Current Date

Search
Close this search box.
Search
Close this search box.

വിമര്‍ശനത്തിന്റെ രീതിശാസ്ത്രം

Criticism

സുന്ദരമായ ഘടനയില്‍ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്. ഇതര സൃഷ്ടികളില്‍ നിന്നും അവനെ മാറ്റിനിര്‍ത്തുന്ന ധാരാളം സവിശേഷതകളുണ്ട്. ബുദ്ധിപരമായ ശേഷിയും സാമര്‍ത്ഥ്യവും അവയില്‍ സുപ്രധാനമാണ്. മാത്രമല്ല, ബുദ്ധിശേഷിയുടെ ഉപയോഗിക്കാത്തവന്‍ മൃഗങ്ങളെക്കാള്‍ ആപതിച്ചവനാണെന്നത് ഖുര്‍ആനിക ആശയമാണ്. (അഅ്‌റാഫ് : 179)

കേവലം ബുദ്ധിശേഷി നല്‍കുക മാത്രമല്ല അല്ലാഹു ചെയ്തത്. അവയെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ വിധത്തില്‍ കൈകാര്യം ചെയ്യാനും അവന്‍ പ്രോല്‍സാഹിപ്പിച്ചു. സ്വതന്ത്രനായ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തേണ്ടത് ഈയര്‍ത്ഥത്തിലാണ്. അപ്പോഴാണ് ദൈവത്തിന്റെ ഉത്തമസൃഷ്ടിയെന്ന നിലക്കുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അവന് സാധിക്കുകയുള്ളൂ.
ശരിയായ വിധത്തില്‍ ചിന്തിക്കുകയും നിരൂപിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ ജീവിത മുന്നേറ്റത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാനമാണ്. അവ ജീവിതത്തിലേക്ക് നന്മയും, വിജയവും കൊണ്ട് വരും. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തെ ഭൗതികമായി വിലയിരുത്തുകയും വിശ്വാസികളെ പരിഹസിക്കുകയും ചെയ്യുക നിഷേധികളുടെ പതിവായിരുന്നു. ഇവര്‍ക്ക് മറുപടിയായി വിശ്വാസികള്‍ക്ക് പ്രതീക്ഷയേകുന്ന, ശത്രുക്കളുടെ നിരൂപണങ്ങളുടെ മുനയൊടിക്കുന്ന നിര്‍മാണാത്മക വിലയിരുത്തല്‍ നടത്തുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ‘ശത്രുജനതയെ തേടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ ഭീരുത്വം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുവെങ്കില്‍ നിങ്ങള്‍ വേദന അനുഭവിക്കുന്നപോലെ അവരും വേദന അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്’ (അന്നിസാഅ് : 104)
വിമര്‍ശനവും നിരൂപണവും സമൂഹത്തിന്റെ ക്രിയാത്മകതയെയാണ് അടയാളപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിക അടിത്തറകള്‍ സ്ഥാപിക്കുന്നതും, ഇതര വിശ്വാസദര്‍ശനങ്ങളുടെ അബദ്ധങ്ങള്‍ തുറന്ന് കാട്ടുന്നതും കൃത്യമായ നിരൂപണത്തിലൂടെയാണ്. പ്രസ്തുത പാരമ്പര്യം വിശ്വാസി സമൂഹം ചരിത്രത്തിലുട നീളം കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. മഹാന്മാരായ ഖലീഫമാര്‍ ഭരണമേറ്റടുത്ത വേളയില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ തങ്ങളുടെ പോരായ്മകള്‍ വിലയിരുത്തുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യണമെന്ന് സൂചിപ്പിച്ചിരുന്നത് സുപ്രസിദ്ധമാണ്. ‘ഉമറിന്റെ വീഴ്ച വാളുകൊണ്ട് ശരിയാക്കും’ എന്ന സ്വഹാബിയുടെ പ്രഖ്യാപനവും നമുക്ക് പരിചിതമാണ്. ഇസ്‌ലാമിക സമൂഹം മറ്റുള്ളവരുടെ അഭിപ്രായം ശ്രവിക്കാത്ത സ്വേഛാധിപതികളുടെയോ, തന്റെ അഭിപ്രായം കുറ്റമറ്റതാണെന്ന് കരുതുന്ന ദുര്‍വാശിക്കാരായ അനുയായികളുടെയോ സംഘമായിരുന്നില്ല. മറിച്ച്, ദൈവബോധമുള്ള തങ്ങളുടെ വീഴ്ചകളെയും പോരായ്മകളെയും കുറിച്ച അവബോധവും, അവ സംസ്‌കരിക്കുന്നതിന് അടങ്ങാത്ത ആഗ്രഹവുമുള്ളവരായിരുന്നു അവര്‍. തങ്ങളുടെ വാക്കുകള്‍, പ്രയോഗങ്ങള്‍, നിലപാടുകള്‍ ഇസ്‌ലാമിക സമൂഹത്തിന് വിലങ്ങ് തടിയാവുന്ന പക്ഷം, ദൈവം തന്നെ കൈകാര്യം ചെയ്യുമെന്ന് ഉത്തമബോധ്യമുള്ളവരായിരുന്നു പൂര്‍വസൂരികള്‍. പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെ ശത്രുക്കള്‍ പടച്ച് വിട്ട വ്യഭിചാരാരോപണത്തെ വളര്‍ത്താനാണ് തങ്ങളുടെ നിലപാടുകള്‍ കാരണമായതെന്ന് ബോധ്യപ്പെട്ട ചില സഹാബാക്കള്‍ പശ്ചാതപിച്ച് മടങ്ങുകയാണ് ചെയ്തത്.
അതിനാല്‍ തന്നെ, വിമര്‍ശനത്തിലും നിരൂപണത്തിലും അങ്ങേയറ്റത്തെ സൂക്ഷ്മത പാലിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. അനിവാര്യമായ നിരൂപണങ്ങള്‍ മാത്രം നടത്തുകയും, വൃത്തിയായി അവ നിര്‍വഹിക്കുകയും ചെയ്തു അവര്‍. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീസ് നിദാന ശാസ്ത്രത്തിന്റെ അടിത്തറ നിരൂപണമായിരുന്നു. ഹദീസുകളുടെ ഉള്ളടക്കത്തെയും, പരമ്പരയിലുള്ള വ്യക്തികളുടെ ജീവിതത്തെയും തലനാരിഴ കീറി പരിശോധിച്ചതിന് ശേഷമെ ഹദീസ് സ്വീകരിക്കാറുണ്ടായിരുന്നുള്ളൂ. വളരെ സുപ്രധാനമായ ഈ സന്ദര്‍ഭത്തില്‍ പോലും വിമര്‍ശനത്തിന്റെ മര്യാദയും മുന്‍ഗണനാക്രമവും വളരെ കൃത്യമായി പാലിച്ചായിരുന്നു അവരത് നിര്‍വഹിച്ചത്.
വിമര്‍ശനത്തിന് പല അടിസ്ഥാനങ്ങളുമുണ്ട്. വളരെ പ്രാഥമികമായ മര്യാദകളും രീതികളുമുണ്ട്. ഇസ്‌ലാമറിയുന്ന സാധാരണക്കാര്‍ക്ക് പോലും സുപരിചിതമാണവ. വളരെ രഹസ്യവും, ഉചിതവുമായ വിധത്തില്‍ ഗുണദോഷിക്കുകയെന്നത് അവയില്‍ പ്രാഥമികമാണ്. നബി തിരുമേനി(സ) പറയുന്നു ‘ആരെങ്കിലും ഉപദേശിക്കുന്നുവെങ്കില്‍ കൈപിടിച്ച് മാറി നിന്ന് സംസാരിക്കട്ടെ. അവന് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.’ തദ്വിഷയകമായി ഇമാം ശാഫിഇയില്‍ നിന്നും ഉദ്ധരിക്കപ്പെട്ട പ്രശസ്ത വചനമുണ്ട്. ‘തന്റെ സഹോദരനെ രഹസ്യമായി ഗുണദോഷിച്ചയാള്‍, അവനെ ഉപദേശിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. പരസ്യമായാണ് ചെയ്യുന്നതെങ്കില്‍ അദ്ദേഹമവനെ വഷളാക്കുകയും, നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.’

Critic

വിമര്‍ശനത്തിന്റെ പ്രേരകം സ്വാര്‍ത്ഥ താല്‍പര്യങ്ങളോ ഭൗതികമായ നിഗമനങ്ങളോ ആവരുതെന്ന് വിശ്വാസി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ‘ഇസ്രായേല്‍ വംശത്തിലെ ഒരു വിഭാഗം ജനങ്ങള്‍ തങ്ങള്‍ക്ക് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ ഒരു നേതാവിനെ നിശ്ചയിച്ച് നല്‍കണമെന്ന് അവരുടെ പ്രവാചകനോട് ആവശ്യപ്പെട്ടു. അല്ലാഹു താലൂതിനെയാണ് നേതാവാക്കിയത്. ഇത് ചിലര്‍ക്ക് രസിച്ചില്ല. പരമദരിദ്രനായ അദ്ദേഹമെങ്ങനെ ഞങ്ങളുടെ നായകനാവും? എന്നതായിരുന്നു അവരുടെ പ്രശ്‌നം. പക്ഷെ അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ജാലൂത്തിന് മേല്‍ വിജയം നല്‍കുകയും ചെയ്തുവെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു.(അല്‍ ബഖറ : 247) ഇവിടെ വിമര്‍ശനം അഴിച്ച് വിട്ടവര്‍ ദുര്‍ബലവിശ്വാസികളും, താന്‍ തന്നെയാണ് യോഗ്യന്‍ എന്ന് സ്വയം കരുതിയവരുമായിരുന്നു. മറ്റുള്ളവര്‍ ദുര്‍ബലനും, അയോഗ്യനുമായി വിലയിരുത്തുന്നവരെ കൊണ്ട് അല്ലാഹു മഹത്തായ ദൗത്യം വിജയിപ്പിക്കുമെന്ന് പ്രസ്തുത ചരിത്രത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹുവും അവന്റെ ദൂതനും, ഇസ്‌ലാമിക പ്രസ്ഥാന നേതൃത്വവും പല വിഷയങ്ങളിലും പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ മറ്റുള്ളവരുടെ താല്‍പര്യത്തിനും കാഴ്ചപ്പാടിനും വിരുദ്ധമാണെങ്കില്‍ പോലും.
പ്രവാചക കാലത്ത് ചില ‘ഇസ്‌ലാമിക പ്രവര്‍ത്തകരു’ണ്ടായിരുന്നു. വിമര്‍ശനവും പരിഹാസവുമായിരുന്നു അവരുടെ മുഖ്യതൊഴില്‍. ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തിയത് ‘ഹൃദയത്തിന് രോഗം ബാധിച്ചവര്‍’ എന്നായിരുന്നു. ‘സ്വമനസ്സാലെ ദാനധര്‍മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം അധ്വാനമല്ലാതൊന്നും ദൈവമാര്‍ഗത്തിലര്‍പ്പിക്കാനില്ലാത്തവരെയും പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. അവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്.’ (തൗബ : 79)
ദൈവമാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചവരെ പരിഹസിക്കുകയും, പരസ്യമായി ആക്ഷേപിക്കുകയും ചെയ്യുന്ന ഇവര്‍ ധരിച്ചിരുന്നത് തങ്ങളുടെ വിലയിരുത്തലുകള്‍ മാത്രമാണ് ശരിയെന്നും മറ്റുള്ളവര്‍ ശുദ്ധമണ്ടന്‍മാരാണെന്നുമായിരുന്നു. അവരുടെ പ്രസ്തുത നിലപാടിനെ വിശുദ്ധ ഖുര്‍ആന്‍ വിളിച്ചത് ‘ജാഹിലിയ്യത്തിന്റെ വിചാരം’ എന്നായിരുന്നു. (ആലുഇംറാന്‍ : 154)
വിമര്‍ശനമെന്നത് നിഷേധാത്മകവും, നശീകരണാത്മകവുമായിരിക്കണമെന്ന് ശഠിക്കുന്നവരായിരുന്നു അവര്‍. ആത്മാര്‍ത്ഥതയുള്ള വിശ്വാസികളെയും, ഇസ്‌ലാമിക സംരംഭങ്ങളെയും നിരൂപിക്കുന്നത് പുണ്യമെന്ന് കരുതുന്നവര്‍. അത് മുഖേന ആളുകള്‍ക്കിടയില്‍ സ്ഥാനവും മഹത്വവും കൈവരുമെന്ന് വ്യാമോഹിച്ചവര്‍. അതിന് വേണ്ടി പള്ളിയും ഗ്രൂപ്പുമുണ്ടാക്കിയവര്‍. ഗുണദോഷിക്കുന്നതിനെ പരദൂഷണത്തിലേക്ക് വഴിനടത്തിയവര്‍. ഓരോ കുറ്റവും വീഴ്ചയും പറഞ്ഞ് ആക്ഷേപിക്കുമ്പോഴൊക്കെ അവര്‍ ആണയിട്ട് പറയും. ‘ഞങ്ങള്‍ നന്മ മാത്രമെ ഉദ്ദേശിച്ചിട്ടുള്ളൂ’ എന്ന്. അവരുടെ ഹൃദയങ്ങളിലുള്ളത് വ്യക്തമായി അറിയുന്നവനാണ് അല്ലാഹു. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളിലേക്ക് നോക്കൂ. ‘ദ്രോഹംവരുത്താനും സത്യനിഷേധത്തെ സഹായിക്കാനും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധംചെയ്തവന് 26 താവളമൊരുക്കാനുമായി പള്ളിയുണ്ടാക്കിയവരും അവരിലുണ്ട്. നല്ലതല്ലാതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.’ (തൗബ : 107)
വിമര്‍ശനത്തില്‍ സത്യസന്ധരായിരിക്കണമെന്നത് ഇസ്‌ലാമിന്റെ കര്‍ശന നിര്‍ദേശമാണ്. സത്യസന്ധതയും ആത്മാര്‍ത്ഥതയും മാത്രം പോരാ. മാന്യതയും സഭ്യതയുമുണ്ടായിരിക്കണം. എത്ര കഠിനമായ കുറ്റത്തിന്റെ കാര്യത്തിലാണെങ്കില്‍ പോലും. ശിര്‍ക്ക് അഥവാ ബഹുദൈവത്വം വിശുദ്ധ ഖുര്‍ആന്‍ ശക്തമായി നിഷേധിച്ച ആശയമാണ്. ദൈവം പൊറുക്കാത്ത പാപമായി ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തുന്നു. എന്നിട്ട് പോലും അവരെ ആക്ഷേപിക്കുന്നതിനെ വിലക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. (അന്‍ആം : 17)
വിമര്‍ശനത്തിന്റെ രണ്ട് മുഖങ്ങളാണ് വിശുദ്ധ ഖുര്‍ആനുദ്ധരിച്ച് മേല്‍ സൂചിപ്പിച്ചത്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പാലിക്കേണ്ട, മുറുകെ പിടിക്കേണ്ട രീതി വളരെ വ്യക്തമാണ്. നമ്മുടെ വിമര്‍ശനം നിഷേധാത്മകമാണെങ്കില്‍, പരസ്യമായ ആക്ഷേപവും ശകാരവര്‍ഷവുമാണെങ്കില്‍, ഇസ്‌ലാമിക സംരഭങ്ങളെ അവഹേളിക്കുന്ന തരത്തിലാണെങ്കില്‍ നാഴികക്ക് നാല്‍പത് തവണ ‘നല്ലതല്ലാതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്’ ആവര്‍ത്തിച്ച് പറഞ്ഞാലും അല്ലാഹു നമ്മുടെ ഹൃദയത്തിലുള്ളത് അറിയുക തന്നെ ചെയ്യും.

 

 

Related Articles