Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനോട് ചോദിച്ചു വാങ്ങിയതാണത് ?!

“അശ്ലീലം പരത്താന്‍ ആഗ്രഹിക്കുന്നവര്‍” എന്നത് ഖുര്‍ആന്‍ എടുത്തു പറഞ്ഞ ഒരു പ്രയോഗമാണ്. പിശാചിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞ മറ്റൊരു പ്രയോഗം “   അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാണെന്നും തിന്മയും  നീചവൃത്തികളും മാത്രമാണ്  അവന്‍ നിങ്ങളോടനുശാസിക്കുന്നത്.” എന്നുമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്ലാമിന്റെ കണ്ണില്‍ തിന്മ ചെയ്യുന്നവരും പ്രച്ചരിപ്പിക്കുന്നവരും പിശാചിന്റെ വഴിയിലാണ്.

പിശാചിന് നന്മ ചെയ്യാന്‍ കഴിയാതിരിക്കുക എന്ന കഴിവ് അവന്‍ അല്ലാഹുവിനോട് ചോദിച്ചു വാങ്ങിയതാണ്. നിന്‍റെ മഹത്വമേറിയ സൃഷ്ടിയെ എല്ലാ ഭാഗത്ത് നിന്നും ഞാന്‍ വഴി തെറ്റിക്കാന്‍ ശ്രമിക്കുമെന്നും  അതിനുള്ള സമ്മതവും അന്ന് തന്നെ ഒരു വെല്ലുവിളിയായി അവന്‍ നേടിയെടുത്തു. അപ്പോഴും അല്ലാഹു  പറഞ്ഞത് “ എന്റെ യതാര്‍ത്ഥ ദാസന്മാര്‍ ഒഴികെ” എന്നായിരുന്നു.  പിശാച് എന്നത് ഒരു സത്യമാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു . അതൊരു സങ്കല്പം എന്നതാണ് ദൈവ നിഷേധികളുടെ നിലപാട്.

വ്യക്തിയും സമൂഹവും നന്നാവുക എന്നതാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയം. വ്യക്തിക്ക് നന്നാവാന്‍ എന്തെല്ലാം ആവശ്യമാണ് അതെല്ലാം സമൂഹത്തിനും ബാധകമാണ്. വ്യക്തിപരമായി ഞാന്‍ നന്മയോട് അടുത്ത് നില്‍ക്കണം എന്നതു പോലെത്തന്നെയാണ് സമൂഹവും നന്മയിലാവണം എന്ന ആഗ്രഹവും. എന്നെ നന്നാക്കാനുള്ള വഴികളായി ഞാന്‍ കാണുന്നത് ദൈവിക നിയമങ്ങളാണ്. നന്മ നീതി എന്നതാണു അതിന്റെ കാതല്‍. നന്മ ചെയ്യുക എന്നത് പോലെ പ്രാധാനമാണ് നന്മക്കു വേണ്ടി പ്രവര്‍ത്തികുക എന്നതും. തിന്മ ചെയ്യാതിരിക്കുക എന്നത് പോലെ പ്രാധാന്യമുണ്ട് തിന്മയെ എതിര്‍ക്കുക എന്നതിനും.   ഞാന്‍ സ്വയം പ്രവര്‍ത്തിക്കുക വിട്ടു നില്‍ക്കുക എന്നത് പോലെ തന്നെ പ്രാധാന്യമാണ് “ നാം ഒന്നിച്ചു നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുക തടയുക എന്നതും”.

Also read: നൂഹ് പ്രവാചകന്റെ പ്രബോധനവും സുപ്രധാനമായ ഗുണപാഠങ്ങളും

നമ്മുടെ കാലത്തെ വലിയ സാമൂഹിക സംവേദന രീതികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങള്‍. ഒരു നന്മ അതിലൂടെ പ്രചരിപ്പിക്കാന്‍ കഴിയുന്നു എന്നത് പോലെയോ അല്ലെങ്കില്‍ അതിനെക്കാള്‍ കൂടുതലായോ തിന്മകള്‍ പ്രച്ചരിപ്പിക്കപ്പെടാനും അതിനു കഴിയുന്നു. രണ്ടു ദിവസമായി കേരളത്തിലെ ചര്‍ച്ച അപവാദ പ്രചാരണത്തിന് എതിരായി സ്ത്രീകള്‍ പ്രതികരിച്ച വാര്‍ത്തയാണ്.  സ്വയം പ്രതിരോധം നിയമം അംഗീകരിച്ച കാര്യമാണ്. മറ്റാരും സഹായിക്കാനില്ലാത്ത അവസ്ഥയില്‍ സ്വയം പ്രതിരോധിക്കുക എന്നത് ഇരയ്ക്ക് നിയമം നല്‍കുന്ന ആനുകൂല്യമാണ്. പലപ്പോഴും പ്രതികരിക്കേണ്ട നിയമം നോക്കുകുത്തിയാകുമ്പോള്‍ ഇത്തരം പ്രതികരണം സ്വാഭാവികമായി മാറുന്നു.

അതിലപ്പുറം നമുക്ക് പ്രതികരിക്കേണ്ടത് നേരത്തെ പറഞ്ഞ “ അശ്ലീലം പ്രചരിപ്പിക്കുക” എന്ന നിലപാടിനോടാണ്. പുരോഗമനം എന്നത് കൊണ്ട് പലരും ഉദ്ദേശിക്കുന്നത് നിലനില്‍ക്കുന്ന സദാചാര ശീലങ്ങള്‍ തകര്‍ക്കുക എന്നതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അതിരുകള്‍ ലംഘിക്കുക എന്നും പറയാം. സമൂഹത്തിന്റെ നല്ല നടത്തിപ്പിന് സമൂഹം അംഗീകരിച്ച ചില  അതിര്‍വരമ്പുകളുണ്ട്.  ആ വരമ്പുകളെ തകര്‍ത്ത് കളയുക എന്നതാണ് പിശാച് ആഗ്രഹിക്കുന്നത്. വേലി നഷ്ടമായാല്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വിള തിന്നാന്‍ സാധിക്കുന്നു.  പൈങ്കിളി എന്നതും ഇക്കിളി എന്നതും അധികം പേരും ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെ ആ വികാരങ്ങളെ പിശാചിന്റെ കൂട്ടുകാര്‍ മനോഹരമായി ചൂഷണം ചെയ്യുന്നു. അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ ചെയ്യുന്നത് പോലെ തന്നെ അസാന്മാര്‍ഗികമാണ് അത്തരം വാര്‍ത്തകള്‍ പൈങ്കിളി രൂപത്തില്‍ നല്‍കുക എന്നതും.

Also read: നൊബേൽ ജേതാവ്

മറ്റൊരാളുടെ നന്മ അറിയുക പ്രചരിപ്പിക്കുക എന്നതിനേക്കാള്‍ പിശാചിന് താല്പര്യം മറ്റൊരാളുടെ തിന്മ അറിയുക പ്രചരിപ്പിക്കുക എന്നതാണ്. നന്മ ഒച്ചിന്റെ വേഗതയില്‍ ചലിക്കുമ്പോള്‍ തിന്മക്കു കൊടുങ്കാറ്റിന്റെ വേഗതയാണ്. ഈ രോഗത്തില്‍ നിന്നും വിശ്വാസി സമൂഹങ്ങള്‍ പോലും മുക്തരാകുന്നില്ല. അവര്‍ സ്വന്തമായി തിന്മ പ്രചരിപ്പിക്കുന്നില്ല എന്നത് ശരിയാണ്. അതെ സമയം അതിന്റെ പക്ഷം ചേരാനും തന്റെ പാര്‍ട്ടിക്കും സംഘടനക്കും അനുകൂലമായും പ്രതികൂലമായും അവര്‍ അതിനെ ന്യായീകരിക്കാന്‍  ശ്രമിക്കുന്നു. അവിടെയാണു പിശാച് വിജയിക്കുന്നത്. തന്നെ ന്യായീകരിക്കാന്‍ ആളുണ്ട് എന്ന് കണ്ടാല്‍ ഏതു പിശാചും ഉണരും എന്നത് കൂടി നാം അറിഞ്ഞിരിക്കുക.

Related Articles