Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റ സ്ഥാനം?

നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റെ സ്ഥാനം എവിടെയാണ് എന്ന് നമ്മളെപ്പോഴെങ്കിലും
ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചാല്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടിവരും. അതായത് നാം അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കുന്നുണ്ടോ? എത്രത്തോളമാണ് നമ്മുടെ ഹൃദയത്തില്‍ അവന്റെ മഹത്വം? എന്നിത്യാദി ചോദ്യങ്ങള്‍ നമ്മളെ അലട്ടിക്കൊണ്ടിരിക്കും. അലി (റ ) സ്വാലിഹീങ്ങളെ കുറിച് പറഞ്ഞത് ഇപ്രകാരമാകുന്നു: അവര്‍ സൃഷ്ടാവിനെ പൂര്‍ണ്ണാര്‍ഥത്തില്‍ വലിയവനായി കാണുന്നു, അത്‌കൊണ്ട് തന്നെ ബാക്കിയുള്ള സൃഷ്ടി ചരാചരങ്ങളെല്ലാം തന്നെ അവരുടെ കണ്ണുകളില്‍ വളരെ നിസ്സാരമാണ്.

സ്വാലിഹീങ്ങള്‍ അല്ലാഹുവിന്റെ മഹത്വം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടത് കൊണ്ടാണ് അവര്‍ക്ക് അല്ലാഹുവിനെ തൃ്പ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി നിരന്തരം മുഴുകാൻ കഴിയുന്നത്. ആയതിനാല്‍ അവര്‍ അല്ലാഹുവിനെയല്ലാതെ ഭയപ്പെടുകയില്ല, കാരണം അല്ലാഹുവാണ് എല്ലാത്തിനേയും സൃഷ്ടിച്ചതും നിയന്ത്രിച്ച് പരിപാലിക്കുന്നതും. അങ്ങനെയുള്ള പടച്ചവനുമായി അവരുടെ ഹൃദയം നിരന്തരം ബന്ധിക്കപ്പെട്ടതായിരിക്കും. അവര്‍ക്ക് അല്ലാഹു മതി! അവരുടെ ശരീരത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണം അല്ലാഹുവിലാണെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. അല്ലാഹു ആവശ്യമായ സമയങ്ങളില്‍ ആവശ്യമായവ നല്‍കുമെന്ന് അവര്‍ മനസ്സിലുറച്ച് പ്രതീക്ഷിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ രൂഢമൂലമായ വിശ്വാസം കാരണം അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ ആയി മാറുന്നു.

അല്ലാഹുവിനെ സ്നേഹിക്കുന്നതില്‍ നമ്മുടെ സ്ഥാനം എവിടെയാണ്? സ്‌നേഹനിധിയായ പടച്ചവനുമായി നമ്മുടെ ബന്ധം എന്താണ്? അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ തലങ്ങളെക്കുറിച്ച് നമ്മള്‍ അധമ്യമായ അഭിവാഞ്ജ വെച്ച് പുലര്‍ത്തുന്നവരാണോ? അത്യുന്നതനായ പടച്ചവനില്‍ നിന്ന് നാം ഉദ്ദേശിക്കുന്നത് നേടാനാണോ നാം അവനെ ഇഷ്ടപ്പെടുന്നത്? അതോ അല്ലാഹു തന്റെ ദാസന്മാര്‍ എപ്രകാരമാണോ ആവേണ്ടത് എന്ന് പ്രതീക്ഷിക്കുന്നതിനനസരിച്ച് നാം വളരാനാണോ നാം അവനെ ഇഷ്ടപ്പെടുന്നത്? അങ്ങനെ സ്‌നേഹം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണാര്‍ഥത്തില്‍ ദൈവത്തിന്റെ ഇഷ്ടദാസന്‍ ആയി മാറണമെന്ന് നമ്മള്‍ ആലോചിച്ചിട്ടുണ്ടോ?

Also read: അയാ സോഫിയയില്‍ ഇനി ബാങ്കൊലി മുഴങ്ങും!

ദാവൂദ് നബി(അ)നോട് അല്ലാഹു പറയുന്നുണ്ട്. ഓ ദാവൂദ്, നീ ആഗ്രഹിക്കുന്നു, ഞാനും ആഗ്രഹിക്കുന്നു. ഞാന്‍ ആഗ്രഹിക്കുന്നത് പോലെ നീ എന്നെ അനുസരിക്കുകയാണെങ്കില്‍, നീ ആഗ്രഹിക്കുന്നതില്‍ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ഞാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് നീ വ്യതിചലിച്ചാല്‍ നീ ആഗ്രഹിക്കുന്നതില്‍ ഞാന്‍ നിന്നെ പ്രയാസപ്പെടുത്തുന്നതായിരിക്കും. തീര്‍ച്ചയായും ഞാന്‍ ഉദ്ദേശിക്കുന്നതല്ലാതെ നടക്കുകയില്ല തന്നെ!

അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ വഴിപ്പെട്ടാല്‍ എന്റെ തൃപ്തി അവനിലുണ്ടാവും, ഞാന്‍ തൃപ്തിപെട്ടാല്‍ അവന് ഒരുപാട് അനുഗ്രഹങ്ങള്‍ ഉണ്ടാവും, എന്റെ അനുഗ്രഹത്തിന്ന് അവസാനമില്ല, എന്റെ അടിമ എന്നെ വഴിപ്പെടാതിരുന്നാല്‍ ഞാന്‍ അവനോട് കോപിക്കും, ഞാന്‍ ആരോടെങ്കിലും കോപിച്ചാല്‍ അവന്‍ ശപിക്കപെട്ടിരിക്കുന്നു.
നമ്മള്‍ ഭൗതികമായ കാര്യങ്ങള്‍ക്ക് വേണ്ടി ധൃതിപെടുന്നത് അല്ലാഹു ഒരിക്കലും ഇഷ്ടപെടുന്നില്ല. അല്ലാഹു ഇബ്രാഹിം നബിയോട് തന്റെ മകനെ അറുക്കാന്‍ കല്പിച്ചപ്പിച്ചപ്പോള്‍ അല്ലാഹുവിനോടുള്ള സ്നേഹം കാരണം തന്റെ സ്വന്തം മകനെ അറുക്കാന്‍ പോലും ഇബ്രാഹീം നബി തയ്യാറായി എന്നത് പ്രത്യേകം സുവിദിതമാണ്.

Also read: സ്രെബ്രിനിക്ക കൂട്ടക്കൊലക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍

അല്ലാഹുവുമായി അടുക്കാനുള്ള സമയം
നമ്മുടെ ഹൃദയത്തില്‍ അല്ലഹുവിന്റെ സ്ഥാനം എവിടെയാണ്? അവനോട് അടുക്കുമ്പോള്‍ നാം സന്തുഷ്ട്ടരാണോ? അവന്‍ നമ്മുടെ കൂടെ ഉണ്ടാവാന്‍ നാം ആഗ്രഹിക്കുന്നുണ്ടോ? അവനുമായി കണ്ടുമുട്ടുന്നതും മുനാജാത്ത് സംഭാഷണം നടത്തുന്നതുമായ നമസ്‌കാരത്തില്‍ നാം സന്തുഷ്ടരാണോ? അല്ലാഹുവുമായി കൂടുതല്‍ അടുക്കുന്ന സാഷ്ടാംഗത്തെ നാം എത്രമാത്രം സ്‌നേഹിക്കുന്നു?

എപ്പോഴൊക്കെ എന്റെ അടിമ എന്നെ ഓര്‍ക്കുകയും അവന്റെ ചുണ്ടില്‍ ഞാന്‍ ഉണ്ടാവുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ഞാന്‍ അവന്റെ കൂടെ ഉണ്ടാവുമെന്ന് അല്ലാഹു പറയുന്നു. രാത്രിയുടെ അവസാന മൂന്നിലൊന്നില്‍ പടച്ചവനോടുള്ള സ്‌നേഹബന്ധത്തിന്റെ ബഹിര്‍സ്ഫുരണമെന്നോണം സമയത്തിന്റെ ഒരു പങ്ക് അവന് വേണ്ടി നാം മാറ്റിവെക്കാറുണ്ടോ? അല്ലാഹു നിരന്തരം നമ്മോട് ഓര്‍മ്മപ്പെടുത്തുന്നുണ്ട്, ഖേദിച്ചു മടങ്ങുന്നവന്റെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നു, പൊറുക്കലിനെ തേടിയവന് ഞാന്‍ പൊറുത്തുകൊടുക്കുന്നു. എന്നോട് ചോദിക്കുന്നവര്‍ക്ക് ആവശ്യമുള്ളത് ആവശ്യമുള്ള സമയത്ത് ഞാന്‍ നല്‍കുന്നു.

ഒരു സ്നേഹിതന്‍ തന്റെ സ്‌നഹിതന്റെ കൂടെ ഒറ്റക്കിരിക്കാന്‍ ഇഷ്ട്ടപെടുന്നില്ലേ, അപ്പോള്‍ എവിടെയാണ് അല്ലഹുവുമായി നാം ഒറ്റക്കിരിക്കുന്നത്? സ്‌നേഹിതന്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി ത്യാഗം ചെയ്യുന്നില്ലേ? ദൈവത്തിനു വേണ്ടിയും അവന്റെ വചനവും മതവും ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി നമ്മള്‍ എവിടെയാണ് ത്യാഗം ചെയ്യുന്നത്? മാത്രമല്ല തന്റെ സ്‌നേഹിതന്റെ തൃപ്തിക്കായി അവന്‍ പരിശ്രമിക്കുകയും, തനിക്കു ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ വരെ അവന്റെ സംതൃപ്തിക്കായി സഹിക്കുകയും ചെയ്യുന്നില്ലേ? പടച്ചവന് വേണ്ടി നാം എത്രത്തോളം ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്?

ബദ്ര്‍ യുദ്ധത്തില്‍ തന്റെ പ്രിയപ്പെട്ട റബിന്റെയും സ്‌നേഹിതന്റെയും തൃപ്തി കിട്ടാനായി ആഗ്രഹിച്ചവരെക്കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? ഔഫ് ബിനു ഹാരിസ് റസൂല്‍ (സ )യോട് ചോദിച്ചു: എന്താണ് നബിയെ അല്ലാഹുവിനെ അടിമ ചിരിപ്പിക്കുന്ന കാര്യം? അപ്പോള്‍ നബി തങ്ങള്‍ മറുപടികൊടുത്തു: പടയങ്കികളൊന്നുമില്ലാതെ യുദ്ധത്തിന്ന് പുറപ്പെടുക, അപ്പോള്‍ തന്നെ ഔഫ് ബിനു ഹാരിസ് തന്റെ പടയങ്കിയെ ഊരിവെച്ചിട്ട് തന്റെ വാളെടുത്തു, താന്‍ ഷഹീദ് ആവുന്നത് വരെ യുദ്ധം ചെയ്തു! നമ്മളില്‍ നിന്ന് ആരാണ് അല്ലാഹു ചിരിക്കുന്നതിനെ കുറിച്ചും സന്തോഷിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നത്.

എല്ലാ കഷ്ട്ടപാടുകളിലും അല്ലാഹുവിനെ സ്‌നേഹിക്കല്‍
വിധി പലപ്പോഴും നമ്മുടെ താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടാത്ത വിധത്തില്‍ വരാം, നമ്മുടെ ക്ഷമ പരീക്ഷിക്കാന്‍ അവന്‍ ഒരുപാട് പ്രയാസങ്ങള്‍ നമ്മുക്ക് ഇറക്കി തരുന്നു, നമ്മുക്ക് ഒരുപാട് കഷ്ട്ടപാടുകളും ബുദ്ധിമുട്ടുകളും ഇറങ്ങുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ അല്ലഹുവിന്റ സ്ഥാനം എവിടെ എന്ന് ഓരോ സമയവും നാം സ്വന്തത്തോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുക. പ്രായാസങ്ങളിലും അല്ലാഹുവിന്റെ കാരുണ്യത്തെ കാണാന്‍ നമുക്ക് കഴിയാറുണ്ടോ? കഷ്ടപ്പാടിലും അല്ലാഹുവിന്റെ സ്‌നേഹത്തെ നമുക്ക് തിരിച്ചറിയാന്‍ പറ്റാറുണ്ടോ? പുണ്യ നബി(സ്വ) പറയുന്നുണ്ട്: അല്ലാഹു തന്റെ ഇഷ്ട ദാസന്മാരെയാണ് കൂടുതല്‍ പരീക്ഷിക്കുക.

Also read: നിങ്ങളേയും അവരെയും തീറ്റുന്നത് നാമാണ്

അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ നന്മ കാണാത്തവര്‍ സൂറത്തുല്‍ കഹ്ഫിലെ ഖളിര്‍ നബിയുടെ കൂടെയുണ്ടായിരുന്ന മൂസ നബി (അ )യുടെ കഥയെ ഓര്‍ക്കണം, മൂസ നബി (അ )കൂടെ ഉണ്ടായിരിക്കെ എന്തിനാണ് ഖളിർ നബി (അ )കപ്പലിന്ന് തുള ഉണ്ടാക്കിയതും, കളിച്ചുകൊണ്ടിരിക്കുന്ന കൂട്ടിയെ കൊന്നതും, വളരെ മോശപെട്ട മനുഷ്യരുടെ നാട്ടിലെ മതില്‍ എന്തിനാണ് നന്നാക്കിയതും, എന്നിങ്ങനെ മൂസ നബി (അ )ചോദിച്ചിരുന്നു, പക്ഷെ, വിചാരണയുടെ പിന്നിലെ വസ്തുതകളും വിവേകവും അറിഞ്ഞതിന് ശേഷം അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്കു പിന്നിലെ നന്മയെ കുറിച്ച് മൂസാ (അ) മനസ്സിലാക്കി! അപ്രകാരം, പരീക്ഷണങ്ങള്‍ക്ക് പിന്നിലും പടച്ചവന്റെ ചില താത്പര്യങ്ങളുണ്ടെന്ന് വിശ്വസിക്കാന്‍ നമുക്ക് സാധിക്കണം.

അല്ലാഹു നമുക്ക് ജീവന്‍ തന്നു, നാം ദുനിയാവില്‍ കളിച്ചും രസിച്ചും ജീവിച്ചു, സമ്പത്തിലും സന്താനങ്ങളിലുമായി നാം ജോലിയായി, അത് കൊണ്ട് ഒരു തവണയെങ്കിലും നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹു എവിടെ എന്ന് നാം സ്വയം ചോദിക്കണം. നീ ഒരു തെറ്റു ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ നിന്റെ ശരീരാത്തോട് അല്ലാഹു എന്റെ ഹൃദയത്തില്‍ എവിടെ എന്നും, അല്ലാഹുവാണോ അതോ തെറ്റാണോ എനിക്ക് ഇഷ്ട്ടം എന്നും ഒരു വട്ടമെങ്കിലും ചോദിക്കണം. അല്ലാഹു നിങ്ങളെ എങ്ങനെ കാണുന്നുവെന്ന് നിങ്ങള്‍ കുറച്ചുകാണുന്നുണ്ടോ? തെറ്റ് ചെയ്തവനായി മരിച്ചാല്‍ അല്ലാഹു എങ്ങനെയാണ് എന്നെ സ്വീകരിക്കുക എന്ന് എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ?

ആരാധനകളില്‍ മടി തോന്നുമ്പോള്‍ അല്ലാഹു എവിടെ എന്ന് സ്വയം ചോദിക്കണം. അല്ലാഹുവിനേക്കാള്‍ മടിയേയും വിശ്രമത്തേയുമാണോ നാം തെരെഞ്ഞുടുക്കുന്നതെന്ന് ഒരു വേള ആലോചിക്കണം. ആയതിനാല്‍ എല്ലാ ഒരു നിമിഷങ്ങളിലും നമ്മുടെ ഹൃദയങ്ങള്‍ അല്ലാഹുവുമായി ബന്ധിപ്പിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹു എവിടെയെന്ന് വീണ്ടും വീണ്ടും നമുക്ക് ചോദിച്ചുകൊണ്ടിരിക്കാം!

വിവ- അബ്ദുല്ല ചോല

Related Articles