Current Date

Search
Close this search box.
Search
Close this search box.

ശഹീദ് വാരിയംകുന്നത്തിനെ പാരായണ വഴിയിൽ കണ്ടുമുട്ടിയപ്പോൾ

മനസ്സിൽ തീക്ഷണമായൊരു കലാപമായി ഇരമ്പിമറിയുക കാലബോധവും കൂടി സവിശേഷമായി അതിനകത്ത് ത്വരകമാകുമ്പോഴാണ്. അപ്പോൾ അക്ഷരങ്ങൾ ബോധ്യങ്ങളായും ബോധ്യങ്ങൾ അനുഭവങ്ങളായും അനുഭവങ്ങൾ വിസ്മയങ്ങളായും കാലത്തിൻ്റെ പടികൾ കയറും. ഇസ്ലാമിക്ക് പബ്ലിഷിങ്ങ് ഹൗസിൻ്റെ ഏറ്റവും പുതിയ പുസ്തകം” ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ” വായിച്ചു തീർത്തത് ഇന്ന് സ്വാതന്ത്ര്യദിനത്തിൻ്റെ ഉത്രാടത്തിലാണ്. വായന തുടങ്ങിയതോർമയുണ്ട്. ക്ഷിപ്രത്തിൽ ഒരു ഉദ്വേഗമായി അത് പരിണാമഗുപ്തിയായി. സിരാപടലങ്ങളിൽ ഒരാലക്തിക ചൈതന്യമായി തുടികൊട്ടിത്തുടങ്ങി. അപ്പോൾ അറിയാതെ സ്മൃതിയെ പുണർന്നത് എൻ .വി കൃഷ്ണവാര്യരുടെ ഒരു കവിത. റേഷൻ കടയിലെ സൗജന്യ ധാന്യത്തിന് ദൈന്യതയോടെ വരിനിൽക്കുന്ന ഗാന്ധിജിയെ നോക്കി പരിവാര സമേതം കൊടി കെട്ടിയ സർക്കാർ വാഹനത്തിൽ സകല ഗർവോടെയും പുളച്ചു പോകുന്ന ഗോദ്സേ. കവികൾ പ്രവാചൻമാർ കൂടിയാണെന്ന് പറയുന്നത് വെറുതേയല്ല. ഒരു കാൽപനിക വിഷാദത്തിൽ നിന്ന് പൊള്ളുന്ന വർത്തമാനത്തിലേക്ക് പടരാൻ ഇക്കവിതക്ക് ക്ഷണത്തിൽ സാധ്യമാക്കുമെന്ന് അന്ന് എൻ.വി ധരിച്ചു കാണില്ല.

തൻ്റെ നാൽപത്തി ഏഴാം വയസ്സിൽ അസതമിച്ചു പോയൊരു പുഷ്കല ജീവിതം. അക്കാലമത്രയും അധിനിവേശ കൊള്ളക്കെതിരെ യുള്ള ദേശീയ പ്രവർത്തനത്തിൽ മാത്രം ആപാദം മുഴുകി നിൽക്കുക; അതും തലമുറകളായി. അവസാനം ഏത് ധീരനും വിധിച്ച വീര മരണവും.

Also read: സ്വാതന്ത്ര്യം തന്നെ ജീവിതം

എന്നാണോ നമ്മുടെ പ്രശാന്തമായിരുന്ന ഹരിതപുളിനങ്ങളിലേക്ക് അധിനിവേശത്തിൻ്റെ വേതാള ഭീകരത തുടിച്ചെത്തിയത് അന്ന് തന്നെ ഇതിനെതിരേയുള്ള വിമോചന സ്വാതന്ത്ര്യ പ്രസ്ഥാനവും ഇവിടെ സമാരംഭിച്ചിട്ടുണ്ട്. മഖ്ദൂമിലൂടെ, മരക്കാർമാരിലൂടെ, വാരിയംകുന്നൻമാരിലൂടെ. അതിൻ്റെ നിർവഹണത്തിൽ ഒരു സമൂഹം ഏറ്റുവാങ്ങിയ മഹാ സഹനം. അപ്പോഴും അവർ ഉയർത്തി നിർത്തിയ ആത്മബോധം.

കുഞ്ഞഹമ്മദിൻ്റെ പിതാവ് മൊയ്തീൻ കുട്ടി ഹാജിയും അധിനിവേശക്കാരായ ബ്രിട്ടീഷ് വേതാളത്തോട് പോർമുഖം തുറന്ന ഒരാൾ. അദ്ദേഹത്തെ ഇവർ നാട് കടത്തിയത് ജർവകൾ മേയുന്ന അന്തമാനിലെ വിദൂര വനപർവങ്ങളിലേക്ക്. അവിടെ തന്നെ ധീര മരണവും. പക്ഷേ അന്തമാനിൽ നിന്ന് ഒരു മാപ്പപേക്ഷയും മൊയ്തീൻ ഹാജിയുടേതായി വൻ കരയിലേക്ക് ഉരുപ്പടിയായെത്തിയില്ല. ഏറ്റെടുത്ത നിയോഗത്തിൽ മാപ്പിളപ്പോരാളികൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അതിൻ്റെ പരിണാമത്തിലും . പിന്നെയെങ്ങനെ മകൻ കുഞ്ഞഹമ്മദ് കങ്കാണിക്കോയ്മകളോട് രാജിയാവും.
തൻ്റെ വിസ്തൃതമായ പിതൃസ്വത്തുക്കളും മലവാരങ്ങളും വ്യാപാര സ്മൃദ്ധികളും ആ യുവാവ് സ്വാതന്ത്ര്യത്തിൻ്റെ അരുണിമക്കായി ഉണർവോടെ സമർപ്പിച്ചു. അങ്ങനെ ഒരർദ്ധവർഷം ഏറനാട് സ്വാതന്ത്ര്യത്തിലേക്ക് ഉണർന്ന് നിന്നു. അന്ന് ദേശത്തെ പ്രജകൾ ആത്മവിശ്വാസം പൊലിക്കുന്ന പൗരന്മാരായി പുനർജനി നേടി. അപ്പോൾ പല കങ്കാണി നികുതികളും വാരിയംകുന്നൻ തൻ്റെ ദേത്ത് റദ്ദാക്കി. നീതി പൂത്ത ഏറനാട് അന്ന് വാരിയം കുന്നത്തിൻ്റെ മലയാള രാജ്യമായി. കുഞ്ഞഹമ്മദ് അവരുടെ നീതിമാനായ സുൽത്താനും.

Also read: ആഗസ്റ്റ് 15, വിഭജനത്തിൻെറ വേദനകളും രോദനങ്ങളും പങ്ക് വെക്കുന്ന ദിനം കൂടിയാണ്

പക്ഷേ ഒറ്റുകാരുടെ കുൽസിതങ്ങൾ തിരിച്ചറിയാൻ നിഷ്കളങ്കനായ ഹാജിക്ക് ഒരു നിമിഷമായില്ല. ഇവിടെ ഉണ്യാലി മുസ്ല്യാരുടെ വേഷപ്പകർച്ചയിലാണ് മീർ ജാഫറെത്തിയത്.. അക്ഷോഭ്യനായിരുന്നത്രേ അന്ന് ഹാജി. അധിതിവേശമുട്ടാളന്മാരുടെ വലയത്തിൽ കോട്ടക്കുന്നിലെത്തിച്ച ഹാജിക്കെതിരേ ഇംഗ്ലീഷുകാർ ചുമത്തിയ കുറ്റപത്രം കേട്ടാൽ നാം ചിരിച്ചു പോകും. ഭരണ മട്ടിമറിക്കാൻ ഹാജി ശ്രമിച്ചത്രേ. ആരുടെ ഭരണം. ആരാണ് ദേശ ഭരണമിവരെ ഏൽപ്പിച്ചത്? ഇവരെങ്ങനെയിവിടെത്തെ ഭരണക്കാരരായി? കട്ടും കവർന്നും വെട്ടിയും കൊന്നുമല്ലാതെ . ഉത്തരവിറങ്ങിയത്രേ ഹാജിയെ തീർത്തുകളയാൻ. ആ വീര ജീവിതത്തിൻ്റെ ഇടനെഞ്ചിലേക്കവർ തുപ്പാക്കി തുറന്നിട്ടു. ഉണ്ടകൾ തീ തുപ്പിയപ്പോൾ ഹാജി പൊട്ടി ചിരിച്ചു. ഹാജിയുടെ മാളിക വീട് പൊളിച്ചു തകർത്തു. മലയാള രാജ്യത്തിലെ സർവ പ്രമാണങ്ങളും രേഖകളും ഹാജിയോടൊന്നിച്ചവർ ചുട്ട് വെണ്ണീറാക്കി. ഇവർക്ക് വേണ്ടത് ഇവരുടെ പ്രമാണക്കെട്ടുകളാണല്ലോ!!

തീർച്ചയായും ഈ പുസ്തകത്തിൻ്റെ സൂക്ഷ്മ പാരായണം ഇന്ന് ഒരു രാഷ്ട്രീയ ദൗത്യം തന്നെയാണ്. ഒറ്റുകാരായി ഉണ്യാലിമാർ തലപ്പാവ് ചുറ്റിയും തൊപ്പി ചാർത്തിയും ജുബ്ബയിലൊളിച്ചും പതുങ്ങിയെത്തുമ്പോൾ.

Related Articles