Current Date

Search
Close this search box.
Search
Close this search box.

മൗലാന മുഹമ്മദ് ഫാറൂഖ് ഖാൻ ഇനിയില്ല

ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളും ഇസ്‌ലാമിക ചിന്തകനും ഉറുദു, ഹിന്ദി ഭാഷകളിലുള്ള വിശുദ്ധ ഖുർആനിന്റെ വിവർത്തകനുമായിരുന്ന മൗലാന മുഹമ്മദ് ഫാറൂഖ് ഖാൻ, ലഖ്‌നൗവിലെ മൂത്ത മകന്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാനായി പോയതായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ഓഫീസിലെ പഴയ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറിലെ അങ്ങേതലക്കലെ ലൈബ്രറി സമാനമായ ഇടുങ്ങിയ മുറിയിലെ അന്തേവാസിയായും മർകസ് പള്ളിയെ സജീവമാക്കുന്ന മുർശിദായും എപ്പോഴും നിറഞ്ഞു നിന്നിരുന്നു. 1986 ൽ നടന്ന ബാംഗ്ലൂർ SIO സമ്മേളനത്തിലേ കുറിപ്പുകാരൻ അദ്ദേഹത്തെ ആദ്യമായി കേൾക്കുന്നത്. അന്നൊന്നും പൂർണമായി മനസ്സിലായിരുന്നെങ്കിലും വരുന്ന കാലത്തിന്റെ രക്ഷാമാർഗം ഇസ്ലാമാണെന്ന് അദ്ദേഹം പലതവണ ആവർത്തിച്ചതോർമ്മയുണ്ട്.

ഏറെക്കാലത്തെ പ്രബോധന വിഭാഗം സെക്രട്ടറിയായ മർഹൂം മൗലാനാ കൗഥർ യസ്ദാനിക്ക് ശേഷം ഹിന്ദി ഭാഷയിൽ സമഗ്രമായ ഖുർആൻ പരിഭാഷ നടത്തിയ മറ്റൊരാൾ ജമാഅത്തിലെന്നല്ല; മറ്റൊരു മുസ്ലിം സംഘടനകളിലും കാണില്ല.ഏഴ് വാല്യങ്ങളിലായി ലളിത ഹിന്ദിയിൽ തയ്യാറാക്കിയ തഫ്സീർ പിന്നീട് സ്വയം തന്നെ അതിന്റെ ഉറുദു പരിഭാഷയും നിർവഹിച്ചു. നാല് വാല്യങ്ങളിലായി കലാമെ നുബുവ്വത്ത് എന്ന വ്യാഖ്യാനത്തോടെ അദ്ദേഹം എഴുതിയ ഹിന്ദി – ഉറുദു ഹദീസ് പഠനവും പരക്കെ പ്രശംസ നേടിയിട്ടുണ്ട്. മലയാളികളോട് പരമാവധി ശുദ്ധ ഹിന്ദിയിൽ സംസാരിച്ച് പറയാനുള്ളത് മുഴുവൻ മനസ്സിലാക്കി കൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന മലയാളികളെ വളരെ ഇഷ്ടമായിരുന്നു.

കൊറോണ കാലത്തിന് മുമ്പ് എന്റെ സുഹൃത്ത് ശിബ്‌ലി അർസലാൻ നടത്തിയ ഇന്റർവ്യൂവിൽ ചോദിച്ചു:
“നിങ്ങൾ മൗലാനാ മൗദൂദിയെ കണ്ടിട്ടുണ്ടോ ”
ഖാൻ സാഹിബ് നല്കിയ മറുപടി : നേരിട്ട് കണ്ടിട്ടില്ലെങ്കിലും കത്തിടപാടുകൾ ഉണ്ടായിരുന്നു. മൗദൂദി മരിച്ചപ്പോൾ
ലാഹോറിലേക്ക് പോയി മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തതും മൗലാനാ അമീൻ അഹ്‌സൻ ഇസ്ലാഹിയെ
നേരിട്ട് കാണാൻ സാധിച്ചതുമെല്ലാം ഓർത്തു പറഞ്ഞതും ഇന്റർവ്യൂവിൽ കാണാം. കലയുമായി ബന്ധപ്പെട്ട് ശൈഖ്
ഖറദാവിയുടെ ഒരു ലഘുഗ്രന്ഥത്തിന് ഉറുദുവിലെഴുതിയ റിവ്യൂവും കാമിയാബീ കേ ബുൻയാദീ നികാത് (പെർസണാലിറ്റി ഡവലപ്മെന്റ് ) എന്നിവയും മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്.

ദഅ്‌വ, വ്യക്തിത്വ വികസനം, മത താരതമ്യ പഠനം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.ഹിന്ദിയിലും ഉറുദു ഭാഷയിലും അദ്ദേഹം ഒരുപോലെ എഴുതിയിരുന്നു. ഹർഫ്-ഒ-സദ, ചിതിജ് കെ പർ എന്നീ കവിതാ സമാഹാരങ്ങൾ യഥാക്രമം ഉർദുവിലും ഹിന്ദിയിലും യുവത്വത്തിൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ ലഖ്നോവിലെത്തിയതിന് ശേഷം അസുഖം ബാധിക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. വഹീദുദ്ദീൻ ഖാൻ അടക്കമുള്ള പ്രശസ്തരുമായി കുടുംബ – വൈജ്ഞാനിക ബന്ധങ്ങളുണ്ടായിരുന്നു. പരേതന് അല്ലാഹു മഗ്ഫിറതും മർഹമതും നല്കി അനുഗ്രഹിക്കുകയും അദ്ദേഹത്തോടൊപ്പം
നമ്മെയും അല്ലാഹു സ്വർഗം നല്കി ആദരിക്കട്ടെ.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles