Counter Punch

കലാപമല്ല, മുസ് ലിം വിരുദ്ധ – വംശീയ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നത്

1958 ആഗസ്റ്റിൽ, ലണ്ടൻ, നോട്ടിങ് ഹിൽ പ്രദേശത്ത് താമസിക്കുന്ന വെസ്റ്റ് ഇന്ത്യക്കാരെ വെളുത്തവർഗക്കാരായ യുവാക്കളുടെ സംഘം ആസൂത്രിതമായി ആക്രമിക്കാൻ തുടങ്ങി, ഇരുമ്പു ദണ്ഡുകളും വെട്ടുക്കത്തികളും ചില്ലുകുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം. മുന്നൂറോളം വരുന്ന ആൾക്കൂട്ടം “എല്ലാ കറുത്ത  മക്കളെയും ഞങ്ങൾ കൊല്ലും, എന്താണ് അവരെ അവരുടെ നാട്ടിലേക്ക് നാടുകടത്താത്തത്?” എന്ന് ആക്രോശിച്ചിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച്ചക്കു ശേഷമാണ് ആക്രമണം നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

“നോട്ടിങ് ഹിൽ കലാപം” എന്നാണ് പ്രസ്തുത സംഭവം ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ അതൊരു കലാപമായിരുന്നില്ല. ഒരാഴ്ച്ചയോളം നീണ്ടുനിന്ന ക്രൂരമായ വംശീയ ആക്രമണമായിരുന്നു അത്. കുറ്റക്കാരായ ഒമ്പതു വെളുത്ത വർഗക്കാരായ യുവാക്കളെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു കൊണ്ട്, നടന്നത് ‘നിഗ്ഗർ ഹണ്ടിംഗ്’ ആണെന്ന് ജസ്റ്റിസ് സാൽമൺ പറഞ്ഞു. കൃത്യമായി ഇരയെ ലക്ഷ്യം വെച്ച് നടത്തുന്ന വംശീയ ആക്രമണങ്ങളെ രണ്ടു സംഘങ്ങൾ തമ്മിൽ സംഘം തിരിഞ്ഞ് പരസ്പരം ആക്രമിക്കുന്ന തരത്തിലുള്ള ‘കലാപം’ എന്നു വിശേഷിപ്പിക്കുന്ന ശീലത്തിന് ഒരുപാടു കാലത്തെ പഴക്കമുണ്ട്.

Also read: പുഞ്ചിരിച്ചാല്‍ ലഭിക്കുന്ന പത്ത് കാര്യങ്ങള്‍

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഒരാഴ്ചയോളം നീണ്ടുനിന്ന അക്രമസംഭവത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ‘കലാപം’, ‘വർഗീയ അക്രമം’ എന്നിവയെ കുറിച്ചാണ് മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും സംസാരിച്ചത്. നോട്ടിങ് ഹില്ലിലെ കറുത്ത വർഗക്കാർക്കെതിരെ നടന്ന ആക്രമണത്തെ ‘കലാപം’ എന്നു വിശേഷിപ്പിച്ചതു പോലെ തന്നെയാണ് ഇതും. ‘നിഗ്ഗർ ഹണ്ടിംഗ്’നു സമാനമായ സംഭവത്തിനാണ് ആ ഒരാഴ്ച്ചക്കാലം ഡൽഹി സാക്ഷിയായത്. ‘ജയ് ശ്രീറാം’, ‘ഇന്ത്യ ഹിന്ദുക്കളുടേത്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ആക്രോശിച്ച്, ഭരണപാർട്ടിയായ ബി.ജെ.പിയെ അനുകൂലിക്കുന്ന ഹിന്ദു ദേശീയവാദ ഭീകരക്കൂട്ടങ്ങൾ നയിച്ച, കൃത്യമായി മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ച് നടന്ന ആക്രമണമാണ് ഡൽഹിയിൽ അരങ്ങേറിയത്.

സി.എ.എക്കെതിരെ തെരുവുകളിൽ നടക്കുന്ന പ്രക്ഷോഭസമരപരിപാടികൾ ഒഴിപ്പിക്കാൻ പോലീസ് തയ്യാറാവുന്നില്ലെങ്കിൽ, ഞാനും എന്റെ അനുയായികളും സ്വന്തം നിലക്ക് അതു ചെയ്യുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് കപിൽ മിശ്ര ഒരു റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞതിനു ശേഷമാണ് അക്രമം ആരംഭിച്ചത്. മിശ്രയുടെ മുന്നറിയിപ്പ് വന്ന് മണിക്കൂറുകൾക്കകം, സി.എ.എ വിരുദ്ധ സമരക്കാർക്കെതിരെ ബി.ജെ.പി സംഘങ്ങൾ ആക്രമണം തുടങ്ങി. മുസ്ലിംകളുടെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പള്ളികൾ എന്നിവ അക്രമിസംഘങ്ങൾ അഗ്നിക്കിരയാക്കി, കൂട്ടത്തിൽ മുസ്ലിംകളെയും. ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം, ചുരുങ്ങിയത് 40 ഓളെ പേർ കൊല്ലപ്പെട്ടു.

Also read: സ്വാതന്ത്ര്യ വാഞ്ചയെ കൂച്ചു വിലങ്ങിടാന്‍ സാധ്യമല്ല

ആക്രമിക്കപ്പെട്ടവരിൽ ഹിന്ദുക്കളും അവരുടെ വീടുകളുമുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു മുസ്ലിം ആക്രമണമായി ചിലർ ചിത്രീകരിക്കാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. 1958ൽ ഒരുപാട് വെസ്റ്റ് ഇന്ത്യക്കാർ കല്ലുകളും ബാറ്റുകളുമേന്തി ചെറുത്തുനിൽപ്പിന് തയ്യാറെടുത്തിരുന്നു. അതൊരിക്കലും അവർക്കെതിരെ നടന്ന വംശീയ ആക്രമണത്തെ റദ്ദു ചെയ്യുന്നില്ല. അതുപോലെ തന്നെ ആയുധമേന്തി വന്ന ഹിന്ദുത്വ സംഘത്തെ ഡൽഹിയിലെ മുസ്ലിംകൾ ആയുധം കൊണ്ടു തന്നെ നേരിട്ടിട്ടുണ്ട് എന്നത്, “കലാപത്തിന്റെ” മർമമായ മുസ്ലിം വിരുദ്ധതെയും ഹിന്ദുത്വ യുദ്ധോത്സുക ദേശഭക്തിയെയും ലഘൂകരിക്കുന്നില്ല.

ഹിന്ദുത്വ അല്ലെങ്കിൽ ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രമാണ് ബി.ജെ.പിയുടെ ചാലകശക്തി, ഹിന്ദു ജീവിതരീതിയാണ് ഇന്ത്യയുടെ ഏക ആധികാരിക ജീവിതരീതിയെന്ന് അവർ വിശ്വസിക്കുന്നു. ഇന്ത്യയിലെ എല്ലാ മുസ്ലിംകളും വിഭജസമയത്തു തന്നെ പാകിസ്ഥാനിലേക്ക് നാടുകടത്തേണ്ടതായിരുന്നു എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഒരുപാട് യൂറോപ്യൻ പ്രതിലോമ സംഘങ്ങളെ പോലെ തന്നെ, മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ അഴിമതിയോടും കെടുകാര്യസ്ഥതയോടുമുള്ള അതൃപ്തിയാണ് ബി.ജെ.പിയുടെ പൊതുജനസമ്മതിയുടെ ഒരു കാരണം, പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സിന്റെ ഭരണപരാജയം. 2014ൽ ബി.ജെ.പി അധികാരത്തിലേറിയ സമയത്ത്, അവരുടെ ഹിന്ദു ദേശീയത ഇന്നു കാണുന്ന പോലെ കടിഞ്ഞാണില്ലാതെ തുറന്നുവിട്ടിരുന്നില്ല. എന്നാൽ തുടർച്ചയായ രണ്ടാം വിജയം തങ്ങളുടെ പുറന്തള്ളൽ നയങ്ങൾ യാതൊരു വിധ തടസ്സങ്ങളുമില്ലാതെ നടപ്പാക്കാനുള്ള ലൈസൻസായി അവർ സമർഥമായി ഉപയോഗിച്ചു.

2019-ആഗസ്റ്റിൽ, മുസ്ലിം ഭൂരിപക്ഷ ജമ്മു കശ്മീരിന്റെ സ്വയംഭരണപദവി സർക്കാർ എടുത്തുകളഞ്ഞു, 1950കൾ മുതൽക്കു തന്നെ ഹിന്ദു ദേശീയവാദികൾ ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു. അതിനെതിരെ നടന്ന പ്രാദേശിക പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചർത്തുകയാണ് ചെയ്തത്. അതിനു ശേഷം സി.എ.എ കൊണ്ടു വന്നു, മുസ്ലിംകളുടെ പൗരത്വത്തിനു നേർക്കുള്ള ദ്വിമുഖ ആക്രമണത്തിന്റെ ഒരു ഭാഗമാണിത്. ദേശീയ പൗരത്വ രജിസ്റ്റർ ആണ് മറ്റൊന്ന്, എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ബന്ധപ്പെട്ടവർക്കു മുന്നിൽ സമർപ്പിക്കേണ്ടി വരും. ദശലക്ഷക്കണക്കിനു വരുന്ന ദരിദ്രരായ ഇന്ത്യക്കാരുടെ കൈവശം അത്തരം രേഖകൾ ഇല്ലെന്നതാണ് യാഥാർഥ്യം. സി.എ.എയുടെ പരിധിയിൽ നിന്നും പുറത്താക്കപ്പെട്ട മുസ്ലിംകൾ തങ്ങൾ ‘വിദേശകൾ’ ആയി മുദ്രക്കുത്തപ്പെടുമെന്ന ഭീതിയിലാണ് കഴിയുന്നത്.

Also read: വേരുറയ്ക്കുന്ന വ്യക്തിത്വം

മുസ്ലിംകളെ പുറത്താക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പിയുടെ സങ്കുചിത ദേശീയവാദ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുമ്പോൾ, സി.എ.എക്കെതിരെയുള്ള ഹിന്ദുക്കളും മുസ്ലിംകളും നാനാജാതി മതസ്ഥരും ചേർന്നുള്ള പ്രക്ഷോഭങ്ങൾ ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തോടുള്ള എതിർപ്പിന്റെ വ്യാപ്തിയെയാണ് വെളിവാക്കുന്നത്. സംഘ്പാരിവാറിന്റെ ആക്രമണത്തിൽ നിന്നും മുസ്ലിംകളെ രക്ഷിച്ച ഹിന്ദു സഹോദരൻമാരുടെ ഒരുപാട് സംഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്.

ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള കേവലം മതസംഘട്ടനമല്ല ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്, രണ്ടു കാഴ്ചപ്പാടുകൾ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലാണ് നടക്കുന്നത്. അതായത് ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര രാഷ്ട്രമായി നിലകൊള്ളണമെന്ന് ആഗ്രഹിക്കുന്നവരും ഇന്ത്യയെ ഒരു സങ്കുചിത ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ. ഇതിൽ ആരു ജയിക്കുന്നു എന്നത് മുസ്ലിംകളെ അല്ലെങ്കിൽ ഇന്ത്യക്കാരെ മാത്രമല്ല ബാധിക്കുക, മറിച്ച് നമ്മെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്ന് ഓർക്കുക.

വിവ. മുഹമ്മദ് ഇർഷാദ്

Facebook Comments
Related Articles
Tags
Show More
Close
Close