Current Date

Search
Close this search box.
Search
Close this search box.

‘എന്റെ കുഞ്ഞുമകന്‍ കൊറോണ രോഗത്തെ ഭയക്കുന്നു, എങ്ങനെയവനെ ആശ്വസിപ്പിക്കും?’

”എന്റെ കുഞ്ഞുമകന്‍ കൊറോണ രോഗത്തെ വളരെയധികം ഭയക്കുന്നു. ഈ രോഗത്തെ കുറിച്ച ഭയം അകറ്റി എങ്ങനെയവനെ ആശ്വസിപ്പിക്കും?” എന്ന ചോദ്യവുമായിട്ടാണ് ആ ഉമ്മ എന്റെയടുക്കല്‍ എത്തിയത്. ഈ രോഗത്തെ കുറിച്ച ഭയവും ആശങ്കയുമില്ലാതെ ശരിയായും ക്രിയാത്മകമായും സമീപിക്കുന്നതിന് നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാകുമെന്ന് ഞാനവരോട് പറഞ്ഞു. അവയെന്താണെന്ന അവരുടെ അന്വേഷണത്തിന് ഞാന്‍ നല്‍കിയ മറുപടിയാണിവിടെ. ഒന്ന്, ഈ രോഗത്തെ കുറിച്ച് അവനോട് സംസാരിക്കാന്‍ നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ ഭീതിയും ടെന്‍ഷനുമുണ്ടാക്കുന്ന തരത്തില്‍ സംസാരിക്കരുത്. ഈ രോഗം കാരണം ലോകം അവസാനത്തോടടുത്തിരിക്കുന്നുവെന്നോ ആളുകളെല്ലാം മരിക്കുമെന്നോ തോന്നിപ്പിക്കും വിധം മരണസംഖ്യയോ അതുണ്ടാക്കുന്ന നാശങ്ങളോ വിവരിക്കരുത്. ഒട്ടും അതിശയോക്തി കലര്‍ത്താതെ യാഥാര്‍ഥ്യങ്ങള്‍ സംസാരിക്കുന്നതിനൊപ്പം രോഗത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഊന്നല്‍ കൊടുക്കുന്നതായിരിക്കണം നിങ്ങളുടെ സംസാരം.

രണ്ട്, പരിസ്ഥിതി ദുരന്തങ്ങളെ സംബന്ധിച്ച ചരിത്രപരമായ വിവരങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മാരകരോഗങ്ങള്‍ പോലെ പല രാഷ്ട്രങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചവര്‍ മനസ്സിലാക്കണം. ഇത്തരം പ്രതിസന്ധികളെ നേരിടാനും സുരക്ഷിതമായ രീതിയില്‍ അവയെ കൈകാര്യം ചെയ്യാനും മനുഷ്യരെല്ലാം സജ്ജരായിരിക്കണമെന്നതാണ് പ്രധാനം. മൂന്ന്, മക്കളോട് കൊറോണയുണ്ടാക്കുന്ന രോഗത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്ഥിരീകരിച്ച ശരിയായ വിവരങ്ങള്‍ മാത്രമേ സംസാരിക്കാവൂ. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും കുട്ടികളോട് പറയരുത്. നാല്, മനുഷ്യര്‍ക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും നല്ല വശങ്ങളുണ്ടാവുമെന്ന് കുട്ടികള്‍ക്ക് വ്യക്തമാക്കി കൊടുക്കണം. അല്ലാഹു പറയുന്നത് നോക്കൂ: ”നിങ്ങള്‍ക്കു ഗുണകരമായ ഒരു കാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല.” (അല്‍ബഖറ: 216) അല്ലാഹു കണക്കാക്കിയിരിക്കുന്ന നന്മ എവിടെയാണെന്ന് മനുഷ്യന് അറിയില്ലല്ലോ.

Also read: പ്രായപൂര്‍ത്തിയാകുന്ന മക്കളോട് തുറന്ന് പറയേണ്ട 13 കാര്യങ്ങള്‍

അഞ്ച്, നിങ്ങളുടെ മകന് ഇക്കാര്യത്തില്‍ ഭയമുണ്ടെങ്കില്‍ നിങ്ങളും അതിനെ ഭയക്കുന്നുണ്ടെന്നാണ് പൊതുവെ അര്‍ത്ഥമാക്കുന്നത്. നിങ്ങളറിയാതെ ആ ഭയം അവനിലേക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. കാരണം നാം ജീവിക്കുന്ന അവസ്ഥയിലൂടെയാണ് നമ്മുടെ മക്കളും ജീവിക്കുന്നത്. നാം അനുഭവിക്കുന്നത് തന്നെയാണ് അവരും അനുഭവിക്കുന്നത്. നമ്മുടെ സംസാരങ്ങളുടെയും സ്വഭാവത്തിന്റെയും കണ്ണാടിയാണവര്‍. ഓരോ സംഭവങ്ങളോടുമുള്ള നമ്മുടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നവരാണവര്‍. എന്നാല്‍ നമുക്ക് കാര്യങ്ങളെ വിലയിരുത്താനും തുലനം ചെയ്യാനും സാധിക്കും. അതേസമയം നമ്മുടെ മക്കളുടെ ഭാവന വിശാലമാണ്. തങ്ങള്‍ കേട്ടതിനെ കുറിച്ച് അസ്വസ്ഥാരുന്ന അവര്‍ സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് ഊഹിക്കുകയും ഭയാനകവും അസ്വസ്ഥപ്പെടുത്തുന്നതുമായ അതിന്റെ ഫലങ്ങള്‍ ഭാവനയില്‍ കാണുകയും ചെയ്യുന്നു. ആറ്, കൊറോണ വൈറസിനെ നേരിടുന്നതില്‍ വിജയിച്ച രാഷ്ട്രങ്ങളുടെ അനുഭവങ്ങള്‍ നാം മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഈ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞ രാഷ്ട്രങ്ങളുണ്ട്. ഏഴ്, രോഗാവസ്ഥയില്‍ നിന്ന് സുഖം പ്രാപിച്ച ഉദാഹരങ്ങള്‍ അവര്‍ക്ക് വിവരിച്ചു കൊടുക്കണം. അതോടൊപ്പം മനുഷ്യരിലെ പ്രതിരോധ ശേഷിയുടെ പ്രാധാന്യം പഠിപ്പിച്ചു കൊടുക്കുകയും വേണം. പ്രതിരോധ ശേഷി കൂടുന്നതിനനുസരിച്ചാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള മനുഷ്യന്റെ കഴിവ്. പ്രതിരോധ ശേഷി ദുര്‍ബലപ്പെടുമ്പോഴാണ് രോഗങ്ങള്‍ ശരീരത്തെ കടന്നാക്രമിക്കുന്നത്. ഈ വിവരം പകര്‍ന്നു നല്‍കുന്നതിലൂടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ആരോഗ്യകരമായ ആഹാരശീലവും വ്യായാമവും ഉണ്ടാക്കിയെടുക്കാനും സാധിക്കും.

Also read: അനുഗ്രഹവും പരീക്ഷണവും; വിശ്വാസിയുടെ സമീപനം – 1

എട്ട്, ഖുര്‍ആന്‍ കൊണ്ടും ദൈവവിശ്വാസം കൊണ്ടും സ്വന്തത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും മക്കളെ പഠിപ്പിക്കണം. അഭയാര്‍ഥനകളുടെ പാരായണവും പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദിക്‌റുകളും ദോഷങ്ങളില്‍ നിന്നുള്ള അല്ലാഹുവിന്റെ സംരക്ഷണം ഉദാഹരണമാണ്. അല്‍ഹഫീദ്, അശ്ശാഫി (സംരക്ഷകന്‍, ശമനം നല്‍കുന്നവന്‍) പോലുള്ള ദൈവനാമങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാം. ഒമ്പത്, കുട്ടിക്ക് പ്രയോജനകരമാവുന്ന തരത്തില്‍ സമയം വിനിയോഗിക്കുന്നതിന് രോഗ പ്രതിരോധത്തിനായി നല്‍കപ്പെട്ടിട്ടുള്ള അപ്രതീക്ഷിത അവധിക്കാലം ഉപയോഗപ്പെടുത്തണം. അവരിലെ കഴിവുകളും ശേഷികളും വികസിപ്പിക്കാനുതകുന്ന കളികളും സാംസ്‌കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളും ഉദാഹരണങ്ങളാണ്. മനപാഠമാക്കാന്‍ കഴിവുള്ളവര്‍ വായിക്കുകയും മനപാഠമാക്കുകയും ചെയ്യട്ടെ. കായികശേഷിയുള്ളവര്‍ കായിക വിനോദങ്ങളിലേര്‍പ്പെടുകയും കലാവാസനയുള്ളവര്‍ വരക്കുകയും നിറംകൊടുക്കുകയും ചെയ്ത് സമയം പ്രയോജനപ്പെടുത്തട്ടെ. കളികള്‍ കുട്ടികളുടെ മേലുള്ള സമ്മര്‍ദങ്ങള്‍ ലഘുകരിക്കുകയും അനിഷ്ടകരമായ വാര്‍ത്തകള്‍ ജനിപ്പിച്ച ഉത്കണ്ഠകളും ടെന്‍ഷനും മറക്കാന്‍ കാരണമാവുകയും ചെയ്യുന്നു. പത്ത്, ഖുര്‍ആന്‍ പാരായണം ചെയ്യാനും മനപാഠമാക്കാനും, സാധ്യാമാകുന്ന രീതിയില്‍ ഹദീസുകളും പ്രവാചക ചരിത്രവും സഹാബികളുടെ ജീവിതവും മനസ്സിലാക്കാനും ഈ അവധിക്കാലം ഉപയോഗപ്പെടുത്തണം. പതിനൊന്ന്, വീട്ടുജോലികളില്‍ സഹായിക്കാന്‍ മക്കളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. അവര്‍ സ്വന്തം മുറി വൃത്തിയാക്കാനും ലളിതമായ പാചകങ്ങള്‍ക്കും അവര്‍ക്ക് അവസരം നല്‍കണം. പന്ത്രണ്ട്, നന്മ തിന്മകളെല്ലാം അല്ലാഹുവിന്റെ വിധിയും തീരുമാനവും അനുസരിച്ചാണെന്ന ഈമാന്റെ അടിസ്ഥാനം മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണ്. നമ്മുടെ പരിശ്രമങ്ങള്‍ക്ക് ശേഷം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യവും മക്കള്‍ക്ക് ബോധ്യപ്പെടുത്തണം. കൊറോണ വൈറസ് നിങ്ങളുടെ കുഞ്ഞുങ്ങളിലുണ്ടാക്കിയ അസ്വസ്ഥകള്‍ ഇല്ലാതാക്കാനുള്ള പന്ത്രണ്ട് വഴികളാണിവ. എല്ലാം കേട്ട് എനിക്ക് നന്ദിയും അറിയിച്ചാണ് ആ ഉമ്മ സംസാരം അവസാനിപ്പിച്ചത്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles