Tharbiyya

എന്റെ ശരീരം എന്റേതാണോ?

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ച് ബോധവല്‍കരിക്കുമ്പോള്‍ ആവര്‍ത്തിച്ച് കേള്‍ക്കാറുള്ള ഒരു മുദ്രാവാക്യമാണ് ‘എന്റെ ശരീരം, എന്റെ സ്വത്ത്’ എന്നത്. ബന്ധുക്കുളുടെയും പരിചയക്കാരുടെയും ഭാഗത്തു നിന്നും കുട്ടികള്‍ക്ക് നേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങളെ ചെറുക്കേണ്ടത് വളരെ പ്രധാനവും അനിവാരവുമാണ്. എന്നാല്‍ അതിന്നായി ഉപയോഗിക്കപ്പെടുന്ന ‘എന്റെ ശരീരം എന്റെ സ്വത്ത്’ എന്ന മുദ്രാവാക്യം അത്ര ശരിയല്ല. യഥാര്‍ത്ഥത്തില്‍ മനുഷ്യന് അവന്റെ ശരീരത്തിന്റെ ഉടമസ്ഥാവകാശമുണ്ടോ? വളരെ പ്രസ്‌ക്തമായ ചോദ്യമാണിത്.

മനുഷ്യന് അവന്റെ ശരീരത്തിന്റെ ഉടമസ്ഥാവകാശമുണ്ടെന്ന് പറയുമ്പോള്‍ അവനുദ്ദേശിക്കുന്ന പോലെ അതുപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ് അംഗീകരിച്ചു കൊടുക്കുന്നത്. നാം മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം നമ്മുടെ വിശ്വാസത്തിന് നിരക്കാത്ത കാര്യമാണ്. മനുഷ്യന് അവന്റെ ശരീരത്തിന്റെ ഉടമസ്ഥാവകാശമുണ്ടെന്ന് നാം വിശ്വസിക്കുകയാണെങ്കില്‍ താനുദ്ദേശിക്കുന്നത് പോലെ ആ ശരീരത്തെ വിനിയോഗിക്കാനുള്ള അവകാശം മനുഷ്യന് നല്‍കുന്നു. വിവാഹിതനായ പുരുഷന്‍ പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തി ഇണയെ വഞ്ചിക്കുമ്പോഴും ഭാര്യക്ക് അദ്ദേഹത്തെ എതിര്‍ക്കാനാവില്ല. കാരണം അദ്ദേഹത്തിന്റെ ശരീരം അദ്ദേഹത്തിന്റേതാണ്. അപ്രകാരം സ്ത്രീക്കും തന്റെ ഇഷ്ടം പോലെ തന്റെ ശരീരം ഉപയോഗിക്കാനാവും. ഇനി അവള്‍ പൂര്‍ണ നഗ്നയായി പുറത്തിറങ്ങി നടന്നാലും ആര്‍ക്കും അവരെ തടയാനാവില്ല. കാരണം ‘എന്റെ ശരീരം എന്റെ സ്വത്താണ്’ എന്ന് പറഞ്ഞ് അതിനെ പ്രതിരോധിക്കാനവള്‍ക്ക് സാധിക്കും. അപ്രകാരം ഒരാള്‍ സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചാലും അയാളെ തടയാനാവില്ല. കാരണം അയാളുടെ ശരീരം അയാളുടേത് മാത്രമാണല്ലോ. ഒരു കുട്ടി ലൈംഗികാതിക്രമത്തിന് വിധേയമാക്കപ്പെടുമ്പോള്‍ അതിന് തടയിട്ട് കുട്ടിയെ സംരക്ഷിക്കാനെത്തുന്നവരോട്, ‘എനിക്ക് ഈ അതിക്രമത്തോട് എതിര്‍പ്പില്ല, എന്റെ ശരീരം എന്റേത് മാത്രമാണ്, നിങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ല’ എന്ന് കുട്ടി പറയുകയാണെങ്കില്‍ അതിന്നുള്ള അവകാശമാണ് ഈ മുദ്രാവാക്യം വകവെച്ചു കൊടുക്കുന്നത്. മയക്കുമരുന്നോ മദ്യമോ ഉപയോഗിക്കുന്ന ഒരാള്‍ എന്റെ ശരീരം എന്റേതാണ് നിങ്ങളതില്‍ ഇടപെടരുതെന്നും പറഞ്ഞാള്‍ പിന്നെ നമുക്കെന്ത് അവകാശമാണുള്ളത്! ഇപ്രകാരം തന്നെയാണ് ലൈംഗിക വൈകൃതങ്ങളിലേര്‍പ്പെടുന്നവരുടെയും മാന്യമായി വസ്ത്രം ധരിക്കാന്‍ വിസമ്മതിക്കുന്നവരുടെ സ്ത്രീകളുടെയും ഉദാഹരണം. എന്റെ ശരീരം എന്റേത് മാത്രം എന്ന മുദ്രാവാക്യമാണ് അവരെല്ലാം ഉയര്‍ത്തുന്നത്.

Also read: നിങ്ങളേയും അവരെയും തീറ്റുന്നത് നാമാണ്

എന്നാല്‍ മുസ്‌ലിംകളായ നമ്മെ സംബന്ധിച്ചടത്തോളം ജീവിതത്തെയും ശരീരത്തെയും കുറിച്ച് മറ്റൊരു കാഴ്ച്ചപ്പാടും വിശ്വാസവുമാണുള്ളത്. നമ്മുടെ പക്കലുള്ള സമ്പത്തിന്റെ ഉടമ നമ്മളല്ല. അല്ലാഹു നമുക്ക് നല്‍കിയിട്ടുള്ള ശരീരത്തിന്റെ ഉടമസ്ഥാവകാശവും നമുക്കില്ല. ഈ ലോകത്ത് ഒന്നും നമ്മുടെ ഉടമസ്ഥതയിലുള്ളതല്ല. ഒന്നും ഉടമപ്പെടുത്താതെയാണ് നാം ഈ ലോകത്ത് വന്നിരിക്കുന്നത്. ജീവിതം, ശരീരം, സമ്പത്ത്, ആരോഗ്യം, കുടുംബം തുടങ്ങിയ എല്ലാം നിര്‍ണിതമായ കാലത്തേക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ്. പിന്നീട് അതെല്ലാം നമ്മില്‍ നിന്ന് എടുത്തുമാറ്റപ്പെടുകയും നമ്മുടെ ഐഹിക ജീവിതം അവസാനിച്ച് പാരത്രിക ജീവിതം ആരംഭിക്കുകയും ചെയ്യും. അല്ലാഹു നമുക്ക് നല്‍കിയിട്ടുള്ള എല്ലാറ്റിനെയും ‘സൂക്ഷിപ്പുമുതല്‍’ ആയിട്ടാണ് മുസ്‌ലിംകളായ നാം കാണുന്നത്. അതൊരിക്കലും നമ്മുടെ സ്വത്തായി മാറുന്നില്ല. ജീവിതത്തോടും നമ്മുടെ പക്കലുള്ളതിനോടുമുള്ള നമ്മുടെ കാഴ്ച്ചപ്പാട് ഇതാണ്. നമ്മെ സംബന്ധിച്ചടത്തോളം ശരീരം ആത്മാവും ബുദ്ധിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടാണ് ജീവനോടെയും അല്ലാതെയും മനുഷ്യശരീരം ആദരിക്കപ്പെടുന്നത്.

നമ്മുടെ ശരീരം അല്ലാഹു നമ്മെ ഏല്‍പ്പിച്ചിട്ടുള്ള സൂക്ഷിപ്പുമുതലാണ്. അതുകൊണ്ടാണ് ആത്മഹത്യ ഹറാമാകുന്നത്. കാരണം താനിച്ഛിക്കുമ്പോള്‍ കൊന്നുകളയാന്‍ തന്റെ ഉടമസ്ഥതയിലുള്ളതല്ല ശരീരം. അല്ലാഹു പറയുന്നു: ”നിങ്ങള്‍ സ്വയം കൊല്ലരുത്.അല്ലാഹു നിങ്ങളോട് കരുണയുള്ളവനെന്നറിയുവിന്‍.ആരെങ്കിലും അക്രമമായും അധര്‍മമായും അവ്വിധം ചെയ്യുന്നുവെങ്കില്‍ നിശ്ചയം, നാം അവനെ തീയില്‍ വേവിക്കുന്നതാകുന്നു. അത്, അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല.” (അന്നിസാഅ്: 29) അല്ലാഹു നമുക്ക് നല്‍കിയ എല്ലാറ്റിനെ കുറിച്ചും നാം ചോദ്യം ചെയ്യപ്പെടും. ശരീരം മാത്രമല്ല, നമ്മുടെ കാഴ്ച്ചയും കേള്‍വിയും വരെ ഇത്തരത്തില്‍ ചോദ്യംചെയ്യപ്പെടലിന് വിധേയമാക്കപ്പെടും. അല്ലാഹു പറയുന്നു: ”നിശ്ചയം, കണ്ണും കാതും മനസ്സുമെല്ലാംതന്നെ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.” (അന്നിസാഅ്: 36) അതേസമയം പ്രയോജനവാദത്തിന്റെ വക്താക്കളെ സംബന്ധിച്ചടത്തോളം തങ്ങളുടെ ശരീരത്തെ പ്രചാരണത്തിനും വേശ്യാവൃത്തിക്കും ഉപയോഗിക്കുന്നതില്‍ യാതൊരു അപാകതയും അനുഭവപ്പെടില്ല. കാരണം അവര്‍ വിശ്വസിക്കുന്നത് തങ്ങളുടെ ശരീരം തങ്ങളുടെ സ്വത്താണെന്നാണ്. എന്നാല്‍ നമ്മെ സംബന്ധിച്ചടത്തോളം ശരീരം അല്ലാഹു നമ്മെ ഏല്‍പ്പിച്ചിട്ടുള്ള അമാനത്താണ്. അതിനെ കുറിച്ച് അല്ലാഹു നമ്മെ വിചാരണ ചെയ്യും. പ്രവാചകന്‍(സ) പറയുന്നു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്തിട്ടല്ലാതെ ഒരു അടിമയും പരലോകത്ത് തന്റെ പാദം മുന്നോട്ട് വെക്കില്ല. അവന്റെ ആയുസ്സ് എങ്ങനെ ചെലവഴിച്ചു, അവന്റെ ശരീരം എങ്ങനെ വിനിയോഗിച്ചു, അവന്റെ സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു, ഏത് മാര്‍ഗത്തിലത് ചെലവഴിച്ചു. പരലോകത്ത് ശരീരത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും. ശരീരം വിശ്വസിച്ചേല്‍പ്പിച്ച മുതലാണ്. അതിന് അവകാശങ്ങളുണ്ട്. അതിന്റെ സംരക്ഷണവും വൃത്തിയായി സൂക്ഷിക്കലും ഭക്ഷണവും വിശ്രമവും പരിചരണവുമെല്ലാം അതിന്റെ അവകാശങ്ങളില്‍ പെട്ടതാണ്. അതിനോട് ദ്രോഹം ചെയ്യാതിരിക്കലും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കലും അതിലെ അവയവങ്ങള്‍ വില്‍ക്കാതിരിക്കലും അതിന്റെ ഭാഗമാണ്. ഇതാണ് ശരീരത്തോടുള്ള നമ്മുടെ കാഴ്ച്ചപ്പൊട്. പ്രയോജനവാദികളുടെ മുദ്രാവാക്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണത്. എന്റെ ശരീരം എന്നെ സൂക്ഷിക്കാനേല്‍പ്പിച്ച സ്വത്താണ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Check Also

Close
Close
Close