Current Date

Search
Close this search box.
Search
Close this search box.

റോബർട്ട് ക്രേനിനും ജൂത നിയമ പണ്ഡിതനും തിരിഞ്ഞത്

ഇസ്‌ലാമിനെ അതിന്റെ സാകല്യത്തിൽ ഉൾകൊള്ളാനും അതിന്റെ മാധുര്യമാസ്വദിക്കാനും കഴിയുന്നവർക്കേ അതിലെ മറ്റേതൊരു നിയമത്തെയും പോലെ അനന്തരാവകാശ നിയമത്തിന്റെയും നൈതികതയും യുക്തിഭദ്രതയും ബോധ്യമാവൂ. അല്ലാഹുവിന്റെ മുമ്പിൽ തലകുനിക്കാൻ തയ്യാറില്ലാത്തവർക്കും തന്റെ കേവല ബുദ്ധിക്കപ്പുറം മറ്റൊരു ശരിയില്ല എന്ന് ചിന്തിക്കുന്നവർക്കും അതിനുള്ള ഭാഗ്യമുണ്ടാവില്ല. അവർ സത്യത്തിൽനിന്ന് കുതറിച്ചാടാനും സത്യത്തെ അസത്യത്തിന്റെ മുടുപടമണിയിക്കാനും ശ്രമിക്കുമ്പോൾ, ആദ്യം പറഞ്ഞ വിഭാഗക്കാർ ഇസ്‌ലാമിക നിയമങ്ങളുടെ മേന്മ തിരിച്ചറിഞ്ഞ് അഭിമാനപൂർവം അത് പ്രാഘോഷണം ചെയ്യുന്നവരായിരിക്കും.

ഇവിടെയിതാ മൂന്ന് പേർ. അതിൽ രണ്ടുപേർ അമേരിക്കക്കാരായ ലോക പ്രശസ്തർ. ഇസ്‌ലാം വിരുദ്ധർക്കിടയിൽ ജീവിക്കുമ്പോഴും ഇസ്‌ലാമിന്റെ മാധുര്യമാസ്വദിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചവർ. മൂന്നാമൻ ഇങ്ങിവിടെ കേരളത്തിലെ ഒരു മുസ്‌ലിം നാമധാരി, മുറ്റത്തെ മുല്ലയുടെ വിലയറിയാതെപോയ വക്കീൽ.

അന്തരിച്ച അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ വിദേശ കാര്യ ഉപദേഷ്ടാവായിരുന്ന റോബർട്ട് ഡിക്സൺ ക്രേൻ ആണ് ഈ മൂന്നുപേരിൽ ഒന്നാമൻ. പൊതു നിയമത്തിൽ പിഎച്ച്ഡി ഉള്ളയാൾ. വർഷങ്ങളോളം യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. (ലോക നിയമ താരതമ്യ സംവിധാനങ്ങൾ, ആഗോള തന്ത്രം, വിവര മാനേജ്മെന്റ് എന്നിവയെക്കുറിച്ച് ഒരു ഡസനിലധികം പുസ്തകങ്ങളും 50 ലധികം പ്രൊഫഷണൽ ലേഖനങ്ങളും ക്രേൻ രചിച്ചിട്ടുണ്ട്.) ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും റോബർട്ട് ഫാറൂഖ് ഡിക്സൺ ക്രേൻ ആയി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇസ്‌ലാമിലേക്കുള്ള വരവ് ആകാംക്ഷാജനകമാണ്. ഇസ്‌ലാമിക ശരീഅത്തിനെതിരെ നേർക്കുനേരെ വളോങ്ങാൻ ധൈര്യമില്ലാത്തതിനാൽ ‘സമത്വത്തിലാണ് നീതി’ എന്ന മുദ്രാവാക്യം മുഴക്കി ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിലെ സ്ത്രീകളുടെ വിഹിതത്തെ ചോദ്യം ചെയ്യുന്ന ‘മുസ്‌ലിം ഫെമിനിസ്റ്റു’കൾക്കും പുരോഗമന നാട്യക്കാർക്കും മറ്റും ചിന്തിക്കാൻ ഏറെയുണ്ടതിൽ.

പ്രസിഡണ്ട് നിക്സൺ “ഇസ്‌ലാമിക മതമൗലികവാദത്തെക്കുറിച്ച്” പഠിക്കാനും ഗവേഷണ പഠനം തയ്യാറാക്കാനും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടു. അവസാനം പഠനപ്രബന്ധം വായിച്ച് പ്രസിഡണ്ടിന് വേണ്ടി സംഗ്രഹിക്കാൻ തന്റെ ഉപദേഷ്ടാവ് ക്രേനോടാണ് ആവശ്യപ്പെട്ടത്. അദ്ദേഹമത് വീണ്ടും വീണ്ടും വായിക്കുകയും കൂടുതലറിയാനായി ഇസ്‌ലാമിക് സെമിനാറുകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം ആ സത്യം തിരിച്ചറിഞ്ഞു. വർഷങ്ങളോളം ഹാർവാർഡ് സർവകലാശാലയിലും അമേരിക്കയിലെ ലോക പ്രശസ്ത കലാലയങ്ങളിലും പഠിച്ചിട്ട് പോലും അവരുടെ നിയമങ്ങളിൽ “നീതി” എന്ന വാക്ക് കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊന്നിന്റെ അന്വേഷണത്തിലായിരുന്നു അദ്ദേഹം. ഈ ആശയം പൂർണാർഥത്തിൽ അദ്ദേഹം ഇസ്‌ലാമിക നിയമങ്ങളിലാണ് കണ്ടെത്തിയത്. അതോടെ നീതിയുടെ എക്കാലത്തേയും പ്രതീകമായ ഉമറുൽ ഫാറൂഖി(റ)ലെ ഫാറൂഖിനെ സ്വന്തം നാമമായി സ്വീകരിച്ച് അദ്ദേഹം ഇസ്‌ലാമിന്റെ ശാദ്വല തീരത്തണിഞ്ഞു.

റോബർട്ട് ഫാറൂഖ് ക്രേൻ മുഖേന ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ട ജൂത നിയമ പ്രൊഫസറാണ് രണ്ടാമത്തെയാൾ. ഇദ്ദേഹവും അമേരിക്കക്കാരൻ തന്നെ. നിയമ രംഗത്തെ പ്രസിദ്ധരിൽ ഒരാൾ. ക്രേൻ ഈ പ്രൊഫസറുമായി അനന്തരാവകാശ സംബന്ധിയായ ചർച്ചയിലായിരുന്നു. അതിനിടയിൽ ഇസ്‌ലാമിലും മുസ്‌ലിംകളിലും സംസാരമുടക്കി. ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിൽ ദീക്ഷിക്കപ്പെട്ട നീതി ഒടുവിൽ ആ പ്രൊഫസറെ ഇസ്‌ലാമിലെത്തിച്ചു. അതേകുറിച്ച് ക്രേൻ തന്നെ പറയട്ടെ:

“ആ നിയമ പണ്ഡിതന്റെ മുമ്പിൽ തോറ്റുകൊടുക്കാൻ എന്റെ സംവാദ മനസ്സ് സമ്മതിച്ചില്ല. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: അമേരിക്കൻ ഭരണഘടനയിലെ അനന്തരാവകാശ നിയമത്തിന്റെ വലുപ്പം നിങ്ങൾക്കറിയാമോ? അദ്ദേഹം പറഞ്ഞു: എട്ടിലധികം വാല്യങ്ങൾ. ഞാൻ ചോദിച്ചു: പത്ത് വരികളിൽ കൂടാത്ത ഒരു അനന്തരാവകാശ നിയമവുമായി വന്നാൽ താങ്കൾ അതംഗീകരിക്കുമോ? അദ്ദേഹം: ഹേയ്, അങ്ങിനെയൊന്ന് സംഭവിക്കില്ല. വൈകാതെ ഞാനദ്ദേഹത്തിന് വിശുദ്ധ ഖുർആനിലെ അനന്തരാവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന വാക്യങ്ങൾ (4:7-12) അദ്ദേഹത്തിന് തിരിയുന്ന ഭാഷയിൽ കൊണ്ടുവന്നു കൊടുത്തു. ദിവസങ്ങൾക്ക്‌ ശേഷം അദ്ദേഹം എന്നോട് പറഞ്ഞു: “എല്ലാ രക്തബന്ധത്തിന്റെയും ഗാഢത പരിഗണിച്ച് ഇവ്വിധമുള്ള അനന്തരാവകാശ വിതരണത്തിന് നീതിയിലധിഷ്ഠിതമായ ഒരു വ്യവസ്ഥക്കേ സാധിക്കൂ.”
തുടർന്ന് ആ നിയമ വിശാരദൻ ഇസ്‌ലാമിന്റെ നീതിയുടെ പാതയിലേക്ക് കടന്നുവരുകയും ചെയ്തു.”

മൂന്നാമൻ നമ്മുടെ ശുക്കൂർ വക്കീലാണ്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമം സ്ത്രീ വിരുദ്ധമാണ് എന്ന മിഥ്യാധാരണക്കടിപ്പെട്ട, ഇസ്‌ലാമിക നിയമങ്ങളെ അപകർഷതയോടെ നോക്കിക്കാണുന്ന സാധു! പെൺമക്കൾ മാത്രമുള്ള തന്റെ സ്വത്തിന്റെ പകുതി സഹോദരങ്ങൾക്കും മറ്റും പോകുമോ എന്ന് ഭയന്ന, സ്വന്തം ഭാര്യയെ വീണ്ടും രജിസ്റ്റർ വിവാഹം ചെയ്തയാൾ! ഇങ്ങനെ ചെയ്യൂ, സ്ത്രീകളെ രക്ഷിക്കൂ എന്ന് മറ്റുള്ളവരെ ഉപദേശിക്കുന്ന ‘മഹാൻ’! മക്കളോടുള്ള അതിരറ്റ സ്നേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തേക്ക് പ്രകടിപ്പിക്കുമ്പോഴും ജീവിതകാലത്ത് തന്റെ സ്വത്ത് മുഴുവനായും തുല്യ രൂപത്തിൽ അവർക്ക് രെജിസ്റ്റർ ചെയ്തുകൊടുക്കാൻ -ഇസ്‌ലാമിക ശരീഅത്ത് അതിനെതിരല്ല- ഭയപ്പെടുന്നയാൾ! (അങ്ങനെ ചെയ്താൽ നാളെപ്പിറ്റേന്ന് അവർ തന്നെ ഉപേക്ഷിച്ചേക്കുമോ എന്നാണ് ടിയാന്റെ പേടി!)

അല്ലാഹുവിന്റെ ഹിദായത്ത് അങ്ങനെയാണ്. എല്ലാവർക്കും അത് ലഭിച്ചുകൊള്ളണമെന്നില്ല. ലഭിച്ചവർക്ക് തന്നെ അവസാനം വരെ അതിൽ തുടരാൻ കഴിഞ്ഞുകൊള്ളണമെന്നുമില്ല. ചിലർ വില്ലിൽനിന്ന് അമ്പ് തെറിച്ച് പോകുന്നത് പോലെ അതിൽനിന്ന് അകന്നുപോവും. തന്റെ തോന്നലുകളെ പരമപ്രധാനമായി ഗണിക്കുകയും, അതിലപ്പുറം ഒന്നും സ്വീകാര്യമല്ലെന്ന് തീരുമാനിക്കുകയും, സ്രഷ്ടാവിന്റെ നിയമങ്ങളേക്കാൾ ഭേദവും നീതിയുക്തവുമായിട്ടുള്ളത് സൃഷ്ടികളുണ്ടാക്കിയ നിയമമാണെന്ന് ധരിക്കുകയും ചെയ്യുന്നവർ പടച്ചവന്റെ സ്ഥാനത്ത് സ്വന്തം ഇച്ഛയെ പ്രതിഷ്ഠിക്കുന്നവരാണ്; എത്രയൊക്കെ മൊഞ്ചുള്ള വാക്കുകൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചാലും, എത്ര മനോഹരമായ വർണക്കടലാസുകളിൽ പൊതിഞ്ഞവതരിപ്പിച്ചാലും ശരി. ഹിദായത്ത് അത്തരക്കാരിൽനിന്നും അകലെയായിരിക്കും. അല്ലാഹു നാമേവരെയും ഹിദായത്തിലൂടെ വഴി നടത്തട്ടെ…

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles