Current Date

Search
Close this search box.
Search
Close this search box.

നൊബേൽ ജേതാവ്

ഐജി നൊബേൽ (Ig Nobel) പ്രൈസ് എന്ന ഒരേർപ്പാടുണ്ട്. നൊബേൽ സമ്മാനത്തിന്റെ ഒരു ഹാസ്യാനുകരണം. സ്പൂഫ്, പാരഡി, ട്രോൾ തുടങ്ങിയവ പണ്ടു മുതൽക്കേയുള്ള കലാരൂപങ്ങളാണല്ലോ. കലാരംഗത്ത് സറ്റിർ തൊട്ട് ബർലെസ്‌ക് വരെ ആക്ഷേപഹാസ്യാവിഷ്‌കാരങ്ങൾ ധാരാളം കാണാം.

നൊബേൽ പ്രൈസിന്റെ ട്രോൾ എന്ന നിലക്ക് മാത്രമല്ല ഐജി നൊബേൽ എന്ന പേര് വന്നത്. ഇംഗ്ലീഷിലെ ignoble എന്ന പദം കൂടി അതിന് കാരണമാണ്. നിന്ദ്യമായത്, നാണം കെട്ടത്, ദുഷ്‌പേരുള്ളത് എന്നൊക്കെയാണ് ഇഗ്നബിളിന്റെ അർത്ഥം. ഐജി നൊബേലിനെ ഇഗ് നൊബേൽ എന്നും വിളിക്കാറുണ്ട്.

ഇംപ്രോബബിൾ റിസർച് എന്ന സംഘടനയും അവരുടെ പ്രസിദ്ധീകരണമായ Annals of Improbable Research (AIR) എന്ന മാഗസിനും ചേർന്നാണ് ഈ ‘പുരസ്‌കാരം’ നിശ്ചയിക്കുന്നതും നൽകുന്നതും. ഹാസ്യാത്മകമായി ഒരുക്കപ്പെടുന്ന പരിപാടിയിൽ പലപ്പോഴും യഥാർത്ഥ നൊബേൽ ജേതാക്കൾ തന്നെ ഈ സമ്മാനം വിതരണം ചെയ്യും. ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടുത്തങ്ങൾക്ക് അവാഡ് നൽകിക്കൊണ്ട് തുടങ്ങിയ പരിപാടിയാണ്.
അസംബന്ധം എന്ന് വിശേഷിപ്പിക്കപ്പെട്ടേക്കാവുന്ന ഗവേഷണ പ്രബന്ധങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് സമ്മാനം. എന്നാൽ ശാസ്ത്രരംഗത്ത് ഇത്തരം അസംബന്ധങ്ങൾ പിന്നീട് വലിയ സംഭാവനകളായി മാറിയിട്ടുണ്ട് എന്നതും യാഥാർത്ഥ്യമാണ്.

രണ്ട് തവണ ഇന്ത്യൻ പ്രധാനമന്ത്രിമാരും ഈ ആക്ഷേപഹാസ്യത്താൽ ആദരിക്കപ്പെടുകയുണ്ടായി. തമാശയെന്തെന്നാൽ, ഈ രണ്ട് തവണയും ഇന്ത്യയോടൊപ്പം പാകിസ്താനും സമ്മാനം ലഭിച്ചു. 1998ൽ വാജ്‌പേയിയും നവാസ് ശരീഫുമാണ് ഈ ബഹുമതി പങ്കിട്ടെടുത്തത്.

Also read: സൈനികവത്കരണത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ

തീർത്തും ‘സമാധാനപര’മായ രണ്ട് അണുബോംബ് വിസ്‌ഫോടനങ്ങൾ വിജയകരമായി പരീക്ഷിച്ചതിന്.
പിന്നെ 2020ൽ ഇന്ത്യാ-പാകിസ്താൻ സർക്കാറുകൾക്ക് ഐജി നൊബേൽ ‘സമാധാന’ പുരസ്‌കാരം ലഭിച്ചു.
പാതിരാത്രികളിൽ നയതന്ത്രവിദഗ്ദന്മാരെക്കൊണ്ട് പരസ്പരം ഡോർബെല്ലുകൾ മുഴക്കിക്കുകയും എഴുനേറ്റു വരുമ്പോൾ ഒന്നും സംസാരിക്കാതെയും സംസാരിക്കാൻ അവസരം നൽകാതെയും ഓടിപ്പോകുകയും ചെയ്യുന്ന ഗെയിമിന്റെ പേരിൽ.
ഇതും പോരാഞ്ഞ് നരേന്ദ്ര മോദിക്ക് വ്യക്തിപരമായിത്തന്നെ 2020ലെ വേറെയും ‘നൊബേൽ’ സമ്മാനം കിട്ടി. വൈദ്യശാസ്ത്ര വിദ്യാഭ്യാസമേഖലയിലായിരുന്നു അത്. പ്രഗൽഭന്മാരായ മറ്റു ചില ഭരണാധികാരികൾക്കൊപ്പം തന്നെ മോദി അത് പങ്കുവെക്കുകയും ചെയ്തു. റജപ് തായിപ് എർദൊഗാൻ (തുർക്കി), ജെയർ ബൊൽസൊനാരോ (ബ്രസീൽ), ബോറിസ് ജോൺസൻ (യു.കെ), ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രദോർ (മെക്‌സിക്കോ), അലെക്‌സാണ്ഡർ ലുകാഷെൻകോ (ബെലാറസ്), ഡൊണാൾഡ് ട്രംപ് (യു.എസ്), വ്‌ലാദിമിർ പുചിൻ (റഷ്യ), ഗുർബാൻഗുലി ബെർദിമുഹമെദോവ് (തുര്‍കുമെനിസ്താൻ) എന്നിവർക്കൊപ്പമായിരുന്നു അത്.
എന്തിനാണ് ഈ രാജാക്കന്മാർക്ക് ലോകോത്തര പുരസ്‌കാരം കിട്ടിയതെന്നല്ലേ?
ജീവിതത്തിന്റെ കാര്യത്തിലായാലും മരണത്തിന്റെ കാര്യത്തിലായാലും ശാസ്ത്രജ്ഞന്മാരെയും ഡോക്ടർമാരെയും കാൾ സത്വര സ്വാധീനം ചെലുത്താൻ രാഷ്ട്രീയക്കാർക്കാണ് സാധിക്കുക എന്ന് കോവിഡ് 19 വൈറൽ പാൻഡെമിക് കാലം ഉപയോഗിച്ച് ലോകത്തെ പഠിപ്പിച്ചതിന്.
എന്താ… ലേ?
നമ്മുടെ പ്രധാനമന്ത്രി ആരാ ന്നാ വിചാരം? (ആരാ… ആരാ… -ജാലിയൻ കണാരൻ).
ഈ മാസം പതിനേഴാം തീയതി സമ്മാനദാനം വെബ്കാസ്റ്റ് ചെയ്തു.

ഇത്രയും വലിയ പുരസ്‌കാരം നമ്മുടെ പ്രധാനമന്ത്രിക്ക് ലഭിച്ചിട്ട് നമ്മൾ അത് ആഘോഷിച്ചില്ലെന്ന് തോന്നുന്നു. എന്നാൽ ഈ മാസം തന്നെ 22 ന് വേറൊരു ആഘോഷം നടന്നു. ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിലൊരാളായി ടൈം മാഗസിൻ സർവേയിൽ ബഹുമാന്യനായ പ്രധാനമന്ത്രിജീ ഇടം പിടിച്ചു. അത് നമ്മൾ ശരിക്കും ആഘോഷിച്ചു.
എന്നാൽ ഐജി നൊബേൽ പോലെ ഒരു ട്രോളല്ലെങ്കിലും നെഗറ്റീവായ ഒരു വിലയിരുത്തലായിരുന്നു അതെന്ന് എത്ര മാധ്യമങ്ങൾ പറഞ്ഞു?

Also read: വിശ്വസ്തതയുടെ മനോഹാരിത

ടൈം മാഗസിന്റെ എഡിറ്റർ അറ്റ് ലാർജ്, കാൾ വിക് തന്നെയാണ് നമോയെപ്പറ്റി ലേഖനമെഴുതിയത്. ദലൈലാമ മോദിയെ പ്രശംസിച്ചതായി ലേഖനത്തിലുണ്ട് എന്നൊക്കെ ചിലർ തള്ളിവിട്ടിട്ടുണ്ട്. സത്യത്തിൽ ലേഖനത്തിന് ആകെ രണ്ട് ഖണ്ഡികയേയുള്ളൂ. അതിൽ ആദ്യഖണ്ഡിക ഇന്ത്യയുടെ സവിശേഷതകളെപ്പറ്റി പറയുന്നു. ദലൈലാമയുടെ ഉദ്ധരണി (an example of harmony and stability) ആ ഭാഗത്താണുള്ളത്.

രണ്ടാം ഖണ്ഡികയാകട്ടെ, ഈ സവിശേഷതകളുടെ മുഴുവൻ അന്തകനായാണ് നമോയെ പരിചയപ്പെടുത്തുന്നത്. ഇന്ത്യൻ ജനാധിപത്യത്തെയും പാരമ്പര്യത്തെയും അങ്ങോർ സംശയത്തിലാക്കി, ബഹുസ്വരതയെ അപകടപ്പെടുത്തി. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരും ജനസംഖ്യയിൽ എൺപത് ശതമാനം വരുന്ന ഹിന്ദു ജനതയിൽ നിന്നുള്ളവരാണെങ്കിലും മോദി മാത്രമാണ് ഇതരരോട് വിവേചനം നടപ്പാക്കിയത്. അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ബഹുസ്വരതയെ നിരാകരിച്ചു, പ്രത്യേകിച്ചും ഇന്ത്യൻ മുസ്ലിം സമൂഹത്തെ ടാര്‍ജറ്റ് ചെയ്തു. അങ്ങനെ ലോകത്തിലെ ഏറ്റവും ക്രിയാത്മകമായ ജനാധിപത്യ സമൂഹം ഇരുട്ടിലേക്ക് വീണു.

ഐജി നൊബേൽ കമ്മിറ്റി നൽകിയ ബഹുമതി കാൾ വിക്കും മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
‘The crucible of the pandemic became a pretense for stifling dissent.’
മഹാമാരിയുടെ തീച്ചൂളയെ അഭിപ്രായാന്തരങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു മറയാക്കി മാറ്റിയെന്ന്.
വാൽ:
ഒരു കൈയിൽ തസ്ബീഹ് മാലയും മറുകൈയില്‍ ദേശീയപതാകയുമേന്തി, പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി, പുലര്‍ച്ചെ മുതൽ പാതിരാ വരെ ഉണർന്നിരിക്കുന്ന ബിൽകീസ് ബാനുവിനെ സ്വാധീനം ചെലുത്തിയ നൂറ് പേരിൽ ഉൾപ്പെടുത്തിയ ടൈം മാഗസിൻ അനുസ്മരിക്കുന്നുണ്ട്.
പൗരത്വ വിരുദ്ധ നിയമം പാസ്സാക്കപ്പെട്ടത് മുതൽ അവർ സമരപ്പന്തലിൽ ഇരിക്കുന്നു. സമരസഖാക്കളുടെ വല്യുമ്മ (ദാദി) ആയി. കോവിഡ് കാലം പോരാട്ടത്തിന് അവധി കൊടുക്കാൻ നിര്‍ബന്ധിതയാക്കിയെങ്കിലും ഇനിയും സമരം തുടരും എന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

Related Articles