Current Date

Search
Close this search box.
Search
Close this search box.

ആത്മഹത്യ പരിഹാരമോ?

ദിനേന പെരുകിക്കൊണ്ടിരിക്കുകയാണ് ആത്മഹത്യ. ആത്മഹത്യകളുടെ വൈവിധ്യങ്ങൾ കൗതുകകരവും ഞെട്ടൽ ഉളവാക്കുന്നതുമാണ്. അഭ്യസ്തവിദ്യർ അറിവില്ലാത്തവർ സമ്പന്നർ ദരിദ്രർ എന്ന വ്യത്യാസമൊന്നുമില്ലാതെ ആണും പെണ്ണും കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്ന വാർത്തകൾ നാം നിരന്തരം അറിയുന്നു.

എന്താണ് ആത്മഹത്യ ? സ്വന്തത്തെ കൊന്നുകളയുക എന്നതാണത്. സ്വന്തത്തിന് ജീവൻ നൽകിയത് നാമല്ല. നമ്മെ നാമാക്കിയതിനു പിന്നിലും ആയിരങ്ങൾ ഉണ്ട്. അവരുടെ അദ്ധ്വാനങ്ങളുണ്ട്. എന്നാൽ ആരോടും പറയാതെ അഭിപ്രായം ചോദിക്കാൻ നിൽക്കാതെ സ്വന്തത്തെ മരണത്തിന് നൽകാൻ ധൃതി കാണിക്കുകയാണ് ആളുകൾ.

വ്യക്തികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഒരാൾ ആത്മഹത്യ എന്ന ഒളിച്ചോട്ടത്തിൽ അഭയം തേടുന്നത്.

Also read: ‘എന്റെ കുഞ്ഞുമകന്‍ കൊറോണ രോഗത്തെ ഭയക്കുന്നു, എങ്ങനെയവനെ ആശ്വസിപ്പിക്കും?’

ആത്മഹത്യ ചെയ്യും എന്ന് ചിലർ ഭീഷണിപ്പെടുത്തും, മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണെന്ന് വേറെ ചില സങ്കടം പറയും, പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുന്നത് ശ്രമിച്ചു ഇനി ആത്മഹത്യയല്ലാതെ വഴിയില്ല എന്ന് മറ്റു ചിലർ പറയും, ആത്മഹത്യ ഒരു വഴിയാണോ? എന്ത് ദുരിതമാണ് ആത്മഹത്യാനന്തരം പരിഹരിക്കപ്പെടുക? മരിച്ചു പോയാൽ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്ന് ആരാണ് നമുക്ക് പറഞ്ഞു തരുന്നത്?

മരണശേഷം പിന്നെ ശൂന്യത ആണെന്ന് കരുതുന്നതു കൊണ്ടാണ് വേഗം മരണത്തിലേക്ക് പായുന്നത്. മരണം എന്നത് ഒരു കവാടമാണ് . മറ്റൊരു ലോകത്തേക്കുള്ള വാതിൽ. ആരോടും അനീതി കാണിക്കാത്ത സമ്പൂർണ നീതിയുടെ ഒരു കോടതിയാണ് അവിടെ ആദ്യം കാണാൻ കഴിയുന്നത്.

ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി ജീവിതം അവസാനിപ്പിക്കുമ്പോൾ, അനാഥരാകുന്ന സന്താനങ്ങൾ വിധവകളാകുന്ന ഇണകൾ നിസ്സഹായരാവുന്ന ബന്ധുക്കൾ തന്നാൽ സംരക്ഷിക്കപ്പെടേണ്ടുന്ന വേറെയും ജനങ്ങൾ എല്ലാം അനുഭവിക്കുന്ന അധിക ഭാരത്തിനും പ്രയാസങ്ങൾക്കും ആ കോടതിയിൽ മറുപടി പറയേണ്ടിവരും. വിചാരണ കോടതിയിൽ ഉത്തരം പറയേണ്ടിവരും എന്ന ബോധമാണ് യഥാർത്ഥത്തിൽ ഉത്തരവാദിത്തബോധം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ആത്മഹത്യ പാപമാണ് എന്ന് മതങ്ങൾ പഠിപ്പിക്കുന്നു. മനുഷ്യ ജീവിതത്തിൽ സംഭവിക്കുന്ന പാപങ്ങൾ പിന്നീട് തിരുത്താനും പശ്ചാത്തപിക്കാനും മേലിൽ ആവർത്തിക്കാതെ നോക്കാനും സാധ്യതയുള്ളവയാണ്.

Also read: പ്രായപൂര്‍ത്തിയാകുന്ന മക്കളോട് തുറന്ന് പറയേണ്ട 13 കാര്യങ്ങള്‍

അതുകൊണ്ടുതന്നെ എത്ര വലിയ മഹാപാപി ആണെങ്കിലും ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശപ്പെടാതെ പ്രാർത്ഥിച്ചു പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തന്നെ തിരിച്ചു വരാൻ ഖുർആൻ ആഹ്വാനം ചെയ്യുന്നുണ്ട്.

പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും. (Sura 39 : Aya 53)

ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു തെറ്റ് സംഭവിച്ചാൽ പിന്നീട് കാലാ കാലവും കുറ്റവാളികളായി കഴിയണം എന്നതല്ല ദൈവിക സന്മാർഗ്ഗത്തിന്റെ താൽപര്യം. തിരുത്താനും പുതിയ വഴിയിലേക്ക് പ്രവേശിക്കാനും പുതിയ ജീവിതം ആരംഭിക്കാനും പുതിയ വിലാസവും പദവിയും ഉത്തരവാദിത്വവും ഏറ്റെടുക്കാനും മനുഷ്യന് ദൈവം അവസരം നൽകുന്നു. എന്നാൽ ആത്മഹത്യക്ക് ശേഷം തിരുത്താനുള്ള അവസരം ഇല്ല. പശ്ചാത്തപിക്കാൻ അവസരം ലഭിക്കാത്ത ഏക കുറ്റം ഒരുപക്ഷേ ആത്മഹത്യ തന്നെയാണ്.

ഈ ലോകത്തെ ഏറ്റവും വലിയ നഷ്ടം ജീവനഷ്ടമാണല്ലോ? ഒരു നിമിഷം ആ നഷ്ടം സ്വീകരിക്കാനും തയ്യാറായ മനുഷ്യന് , മുന്നിൽ വന്ന് നിൽക്കുന്ന പ്രതിസന്ധിയെ ആത്മ വിശ്വാസത്തോടെ നേരിടാൻ തീരുമാനിക്കുകയും ദൈവത്തിൽ സകലതും ഭരമേൽപ്പിക്കാൻ സാധിക്കുകയും ചെയ്താൽ പുതിയൊരു ജീവിതമാണ് ലഭിക്കുന്നത്. അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയില്‍ നയിക്കുന്നു. (Sura 10 : Aya 25)

Related Articles