Current Date

Search
Close this search box.
Search
Close this search box.

മനസ്സിനെ നന്നാക്കിയവന്‍ വിജയിച്ചു

കാരുണ്യവാനും കരുണാനിധിയും എന്നതാണ് അല്ലാഹുവിന്റെ കൂടുതല്‍ ഉപയോഗിക്കുന്ന നാമങ്ങള്‍. അല്ലാഹുവിനു ഒരുപാട് നാമങ്ങള്‍ ഉള്ളപ്പോള്‍ എന്ത് കൊണ്ട് ഈ രണ്ടു പേരുകള്‍ കൂടുതലായി ഉപയോഗിക്കുന്നു എന്നത് പലപ്പോഴും ചിന്താ വിഷയമായിട്ടുണ്ട്. ആധുനിക ലോകത്തെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കരുണയും കാരുണ്യവും എത്രമാത്രം അനിവാര്യതയായി തീരുന്നു എന്ന് മനസ്സിലാക്കാം. ദൈവം മനുഷ്യനോടു കരുണ കാണിക്കുന്നു. അത് കൊണ്ട് തന്നെ മനുഷ്യര്‍ പരസ്പരം കരുണ കാണിക്കുക എന്നത് മറ്റൊരു അനിവാര്യതയായി തീരുന്നു.

മാതാവും പിതാവും മക്കളെ ഇല്ലാതാക്കുന്ന വാര്‍ത്തകള്‍ ഇന്ന് അധികരിച്ച് വരുന്നു. ലോകത്ത് കരുണയുടെ പര്യായമായി പറയപ്പെടുന്നത്‌ മാതാവിനെയാണ്. മാതൃ ഹൃദയം എന്ന പ്രയോഗം പോലും നിലവിലുണ്ട്. പത്തു മാസം ചുമന്നു നടന്നു കഷ്ടപ്പെട്ട് വളര്‍ത്തിയ മാതാവ് തന്നെ മക്കളെ ഇല്ലാതാക്കുന്ന അവസ്ഥ പിശാചില്‍ നിന്നും അന്യമാണ്. പലപ്പോഴും മറ്റൊരാളുടെ കൂടെ ജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കൊലകള്‍ അധികവും. സ്വന്തത്തിന്റെ സുഖം എന്നതിലപ്പുറം മറ്റൊന്നും അവര്‍ പരിഗണിക്കുന്നില്ല. മനുഷ്യ മനസ്സുകള്‍ ഇന്നും ഒരു സമസ്യയായി തുടരുന്നു. മനസ്സില്‍ രണ്ടു വികാരങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടുണ്ട്. ഒന്ന് നന്മയും മറ്റൊന്ന് തിന്മയും. തിന്മയുടെ മേല്‍ നന്മയുടെ ആധിപത്യമാണ് മാനുഷികം എന്ന് പറയുന്നത്.

Also read: പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വികസനം

ലോകത്ത് മെരുക്കിയെടുക്കാന്‍ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ളതു സ്വന്തം മനസ്സ് തന്നെയാണ്. മനസ്സുകള്‍ മൂന്ന് തരം. ഒന്ന് തെറ്റിലേക്ക് കൊണ്ട് പോകുന്ന മനസ്സ്. മറ്റൊന്ന് കുറ്റബോധം അങ്കുരിക്കുന്ന മനസ്സ് . അവസാനത്തെത് സമാധാനമുള്ള മനസ്സ്. ഒന്നാമത്തെ മനസ്സിനെ രണ്ടാമത്തെ മനസ്സ് കൊണ്ട് അതിജയിക്കാം. ആ അതിജയനം മൂലം സമാധാനമുള്ള മനസ്സിലേക്ക് മനുഷ്യന്‍ എത്തിപ്പെടും.  വികല ചിന്തകള്‍ മനുഷ്യന്റെ കൂടപ്പിറപ്പാണ്. സ്നേഹം കാരുണ്യം എന്നിവ ആ മനസ്സുകള്‍ക്ക് അന്യമാണ്. മനസ്സുകളെ കുറിച്ചുള്ള പഠനം ഇന്നും പുരോഗമിക്കുന്നു. എപ്പോഴാണ് മനുഷ്യന്റെ മനസ്സ് മാറുക എന്നത് അജ്ഞാതമാണ്.

മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഉന്നതനാണ്. ആ ഉന്നതിയുടെ മൂല്യ കാരണം അവന്റെ മനസ് തന്നെ. കാര്യങ്ങളെ വിവേചിച്ചു മനസ്സിലാക്കാനുള്ള കഴിവാണ് അതിന്റെ അടിസ്ഥാനം. നന്മ തിന്മ എന്നത് അത് കൊണ്ട് തന്നെ മനുഷ്യന് മാത്രമാണ് ബാധകമാകുക. പരിധികള്‍ അംഗീകരിക്കുക എന്നതും മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. മറ്റു ജീവികള്‍ക്ക് പ്രകൃതി നല്‍കിയ പരിധികള്‍ ലംഘിക്കാന്‍ കഴിയില്ല. സ്വന്തം കുഞ്ഞിനെ സ്നേഹിക്കുക എന്നത് ജന്തു സഹജമാണ്. മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ജാഗ്രത കൈക്കൊള്ളുന്നു.  അങ്ങിനെ നോക്കിയാല്‍ മനുഷ്യന്‍ മൃഗത്തെക്കാള്‍ താഴെയാണ്. സ്വന്തം കുഞ്ഞുങ്ങളെ സ്വകരം കൊണ്ട് ഇല്ലാതാക്കുന്ന വാര്‍ത്തകള്‍ നമുക്ക് നല്‍കുന്നത് ആ വിവരമാണ്. മാതാവ് എന്നതിന് ഏതു ഭാഷയിലും നാട്ടിലും ഒരേ അര്‍ത്ഥമാണ്. അത് കാരുണ്യമാണ്. തന്റെ സുഖത്തിനു വേണ്ടി സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്ന മാതാക്കള്‍ മനുഷ്യ കുലത്തിനു എക്കാലത്തെയും ശാപമാണ്. സ്വന്തം മക്കളെ പീഡിപ്പിക്കുന്ന പിതാക്കള്‍ എന്നതും നാം കേട്ട് മറന്ന വാര്‍ത്തകളാണ്.

സ്നേഹിക്കാന്‍ ഒരാളുണ്ടായിരിക്കത്തന്നെ മറ്റൊരാളെ തേടിപോകുന്ന വാര്‍ത്തകളും ഇന്ന് അപൂര്‍വമല്ല. അടുത്തിടെ ഒരു പോലീസ് സ്റെഷനില്‍ പോയപ്പോള്‍ അവിടെ കൂടുതല്‍ വരുന്ന കേസുകള്‍ ഒന്ന് ലഹരിയും മറ്റൊന്ന് പോസ്കോയുമാണ്‌. അതും ഗ്രാമപ്രദേശങ്ങളില്‍. “ മനസ്സിനെ നന്നാക്കിയവന്‍ വിജയിച്ചു അതിനെ മലിനപ്പെടുതിയവന്‍ പരാജയപ്പെട്ടു” എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ അങ്ങിനെ നോക്കിയാല്‍ കാരുണ്യമാണ്. മനുഷ്യ മനസ്സില്‍ നിന്നും കാരുന്യമെന്ന വികാരം എടുത്തു കളയുക എന്നതാണ് പിശാച് ചെയ്യുന്ന ആദ്യത്തെ കാര്യം. കാരുണ്യവും സ്നേഹവും നഷ്ടമായാല്‍ പിന്നെ അവിടെ പിശാചിന് കടന്നു കൂടാന്‍ എളുപ്പമാണ്. അപ്പോള്‍ മനുഷ്യന് ചെയ്യാന്‍ പാടില്ലാത്ത ഒന്നുമുണ്ടാവില്ല.

Related Articles