Current Date

Search
Close this search box.
Search
Close this search box.

ബഹിരാകാശ ശാസ്ത്രത്തെ വിസ്മയിപ്പിച്ച മുസ് ലിം ശാസ്ത്രജ്ഞ

ഇസ് ലാമിലെ സുവർണ്ണ കാലഘട്ടം നിരവധി മഹത്തുക്കളുടെ സംഭാവനങ്ങൾ കൊണ്ട് സമ്പന്നമാണ്.ശാസ്ത്ര ലോകത്തിന് പിൽക്കാലത്ത് എന്നെന്നും അഭിമാനിക്കാൻ കഴിയുന്ന തരത്തിലുള്ള വിപ്ലവം സ്രഷ്ടിക്കാൻ ഉതകുന്ന അടിത്തറകൾ ശാസ്ത്രത്തിന് നൽകിയത് മുസ്ലിംകളാണെന്നത് വസ്തുതയാണ്. എന്നാൽ പ്രസ്തുത അടിത്തറ ഒരിക്കലും മുസ്ലിം പുരുഷ കേന്ദ്രീകൃതമായിരുന്നില്ല. മധ്യകാലഘട്ടത്തെ സ്ത്രീകൾ ഒരു ശാസ്ത്രജ്ഞ എന്ന തലത്തിലേക്ക് വളർന്ന് മികവാർന്ന ശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ സംഭാവനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പൊതുവിൽ ഇസ്ലാമിന്റെ കണ്ടെത്തലുകൾ പറയുന്നിടത്ത് സ്ത്രീകൾ രംഗപ്രവേശം ചെയ്യാറില്ല പ്രത്യേകിച്ച് ശാസ്ത്ര കണ്ടെത്തലുകളിൽ. ഇവിടെ പുരുഷന് മാത്രം കണ്ടെത്താനും, കയ്യാളാനുമുള്ള വിജ്ഞാന ശാഖയല്ല ശാസ്ത്രം (Science) എന്നതിന് നിരവധിയായ തെളിവുകൾ ഇസ്ലാമിക ചരിത്രം പറഞ്ഞു തരുന്നുണ്ട്. മറിയം അൽ അസ്ട്രോ ലേബിയ്യയുടെ ചരിത്രം മേൽ വിവരിച്ച വസ്തുതകൾക്ക് ഉത്തമോദാഹരണമാണ്.

പത്താം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ വൈജ്ഞാനിക കാലഘട്ടത്തിൽ അന്നത്തെ ഏറ്റവും പുതിയ ടെക്നോളജിയിലൂടെ നക്ഷ്ത്രദൂരമാപക യന്ത്രം (Astrolabe) സ്വന്തമായി വികസിപ്പിച്ചെടുത്ത വനിതയാണ് മറിയം അൽ അസ്ട്രോലേബിയ്യ എന്ന മറിയം അൽ ഇജ്ലിയ. നിരവധി ചരിത്ര മുറങ്ങുന്ന സിറിയയിലെ അലപ്പോ (Aleppo) എന്ന പ്രദേശത്താണ് മറിയം ജനിച്ചത്. പിന്നീടുള്ള അവരുടെ പഠനകാലം ബഗ്ദാദിന്റെ ഹ്രദയത്തിലായിരുന്നു. അവരുടെ പേരു പോലും ചരിത്രത്തിന് ഇങ്ങനെയല്ലാതെ വിളിക്കാൻ കഴിയില്ല ‘മറിയം അൽ അസ്ട്രോലേബിയ്യ’. അലപ്പോ നഗരത്തിന്റെ സ്ഥാപകനായ അന്നത്തെ ഭരണാധികാരി സൈഫുദ്ധവ് ലയുടെ കൊട്ടാരത്തിലെ ബഹിരാകാശ ശാസ്ത്ര ശാഖയിലെ ശാസ്ത്രജ്ഞയായിരുന്നു മറിയം. അത്യാധുനിക സംവിധാനങ്ങൾ ധാരാളം വികാസം പ്രാപിച്ച ഇക്കാലത്ത് എന്താണ് അസ്ട്രോലേബ് എന്നതിനെകുറിച്ച് ചെറുതായെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Also read: ഫാസിസ്റ്റ് ഭ്രാന്ത്

സൂര്യ- ചന്ദ്ര നക്ഷത്രാധികളുടെ സ്ഥാനം അറിയാൻ അക്കാലത്ത് നടന്ന ശാസ്ത്ര പരീക്ഷണങ്ങളുടെ ഫലമായിരുന്നു അസ്ട്രോലേബിന്റെ കണ്ടെത്തൽ. ലോകർക്ക് പ്രത്യേകിച്ച് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും വ്യക്തി ജീവിതത്തിൽ അത്യാവശ്യമായി മനസ്സിലാക്കേണ്ടതുമായ ചില വിഷയങ്ങളിലേക്ക് സഹായകമായി വർത്തിക്കുന്നതായിരുന്നു മറിയത്തിന്റെ കണ്ടുപിടുത്തം. ഇസ്ലാമിൽ നമസ്കാരവുമായി വളരെ പ്രധാനപ്പെട്ട് വിശ്വാസികൾ മനസ്സിലാക്കുന്ന ഒന്നാണ് അതിന്റെ സമയ ക്രമീകരണം, സൂര്യന്റെയും ചന്ദ്രന്റെയും ഗതി മനസ്സിലാക്കിയുള്ള നമസ്കാര സമയ സംവിധാനം, പ്രാർത്ഥിക്കാൻ ഖിബ് ലയുടെ സ്ഥാനം മനസ്സിലാക്കി പ്രസ്തുത ദിശ ക്രമീകരിക്കൽ, റമദാനിലെ നോമ്പ് തുടങ്ങുന്ന ദിവസം ചന്ദ്രന്റെ ഗതി നോക്കി എങ്ങനെ അറിയാൻ സാധിക്കും തുടങ്ങി നിരവധിയായ വിഷയങ്ങളിൽ ശാസ്ത്രം ആധുനികമായി വളർന്നെന്ന് അവകാശപ്പെടുമ്പോഴും മേൽ വിവരിച്ച വിഷയങ്ങളിൽ ഖണ്ഡിതമായ അഭിപ്രായങ്ങൾ ഇന്ന് പലപ്പോഴും ഉയർന്നു വരാറില്ല. എങ്കിലും ആ മേഖലയിൽ ശാസ്ത്രം നടത്തിയ പരീക്ഷണങ്ങൾ വിസ്മരിക്കപ്പെടേണ്ടതല്ല.

സ്വപിതാവിൽ നിന്ന് ഗോളശാസ്ത്ര വിഷയങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കി സ്വന്തമായി ആകാശ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിച്ച മറിയം ലോകത്തിന് സമ്മാനിച്ചത് ശാസ്ത്രം ഒരിക്കലും വിസ്മരിക്കാത്ത സംഭാവനകളായിരുന്നു. ഇന്ന് ലോകത്ത് നാവിക- വ്യോമ ഗതാഗത സംവിധാനങ്ങൾ ഏറെ ആശ്രയിക്കുന്ന സാറ്റ്ലൈറ്റ് ബന്ധിപ്പിച്ചുള്ള ജി.പി .എസ്, ഗൂഗിൾ മാപ്പ് തുടങ്ങിയ അത്യാധുനിക ശാസ്ത്ര കണ്ടെത്തലുകളിലേക്ക് വഴി നടത്തിയത് മറിയം അൽ ഇജ്ലിയയുടെ അസ്ട്രോലേബിന്റെ കണ്ടെത്തലായിരുന്നു. വിമാനയാത്ര പഥങ്ങളെ നിർണ്ണയിക്കുന്നതിലും ആശയങ്ങൾ കൈമാറുന്നതിലും ജി.പി.എസ് എന്ന സംവിധാനത്തിന്റെ പങ്ക് എത്ര മഹത്തരമാണെന്ന് നമ്മുക്ക് ഇപ്പോൾ മനസ്സില്ലാക്കാം. എന്നാൽ ഇത്രയും ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് ഒരു സ്ത്രീ തന്റെ ഗവേഷണങ്ങളിലൂടെ ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിൽ നമ്മുടെ പെൺകുട്ടികൾക്ക് നിലവിലെ അത്യാധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി എത്താവുന്ന മേഖലകൾ എന്ത് കൊണ്ട് നിർണ്ണയിക്കാൻ കഴിയുന്നില്ല?

Also read: കലാപമല്ല, മുസ് ലിം വിരുദ്ധ – വംശീയ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നത്

ഗോള ശാസ്ത്ര ശാഖയിലെ,പ്രധാന ഗവേഷണ മേഖലയാണ് മനുഷ്യനെ ചന്ദ്രനിലെത്തിച്ചുവെന്ന് അവകാശപ്പെടുന്ന ഇന്നത്തെ ബഹിരാകാശ ശാസ്ത്ര ശാഖാ (Space Science). സൂര്യന്റെ ഭ്രമണപഥം, ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാന ചലനങ്ങൾ തുടങ്ങിയവയുടെ അവസ്ഥകൾക്കനുസരിച്ച് മാറ്റങ്ങൾ സംഭവിക്കാവുന്ന ശാസ്ത്ര ശാഖയാണ് മേൽ പറഞ്ഞ ബഹിരാകാശ ശാസ്ത്രം. ഒരു നക്ഷത്ര ദിശാമാപക യാന്ത്രത്തിന്റെ (astrolabe) സഹായമില്ലാതെ ഒരു ശാസ്ത്രത്തിനും മനുഷ്യനെയോ മറ്റെതെങ്കിലും ജീവികളയോ ചന്ദ്രനിലെത്തിക്കാൻ സാധിക്കില്ല. ബഗ്ദാദും മുസ്ലിം സ്പെയിനും അക്കാലത്ത് മുന്നോട്ട് വെച്ച ശാസ്ത്ര പാഠ്യവിഷയങ്ങളെ വിലയിരുത്തിയാൽ ഇന്നത്തെ ഗോള ശാസ്ത്ര ശാഖ ഇനിയം എത്ര മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മനസ്സിലാക്കാം.

മാർച്ച് 8 ലോക വനിത ദിനമായി ആചരിക്കപ്പെടുന്ന സന്ദർഭത്തിൽ ശാസ്ത്ര ലോകത്തിന് ഇത്രയേറെ സംഭാവനകൾ നൽകിയ മറിയം അൽ അസ്ട്രോലേബിയെ വിസ്മരിച്ച് മുന്നോട്ട് പോവുക സാധ്യമല്ല. വളർന്നു വരുന്ന പെൺകുട്ടികളുടെ ശാക്തീകരണത്തെ (women empowerment) ഏതെങ്കിലും ചില പ്രത്യേക മേഖലകളിൽ മാത്രം ഒതുക്കി നിർത്തി ചർച്ചക്ക് വിധേയമാക്കാതെ വലിയ സ്വപ്നങ്ങളിലേക്ക് പറന്നുയരാനുള്ള ആത്മവിശ്വാസവും പ്രതീക്ഷകളും നൽകാൻ നമ്മടെ സംവിധാനങ്ങൾക്ക് ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.

Related Articles