Current Date

Search
Close this search box.
Search
Close this search box.

ഇഷ്ടപ്പെട്ട പുസ്തകം എതെന്ന ചോദ്യത്തിന് ജി എസ് പ്രദീപിനുള്ള ഉത്തരം

പുസ്തകം എന്നതിനെ ഇങ്ങിനെ വിശദീകരിക്കാം “ എഴുത്തുകള്‍ ചിത്രങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിച്ചു വെച്ച ഒരു കൂട്ടം”. ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ  ടെലിവിഷൻ അവതാരകൻ  ജി എസ് പ്രദീപിനോട് താങ്കള്‍ക്കു ഏറ്റുവും ഇഷ്ടപ്പെട്ട പുസ്തകം എതെന്ന ചോദ്യത്തിന് അദ്ദേഹം രണ്ടു പുസ്തകത്തെ കുറിച്ച് പറഞ്ഞു. അതില്‍ ഒന്ന് ഖുര്‍ആനായിരുന്നു.

ഖുര്‍ആനിനെ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നത് പുസ്തകം എന്ന് തന്നെയാണ്. “ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി.” ഈ പുസ്തകത്തോട് വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതിന് മുമ്പ് ഇതൊരു പുസ്തകമാണ് എന്ന നിലപാട് ആദ്യമേ സ്വീകരിക്കണം. പുസ്തകം വായിക്കുന്നതിനു ചില അടിസ്ഥാന ആവശ്യങ്ങളുണ്ട്. ഒന്ന് വിവര ശേഖരണമാണ്. എന്തിനു വിവരം ശേഖരിക്കണം എന്ന് ചോദിച്ചാല്‍ അത് കൊണ്ട് ജീവിതത്തില്‍ ഗുണകരമായ ഫലമുണ്ടാകണം. അത് കൊണ്ട് വായന എന്ന ക്രിയ നടന്നാല്‍ മാത്രമേ പുസ്തകം ഗുണം ചെയ്യൂ.

പ്രവാചകന്റെ കാലത്ത് നാമിന്നു കാണുന്നത് പോലെയുള്ള ഖുര്‍ആന്‍ പ്രതികളില്ല എന്നാണ് വിവരം. എങ്കിലും ഖുര്‍ആന്‍ ഖുര്‍ആനിനെ പുസ്തകം എന്ന് വിളിച്ചു. അപ്പോള്‍ വായിക്കാന്‍ സാധ്യമായ ഒന്ന് എന്ന രീതിയില്‍ അതിനെ പരിഗണിക്കല്‍ നിര്‍ബന്ധമാണ്‌. ജി എസ് പ്രദീപ്‌ ഖുര്‍ആനെ ഒരു പുസ്തകം എന്ന നിലയില്‍ പരിഗണിച്ചു. അപ്പോള്‍ അദ്ദേഹത്തിന് അതില്‍ നിന്നും ജീവിതത്തിനു ആവശ്യമായ പലതും ലഭിച്ചെന്നു അദ്ദേഹം പറയുന്നു. ജീവിത കാലം മുഴുവന്‍ ഓതിയിട്ടും ഖുര്‍ആനിന്റെ ആളുകള്‍ക്ക് ഒന്നും ലഭിക്കാതെ പോകുന്നത് അവര്‍ ഖുര്‍ആന്‍ വായിക്കാന്‍ തയ്യാറാകുന്നില്ല എന്ന കാരണത്താലും.

Also read: ഹിസ്ബുല്ലയോട് വിയോജിക്കാം, പക്ഷേ എല്ലാം വിയോജിപ്പാവരുത്!

വായിക്കുക എന്നത് കല്‍പ്പനയോട് കൂടിയാണ് ഖുര്‍ആന്‍ അവതരണം ആരംഭിച്ചത്. ശേഷം മനുഷ്യ സൃഷ്ട്ടിപ്പിനെ കുറിച്ചും പേനയെ കുറിച്ചും എഴുത്തിനെ കുറിച്ചും ഖുര്‍ആന്‍ പറഞ്ഞു. വായന ചിന്ത എഴുത്ത് എന്നതാണ് മതം ആഗ്രഹിക്കുന്ന വളര്‍ച്ചയുടെ ഘട്ടങ്ങള്‍. ഖുര്‍ആന്‍ ചിന്തിപ്പിക്കാന്‍ പ്രചോദിപ്പിക്കുന്ന ഗ്രന്ഥമാണ്. വായനക്കാരോട് ചോദ്യം ഉന്നയിക്കുന്ന ഗ്രന്ഥമാണ്. പക്ഷെ അതൊന്നും മനസ്സിലാക്കാതെയാണ് പലരും ഗ്രന്ഥം പാരായണം ചെയ്യുന്നത് . അവര്‍ “ ഓതി” ക്കൊണ്ടിരിക്കുന്നു. വായിക്കുന്നില്ല. അത് കൊണ്ട് തന്നെ ഖുര്‍ആന്‍ അവരില്‍ ഒരു മാറ്റവും വരുത്തുന്നില്ല.

ഖുര്‍ആന്‍ അല്ലാഹുവിന്റെ “ കലാമാണ്”. അത് കൊണ്ട് തന്നെ കേവല പാരായണം കൊണ്ട് പ്രതിഫലം ലഭിക്കും. കേവല പാരായണം മാത്രമാണ് ഖുര്‍ആനിന്റെ ലക്‌ഷ്യം എന്നിടത്താണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. പാരായണ നിയമം ഖുര്‍ആനിന്റെ പ്രത്യേകതയാണ്. ചിലര്‍ ജീവിതകാലം മുഴുവന്‍ പാരായണ നിയമം പഠിക്കാന്‍ സമയം കളയുന്നു. ചിലര്‍ കാണാതെ പഠിക്കാന്‍ ശ്രമിക്കുന്നു. ഇതൊന്നും വേണ്ട എന്നാരും പറയില്ല. പക്ഷെ ഖുര്‍ആന്‍ കൊണ്ട് സമൂഹത്തില്‍ നടക്കേണ്ട യതാര്‍ത്ഥ ലക്‌ഷ്യം അധികം പേരും അവഗണിക്കുന്നു.

ഖുര്‍ആന്‍ ആസ്വാദനത്തോടെ വായിച്ചു തീര്‍ക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല. അത് മനസ്സിലാവുന്നില്ല എന്നത് തന്നെ കാരണം. എങ്കിലും പുണ്യം ആഗ്രഹിച്ചു വിശ്വാസി ഓത്തു തുടരുന്നു. എന്താണു പുണ്യം എന്നത് പോലും അയാള്‍ അറിയാതെ ഓതി പോകുന്നു. ഖുര്‍ആന്‍ പൂര്‍ണമായി ഓതിയിട്ടും തനിക്കു ആവശ്യമായ ഒന്നും ലഭിക്കാതെ അയാള്‍ വീണ്ടും ഓത്ത് തുടരുന്നു. എത്ര പാരായണം ചെയ്തു എന്നതിനേക്കാള്‍ എത്ര ലഭിച്ചു എന്നതാണ് മുന്‍ഗാമികള്‍ ചിന്തിച്ചത്. അത് കൊണ്ട് ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി പാരായണം ചെയ്യാന്‍ പറഞ്ഞു. ചിന്തയില്ലാത്ത വായന വായിക്കാത്തതിനു തുല്യമാണ്. അത് കൊണ്ട് തന്നെ നാം പറയേണ്ടി വരും. “ ആദ്യമേ അവഗണിക്കപ്പെട്ട ആദ്യ കല്‍പ്പന”. നമ്മില്‍ അധിക പേരും ഇനിയും ഖുര്‍ആന്‍ വായിച്ചിട്ടില്ല എന്നത് മറ്റൊരു നഗ്ന സത്യവും.

Related Articles