല’ -ഫ്രാന്‍സിസ് റൈറ്റ്

സമത്വത്തിന്റെ വഴിത്താരയില്‍ സാമൂഹികജീവിതം ആവിഷ്‌കൃതമാവുമ്പോഴാണ് മാനവികത ഹൃദയസ്പൃക്കാവുന്നത്. മുഴുവന്‍ മനുഷ്യരും മനുഷ്യരെന്ന പ്രതലത്തില്‍ തുല്ല്യരാണെന്ന ബോധമാണ് സമത്വം. ആരും ആരെക്കാളും കുലീനരോ, താഴ്ന്നവരോ അല്ല. ഓരോ മനുഷ്യനിലും മണ്ണിന്റെ ലവണങ്ങളുണ്ട്; ജലത്തിന്റെ അംശങ്ങളുണ്ട്; അഗ്നിയുടെ സ്ഫുലിംഗങ്ങളുണ്ട്; വികാരങ്ങളും വിചാരങ്ങളും ധര്‍മാധര്‍മബോധങ്ങളുമുണ്ട്. ചുരുക്കത്തില്‍, മഴവില്‍ സൗന്ദര്യത്തിലെ വ്യത്യസ്ത വര്‍ണരാജികളാണ് ഓരോ മനുഷ്യനും.

സമത്വത്തിന്റെ വിത്തുകള്‍ നാമ്പിടുന്നത് മനുഷ്യനെ സംബന്ധിച്ച ഉദാത്തവും മാനവികവുമായ കാഴ്ചപ്പാടില്‍ നിന്നാണ്. പ്രപഞ്ചത്തിലെ വിശിഷ്ടമായ സര്‍ഗരചനയാണ് മനുഷ്യന്‍. സ്വത്വവും ആത്മാവും പ്രജ്ഞയുമുണ്ടവന്. ദൈവത്താല്‍ ആദരിക്കപ്പെട്ടവനും വിജ്ഞാനത്താല്‍ അനുഗ്രഹിക്കപ്പെട്ട വന്‍. അക്കാരണത്താലൊക്കെയാവണം, എല്ലാ കാര്യങ്ങളുടെയും മാനദണ്ഡം മനുഷ്യനാണെന്ന് പ്രോട്ടഗോറസും മാനവരാശിയുടെ വേര് മനുഷ്യനാണെന്ന് കാറല്‍ മാര്‍ക്‌സും പറഞ്ഞത്.

അതേസമയം, വിഭിന്നമായ പ്രതിഭകള്‍കൊണ്ട് അനുഗൃഹീതനാണ് മനുഷ്യന്‍. ഒരു കഴിവുമില്ലാതെ ശൂന്യമായ കൈകളോടെ ഒരാളും പിറക്കുന്നില്ല. ഒന്നില്ലെങ്കില്‍ മറ്റൊരു സിദ്ധി അവനിലുണ്ട്. തന്റെ കഴിവ് കണ്ടെത്തി അതിനെ പൂര്‍ണതയിലേക്ക് വഴിനടത്തല്‍ മനുഷ്യന്റെ ബാധ്യതയാണ്. അപ്പോള്‍പോലും, പ്രതിഭാവിലാസത്തിന്റെ പേരില്‍ വിവേചനമരുത്. ഇന്ന കഴിവ് ഉന്നതം, ഇന്ന കഴിവ് നീചത്വം എന്ന വേര്‍ത്തിരിവ് പാടില്ല. തൂപ്പുകാരനും കലാകാരനും അവരുടേതായ പദവികള്‍ സമൂഹത്തിലുണ്ട്. മത്സ്യവ്യാപാരിക്കും സ്വര്‍ണവ്യപാരിക്കും അവരവരുടെ ഇടങ്ങളില്‍ സവിശേഷ പ്രസക്തിയുണ്ട്. ഓരോ മനുഷ്യനും തങ്ങള്‍ക്ക് ലഭിച്ച സാധ്യതകള്‍ സാമൂഹികക്ഷേമത്തിന് വിനിയോഗിക്കുമ്പോഴാണ് സമൂഹം ഊര്‍ജസ്വലമാവുന്നത്.

എന്നാല്‍, മനുഷ്യന്റെ ശ്രേഷ്ഠതയുടെയും അന്തിമവിജയത്തിന്റെയും അളവുകോല്‍ ധര്‍മബോധമാണ്. ഉത്കൃഷ്ട സ്വഭാവമുള്ള വ്യക്തിക്ക് സമൂഹത്തിലും ദൈവത്തിനരികിലും ഉന്നതമായ സ്ഥാനങ്ങളുണ്ട്. അത്യധികം സൂക്ഷമത കൈകൊള്ളുന്നവനാണ് ദൈവത്തിന്റെ സമീപം ഏറെയേറെ ആദരണീയനെന്ന് വിശുദ്ധവേദം പറഞ്ഞിട്ടുണ്ട്. നല്ല മനുഷ്യനായി മാറുകയെന്നതിലാണ് മത്സരം നടക്കേണ്ടത്. പക്ഷേ, ഈ മത്സരയിനത്തില്‍ ആളുകള്‍ കുറവാണ്. എന്നാല്‍, ജയസാധ്യതയോ കൂടുതലും. കുലമഹിമയുടെയും ഭൗതികതാല്‍പര്യങ്ങളുടെയും മത്സരങ്ങളിലാണ് അധികപേരുടെയും ശ്രദ്ധ. അവയിലാവട്ടെ വിജയസാധ്യത കുറവും. അത്തരം മത്സരങ്ങള്‍ ഉപേക്ഷിച്ച്, നിത്യമായ അനുഭൂതി നല്‍കുന്ന ധനാത്മകമായ മത്സരത്തിനാണ് ബുദ്ധിയുള്ളവര്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്.

സമത്വത്തിന് ഭംഗംവരുത്തുന്ന വികലമായ ചില ചിന്താധാരകളുണ്ട്. വംശീയതയാണ് അവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. തന്റെ വംശവും വര്‍ണവും ഭാഷയുമാണ് സത്യത്തിന്റെയും അസത്യത്തിന്റെയും മാനദണ്ഡമെന്ന വിഷലിപ്തമായ ധാരണയാണ് വംശീയത. ലോകം ഇത്രമേല്‍ നിറംകെടാനും ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കാനുമുള്ള പ്രധാനകാരണം വംശീയതയും അത് സൃഷ്ടിക്കുന്ന അസമത്വങ്ങളുമാണ്. ആഴത്തില്‍ ആലോചിച്ചാല്‍, വംശീയതക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് ഗ്രഹിക്കാം. വംശവും വര്‍ണവും ഭാഷയുമൊക്കെ ദൈവികദൃഷ്ടാന്തങ്ങാണ്. മനുഷ്യര്‍ പരസ്പരം തിരിച്ചറിയാന്‍വേണ്ടി ദൈവം നിശ്ചയിച്ച അടയാളങ്ങള്‍. അതിനപ്പുറം അവക്കൊന്നും സവിശേഷമായ പ്രസക്തിയില്ല.

സമത്വത്തിന്റെ ശ്രദ്ധേയമായ തത്വങ്ങളാണ് വിശുദ്ധവേദവും തിരുചര്യയും സമര്‍പ്പിക്കുന്നത്. മനുഷ്യര്‍ ഒറ്റ സമുദായമാണ്; ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് അവരുടെ സൃഷ്ടിപ്പ്; വര്‍ഗങ്ങളും ഗോത്രങ്ങളുമായി മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അവര്‍ പരസ്പരം തിരിച്ചറിയാന്‍വേണ്ടി മാത്രമാണ്……. ഇങ്ങനെ പോവുന്നു വിശുദ്ധവേദത്തിന്റെ സമത്വസംബന്ധിയായ ചിന്തകള്‍. ചീര്‍പ്പിന്‍ പല്ലുകള്‍പോലെ തുല്ല്യരാണ് മനുഷ്യര്‍; വംശീയതയിലേക്ക് ക്ഷണിക്കുന്നവനും അതിനുവേണ്ടി യുദ്ധം ചെയ്യുന്നവനും മരിക്കുന്നവനും പ്രവാചകപാതയിലല്ല; വര്‍ണത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിസംബോധനംപോലും അധാര്‍മികമാണ്……. ഇങ്ങനെ പോവുന്നു തിരുചര്യയുടെ സമത്വസംബന്ധിയായ ചിന്തകള്‍.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles