Current Date

Search
Close this search box.
Search
Close this search box.

അപകോളനീകരണ ചിന്ത- ഒരു ആമുഖം

കൊളോണിയൽ ശക്തികൾ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും തങ്ങളുടെ കോളനികളിൽ ആധിപത്യം പുലർത്തുന്ന ഒരു സ്ഥിതിവിശേഷമാണ് കോളനിവാഴ്ച (Colonialism) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ യൂറോപ്യൻ ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോളനികൾ സ്ഥാപിച്ച കാലഘട്ടത്തെ വിശേഷിപ്പിക്കാനാണ് പ്രധാനമായും ‘കോളനിവാഴ്ച’ എന്ന പദം ഉപയോഗിക്കുന്നത്.

കോളനിവാഴ്ച എന്ന് വിളിക്കപ്പെടാവുന്ന സംഭവങ്ങൾക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ചരിത്രാതീതകാലത്ത് ഈജിപ്തുകാരും റോമാക്കാരും ഗ്രീക്കുകാരും കോളനികൾ സ്ഥാപിച്ചിരുന്നു. ‘കൃഷിസ്ഥലം’ എന്നു അർത്ഥം വരുന്ന കൊളോണിയ എന്ന ലത്തീൻ പദത്തിൽ നിന്നാണ് കോളനി എന്ന പദം ഉത്ഭവിച്ചത്. പതിനൊന്ന് – പതിനെട്ട് നൂറ്റാണ്ടുകളിൽ വിയറ്റ്നാമുകാർ തങ്ങളുടെ രാജ്യത്തിന്റെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ സൈനിക കോളനികൾ സ്ഥാപിച്ചിരുന്നു.
1492 ൽ കൊളംബസ് അമേരിക്കയിലെത്തുകയും അവിടെയുണ്ടായിരുന്ന തദ്ദേശീയ്യരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. അതിന് ശേഷം സ്പെയിൻ, ഡച്ച്, പോർച്ചുഗീസ്, ഫ്രാൻസ്, ബ്രിട്ടീഷ് ശക്തികളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കയ്യേറുകയും തങ്ങളുടെ കോളനികൾ സ്ഥാപിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായി സാമ്രാജ്യങ്ങളും സ്ഥാപിക്കപ്പെട്ടു. അങ്ങനെ അഞ്ഞൂറിലധികം വർഷങ്ങൾ നീണ്ടുനിന്ന കോളനിവൽക്കരണത്തിനും അധിനിവേശങ്ങൾക്കും 1960 ലെ യൂറോപ്യൻ ശക്തികളുടെ പിന്മാറ്റത്തോടെ അന്ത്യം കുറിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. പക്ഷെ ആ പിന്മാറ്റത്തോടെ കൊളോണിയലിസം പൂർണമായി അവസാനിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

പോസ്റ്റ് കൊളോണിയലിസം

പാശ്ചാത്യ കൊളോണിയലിസത്തിനു ശേഷമുള്ള കാലഘട്ടത്തെക്കുറിച്ചുള്ള പഠനത്തെയാണ് പോസ്റ്റ് കൊളോണിയലിസ പഠനം എന്ന് വിളിക്കുന്നത്. അഥവാ, കൊളോണിയലിസത്തിൽ നിന്ന് ഡികൊളോണിയൽ കാഴ്ചപ്പാടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാംസ്കാരികവും സാഹിത്യപരവുമായ പഠനങ്ങളിൽ വേരൂന്നിയ ഒരു മേഖലയാണ് പോസ്റ്റ് കൊളോണിയലിസം. പോസ്റ്റ് കൊളോണിയലിസത്തിന്റെ പ്രവേശനത്തോടു കൂടി കൊളോണിയലിസം പൂർണമായി അവസാനിച്ചിട്ടുണ്ടോ എന്ന ചോദ്യം നിരന്തരമായി ഉന്നയിക്കുന്നതായി കാണാൻ സാധിക്കും. പോസ്റ്റ് കൊളോണിയലിസത്തിലൂടെ അപകോളനീകരണ ചിന്ത യഥാർത്ഥത്തിൽ പ്രായോഗികവൽകരിക്കപ്പെടുന്നില്ല. മറിച്ച്, അതിന്റെ സൈദ്ധാന്തിക പതിപ്പാണ് കോളനിയാനന്തര കാലം എന്നാണ് പൊതുവെ മനസിലാക്കപ്പെടാറുള്ളത്. കൊളോണിയലിസത്തിന്റെ ഭാഗമായുണ്ടായ ധാരാളം സാമൂഹിക വിവേചനങ്ങളും ആധിപത്യങ്ങളും അതിനു ശേഷവും പ്രത്യേകിച്ച്, കോളനിയാനന്തര സമൂഹത്തിലും നിലനിന്നതായി കാണാൻ സാധിക്കും.

ഡികൊളോണിയലിസം അഥവാ അപകോളനീകരണ ചിന്ത

കോളനിവൽകൃത രാജ്യങ്ങൾ കൊളോണിയലിസത്തിൽ നിന്നും മുക്തമാവുന്ന പ്രകിയയാണ് ഡികൊളോണിയലിസം അഥവാ അപകോളനീകരണം.
പോസ്റ്റ് കൊളോണിയലിസം എന്ന സൈദ്ധാന്തിക പതിപ്പിൽ നിന്ന് പ്രായോഗിക ഘട്ടത്തിലേക്ക് എത്തിച്ചേർന്ന ഒരു ഘട്ടമാണ് ഡികൊളോണിയലിസം എന്ന് ചുരുക്കി പറയാം. ഡീ കൊളോണിയൽ ചിന്തയുടെ വേരുകൾ പതിനാറാം നൂറ്റാണ്ടിൽ ഒക്കെയാണ് കാണാൻ കഴിയുന്നത്. കൊളോണിയലിസത്തിന്റെ സ്വാധീനങ്ങളെ മുഴുവനായി നിഷേധിക്കുകയെന്നതല്ല, മറിച്ച്, അതിന്റെ അടിസ്ഥാനമായി നിലനിൽക്കുന്ന കൊളോണിയൽ അധികാരങ്ങളുടെ സ്വാധീനങ്ങളെ നിരാകരിക്കലാണ് യഥാർത്ഥത്തിൽ ഡികോളൊണിയാലിറ്റി.

അപകോളനീകരണ ചിന്ത കേവലം ഏതെങ്കിലും ഒരു പ്രത്യേക പഠനമേഖലയിലെ സവിശേഷമായ വ്യവഹാരമല്ല. മറിച്ച്, എല്ലാ പഠന മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ വിജ്ഞാന മേഖലയാണ്. യൂറോ-കേന്ദ്രീകൃത ചിന്താ രീതികൾക്കപ്പുറത്ത് വിജ്ഞാനവും അതിന്റെ ടൂളുകളും വികസിപ്പിക്കുകയെന്നതായിരുന്നു ഡികോളോണിയാലിറ്റിയുടെ സമീപനം. ഇതിനു തുടക്കം കുറിച്ച വാൾട്ടർ മിഗ്നാലോ, തിമോത്തി ലോറി, ആനിബൽ ക്യുബാനെ തുടങ്ങിയ ഡികൊളോണിയൽ ചിന്തകർ അറിവിനെയും ജ്ഞാനശാസ്ത്രത്തെയുമാണ് പ്രധാന മേഖലയായി പരിഗണിച്ചത്. അതുകൊണ്ടു തന്നെ ഡികൊളോണിയാലിറ്റിയിലൂടെ ചിന്താ രീതിക്ക് പുതിയ വഴി തുറന്നു കൊടുക്കാൻ സാധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. ഈ ആശയം വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച പണ്ഡിതനാണ് ലാറ്റിനമേരിക്കയിലെ അനിബൽ കിഹാനോ. സമൂഹത്തിലെ ആധിപത്യം, അധികാരം, ജ്ഞാനോൽപാദനം തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ പങ്ക്  വിസ്‌മരിക്കാവതല്ല.

വാൾട്ടർ മിഗ്നാലോ അപകോളനീകരണ ചിന്തയുടെ അടിസ്ഥാനമായി പറയുന്നത് ‘ഡിലിങ്കിംഗ് ‘ എന്നൊരു പ്രക്രിയെയാണ്. ഡിലിങ്കിംഗ് എന്നത് ജ്ഞാനശാസ്ത്രപരമായൊരു വേർപ്പെടലാണ്. കൊളോണിയാലിറ്റിയുടെ ഭാഗമായുണ്ടായ എല്ലാ ജ്ഞാനശാസ്ത്രങ്ങളെയും, പോസ്റ്റ് കൊളോണിയാലിറ്റിയുടെ സിദ്ധാന്തങ്ങളെയടക്കം നിരാകരിക്കുകയും പിന്നീട് ഇവയുടെ എല്ലാ സ്വാധീനങ്ങളിൽ നിന്നും മുക്തമായി കാര്യങ്ങളെ കാണാൻ ശ്രമിക്കണം. ഇപ്രകാരം ഒരു പുതിയ ജ്ഞാനശാസ്ത്രം വികസിപ്പിക്കണം എന്നതാണ് ഡിലിങ്കിംഗ് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

ഇദ്ദേഹം തന്നെ മുന്നോട്ട് വെക്കുന്ന മറ്റൊരു ആശയമാണ് ‘ബോർഡർ തിങ്കിംഗ്’. വൈവിധ്യമാർന്നതും, അനുഭവത്തിലൂടെ ആർജിച്ചതുമായ എല്ലാ ജ്ഞാനരൂപങ്ങളെയും ആഗോള ജ്ഞാനശാസ്ത്രം (യൂണിവേഴ്സൽ എപിസ്റ്റമോളജി) ഹനിക്കുകയും ഉന്മൂലനം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇതിന് പകരമായി പല വീക്ഷണകോണുകളിൽ നിന്നും കാര്യങ്ങളെ നോക്കിക്കാണുന്ന മറ്റൊരു ജ്ഞാനശാസ്ത്രത്തെ വിഭാവന ചെയ്യുന്നതിനെയാണ് ബോർഡർ തിങ്കിംഗ് എന്ന് മിഗ്നാലോ പറയുന്നത്. ആഗോള ജ്ഞാനശാസ്ത്രത്തിന് പകരം വൈവിധ്യമാർന്ന ജ്ഞാനശാസ്ത്രത്തെ (പ്ലൂരിവേഴ്സൽ എപിസ്റ്റമോളജി) മുന്നോട്ടുവെക്കുക എന്നതാണ് ബോർഡർ തിങ്കിംഗ് കൊണ്ട് അർത്ഥമാക്കുന്നത്. ആഗോള ജ്ഞാനശാസ്ത്രത്തിലൂടെ സ്ഥാപിതമാകുന്ന എല്ലാ ആധിപത്യങ്ങളോടും ബന്ധം ഇല്ലാതാക്കുക (ഡിലിങ്കിംഗ്) എന്നതാണ് ഡികൊളോണിയാലിറ്റിയിലൂടെ സംഭവിക്കുക.

ഡികൊളോണിയൽ ചിന്താ പദ്ധതി വികസിക്കുകയും വ്യത്യസ്ത വിഭാഗങ്ങളായി വേർതിരിക്കപ്പെടുകയും ഓരോ വിഭാഗത്തിലും സവിശേഷ പഠനങ്ങൾ നടക്കുകയും ചെയ്തതായി കാണാൻ സാധിക്കും.

Related Articles