Your Voice

കരുണക്കടലായ ദൈവം

മനുഷ്യന്റെ നന്മയും തിന്മയും രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നു നാം പഠിച്ചിട്ടുണ്ട്. ഒരാൾ ഒരു നന്മ ചെയ്താൽ അതിന് നൽകുന്ന പ്രതിഫലം പത്തു ആയിരിക്കുമെന്നും ഒരാൾ ഒരു തിന്മ ചെയ്താൽ അയാളുടെ റിക്കാർഡിൽ ഒരു തിന്മ മാത്രമേ രേഖപ്പെടുത്തുകയുള്ളൂവെന്നും വേദഗ്രന്ഥത്തിൽ കൂടി നാം അറിയുന്നു.

ഇനിയൊരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചത് മാത്രമേയുള്ളൂ. ചെയ്യാൻ അയാൾക്ക് സാധിച്ചില്ല. എങ്കിൽ അയാളുടെ പേരിൽ ഒരു നന്മ രേഖപ്പെടുത്തുന്നു. എന്നാൽ ഒരുവൻ ഒരു തിന്മ ചെയ്യാൻ ഉദ്ദേശിച്ചത് കൊണ്ട് മാത്രം അയാളുടെ പേരിൽ ഒരു തിന്മ രേഖപ്പെടുത്തുന്നില്ല. നോക്കൂ ദൈവത്തിന്റെ സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ വലിപ്പം !

ഒരു വാക്കും രേഖപ്പെടുത്താതെ പോകുന്നില്ല എന്നു ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ( ഖുർആൻ 50: 17,18) ഈ രേഖപ്പെടുത്തൽ രണ്ടു മാലാഖമാരിൽ കൂടി ആണെന്നും നമ്മെ അറിയിച്ചിട്ടുണ്ട്. ഒരു മാലാഖ നന്മ മാത്രം രേഖപ്പെടുത്തുമ്പോൾ മറ്റേ മാലാഖ തിന്മ മാത്രം രേഖപെടുത്തുന്നു.

ഇതു മനുഷ്യന്റെയോ അല്ലെങ്കിൽ ഏതെങ്കിലും ഭൗതിക ചിന്താഗതിയുടെ അടിസ്ഥാനത്തിലോ ആയിരിക്കില്ല. ദൈവം അനുശാസിച്ച കാര്യങ്ങൾ ചെയ്യുക എന്നതും ദൈവം വിലക്കിയ കാര്യങ്ങളിൽ നിന്നു വിട്ടു നിൽക്കുക എന്നതുമാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. അതു തന്നെ ദൈവപ്രീതി മാത്രമായിരിക്കണം അതിന്റെ ഉദ്ദേശ്യം.
ഒരാൾ ജനങ്ങളെ കാണിക്കാൻ ധർമം ചെയ്യുന്നത് ഭൗതികമായ അർത്ഥത്തിൽ നന്മ എന്നു നാം പറയുമെങ്കിലും ദൈവം അതു ഒരു നന്മയായി കണക്കാക്കില്ല. എങ്കിലും നന്മയുടെ മാലാഖ അതു വേഗം രേഖപ്പെടുത്തുന്നു. അവസാന തീരുമാനം ദൈവത്തിന്റെതായിരിക്കും എന്നു പറയേണ്ട തില്ലല്ലോ. അതു പോലെ ഒരാൾ നിർബന്ധ സാഹചര്യത്തിൽ ചെയ്യുന്ന തിന്മ മനുഷ്യരുടെ തീരുമാനത്തിൽ തിന്മ ആണെങ്കിലും ദൈവം അതിന്റെ സാഹചര്യം നോക്കിയിട്ട് മാത്രമേ അതു തിന്മ യെന്ന് രേഖപ്പെടുത്തുകയുള്ളൂ.

Also read: എന്റെ ശരീരം എന്റേതാണോ?

അതിനാൽ തന്നെ നന്മയുടെ മാലാഖയുടെ ജോലിയായിരിക്കും തിന്മയുടെ മാലാഖയെക്കാൾ കൂടുതൽ. കാരണം ഒരു തിന്മ ഒരു മനുഷ്യൻ ചെയ്താൽ അതിന്റെ മാലാഖ അതു ഉടനെ രേഖപ്പെടുത്തുന്നില്ല. ഹദീസിൽ (പ്രവാചക വചനത്തിൽ) പറയുന്നത് ആറു മണിക്കൂർ കാത്തു നിന്ന ശേഷമേ അതു രേഖപ്പെടുത്തൂ എന്നാണ്.

ഇങ്ങനെ ആറു മണിക്കൂർ വൈകുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് അതിനിടയിൽ അവൻ അല്ലെങ്കിൽ അവൾ പാശ്ചാത്തപിച്ചു മടങ്ങുന്നുണ്ടോ എന്നു നോക്കുവാനാണ്. അങ്ങനെ പശ്ചാത്ത പിച്ചാൽ പിന്നെ അതു രേഖപ്പെടുത്തുകയില്ല. എന്ന് മാത്രമല്ല പശ്ചാത്തപിച്ചതിന്റെ വകയായി നന്മയുടെ കോളത്തിൽ ഒരു നന്മ രേഖപ്പെടുകയും ചെയ്യും . രണ്ടാമത്തെ കാരണം തിന്മയാണ് ചെയ്തതെങ്കിലും അതു ചെയ്യാനുള്ള സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ കഴിയുന്നത്ര നമ്മുടെ റെക്കോർഡ് നന്മയുടെ കനം തൂങ്ങുവാൻ കാരുണ്യവാനായ ദൈവം കനിയുന്നു.

ദൈവം മനുഷ്യന്റെ കണ്ഠ നാഡിയെക്കാളും അടുത്തആണ് എന്നു പറഞ്ഞ ഉടനെയാണ് ഈ രേഖപ്പെടുത്തുന്ന മാലാഖ മാരെ പറ്റി പറഞ്ഞത്. ദൈവത്തിനു എല്ലാം നേരിട്ടറിയാൻ പറ്റുമെങ്കിൽ ഇങ്ങനെ ഒരു മാലാഖമാരുടെ ആവശ്യമുണ്ടോ എന്നു ചോദിച്ചേക്കാം. ഇതിന്റെ ഉത്തരം ഈ രേഖപ്പെടുത്തൽ ദൈവത്തിന്റെ ആവശ്യത്തിനല്ല. മറിച്ചു മനുഷ്യനോട്‌ ഉള്ള അങ്ങേ അറ്റത്തെ നീതിയുടെ ഭാഗമായി അവനവന്റെ റെക്കോർഡ് നേരിട്ട് കാണിച്ചു കൊടുക്കുവാൻ വേണ്ടിയാണു. എന്ത് കാരണത്താലാണ് താൻ ശിക്ഷിക്കപ്പെടാൻ പോകുന്നു എന്ന് അവനെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ നീതിമാനായ ദൈവം ഒരാളെ ശിക്ഷിക്കുകയുള്ളൂ.

കാരുണ്യ ക്കടലായ ദൈവം നമ്മുടെ വിചാരണ എളുപ്പമുള്ളതാക്കട്ടെ..

Facebook Comments

എന്‍ കെ പി ഷാഹുല്‍ ഹമീദ്

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ മർഹൂം എം സി അബ്ദുല്ലയുടെയും എൻ കെ പി കദീജയുടെയും മൂത്ത മകനായി ജനനം. തങ്കയം എൽ പി സ്കൂൾ, തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, ഫാറൂഖ് കോളേജ് , സൗദി അറേബ്യായിലെ ഇമാം മുഹമ്മദ്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. സൗദിയിലെ റിയാദ് ബാങ്ക്, യു എ ഇ യിൽ അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവിടങ്ങളിൽ ജോലി നോക്കി. ഇപ്പോൾ നാട്ടിൽ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവം. യു എ ഇ റേഡിയോയിൽ അറബിക് ടീച്ചർ പ്രോഗ്രാം നടത്തിയിരുന്നു. ഭാര്യ : എൻ ഹഫ്‌സ, മക്കൾ : ഡോ. വഫ, ഹാനി, മുഹ്സിൻ, നുഹ, മരുമക്കൾ: ഫഹദ് പി.കെ, , ഡോ. ഷെഹ്‌സാദി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker