Current Date

Search
Close this search box.
Search
Close this search box.

നിങ്ങളേയും അവരെയും തീറ്റുന്നത് നാമാണ്

(نَحْنُ نَرْزُقُكُمْ وَإِيَّاهُمْ)( نَحْنُ نَرْزُقُهم وَإِيَّاكمْ)(6:151,17:31)

യു.എൻ. പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുപ്രകാരം 2019-ൽ 760 കോടി ആയി മനുഷ്യ ജനസംഖ്യ എന്നാണ് കണക്ക്. ബോസ്നിയയുടെ തലസ്ഥാനമായ സരാജവോയിൽ 1999 ഒക്ടോബർ 12 നാണ് അദ്നാൻ നെവിക്ക് എന്ന 6 ബില്യൺത് ബേബി ജനിച്ചത്. 29 ഒക്ടോബർ 2011 ന് 7 ബില്യൺത് ബേബിയായി ഫിലിപ്പൈൻ തലസ്ഥാനമായ മനിലയിൽ ജനിച്ച ഡാനിക്ക മേ കാമാച്ചോ എന്ന പെൺകുട്ടിയെ ആഗോള ജനസംഖ്യയുടെ നാഴികക്കല്ലായി പ്രതീകാത്മകമായി അടയാളപ്പെടുത്താൻ യുഎൻ തിരഞ്ഞെടുത്തു.

ഈ കണക്കിൽ 12 വർഷത്തിനിടയിലെ ജനസംഖ്യാ നിരക്കിന്റെ ഗ്രാഫ് വായനക്കാർക്ക് ഏകദേശം തിരിഞ്ഞു കാണും .ഏഴുവര്‍ഷം കൂടി കഴിഞ്ഞാല്‍, അതായത് 2027ല്‍ ലോക ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യം ഏതെന്ന ചോദ്യത്തിന് ഉത്തരം നമ്മുടെ ഭാരതം എന്നാകും , സംശയമില്ല. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നിലവില്‍ 137 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടെത് 143 കോടിയും. 2027ല്‍ ചൈനയെ ഇന്ത്യ ആ വിഷയത്തിലെങ്കിലും മറികടക്കും എന്ന് പ്രതീക്ഷിക്കാം , തീവ്ര ദേശീയ വാദികൾക്ക് ആഹ്ലാദിക്കുകയുമാവാം. 2019 നും 2050 നുമിടയില്‍ 27 കോടി പേരുടെ വര്‍ധനയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. തുടര്‍ന്ന് ഈ നൂറ്റാണ്ടിനുടനീളം ഇന്ത്യ തന്നെയാകും ചോദ്യം ചെയ്യപ്പെടാതെ ആ രംഗത്ത് ഒന്നാം സ്ഥാനത്ത്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ലോക ജനസംഖ്യയില്‍ 320 കോടിയുടെ വര്‍ധനയാണ് ഭൂമിയിൽ യു.എന്‍ നിരീക്ഷിക്കുന്നത്. അതിൽ നല്ലൊരു ശതമാനം ഇന്ത്യയിൽ നിന്നാവും എന്ന് അഭിമാനിക്കാൻ വകുപ്പുണ്ട്.

Also read: എല്‍ ജി ബി റ്റി ക്യു വും ഇസ്‌ലാമും: പുനരാലോചനക്ക് വിധേയമാക്കുമ്പോള്‍

ആസൂത്രിത മാതൃത്വം / പിതൃത്വം (Planned Parenthood) എന്ന ഓമനപ്പേരില്‍ സോദ്ദേശ്യ പ്രചാരണങ്ങളോടെ നടപ്പില്‍ വരുത്തപ്പെട്ട കുടുംബാസൂത്രണ പദ്ധതികളുടെ ബാലൻസ് ഷീറ്റ് നഷ്ടക്കണക്കാണ് കാണിക്കുന്നത് എന്ന് പലദിക്കുകളിൽ നിന്ന് ലോകം കേട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ സ്വാഭാവിക പ്രജനനശേഷിയെ മനപ്പൂർവ്വം നിയന്ത്രിക്കുക എന്നാണു എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പോലുള്ള വിവര സ്രോതസ്സുകളും ലോകാരോഗ്യ സംഘടന (WHO), അന്താരാഷ്‌ട്ര ആസൂത്രിത മാതൃത്വ / പിതൃത്വ സംഘടന (IPPF) പോലെയുള്ളവരും കുടുംബാസൂത്രണം (Family Planning) എന്നതിനു നല്കുന്ന വിശദീകരണം. അതിനു ഗർഭനിരോധനം, ഗർഭച്ഛിദ്രം
തുടങ്ങിയുള്ള മാർഗങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. കുട്ടികളുടെ പാരന്റിങിൽ / തർബിയ്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഗർഭധാരണത്തിനിടയില്‍ ഇടവേള സ്വീകരിച്ചു ഫാമിലി പ്ലാനിംഗ് ചെയ്യുന്നവരെ തൽക്കാലം മാറ്റിനിറുത്താം. ” നാം രണ്ട് നമുക്ക് രണ്ടി”ല്‍തുടങ്ങി”നാംഒന്ന്നമുക്കൊന്നി”ലേക്കെത്തി അവിടെ നിന്നു പരിണമിച്ചു ഇപ്പോള്‍ “നാമൊന്നു നമുക്കെന്തിന്?” എന്ന് ചോദിക്കുന്ന സ്വാർഥതയുടെ കൊട്ടാരങ്ങളിലേക്ക് സങ്കോചിക്കുന്ന ചിന്താഗതി വിളിച്ചുവരുത്തിയ വിനാശമെന്താണെന്നു ആധുനിക “വൃദ്ധചൈന” വിളിച്ചു കലമ്പുന്ന ചിത്രം നമ്മളിപ്പോള്‍ ലൈവായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയും അതിലെ വിഭവങ്ങളും എത്ര പരിമിതമാണ്, അതിനാല്‍ അനിയന്ത്രിതമായ ജനപ്പെരുപ്പം ഉണ്ടായാല്‍ വിഭവങ്ങള്‍ തീർന്നു പോകും എന്ന “വിഭവപ്പേടി” യും ഊതിവീര്‍പ്പിച്ചുണ്ടാക്കിയ കുമിളകള്‍ കണക്കെയുള്ള കണക്കും കാട്ടിയാണ്  മുതലാളിത്ത രാജ്യങ്ങൾ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ ജനകീയാസൂത്രണ നയങ്ങള്‍ നടപ്പില്‍ വരുത്തിയത്. 1789-ല്‍ പുറത്തുവന്ന റ്റി.ആര്‍. മാല്‍ത്തൂസ് (Thomas Robert Malthus, 1766-1834) എഴുതിയ An Essay on the Principle of Population എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മൂന്നു നൂറ്റാണ്ടുകളായി പല ആശുപത്രികളും മനുഷ്യക്കുരുതിക്കളമായത്. ഉള്ളത് പങ്ക് വെക്കാനുള്ള ലുബ്ധതയും ഇനി വരുന്ന തലമുറ നാം അനുഭവിക്കുന്നത് അപഹരിച്ചേക്കുമെന്ന ഭീതിയും ദരിദ്രകുടുംബങ്ങളേക്കാൾ പിടികൂടിയത് ഇടത്തരം, സമ്പന്ന കുടുംബങ്ങളെ ആയിരുന്നു.

‎‎‎‎‎‎‎‎‎ മക്കളില്ലാതെ വിഷമിക്കുന്ന എത്രയോ ദമ്പതികളെ നമുക്കേവര്‍ക്കുമറിയാം. അവര്‍ക്ക് അല്ലാഹു സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കട്ടെ എന്ന് പ്രാർഥിക്കാം.സ്വാലിഹീങ്ങളായ മക്കള്‍ അല്ലാഹുവിന്‍റെ അനുഗ്രഹമാണ്, സംശയമില്ല. അവരെ സന്മാര്‍ഗത്തിലും സല്‍സ്വഭാവത്തിലും വളര്‍ത്തുകയെന്നുള്ളത്‌ അല്ലാഹുവിങ്കൽ ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണ്. وَقَدِّمُوا لِأَنفُسِكُمْ 2:223 (നിങ്ങൾക്കായി സ്വരുക്കൂട്ടുക )ന്റെ വ്യാഖ്യാനത്തിൽ തദബ്ബുറിൽ മൗലാന ഇസ്ലാഹിയുടെ നിരീക്ഷണമതാണ്. Coitus interruptus/عزل , നിയന്ത്രിത ഗർഭധാരണം എന്നിവയല്ലാത്ത കുടുംബാസൂത്രണമെല്ലാം ഇസ്ലാമികമായി തെറ്റാവുന്നത് ഉപരിസൂചിത കാരണങ്ങൾ കൊണ്ടാണ്.

Also read: ഫലസ്തീനിലെ കൂട്ടിച്ചേര്‍ക്കലും നെതന്യാഹുവിന്റെ കണക്ക് കൂട്ടലും

ഈ വിഷയസംബന്ധമായി വിശ്വാസികൾ എന്ന നിലക്ക് അടിസ്ഥാനപരമായി നാം മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്:-
സന്താനങ്ങള്‍ ഉണ്ടാകുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു:
تَزَوَّجُوا الْوَدُودَ الْوَلُودَ ….
“നിങ്ങള്‍ സ്നേഹനിധികളും, സന്താനോല്പാദനശേഷിയുള്ളവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക.”

ഒരു സമൂഹത്തിന്‍റെ ആയാലും ഒരു രാജ്യത്തിന്‍റെ ആയാലും ഏറ്റവും വലിയ വിഭവശേഷി ധനമല്ല; അധ്വാനശീലരായ പൗരന്മാരാണ്. മക്കൾ ദാരിദ്ര്യത്തിന് കാരണമാകും എന്ന് പറയുന്ന ചില വിഡ്ഢികളെ കാണാം. യഥാര്‍ത്ഥത്തില്‍ സന്താന നിയന്ത്രണമാണ് ദാരിദ്ര്യത്തിന് കാരണമാകുന്നത്. എന്തുകൊണ്ടെന്നാല്‍ അത് ഉല്പാദനക്ഷമരല്ലാത്ത ദമ്പതികളുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കുകയും, യോഗ്യരായ യുവാക്കളുടെ എണ്ണം ക്രമേണ കുറയ്ക്കുകയും ചെയ്യും. സ്വാഭാവികമായും സാമ്പത്തിക രംഗം ഇതുമൂലം പ്രതിസന്ധിയിലാവുകയും ഫലം.

സന്താനനിയന്ത്രണം വേണം എന്ന ചിന്ത യഥാര്‍ത്ഥത്തില്‍ ലോകത്ത് കൊണ്ടുവന്നത് സോഷ്യലിസ്റ്റുകളും കാപ്പിറ്റലിസ്റ്റുകളുമാണ്. പ്രത്യക്ഷത്തിൽ രണ്ടുകൂട്ടരും ബദ്ധവൈരികളാണെങ്കിലും മനുഷ്യന്‍റെ ആധിക്യവും വിഭവങ്ങളുടെ കുറവുമാണ് സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് കാരണം എന്ന ഉപരിസൂചിത മാൽതൂസിയൻ തത്വത്തിൽ അവര്‍ ഒരേ അഭിപ്രായക്കാരാണ്. എന്നാല്‍ ഇസ്‌ലാം പറയുന്നത് സകലമനുഷ്യര്‍ക്കുമുള്ള വിഭവങ്ങള്‍ അല്ലാഹു ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ വിഭവങ്ങളിലുള്ള കുറവല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം , പ്രത്യുത അവയെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍റെ സ്വഭാവ രംഗത്തുള്ള അസന്തുലിതത്വമാണ് സാമ്പത്തിക പ്രതിസന്ധിക്ക് യഥാർത്ഥ കാരണം.അതുകൊണ്ടുതന്നെ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നിടത്തുള്ള അവന്‍റെ ഇടപെടലുകളാണ് നിയന്ത്രിക്കപ്പെടേണ്ടത്. വിഭവത്തിന്റെ കുറവല്ല മറിച്ച് സാമ്പത്തിക രംഗത്തെ ചൂഷണവും, അസമത്വവും, അരാജകത്വവുമാണ് പലരാജ്യങ്ങളും നേരിടുന്ന പ്രതിസന്ധിക്ക് കാരണം എന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാം.

Also read: പവിത്രമായ നാല് മാസങ്ങള്‍

“ഞങ്ങളുടെ എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങളും , കുറച്ച് ആളുകളുമായി എളുപ്പത്തിൽ പരിഹരിക്കാവുന്നതും കൂടുതൽ ആളുകളുമായി പരിഹരിക്കാൻ ബുദ്ധിമുട്ടുള്ളതും ആത്യന്തികമായി അസാധ്യവുമാണ്.” എന്നാണ് ജനപ്പെരുപ്പത്തെ കുറിച്ച് ഭീതി ഉണ്ടാക്കുന്ന രീതിയിൽ പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനും പ്രക്ഷേപകനുമായ സർ ഡേവിഡ് ആറ്റൻബറോ പറഞ്ഞതെങ്കിൽ “നിങ്ങൾക്കും അവർക്കും ഭക്ഷണം തരാൻ നമുക്കാവും”(6:151,17:31) എന്നാണ് നമ്മുടെ വായ കീറിയ നാഥൻ നല്കിയിട്ടുള്ള ഗ്യാരണ്ടി. അതാണ് നമുക്ക് പ്രതീക്ഷ നല്കുന്ന ആധികാരിക വിളംബരം.

(ജൂലൈ 11 – ലോക ജനസംഖ്യാ ദിനം )

Related Articles