Current Date

Search
Close this search box.
Search
Close this search box.

മൗലാന ഫാറൂഖ് ഖാൻ സാഹിബ് : വിശുദ്ധ ഖുർആന് വേണ്ടി സമർപ്പിച്ച ജീവിതം

ഖുർആൻഹിന്ദിപരിഭാഷകൻ,ഗ്രന്ഥകാരൻ , സാഹിത്യകാരൻ, പണ്ഡിതൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട വ്യക്തിത്വമായിരുന്നു മൗലാന ഫാറൂഖ് ഖാൻ സാഹിബ്.

“നജാത്ത് കാ തസവ്വുർ “എന്ന ഗ്രന്ഥരചനയിലായിരിക്കെയാണ് അദ്ദേഹം മരണമടയുന്നത് . ഗ്രന്ഥ രചന അതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. വ്യത്യസ്ത മതങ്ങൾ അവരവരുടെ വീക്ഷണത്തിൽ വിജയത്തിന്റെ മാർഗങ്ങൾ വിശദീകരിക്കുമ്പോൾ ഇസ്ലാം ഈ വിഷയത്തിൽ എന്ത് പറയുന്നു, അതിൻറെ വിജയവഴി എങ്ങനെ എന്ന് വിശദീകരിക്കുകയാണ് തസവ്വുറിൽ .
മുമ്പൊരിക്കൽ ഖാൻ സാഹിബ് തുടങ്ങി വെച്ചമറ്റൊരു രചന – “ഈ മാ എ ഖുർആൻ” – ഖുർആനിലെ ചില സൂചകങ്ങൾ എന്ന ഗ്രന്ഥത്തിന്റെ രചന വൈകാതെ തുടങ്ങാനുദ്ധേശിക്കുന്നതായി അദ്ദേഹം ഈയ്യിടെ അദ്ദേഹത്തെ സന്ദർശിച്ച ദഅവത്ത് വാരികയുടെ ലേഖകനോട് അഭിപ്രായം പങ്ക് വെച്ചിരുന്നു. യേശുക്രിസ്തുവിന്റെ അമാനുഷിക കഴിവുകളും ഖുർആനും എന്നതാണ് അതിലെ വിഷയം. അതിന്റെ കുറിപ്പുകൾനേരത്തെതയാറാക്കിവെച്ചിരുന്നതാണ്.

അസംഗഢിലെ ഒരു ഗ്രാമത്തിലെ മതപാഠശാലയിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക ദീനീ പഠിനം. കുറച്ച് വർഷങ്ങൾ അവിടെ പഠനത്തിന് ചെലവിട്ടു. ആ പ്രദേശത്ത് ജമാഅത്തെ ഇസ്ലാമിക്ക് നല്ല സ്വാധീനമായിരുന്നു. മൗലാന ഗാലിബ് അഹ്സൻ ഇസ്ലാഹിയെ പോലെയുള്ള നേതാക്കളുമായി ഇടപഴകാൻ അതിടയാക്കി. ജമാഅത്ത് സാഹിത്യങ്ങൾ വായിക്കാനും പഠിക്കാനും ഇതവസരമായി. മൗലാനാ മൗദൂദിയുടെ ഇസ്ലാം മതം എന്ന പുസ്തകമാണ് ആദ്യമായി വായിച്ചത്. അതിനുശേഷം ഖുതുബത്ത് വായിച്ചു. 1956 മുതൽ തന്നെ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിച്ചിരുന്നു . ആ സമയത്ത് ഖാൻ സാഹിബിന്റെ ലേഖനങ്ങൾ സിന്ദഗി മാഗസിനിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ഏതാണ്ട് ഇതേ സമയത്ത് തന്നെയാവണം മൗലാന അബുല്ലൈസ് ഇസ്ലാഹി സാഹിബ് കൗസർ യസ്ദിനിക്ക് എഴുതിയ ഒരു കത്തിൽ ഖുർആൻ ഹിന്ദി ഭാഷയിൽ പരിഭാഷപ്പെടുത്തുന്നതിനായി ഫാറൂഖ് ഖാൻ സാഹിബിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

ഒരുഘട്ടത്തിൽ ഡൽഹി ജുമാ മസ്ജിദിലും ജമാഅത്ത് കേന്ദ്രമായിരുന്ന ചിത്തലി ഖബറിലും നാലോ അഞ്ചോ ആവർത്തി ഖുർആൻ മുഴുവൻ ദർസ്നടത്തിയ ചരിത്രവും ഫാറൂഖ് ഖാൻ സാഹിബിനു സ്വന്തമായുണ്ട്. !

താങ്കളുടെ ഇഷ്ടവിഷയം എന്താണെന്ന് ചോദിച്ചപ്പോൾ ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഖുർആൻ പഠിക്കുക, അതിൽ ചിന്തിക്കുക എന്നായിരുന്നു. ഖുർആൻ സാധാരണക്കാരുടേതും പ്രത്യേകക്കാരുടെതും പണ്ഡിതന്മാരുടേതും എല്ലാവരുടേതുമാണ്. അത് അതിന്റെ പ്രത്യേകതയുമാണ് . ഒരാൾ ഖുർആനിൽ എത്ര ആഴത്തിൽ ചിന്തിക്കുന്നുവോ അത്ര ആഴത്തിലും പരപ്പിലും, എത്ര ഉയർന്നു ചിന്തിക്കുന്നുവോ അത്ര ഉയർന്ന നിലവാരത്തിലും, വളരെ സാധാരണമായി ആലോചിക്കുകയാണെങ്കിൽ ആ അളവിലും അയാൾക്ക് കാര്യങ്ങൾ മനസ്സിലാകും. ഫാറൂഖ് സാഹിബിന്റെ നിരീക്ഷനമായിരുന്നു ഇത്.

ഉറുദു ഭാഷയും അദ്ദേഹത്തിന് നന്നായി വഴങ്ങുമായിരുന്നു . അദ്ദേഹത്തിന്റെ ഉറുദു പ്രഭാഷണങ്ങൾ യൂറ്റ്യൂബിൽ ലഭ്യമാണ്.
എം എ പാസായിട്ടുള്ള ഖാൻ സാഹിബിന്ന് പണ്ഡിത പരിവേഷങ്ങളായ “ആലമിയ്യതും ഫദീലത്തുമില്ലെങ്കിലും” എനിക്ക് ആലമിയ്യത്തിന്റെയും ഫദീലത്തിന്റെയും പ്രാഥമിക ഡിഗ്രിയുണ്ടെന്ന് തമാശ രൂപേന അദ്ദേഹം പറയാറുണ്ടായിരുന്നു. അറബി പാഠശാലയിൽ പഠിച്ചിട്ടില്ലെങ്കിലും ആസംഗഡിൽ കോവൻന്ദയിലെ ഉലമാക്കളായിരുന്നു ഖാൻ സാഹിബിന്റെ വിജ്ഞാന സ്രോതസ്സ്. അതിൽ ഇസ്ലാഹിമാരും ദയൂബന്തികളും ഖാസിമികളുമുണ്ട് . ഗാലിബ് അഹ്സൻ ഇസ്ലാഹി, മുതീഉ റഹ്മാൻ ഇഖ്ബാൽ അഹ്മദ് ഖാസിമി എന്നിവർ പ്രത്യേക പരാമർശമർഹിക്കുന്നു. പ്രമുഖ ഖുആൻപണ്ഡിതൻ മൗലാന ഹമീദുദ്ദീൻ ഫറാഹിയെ, ഖാൻ സാഹിബ് കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യൻ മൗലാന അഖ്തർ അഹ്സൻ സാഹിബുമായി സഹവസിച്ചിട്ടുണ്ട്.

മൗലാനാ അബുൽ അഅ്ലാ മൗദൂദിയെ നേരിൽ കാണാൻ ഭാഗ്യമുണ്ടായില്ലെങ്കിലും അദ്ദേഹവുമായി എഴുത്തു കുത്തുകൾ നടത്തിയിരുന്നതായി ഒരു അഭിമുഖത്തിൽ ഖാൻ സാഹിബ് പറഞ്ഞിരുന്നു. മൗദൂമി സാഹിബ് മരണപ്പെട്ടപ്പോൾ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനായി ഖാൻ സാഹിബ് ലാഹോറിൽ പോയിരുന്നു. അവിടെവെച്ച് മൗലാന അമീൻ അഹ്സൻ ഇസ്ലാഹിയെ കണ്ടുമുട്ടി. അദ്ദേഹം കേൾവിക്കുറവ് കാരണം കാതിൽ മെഷിൻ ഘടിപ്പിച്ചിരുന്നു. ഖാൻ സാഹിബ് അപ്പോൾ ചോദിച്ചത്രെ:താങ്കൾക്ക് കേൾവിക്കുറവുണ്ടോ?
മൗ: അമീൻ സാഹിബിന്റെ മറുപടി : “അല്ലെങ്കിലും പണ്ടും ഞാൻ ആരെയും കേൾക്കറില്ലല്ലൊ” !

“ഫിക് റെ ഫറാഹി “എന്നാൽ എന്താണ് ഫാറൂഖ് ഖാൻ സാഹിബിനോട് ഒരിക്കൽ ചോദിച്ചതിന് നൽകിയ മറുപടി ഇതായി രുന്നു.
ഫിക് റെ ഫറാഹി ഒരുസമുച്ചയമാണ്. അത് വളരെകുറച്ചു പേർക്ക് മാത്രമേ മനസ്സിലാവൂ. ഖുർആൻ ഒരു വ്യവസ്ഥാപിത ഗ്രന്ഥമാണ് എന്നതാണ് ആ ചിന്തയുടെ ഒരർത്ഥം. ഈ ഗ്രന്ഥം ഭരണകൂടങ്ങൾ പഠിക്കേണ്ടതാണ്. ഇത് ഭരണകൂടത്തെ നയിക്കേണ്ടതാണ്.
ഫിക്റെ മൗദൂദിയും ഫിക്റെ ഫറാഹിയും തമ്മിൽ വല്ല താരതമ്യവും ഉണ്ടോ ?!
“അതെ,താരതമ്യം ഉണ്ട് ” എന്ന് മാത്രമെ ഖാൻ സാഹിബ് ഉത്തരം നൽകിയുള്ളൂ.
ഈ അടുത്ത് അദ്ദേഹത്തെ കണ്ട ദഅവത്ത് പ്രതിനിധി ജമാഅത്തെ ഇസ്ലാമിയുടെ പുതിയ നേതൃത്വത്തോട് താങ്കൾക്ക് പറയാനുള്ളതെന്താണെന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി :
ഇന്ത്യയിൽ ഒട്ടേറെ സംഘടനകളുണ്ട്. എന്നാൽ ജമാഅത്ത് മാത്രമാണ് ദഅവത്ത് അടിസ്ഥാന ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ളത്. നാം ഒരിക്കലും മുസ്ലിംകളെ മാത്രം ലാക്കാക്കരുത്. അമുസ്ലിംകളിലേക്കും കടന്ന് ചെല്ലെണം. എവിടെയങ്കിലും പോയാൽ സ്വന്തക്കാരെ മാത്രം കണ്ട് മടങ്ങുകയല്ല വേണ്ടത്. മറിച്ച് അവിടെത്തെ അമുസ്ലിം സഹോദരങ്ങളെ കൂടി കാണണം. അവർ നമ്മുടെ സന്ദേശം സ്വീകരിക്കട്ടെ, സ്വീകരിക്കാതിരിക്കട്ടെ.
“പാല് എല്ലാവർക്കും നല്ലതാണല്ലൊ. അത് എല്ലാവർക്കും പകർന്ന് നൽകണം. കുടിക്കുന്നവർ കുടിക്കട്ടെ. അല്ലാത്തവർ കുടിക്കാതിരിക്കട്ടെ”!
90 വയസ്സ് പിന്നിട്ട സാത്വികനും സൂഫിവര്യനുമായ ഫാറൂഖ് ഖാൻ സാഹിബ് ഡൽഹിയിലെ തന്റെ ചെറിയ മുറിയിലിരുന്ന് ഖുർആൻ പഠനവും രചനയും ചിന്തയുമായി കഴിയവെയാണ് മരണം സംഭവിച്ചത്. ചെറുതും വലുതുമായ100 ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles