Your Voice

ശരിക്കും ആ സ്ത്രീ സ്വന്തം കുഞ്ഞിനെ കൊന്നുവോ!?

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന പഴഞ്ചൊല്ലിൽ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. ഒന്ന്) അമ്മയെ തല്ലുക എന്നത് ഏറ്റവും കടുത്ത അപരാധമാണ് എന്ന ബോധം (അമ്മ എന്നത് സ്ത്രീ പദമാണ് എന്നോർക്കുക. പരാക്രമം നാരികളോടല്ല വേണ്ടൂ എന്ന് പറയുമ്പോൾ അതിൽ രണ്ട് ഭിന്ന മനോഭാവങ്ങളാവാം. ഒന്ന്, നാരികൾ ആദരവർഹിക്കുന്നവരാണെന്നത്. രണ്ട്, അവർ പരാക്രമശേഷിയില്ലാത്തവർ -അബലകൾ- ആണെന്നതും അവരോട് ദയ കാണിക്കണമെന്നതും. നാരികളോട് പരാക്രമം കാണിച്ചാൽ വിവരമറിയും എന്ന് ആധുനിക വായനയുമാവാം).

രണ്ട്) ധ്വന്യർത്ഥം വച്ച് ചിന്തിച്ചാൽ ഈ ചൊല്ലിലെ കുറ്റവാളി (തല്ലുന്ന ആൾ) ഒരു പുരുഷനാണ്. (അതെന്താ, പുരുഷൻമാത്രമേ കുറ്റം ചെയ്യുകയുള്ളോ, അങ്ങനെ ചിന്തിക്കുന്നതും ഒരു സ്ത്രീവിരുദ്ധ വിചാരമല്ലേ എന്നും ചോദിക്കാം).

മൂന്ന്) രണ്ട് പക്ഷം എന്നതാണ് മൂന്നാമത്തെ കാര്യം. ഇതും രണ്ട് രീതിയിലാവാം.
ഇത്ര കടുത്ത അപരാധത്തിൽ ഒരെതിരഭിപ്രായം ഉണ്ടാവുന്നത് അപലപനീയമാണ് എന്ന ‘ധാർമിക’വിചാരമാണ് ഒരു ഭാഗത്ത്. മറുഭാഗം ഇതിൽപ്പോലും മറു അഭിപ്രായങ്ങളെ മാനിക്കേണ്ടതാണ് എന്ന ‘ജനാധിപത്യ’പക്ഷവും. എന്തായാലും മറു അഭിപ്രായങ്ങൾ എന്ന ജനാധിപത്യ സാധ്യതയെ ആദരിച്ചുകൊണ്ടുതന്നെ ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. പഴഞ്ചൊല്ലിൽ തല്ലലേ പറഞ്ഞിട്ടുള്ളൂവെങ്കിലും കാര്യങ്ങൾ കൊല്ലലിൽ ആണല്ലോ എത്തി നിൽക്കുന്നത്. അമ്മയെ തല്ലിയാലും എന്നത് മക്കളെ കൊല്ലിയാലും (ക്ഷമിക്കണം, പ്രാസം ഒപ്പിച്ച് പറഞ്ഞതാണ്) എന്നതിലേക്കും വളരുകയോ വരളുകയോ ചെയ്തിട്ടുണ്ട്.

ക്രൈമും ക്ലൈമറ്റും തമ്മിലുള്ള ബന്ധം പരിഗണിക്കേണ്ടത് തന്നെയാണ്. ഇൻബോൺ ക്രിമിനൽ എന്നത് അത്ര സ്വീകാര്യമായ ഒരാശയമായി ഇതെഴുതുന്നയാൾക്ക് തോന്നിയിട്ടില്ല. കുറ്റവാളികളെ കുറ്റവാളികൾ ആക്കിത്തീർക്കുക എന്നത് മാത്രമല്ല സ്വയം ആയിത്തീരുക എന്നതും സംഭവ്യമാണെന്ന് മാത്രം. അങ്ങനെ വരുമ്പോൾ കുറ്റങ്ങളെ രണ്ട് തരത്തിൽ പരിഗണിക്കാമെന്ന് തോന്നുന്നു.

ഒന്ന്) അത്രയൊന്നും അനിവാര്യമോ നിർബ്ബന്ധമോ അല്ലാത്ത, അഥവാ അങ്ങനെയൊരു സാഹചര്യത്തിലേക്ക് നയിക്കപ്പെട്ടാലും ഒഴിവാക്കാൻ പറ്റുമായിരുന്ന ഒരു വികാരത്തിൻ്റെയോ ലക്ഷ്യത്തിൻ്റെയോ പൂർത്തീകരണത്തിനായി ചെയ്യുന്ന കുറ്റകൃത്യങ്ങൾ.

രണ്ട്) വ്യവസ്ഥയും പൊതുബോധവും ചേർന്ന് സൃഷ്ടിക്കുകയോ പ്രേരണ ചെലുത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ. ഓരോ കുറ്റത്തിലും ഈ രണ്ട് സാധ്യതകളുമുണ്ട്. രണ്ടാമത്തെ ഇനത്തിൽ പെടുന്നതാണെങ്കിൽ, കുറ്റവാളി തന്നെയും ന്യായീകരണർഹിക്കുന്ന, ചിലപ്പോൾ സഹതാപവും പരിഗണനയും പോലും കുറ്റവാളിക്ക് നൽകേണ്ടി വരുന്ന അവസ്ഥയുണ്ടാവാം. എന്നാൽ സാഹചര്യം എത്രമേൽ പ്രതിലോമപരമായിരുന്നാലും ഇത്തരം ആനുകൂല്യങ്ങൾ അർഹിക്കാത്ത അവസ്ഥയുമുണ്ടാകാം. സ്വന്തം മകളെ രതിച്ചന്തയിൽ വിൽക്കുന്ന ഒരച്ഛനും നാമാരും ദാരിദ്ര്യത്തിൻ്റെ ആനുകൂല്യം നൽകാറില്ലല്ലോ.

പക്ഷേ, ഇവിടെപ്പറഞ്ഞ എല്ലാ കാര്യങ്ങളും പൊതുവായി ആണിനും പെണ്ണിനും ബാധകമാണ്. സാഹചര്യപരമായ നിർബ്ബന്ധിതത്വം, അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ എന്നിവയുടെ വിശദാംശങ്ങളിൽ വ്യത്യാസമുണ്ടാവുമെന്ന് മാത്രം. അതേസമയം, ഇവിടെ പൊതുവേ കണ്ടു വരുന്ന പ്രവണത കർതൃസ്ഥാനത്ത് സ്ത്രീ ആണെങ്കിൽ അപരാധം മൊത്തമായും പൊതുബോധത്തിലേക്ക് ചേർത്തുവെക്കുക എന്നതാണ്.

Also read: മനസ്സിനെ നന്നാക്കിയവന്‍ വിജയിച്ചു

തീവ്രമായ മുൻവിധികളോടെ ഈ വാദത്തിന് ന്യായീകരണങ്ങൾ കണ്ടെത്തുമ്പോൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. മുകളിൽ ഇനം തിരിച്ചു പറഞ്ഞതിൽ, ‘അനിവാര്യമോ നിർബ്ബന്ധമോ അല്ലാത്ത, അഥവാ അങ്ങനെയൊരു സാഹചര്യത്തിലേക്ക് നയിക്കപ്പെട്ടാലും ഒഴിവാക്കാൻ പറ്റുമായിരുന്ന ഒരു വികാരത്തിൻ്റെയോ ലക്ഷ്യത്തിൻ്റെയോ പൂർത്തീകരണത്തിനായി ചെയ്യുന്ന കുറ്റകൃത്യങ്ങ’ളും ഇതേ തത്വമനുസരിച്ച് ന്യായീകരിക്കപ്പെടും എന്നതാണത്. നിലവിൽ സാമൂഹികാവസ്ഥ മിസോജിനിസ്റ്റിക് ആണെന്നും കുടുംബഘടന പാട്രിയാർക്കൽ ആണെന്നും സമ്മതിക്കുന്നു. ഈയവസ്ഥയും കൂടി മുന്നിൽ കണ്ടുകൊണ്ടേ സ്ത്രീകളുടെ കുറ്റകൃത്യങ്ങളെ വിശകലനം ചെയ്യാൻ പാടുള്ളൂ എന്നതും യാഥാർത്ഥ്യമാണ്.

അതേസമയം എന്തിലുമേതിലും മുൻവിധിയോടു കൂടി സമൂഹത്തെ കുറ്റപ്പെടുത്തുക എന്നത് അത്രയൊന്നും ആശാസ്യമല്ല താനും. സ്ത്രീവാദ രാഷ്ട്രീയത്തിന് അതെന്തെങ്കിലും ഗുണം ചെയ്യുമെന്ന് തോന്നുന്നുമില്ല. അമ്മയെ മകൻ മാത്രമല്ല, അച്ഛനെ മകളും തല്ലുന്നുണ്ടെന്നിരിക്കെ വിശേഷിച്ചും. ‘രണ്ടുണ്ട് പക്ഷം’ എന്നതിലെ, പക്ഷങ്ങളുടെ ജനാധിപത്യപരമായ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, ഇത്രയെങ്കിലും പറയാതെ വയ്യ.

Facebook Comments
Related Articles
Show More

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Close
Close