Current Date

Search
Close this search box.
Search
Close this search box.

സംതുലിത ജീവിതമാണ് ഉത്തമം

‘എല്ലാം താളപൊരുത്തത്തില്‍ നിര്‍വഹിക്കല്‍ അത്യധികം ഉത്തമമത്രെ’
-വിക്തേര്‍ ഹ്യൂഗോ

സമചിത്തതയുടെ വീക്ഷണം ഉറപ്പുവരുത്തുമ്പോഴാണ് ജീവിതം മനോഹരമാവുന്നത്. പൊതുവെ, മനുഷ്യര്‍ രണ്ടില്‍ ഒരറ്റത്ത് നിലകൊള്ളുന്നവരായിരിക്കും. ഒന്നുകില്‍, തീവ്രതയുടെ ഒരറ്റം. അല്ലെങ്കില്‍, ഉദാരതയുടെ മറ്റൊരറ്റം. അപൂര്‍വം ചിലരേ തീവ്രതക്കും ഉദാരതക്കും മധ്യേ നിലകൊള്ളുന്നുള്ളൂ. മധ്യമ നിലപാടാണ് ഉത്തമം. മധ്യമ നിലപാടിന്റെ മറ്റൊരു നാമമാണ് മിതത്വം. രണ്ടറ്റങ്ങള്‍ക്കിടയിലുള്ള പാതയാണത്. ജീവിതത്തിന് താളവും ഈണവും ശ്രുതിയും ഉറപ്പാവുന്നത് മധ്യമ മാര്‍ഗത്തില്‍ നിലകൊള്ളുമ്പോഴാണ്.

സുഖവും ദുഖവും ജീവിതത്തിലെ രണ്ട് യാഥാര്‍ഥ്യങ്ങളാണ്. ഓരോ മനുഷ്യനും അവ അനുഭവിച്ചിട്ടുണ്ടാവും. ഒരിക്കലെങ്കിലും സന്തോഷിക്കാത്ത മനുഷ്യനുണ്ടാവില്ല. അതുപോലെ ദുഖിക്കാത്ത മനുഷ്യനുമുണ്ടാവില്ല. എന്നാല്‍, എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നത് സുഖം മാത്രമാണ്. അതിന് കുറ്റം പറയാനാവില്ല. കാരണം, സുഖം വരിക്കുകയെന്നത് മനുഷ്യപ്രകൃതത്തിന്റെ ഭാഗമാണ്. എങ്കിലും, സുഖത്തിന്റെയും ദുഖത്തിന്റെയും കാര്യത്തില്‍ മധ്യമ നിലപാടാണ് കരണീയം. സുഖദുഖ സമ്മിശ്രമാണ് ജീവിതമെന്ന തിരിച്ചറിവാണ് ആദ്യം വളര്‍ത്തേണ്ടത്. സുഖമുണ്ടാവുമ്പോള്‍, അമിതമായി സന്തോഷിക്കരുത്. ദുഖമുണ്ടാവുമ്പോള്‍, അമിതമായി വേദനിക്കുകയും അരുത്. സുഖദുഖങ്ങളെ സമചിത്തതയോടെ മാത്രം സമീപിക്കുക.

ഓരോ പ്രശ്‌നത്തെയും സമഭാവനയോടെ നോക്കിയാല്‍ ജീവിതം സുന്ദരമാവും. അമിതമായ നിരാശ പാടില്ല; അമിതമായ പ്രത്യാശയും പാടില്ല. അവ രണ്ടിനും മധ്യേ എല്ലാം ശരിയാവുമെന്ന മനോഭാവം മാത്രം മതി. ഒന്നും കഴിക്കാതെ പട്ടിണി കിടന്നുകൊണ്ടുള്ള ജീവിതം ശരിയല്ല; മൂക്കറ്റം ഭുജിച്ച് ആലസ്യത്തില്‍ മുഴുകുന്ന ജീവിതവും ശരിയല്ല. ആവശ്യത്തിനുമാത്രം ഭക്ഷിക്കുന്ന ശീലമാണ് ഉത്തമം. അമിതമായ ഉറക്കം പാടില്ല; അമിതമായ അധ്വാനം പാടില്ല. ആവശ്യത്തിനു മാത്രം ഉറക്കം; ആവശ്യത്തിനുമാത്രം അധ്വാനവും. ബ്രഹ്മചര്യക്കും അരാജകത്വത്തിനും മധ്യേയുള്ള മാര്‍ഗമാണ് വിവാഹം. വരണ്ടവും വിരസവുമായ വീക്ഷണമാണ് ബ്രഹ്മചര്യ. അരാജകത്ത്വമാവട്ടെ അലസവും ഉന്മാദവുമായ വീക്ഷണവും. എന്നാല്‍, വിവാഹമാവട്ടെ സര്‍ഗാത്മകവും പ്രത്യുല്‍പന്നപരവുമായ സമീപനമാണ്.

ഉയര്‍ന്ന മനോഭാവം കൈവരിക്കാനും അഗാധമായ സമചിത്തത നിലനിര്‍ത്താനും ലാവോത്സു ഉപദേശിക്കുന്നുണ്ട്. ഏതവസ്ഥയിലും സ്വത്വത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തരുത്. കോപത്തെ നിയന്ത്രിക്കാനാണ് മതത്തിന്റെ സാരോപദേശം. എന്നാല്‍, ആവശ്യം വരുമ്പോള്‍ കോപിക്കുകയും വേണം. എന്നാല്‍, ക്ഷിപ്രകോപം അപകടകരമാണ്. അത് മുഴുവന്‍ നന്മകളുടെയും അന്തകനാണ്. കോപം വരുമ്പോള്‍, അംഗസ്‌നാനം ചെയ്യണമെന്ന് തിരുചര്യ പഠിപ്പിച്ചിട്ടുണ്ട്. കോപത്തെ നിയന്ത്രിച്ച് സ്വരതാളം വീണ്ടെടുക്കാനുള്ള മനശാസ്ത്ര സമീപനമാണ് അംഗസ്‌നാനം.

പ്രകൃതിയുടെ സവിശേഷതയാണ് സംതുലനം. ദൈവം ഓരോന്നിനെയും സംതുലിതമായാണ് സംവിധാനിച്ചിരിക്കുന്നത്. ഒന്നും കൂടുതലുമില്ല, കുറവുമില്ല. എല്ലാം ആവശ്യത്തിനു മാത്രം. സംതുലനത്തിന്റെ പ്രതീകമായി വിശുദ്ധവേദം പരിചയപ്പെടുത്തുന്നത് ത്രാസിനെയാണ്. ഏറ്റക്കുറച്ചില്‍ വരാത്തവിധം അളവ് കൃത്യപ്പെടുത്താനുള്ള ഉപകരണമാണല്ലോ ത്രാസ്. ദൈവത്തിന്റെ പ്രകൃതിയില്‍ എല്ലാറ്റിന്റെയും അളവ് കൃത്യമാണ്. മഴയും വെയിലും ചൂടും തണുപ്പും വസന്തവും ശിശിരവും എല്ലാം പ്രകൃതിയെ മനോഹരിയാക്കുന്നു. അതുപോലെ, മനുഷ്യനും താളൈക്യത്തോടെ കാര്യങ്ങളെ സമീപിച്ച് ജീവിതത്തെ മനോഹരമാക്കണം.

വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും അടിപ്പാവാണ് സംതുലനം. ദൈവിക സന്ദേശങ്ങള്‍ പിന്തുടര്‍ന്ന് മാതൃകാ ജീവിതം നയിക്കുന്ന വിഭാഗത്തെ മധ്യമ സമൂഹമെന്നാണ് വിശുദ്ധവേദം പേരിട്ടിരിക്കുന്നത്. വല്ലതും കഴിക്കുമ്പോള്‍, വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മറ്റൊരു ഭാഗം വെള്ളത്തിനും അവശേഷിക്കുന്ന ഭാഗം വായുസഞ്ചാരത്തിനും നീക്കിവെക്കണമെന്ന് തിരുചര്യ പഠിപ്പിക്കുന്നു. കാരുണ്യവാനായ ദൈവത്തിന്റെ അടിമകളുടെ സ്വഭാവങ്ങളെ വിശുദ്ധവേദത്തിലെ ഫുര്‍ഖാന്‍ അധ്യായം പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ പല സ്വഭാവങ്ങളില്‍ ഒരു സ്വഭാവം ഇതത്രേ: ചെലവഴിക്കുന്നതിന്റെ കാര്യത്തില്‍ ധൂര്‍ത്ത് കാണിക്കില്ല. അതുപോലെ, പിശുക്കും കാണിക്കില്ല. അവ രണ്ടിനും മധ്യേ ആവശ്യത്തിനു മാത്രം ചെലവഴിക്കുന്നവരാണ് കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ടപ്രിയര്‍.

Related Articles