Current Date

Search
Close this search box.
Search
Close this search box.

എന്താണ് EIA (Environment Impact Assessment)

നമ്മുടെ രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് വിശകലനം ചെയ്യുന്ന പ്രവര്‍ത്തനമാണ് EIA. (Environment Impact Assessment).

മാര്‍ച്ച് 12 നാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം (Ministry of Environment, Forest and Climate Change – MoEF&CC), പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച നിയമങ്ങള്‍ അപ്പാടെ മാറ്റിമറിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന കരട് വിജ്ഞാപനം (draft EIA Notification 2020) പുറത്തിറക്കിയത്. ഇതുവരെ നിലവിലുണ്ടായിരുന്നത് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമായിരുന്നു (EIA Notification, 2006 under the Environment (Protection) Act, 1986)

മൈന്‍, ഇറിഗേഷന്‍ ഡാം, ഇന്‍ഡസ്ട്രീസ് യൂണിറ്റ്, വെയ്സ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ വലിയ പ്രോജക്റ്റുകളുടെ ശാസ്ത്രീയമായ പരിസ്ഥിതി ആഘാത കണക്കെടുപ്പുകളായിരുന്നു EIA നടത്തിയിരുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായം കേള്‍ക്കലും ഉണ്ടായിരുന്നു. ഇവ രണ്ടും എക്‌സ്‌പെര്‍ട് കമ്മിറ്റി പരിശോധിച്ചതിനു ശേഷമായിരുന്നു പ്രൊജക്റ്റിന്‍മേല്‍ അവസാന തീരുമാനം എടുത്തിരുന്നത്. ഇനി അതെല്ലാം ഇല്ലാതാവുകയാണ്. ഓയില്‍, ഗ്യാസ്, കല്‍ക്കരി, പാറ ഖനനം, ജലവൈദ്യുതി തുടങ്ങിയവ്‌ക്കൊന്നും ഇനിമുതല്‍ മുന്‍കൂര്‍ എന്‍വിയോണ്‍മെന്റല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ലോകം പരിസ്ഥിതിയെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകുന്ന കാലഘട്ടത്തിലാണ് ഭാരത സര്‍ക്കാര്‍ നിയമം ഇങ്ങനെ പ്രതിലോമകരമായി മാറ്റി എഴുതുന്നത്. യൂറോപ്യന്‍ യൂണിയനുകള്‍ climate change, biodiversity തുടങ്ങിയവ അനുസരിച്ചുള്ള നിര്‍ദേശക തത്വങ്ങളും മനുഷ്യാവകാശങ്ങളും പരിസ്ഥിതിയവകാശങ്ങളും പരസപരം പൂരിതമാക്കുന്ന സമയത്താണ് നമ്മുടെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ രാജ്യത്തെ പിന്നോട്ടു നയിക്കുന്നത്.

Also read: പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരങ്ങളും

EIA ആരംഭിച്ചത്:
1984ലെ ‘ഭോപാല്‍ ദുരന്ത”ത്തെ തുടര്‍ന്നാണ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് ( EPA) രൂപംകൊള്ളുന്നത്. ഇതിനു കീഴിലുള്ള ഒരു പ്രോസസാണ് EIA. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ വന്‍ അപകടത്തില്‍ ആയിരങ്ങള്‍ മരിച്ചു. വിഷ വാതകമായ മീതൈല്‍ ഐസോസയനേറ്റ് 30 ടണ്‍ ലീക്കായതിനെ തുടര്‍ന്നാണ് ‘ഭോപാല്‍ ദുരന്ത’മുണ്ടായത്. ഈ സംഭവത്തോടെ, പരിസ്ഥിതിക്കും ചുറ്റുപാടുമുള്ള ജനങ്ങള്‍ക്കും, ഫാക്ടറികള്‍ വലിയ ആഘാതം ഏല്‍പ്പിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കും ഗവണ്‍മെന്റിനുമുണ്ടായി. വലിയ പ്രോജക്റ്റുകള്‍ വരുമ്പോള്‍ അതിന് നല്ല വശങ്ങളും ദൂഷ്യ വശങ്ങളുമുണ്ടായിരിക്കും. ലാര്‍ജ് സ്‌കെയില്‍ ഇന്‍ഡസ്ട്രികളായ മൈനിംങ്ങ്, പവര്‍ പ്ലാന്റുകള്‍, വലിയ ഫാക്ടറികള്‍ തുടങ്ങിയവ വ്യത്യസ്തതരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവയുടെ ഫാക്ടറി കെട്ടിടങ്ങള്‍ പണിയുന്നത് തന്നെ പലപ്പോഴും കാടുകളും മറ്റും വെട്ടിത്തെളിച്ചാണ്. വലിയൊരു മേഖലയില്‍ മരങ്ങളെ അത് നശിപ്പിക്കുന്നു. ആ പ്രദേശത്ത് വസിക്കുന്ന മനുഷ്യരെയും പുറം തള്ളേണ്ടി വരുന്നു. ഫാക്ടറികളില്‍ നിന്നും ഉണ്ടാകുന്ന പുകയും അന്തരീക്ഷമലിനീകരണങ്ങളുമാണ് മറ്റൊരു മുഖ്യ പ്രശ്‌നം, നദികളിലേക്കു ഒഴുക്കിക്കളയുന്ന അവശിഷ്ടങ്ങള്‍ ജലമലിനീകരണവും സൃഷ്ടിക്കുന്നു. ഇങ്ങനെ, വലിയ വ്യവസായങ്ങള്‍ വരുമ്പോള്‍ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇവ പരിസ്ഥിതിക്ക് എത്രമാത്രം ആഘാതം ഏല്‍പ്പിക്കുന്നു ഉണ്ട് എന്ന് ശാസ്ത്രീയമായി പരിശോധിക്കുന്നു. ഇതാണ് EIA. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. നാട്ടുകാരില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നതിനു 30 ദിവസവും മുന്‍പത്തെ നിയമപ്രകാരം ഉണ്ട്. നാട്ടുകാര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള അവസരം Public hearing, EIA എന്നിവ കഴിഞ്ഞതിനു ശേഷം വിദഗ്ദ്ധ സമിതിക്കു (Expert Appraisal Committee) വിടും. വിശദ പഠനത്തിന് ശേഷം പരിസ്ഥിതിക്ക് ദൂശ്യമല്ലാത്തവ ആണെങ്കില്‍ മാത്രം പച്ചക്കൊടി കാണിക്കും. അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കും. പിന്നീട് കേന്ദ്ര മന്ത്രാലയമായിരുന്നു അവസാന തീരുമാനം എടുക്കല്‍.

പുതിയ മാറ്റങ്ങളും പ്രശ്‌നങ്ങളും
1.അനുമതി വേണ്ട: 2020 കരട് ഇഐഎ. വിജ്ഞാപനം പ്രകാരം പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ പരിസ്ഥിതിക്ക് വലിയ ദോഷം ഉണ്ടാക്കുന്നതാണെങ്കില്‍ കൂടി ഒരു പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എന്‍വയോണ്‍മെന്റ് ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി. ഇത്തരം ക്ലിയറന്‍സ് ഇല്ലാത്തവ ഈ അടുത്ത കാലത്തും വന്‍ അപകടങ്ങള്‍ വിതച്ചിട്ടുണ്ട്
വിശാഖപട്ടണത്തെ വിഷവാതക ദുരന്തം (May7, 2020): വിശാഖപട്ടണത്തെ എല്‍ജി പോളിമെറിന് എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. അസം ഓയില്‍ കിണറിലെ തീ പിടുത്തം: അവര്‍ക്കും ക്ലിയറന്‍സ് ഉണ്ടായിരുന്നില്ല.

Also read: കുപ്പിച്ചില്ലും വജ്രക്കല്ലും

2.പബ്ലിക് ഹിയറിങ് ഇനി 20 ദിവസം: 30 ദിവസം എന്നത് 20 ദിവസമാക്കി വെട്ടിക്കുറച്ചു. വിപുലീകരിക്കുമ്പോള്‍ അന്‍പത് ശതമാനത്തിലേറെ വര്‍ധനവില്ലെങ്കില്‍ പൊതു തെളിവെടുപ്പ് തന്നെ ആവശ്യമില്ല.

3.പരാതി കൊടുക്കാന്‍ കഴിയില്ല: നിയമങ്ങള്‍ കാറ്റില്‍പറത്തി കമ്പനി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ പരാതി നല്‍കാനുള്ള അവസരം ഉണ്ടാകില്ല. മുന്‍പ് ഉപ്പ് കമ്പനി തുടങ്ങി കഴിഞ്ഞതിനു ശേഷവും നിയമങ്ങള്‍ ലംഘിച്ചാല്‍ ആളുകള്‍ക്ക് പരാതി നല്‍കാമായിരുന്നു. കമ്പനി അധികാരികള്‍ക്കോ ഗവണ്‍മെന്റിനോ മാത്രമേ ഇനി അതിന് അവസരം ഉണ്ടാകുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ അവര്‍ക്കെതിരെ സ്വയം ആയോ, അല്ലെങ്കില്‍ അവരെ സഹായിക്കുന്ന ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്കളോ ഒരിക്കലും ഇത്തരം പരാതികള്‍ നല്‍കുകയില്ല എന്നത് സ്വാഭാവികം ആണല്ലോ.

4. നിയമങ്ങള്‍ ബാധകമല്ലാത്ത സ്ട്രാറ്റജിക് പ്രോജക്ടുകള്‍: സ്ട്രാറ്റജിക് പ്രോജക്ടുകള്‍ക്ക് ഇനി മുതല്‍ എന്‍വിയോണ്‍മെന്റല്‍ ക്ലിയറന്‍സ് ആവശ്യമില്ല. ഏതൊരു പ്രോജക്റ്റും ആര്‍ബിറ്ററി സ്ട്രാറ്റജിക് എന്ന ലേബല്‍ കൊടുത്താല്‍ അതിനു എന്‍വിയോണ്‍മെന്റല്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത അവസ്ഥ സംജാതമാകുന്നു.

5. പ്രത്യക ഇളവുകള്‍ (many sectors with special consideration): പല പദ്ധതികള്‍ക്കും ക്ലിയറന്‍സ് വേണ്ട എന്ന് നിയമം. ഒരു പ്രദേശത്ത് ഹൈവേ, ജലപാതകള്‍ ആവശ്യമായി വന്നാല്‍ അവിടെയും ക്ലിയറന്‍സ് ആവശ്യമില്ല. അതിന് ഒരുപക്ഷേ വനനശീകരണമോ കുന്നുകളുടെയും മലകളുടെയും നശീകരണം സംഭവിച്ചാലും ഇവ ഇനി നിയമവിരുദ്ധമാകില്ല. പല പ്രോജക്ടുകളും ഇനിമുതല്‍ B2 കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തുക. അത്തരം പ്രോജക്റ്റുകള്‍ ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി ഇളവ് ലഭിക്കും. Category B2 EIA (Clause 13, sub cl. 11) പ്രകാരം ഇളവ് ലഭിക്കുന്ന ലിസ്റ്റ് വളരെ നീണ്ടതാണ്. ഏറ്റവുമധികം പാരിസിഥിതികാഘാതം ഉണ്ടാക്കുന്ന ഖനനത്തെ വേര്‍പെടുത്തി പഠനം വേണ്ടാത്ത ബി2 ലാക്കി. താപ വൈദ്യുതനിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു.

6. നിയമങ്ങളിലെ ഉദാരത (Major ease of regulations):മുന്‍പ് ഇരുപതിനായിരം സ്‌ക്വയര്‍ മീറ്റര്‍ വരെ ഉള്ള പ്രൊജക്ടുകള്‍ക്ക് എന്‍വിയോണ്‍മെന്റല്‍ അസസ്‌മെന്റിനു വിധേയമാകണമായിരുന്നു. ഇരുപതിനായിരം എന്ന പരിധി വര്‍ധിപ്പിച്ച് ഒന്നര ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ളവര്‍ക്ക് മാത്രം ഇനി മുതല്‍ നിയന്ത്രണ നിയമങ്ങള്‍ക്ക് വിധേയമായാല്‍ മതി.

Also read: ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

ഭോപാല്‍ ദുരന്തചിത്രം

പലപ്പോഴും ഇത്തരം ബില്ലുകളും കരടുകളും തയ്യാറാക്കുന്നത് രാഷ്ട്രീയക്കാരല്ല. വ്യവസായ രംഗത്തുള്ളവരും ബുദ്ധിജീവികളും ബ്യൂറോക്രാറ്റുകളും അടങ്ങുന്ന സംഘങ്ങളായിരിക്കും. ഇന്ത്യ ലോകത്ത് തന്നെ ഏറ്റവും വ്യവസായ സാധ്യതകള്‍ ഉള്ള രാജ്യം ആണ് ഇന്ന്. വ്യവസായങ്ങളും ഫാക്ടറികളും വളരെ എളുപ്പത്തില്‍ തുടങ്ങുക എന്നതാണ് ഈ നിയമം വ്യക്തമാക്കുന്നത്. എന്നാലിത് പരിസ്ഥിതിയെ പരിഗണിക്കാതെ മുതലാളിമാരെ സഹായിക്കുക എന്ന നിലയിലേക്ക് മാറുന്നു. വ്യവസായങ്ങള്‍ ആരംഭിക്കുക. അതിനുള്ള ചിട്ടവട്ടങ്ങള്‍ ലഘൂകരിക്കുക. തുടങ്ങിയവ വളരെ നല്ലതും രാജ്യത്തെയും ജനങ്ങളുടെയും പുരോഗതിക്ക് ഗുണകരവുമാണ്. എന്നാല്‍ ഇത് നമ്മുടെ പരിസ്ഥിതിക്ക് ആഘാതം ഏല്പിച്ചുകൊണ്ടാകരുത്.

സുസ്ഥിര വികസനം എന്ന് പറഞ്ഞാല്‍, നമ്മുടെ പരിസ്ഥിതിയേയും പ്രകൃതി വിഭവങ്ങളെയും ജന്തു ജാലങ്ങളെയും ഭാവി തലമുറയും എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള ഒരു സന്തുലിതമായ വളര്‍ച്ചയാണ്.
മുന്‍പ് ധാരാളം നിയമങ്ങളും റെഗുലേഷനുകളും നിലവിലുണ്ടായിരുന്നു. അവ ചെക്ക് ചെയ്യുന്നതിന് വ്യവസ്ഥകളും. എന്നിട്ടുപോലും ആ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പല കമ്പനികളും രാജ്യത്ത് തുടങ്ങിയതും പ്രവര്‍ത്തിച്ചു പോരുന്നതും എന്ന് നമുക്ക് അറിയാം. ഇനി ഇത്തരം നിയമങ്ങള്‍ കൂടി ഇല്ലാതാകുന്നതോടെ അതിഭീകരമായ അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നത്. പല നിയമങ്ങളും നിര്‍വഹണത്തിലാണ് പരാജയപ്പെടുന്നത്. വളരെ അയഞ്ഞ പുതിയ വ്യവസ്ഥ എന്താകുമെന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. തീര്‍ച്ചയായും കൂടുതല്‍ മോശമായ കാലാവസ്ഥ ആയിരിക്കും പുതിയ നിയമം സൃഷ്ടിക്കുക എന്നതില്‍ തര്‍ക്കമില്ല.

( കടപ്പാട്- ജനപക്ഷം )

Related Articles