Human Rights

സ്രെബ്രിനിക്ക കൂട്ടക്കൊലക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍

”ബോസ്‌നിയന്‍ അഭയാര്‍ഥികളായ ഒരുമ്മയെയും മകളെയും കണ്ടുമുട്ടിയ അനുഭവം ഞാനൊരിക്കലും മറക്കില്ല.
‘നിങ്ങള്‍ എവിടെ നിന്ന് വരുന്നു’
‘സ്രെബ്രിനിക്കയില്‍ നിന്ന്’
‘മറ്റു കുടുംബാംഗങ്ങളെവിടെ’.
ഞാനക്കാര്യം കാലേക്കൂട്ടി അറിഞ്ഞിരിക്കണമെന്ന മട്ടില്‍ അവളെന്നെയൊന്ന് നോക്കി.
‘ഞാന്‍ സ്രെബ്രനിക്കയില്‍ നിന്നാണ്.” – ഷിബിലി സമാന്‍

ആഗോള മുസ്‌ലിം ചരിത്രത്തില്‍ ഭീതിയും ഉദ്വേഗവും നൂലിഴചേര്‍ത്ത ദുരന്തപൂര്‍ണമായ ഒരേടായിരുന്നു 1995 ജുലൈയിലെ സ്രെബ്രനിക്ക കൂട്ടക്കൊല. കാല്‍നൂറ്റാണ്ടു മുമ്പ് ഇങ്ങനെയൊരു ദിനത്തിലാണ് ബോസ്‌നിയ ഹെര്‍സഗോവിനയിലെ യു.എന്‍ നിരീക്ഷണത്തിലായിരുന്ന സ്രെബ്രിനിക്കയെ ജനറല്‍ റെട്‌കോ മ്ലാഡിചും പരിവാരങ്ങളും ചേര്‍ന്ന് ചോരക്കളമാക്കി മാറ്റാന്‍ തുടങ്ങിയത്. ബോസ്‌നിയൻ മുസ്‌ലിംകളുടെ ജീവിത സന്തുലിതാവസ്ഥയെ കീഴ്‌മേല്‍ മറിക്കുകയും അരക്ഷിതാവസ്ഥയുടെ നീര്‍ചുഴിയിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവമായിരുന്നു അത്. 1992 മുതല്‍ 1995 വരെയുള്ള യുദ്ധത്തിനിടെ സ്രെബ്രിനിക്കയുടെ അധികാരം കൈയാളിയ സെര്‍ബ് ഫോഴ്‌സിന്റെ ക്രൂരകൃത്യത്തിനു കീഴെ ഞെരിഞ്ഞമര്‍ന്നത് ഒരു ജനതയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. ഇരകളുടെ സ്മാരകങ്ങളൊന്നും ബാക്കിവെക്കാതിരിക്കാന്‍ അജ്ഞാതമായ പ്രദേശങ്ങളില്‍ കൂട്ടശ്മശാനങ്ങള്‍ കുഴിച്ച് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കബന്ധങ്ങള്‍ അരിഞ്ഞുതള്ളി കുഴി തൂര്‍ക്കുകയായിരുന്നു ആ കാപാലികര്‍. ലോകത്തെ ഏറ്റവും വലിയ ഫോറന്‍സിക് ഉദ്യമമെന്ന് വിശേഷിപ്പിക്കപ്പെട്ട അന്വേഷണങ്ങള്‍ക്ക് വഴിയൊരുങ്ങിയത് അങ്ങിനെയാണ്. മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുകയും ബന്ധുക്കളുടെ ഡി.എന്‍.എയുമായി തട്ടിച്ചു നോക്കിയുമാണ് പില്‍ക്കാലത്ത് ഇരകളെ തിരിച്ചറിഞ്ഞത്. ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ആത്മശാന്തിനേര്‍ന്ന് ബന്ധുക്കള്‍ പോടോകാരിയിലെ ശ്മശാനത്തില്‍ ഖബറടക്കിപ്പോന്നു. ഓരോ വര്‍ഷവും തിരിച്ചറിയപ്പെടുന്ന മൃതദേഹങ്ങള്‍ ജൂലൈ പതിനൊന്നിന് സംസ്‌കരിക്കപ്പെടുകയും സമാധാന മാര്‍ച്ചുകള്‍ നടന്നുവരികയും ചെയ്യുന്നു.

രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പില്‍ അരങ്ങേറിയ ഏറ്റവും വലിയ കൂട്ടക്കൊലയെന്നാണ് യുഎന്‍ സ്രെബ്രിനിക്ക സംഭവത്തെ വിശേഷിപ്പിച്ചത്. 1995ല്‍ മാര്‍ച്ചില്‍ സ്രെബ്രിനിക്കയിലെ ജീവിതം ദുസ്സഹമാക്കുന്ന വിധത്തിലുള്ള ഡയറക്ടിവ് 7 റിപബ്ലിക്ക സിര്‍പ്‌സ്‌ക ഹൈക്കമാന്‍ഡ് പുറപ്പെടുവിച്ചതില്‍ പിന്നെ വംശഹത്യക്ക് കഷ്ടിച്ച് നാലുമാസമേ വേണ്ടിവന്നുള്ളൂ. ജുലൈയില്‍ തുടങ്ങിയ ഓപറേഷന്‍ ക്രിവാജയിലൂടെ ഒരാഴ്ച്ചക്കകം സെര്‍ബുകള്‍ കൊന്നു തള്ളിയത് 8372 മനുഷ്യജീവനുകളെയായിരുന്നു. ബോസ്‌നിയൻ മുസ്ലിംകളോടുള്ള വംശീയ വൈരവും സെര്‍ബ് വംശജര്‍ മാത്രമുള്‍കൊള്ളുന്ന ഗ്രെയിറ്റര്‍ സെര്‍ബിയ രൂപീകരിക്കാനുള്ള അള്‍ട്രാ നാഷനലിസ്റ്റ് രാഷ്ട്രീയ ലക്ഷ്യപ്രേരിതമായ നീക്കവുമായിരുന്നു ഇതിനു പിന്നിലെ മൂലചോദകം. ബോസ്‌നിയയുടെ വടക്ക്, കിഴക്ക് പ്രദേശങ്ങളിലെ മുസ്ലിംകളെ കോണ്‍സ്ട്രന്‍ഷന്‍ ക്യാപിലേക്കയച്ചത് വാസ്തവത്തില്‍ ഹിറ്റലറുടെ നാസി വംശഹത്യയെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു. മതവും വംശവും ദുരുപയോഗം ചെയ്ത് സാമ്രാജ്യത്വ വിപുലീകരണം നടത്തുവാനുള്ള തന്ത്രമാണ് അന്ന് വിദഗ്ധമായി പ്രായോഗവല്‍ക്കരിക്കപ്പെട്ടത്.

Also read: ലബനാൻ:പരിഹാരം “പാലായനം” മാത്രമോ ?

വംശീയാന്ധത ബാധിച്ച സെര്‍ബ് തേരോട്ടത്തിനു മുന്നില്‍ പിഞ്ചുകുഞ്ഞു മുതല്‍ പടുവൃദ്ധകള്‍ വരെ ജീവന്‍ ഹോമിക്കപ്പെട്ടു. രണ്ട് ദിനം മാത്രം പ്രായമുള്ള ഫാതിമ മുഹിനിക്കും തൊണ്ണൂറ്റിനാല് വയസ്സ് പ്രായമുണ്ടായിരുന്ന സഹ ഇസ്മിര്‍ലിക്കും സെര്‍ബിക് നരമേധന്മാര്‍ക്ക് തുല്യരായിരുന്നു. എന്നാല്‍, സെബ്രിനിക്കയില്‍ ജീവന്‍ ഹോമിക്കപ്പെട്ട എട്ടായിരം പേരില്‍ അധികവും പുരുഷന്മാരും കുട്ടികളുമായിരുന്നു. പുതിയതായി കണ്ടെടുക്കപ്പെടുന്ന കുഴിമാടങ്ങളിലേക്ക് വികാര പാരവശ്യത്തോടെ ഓടിയെത്തുന്നതും വര്‍ഷാവര്‍ഷം നടക്കുന്ന ജൂലൈ പതിനൊന്നിലെ മൃതദേഹ സംസ്‌കാരങ്ങള്‍ സന്നിഹിതരാകുന്നതും അധികവും സ്ത്രീകളാണ്. തീവ്രമായ മുസ് ലിം വിരുദ്ധ മനോഭാവം ആവേശിച്ച വംശീയ കോമരങ്ങളായിരുന്നു സെര്‍ബ് വംശീയവാദികള്‍. വംശഹത്യ ആരംഭിക്കുന്നതിന് അല്‍പം മണിക്കൂറുകള്‍ക്ക് മുമ്പ് റെക്കോഡ് ചെയ്ത വീഡിയോയില്‍ ഇബ്രാഹീം നുഹാനോവിച് എന്ന മുസ് ‌ലിം സിവിലിയനോട് ജനറല്‍ റാട്‌കോ മ്ലാഡിച് പറഞ്ഞത്: അല്ലാഹുവിന് നിങ്ങളെ രക്ഷിക്കാനാകില്ല, പക്ഷേ, മ്ലാഡിചിന് അതിനു സാധിക്കുമെന്നായിരുന്നു.

ദ്രിന നദീതീരത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന മനോഹരമായ മലമ്പ്രദേശ നഗരമായിരുന്ന സ്രെബ്രിനിക്ക ഒരാഴ്ചക്കാലം കൊണ്ടാണ് പ്രേതനഗരമായി പരിണമിച്ചത്. വംശഹത്യ ആരംഭിക്കും മുമ്പേ സെര്‍ബ് സൈനികര്‍ നഗരത്തില്‍ തീയിടുകയും ജനങ്ങളെ പട്ടിണിക്കിടുകയും ചെയ്തുകൊണ്ട് ‘മുന്‍കരുതലു’കള്‍ ഉറപ്പുവരുത്തിയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ കണ്‍മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു പതിവ്. ഉമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന പത്തുവയസ്സുകാരന്‍ പയ്യനെ വധിച്ച് തല കത്തിയില്‍ നാട്ടി പ്രദര്‍ശിപ്പിച്ചപ്പോള്‍ സഹായത്തിനായി കേണപേക്ഷിച്ച മാതാവിനെ ക്രൂരമായ നിസ്സംഗത കലര്‍ന്ന നീരസത്തോടെ നോക്കി നിന്ന ഡച്ച് സമാധാനപാലകനെ കണ്ട അനുഭവത്തെ കുറിച്ച് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ റമീസ ഗുര്‍ഡിച് സാക്ഷി പറഞ്ഞിരുന്നു.

വംശഹത്യ അരങ്ങേറുമ്പോള്‍ സ്രെബ്രനിക്ക യു.എന്‍ സംരക്ഷിത കേന്ദ്രമായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സമാധാന പാലനമെന്ന പേരില്‍ ബോസ്‌നിയയിലെത്തിയ ഡച്ച് സൈനികര്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്ന് എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്തത്. ബോസ്‌നിയയിലെ യു.എന്‍ ഉദ്യോഗസ്ഥനായിരുന്ന ഹസന്‍ നുഹാനോവിചിന്റെ അനുഭവം ഞെട്ടലോടെയല്ലാതെ വായിക്കാനാകില്ല. മ്ലാഡിചിന്റെ പട്ടാളം സെബ്രനിക്കയില്‍ തേര്‍വാഴ്ച തുടങ്ങിയതോടെ ബോസ്‌നിയക്കാർ പോടോകാരിയിലെ യു.എന്‍ ബേസിലേക്ക് അഭയം തേടിയെങ്കിലും അവിടുത്തെ ഡച്ച് സൈന്യം അഭയം നല്‍കാന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥനായ ആനുകൂല്യത്തില്‍ ഹസന് പുറമെ മറ്റാര്‍ക്കും അഭയം നല്‍കാനാകില്ലെന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. സ്വന്തം പിതാവിനെയും സഹോദരനെയും ഉപേക്ഷിച്ച് ഹസന് അവിടം വിട്ടുപോവുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. സെര്‍ബ് പട്ടാളക്കാരുടെ തോക്കിനിരയാകുന്നതിന് മുമ്പ്, പിതാവും സഹോദരനുമായും അദ്ദേഹം നടത്തിയ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡച്ച് സുപ്രീകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാധിക്കുകയും നഷ്ടപരിഹാരം നേടിയെടുക്കുവാനും 2013 ൽ ഹസന് സാധിച്ചു. എന്നാല്‍, ഇരകളുടെ ഭൗതികാവശിഷ്ടങ്ങള്‍ പോലും കണ്ടെത്തപ്പെടാതിരിക്കുകയും നീതിയില്‍ നിന്നും അനേകകാതം വിദൂരസ്ഥരുമായ ഒട്ടനവധി പേർ ബോസ്‌നിയയില്‍ താമസക്കുന്നുണ്ട്. അവര്‍ക്കു വേണ്ടിയുള്ള നിയമ പോരാട്ട രംഗത്ത് സജീവ സാന്നിധ്യമായി ഹസന്‍ നുഹാനോവിച് പ്രവര്‍ത്തിച്ചുവരുന്നു.

Also read: അയാ സോഫിയയില്‍ ഇനി ബാങ്കൊലി മുഴങ്ങും!

അതിരൂക്ഷമായ യുദ്ധാനന്തരം ബോസ്‌നിയ രണ്ട് സ്വയം ഭരണാധികാര രാജ്യങ്ങളായാണ് വിഭജിക്കപ്പെട്ടത്. അതിലൊന്ന് ബോസ്‌നിയാക്കുകളും ക്രോട്‌സുകളും ഉള്‍പെടുന്ന ബോസ്‌നിയ ഹെര്‍സഗോവിനയും മറ്റൊന്ന് സെര്‍ബുകള്‍ ഉള്‍പെടുന്ന റിപബ്ലിക്ക സെര്‍പ്‌സ്‌കയുമായിരുന്നു. പില്‍ക്കാലത്ത് ഇവ രണ്ടില്‍ നിന്നുമുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബ്രിക്കോ എന്ന ഒരു സ്വയംഭരണ പ്രദേശവും രൂപീകരിക്കപ്പെട്ടു. ഡെയ്‌ടോണ്‍ സമാധാന കരാറിലൂടെ റിപബ്ലിക സിര്‍പ്‌സ്‌ക ഇന്നൊരു സ്വതന്ത്ര്യ ഭരണപ്രദേശമായി നിലകൊള്ളുകയാണ്. വിദ്യാഭ്യാസം, പോലിസിംഗ്, അഭ്യന്തരകാര്യ കര്‍തൃത്വം തുടങ്ങിയ വിഷയങ്ങളിലെ സ്വയംഭരണാധികാരമാണ് സിര്‍പ്‌സ്‌കയെ യഥാര്‍ഥ സറ്റേറ്റാകുന്നതിന് വിഘാതം നില്‍ക്കുന്നത്. ബോസ്‌നിയന്‍ യുദ്ധക്കറ്റങ്ങളുടെ പേരില്‍ മിലിട്ടറി കമാന്‍ഡറായ റട്‌കോ മ്ലാഡിച്, ബോസ്‌നിയയുടെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന സെര്‍ബ് രാഷ്ട്രീയ നേതാവായ റഡോവന്‍ കരാഡ്‌സിക് അടക്കം നാല്‍പത്തേഴ് പേര്‍ക്കെതിരെ ദേശീയവും അന്താരാഷ്ട്ര തലത്തിലുമുള്ള കോടതികളില്‍ യുദ്ധക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. പഴയ യൂഗോസ്ലാവിയക്കുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രെബ്യൂണല്‍ (ഐ.സി.ടി.വൈ) വംശീയ ഉന്മൂലനം, ബോബ് വര്‍ഷം, അക്രമണം, മനുഷ്യത്വ വിരുദ്ധത തുടങ്ങിയ യുദ്ധക്കുറ്റങ്ങള്‍ ചാര്‍ത്തി തദ്വിഷയകമായി ഏറെ മുന്നോട്ടുപോയിട്ടുണ്ട്.

ഓര്‍മകള്‍ വിസ്മൃതമാകരുത്

ദൗര്‍ഭാഗ്യകരമെന്നു പറട്ടെ, പുതുതലമുറയിലെ കുട്ടികള്‍ക്ക്  പ്രസ്തുത സംഭവം സാങ്കല്‍പ്പിക കെട്ടുകഥയാക്കി ചിത്രീകരിക്കുവാനുള്ള പ്രചണ്ഡമായ ശ്രമങ്ങള്‍ സെര്‍ബുകള്‍ നടത്തിവരുന്നുണ്ട്. ബോസ്‌നിയന്‍ സെര്‍ബ് പ്രസിഡന്റ് മിലറോഡ് ഡോഡിക് സ്രെബ്രിനിക്ക സംഭവത്തെ ഫാബ്രിക്കേറ്റഡ് മിത്ത് എന്ന് വിശേഷിപ്പിക്കുകയും സെര്‍ബിയന്‍ ജനങ്ങളെ കുറ്റാരോപിതരാക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആസുത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായിരുന്നു അതെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. യുദ്ധകാല നേതാവായിരുന്ന റഡോവന്‍ കറാഡികിന്റെ പേര് വിദ്യാര്‍ഥികളുടെ ഡോര്‍മിറ്ററിക്ക് നല്‍കപ്പെടുകയും മ്ലാഡിചിന്റെ പേരില്‍ ചുവര്‍ചിത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. സ്രെബ്രനിക്കയെ വംശഹത്യയായി ചിത്രീകരിക്കുന്ന 2004ലെ ഗവണ്‍മെന്റ് റിപോര്‍ട്ട് 2018ല്‍ പിന്‍വലിച്ചതും വംശഹത്യയെ വെള്ളപൂശാനുള്ള ആസുത്രിതമായ ശ്രമങ്ങളുടെ ഭാഗം തന്നെയാണ്. 2019ല്‍ റിപബ്ലിക്ക സിര്‍പ്‌സ്‌ക, യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷനെ നിയമിച്ചതിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. കഴിഞ്ഞ വര്‍ഷം സാഹിത്യ നോബല്‍ സമ്മാനാര്‍ഹനായ, മിലോസെവിച് അനുകൂലിയായ പീറ്റര്‍ ഹാന്‍ഡെകെയുടെ ആദരവും ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ സ്‌കോളറായ ജെസിക്ക സ്‌റ്റേണിന്റെ പുസ്തകവും ബാല്‍ക്കണ്‍ പ്രവിശ്യകളില്‍ വ്യാപകമായ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

എന്നാല്‍, എത്രതന്നെ മറച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ അപ്രതിരോധ്യമാംവിധം സെര്‍ബുകളെ വേട്ടയാടുന്ന പേക്കിനാവായി സ്രെബ്രനിക്ക കൂട്ടക്കൊല അവശേഷിക്കുമെന്നതില്‍ സംശയമില്ല. അന്താരാഷ്ട്ര അന്വേഷണങ്ങളെല്ലാം സെര്‍ബുകളെ പ്രതികളാക്കുന്ന അനേകം തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സെര്‍ബ് വിരുദ്ധ വികാരം എന്ന ഉമ്മാക്കി ഉയര്‍ത്തിക്കാട്ടി ബോസ്‌നിയന്‍ മുസ് ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാനും അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കുവാനുമാണ് വംശഹത്യാ നിഷേധകര്‍ ശ്രമിക്കുന്നത്. സെര്‍ബിയന്‍ യുദ്ധക്രിമിനലുകളെ മഹത്വവല്‍ക്കരിച്ചു കാണിക്കുവാനുള്ള വേലകളും നടക്കുന്നുണ്ടെന്ന് സ്രെബ്രനിക്ക മെമോറിയല്‍ സെന്ററിന്റെ പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം, സ്രെബ്രനിക്കോ മെമോറിയല്‍ സെന്റര്‍, റിമമ്പറിംഗ് സ്രെബ്രനിക്ക തുടങ്ങിയ സംഘടനകളെല്ലാം കാല്‍നൂറ്റാണ്ടിനിപ്പുറവും ഇരുളടഞ്ഞ വംശഹത്യാകാല സ്മരണകള്‍ ചൈതന്യവത്തായി നിലനിര്‍ത്തുന്നതില്‍ സജീവ പങ്കുവഹിക്കുന്നുവെന്നത് വിസ്മരിച്ചുകൂടാ.

Also read: ലക്ഷ്യബോധത്തോടെ മുന്നേറാം

വംശഹത്യയുടെ സ്മരണകള്‍ ഉദ്ദീപിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രതീകമാണ് സെബ്രിനിക്ക പുഷ്പം. വെള്ളപുതച്ച പതിനൊന്ന് ഇതളുകള്‍ക്കുള്ളില്‍ ഹരിതനിറത്തിലുള്ള ഒരു വൃത്തം നിലകൊള്ളുന്നു. അതിലെ പതിനൊന്ന് ഇതളുകള്‍ ജൂലൈ പതിനൊന്നിനെയും വെള്ളനിറം ഇരകളുടെ നിഷ്‌കളങ്കതയുമാണ് ദ്യോതിപ്പിക്കുന്നത്. അതേസമയം നീതിയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഹരിത നിറം പങ്കുവെക്കുന്നത്. വംശഹത്യ ബാക്കിവെച്ച ആഘാതത്തെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ മറ്റൊരു പ്രതീകാത്മക പ്രതിനിധാനം കൂടിയാണ് സ്രെബ്രിനിക്ക പുഷ്പം. എട്ടായിരത്തിലധികം വരുന്ന ബോസ്‌നിയാക്കുകളെ പോടോകാരി സെമിത്തേരിയില്‍ മറമാടുന്ന പ്രക്രിയയെ ആണ് ചിത്രം പ്രതീകവല്‍ക്കരിക്കുന്നത്. അതായത്, പച്ചപൊതിഞ്ഞ ശവപ്പെട്ടിയിലെ ബോസ്‌നിയാക്കിന് ദുഖാര്‍ത്തരായ പതിനൊന്ന് ശുഭ്രവസ്ത്രധാരികളായ ബോസ്‌നിയന്‍ ഉമ്മമാര്‍ യാത്രാമൊഴി നേര്‍ന്ന് മറമാടാനിരിക്കുകയാണ്. 2001ല്‍ ബോസ്‌നിയന്‍ ഫോട്ടോഗ്രാഫര്‍ അല്‍മിന്‍ സര്‍നോ പകര്‍ത്തിയ നൈരാശ്യവും മ്ലാനതയും തളംകെട്ടി നില്‍ക്കുന്ന വൃദ്ധമാതാവിന്റെ കരളലിയിപ്പിക്കുന്ന ചിത്രവും യുദ്ധകെടുതികള്‍ അനുഭവിക്കുന്നത് സ്ത്രീകളുടെ ജീവസ്സുറ്റ മറ്റൊരു പ്രതിനിധാനമാണ്.

അനുഭവങ്ങളാണ് പ്രതിരോധം

ബോധപൂര്‍വമായ മറവിയിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സെര്‍ബുകളുടെ ശ്രമങ്ങള്‍ക്ക് ക്രിയാത്മകവും ശക്തവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. റിമമ്പറിംഗ് സ്രെബ്രിനിക്ക എന്ന സംഘടനയുടെ ‘റെംനെന്റ്‌സ് ഓഫ് ജിനോസൈഡ്’ എന്ന പേരിലുള്ള വിര്‍ച്വല്‍ എക്‌സിബിഷന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രക്തപങ്കിലമായ ജീവിതാനുഭവങ്ങളില്‍ നിന്നും ചിതലരിക്കാത്ത സ്മരണകളെ പൊതുസമൂഹത്തിന് കാഴ്ചവെക്കുക എന്നതാണതിന്റെ ലക്ഷ്യം. അര്‍നീസ ബുല്‍ജുസ്മിക് കുസ്തുറയുടെ കീഴില്‍ അമേരിക്ക, യു.എ.ഇ, ഓസ്‌ട്രേലിയ തുടങ്ങിയ  വിവിധ ഭാഗത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം ലഭിച്ച പ്രസ്തുത പരിപാടി ലോകപ്രശസ്തരായ പ്രമുഖ ചിത്രകാരന്മാരുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകത്തുടനീളമുള്ള ബോസ്‌നിയന്‍ ഹെര്‍സഗോവിനക്കാരുടെ അനുഭവക്കഥകളും പെയിന്റിംഗുകളും യുദ്ധഭീകരതാ ചിത്രങ്ങളുമെല്ലാം സൃഷ്ടിപരതയുടെ കാന്‍വാസിലൂടെ ലോകസമക്ഷം കാഴ്ചവെക്കുന്ന പ്രസ്തുത ഉദ്യമം ശ്ലാഘനീയമെന്ന് പറയാതിരിക്കാനാകില്ല.

Also read: കോവിഡ് കാലത്തും തഴച്ചുവളരുന്ന ഇസ്‌ലാമോഫോബിയ

1992 മുതല്‍ 1995 വരെ നടന്ന ബോസ്‌നിയന്‍ യുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടതില്‍ 8300 ലധികം പേര്‍ മരണപ്പെട്ടത് 1995 ജൂലൈ 11 മുതല്‍ ഒരാഴ്ചക്കാലത്തിനിടയില്‍ സ്രെബ്രിനിക്കയില്‍ മാത്രമായിരുന്നു എന്നതുതന്നെയാണ് വംശഹത്യസ്മരണകളെ പ്രസക്തമാക്കുന്നത്. അതുകൊണ്ട്, സ്രെബ്രനിക്ക വംശഹത്യയെ ആസുത്രിതമായ മറവിയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ക്ക് ചരിത്രാനുഭവങ്ങളും വസ്തുതകളും ഉപയുക്തമാക്കിയാണ് പ്രതിരോധം തീര്‍ക്കേണ്ടത്. ആഗോള തലത്തില്‍ വലതുപക്ഷ വംശീയതക്ക് പൂര്‍വോപരി വേരോട്ടം ലഭിക്കുമ്പോള്‍ മുസ് ‌ലിം വിരുദ്ധ സെര്‍ബ് ദേശീയവാദ പ്രസ്ഥാനങ്ങള്‍ മേധാവിത്വം സ്ഥാപിക്കുന്നത് ബോസ്‌നിയന്‍ മുസ് ലിംകളുടെ ചരിത്രപരമായ അസ്തിത്വത്തെയും ദുരിതപൂര്‍ണമായ പൂര്‍വകാല സ്മരണകളെയും നിര്‍മൂലനം ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്. ചുരുക്കത്തില്‍, തികച്ചും വംശീയ വൈവിധ്യം പുലര്‍ത്തുന്ന ബോസ്‌നിയ ഹെര്‍സഗോവിനയെ ഏകശിലാത്മകവും വിശാലവുമായ സെര്‍ബ് രാഷ്ട്രമാക്കി വംശീയ ശുദ്ധീകരണം നടത്തുവാനും വംശഹത്യാ സ്മരണകളെ മായ്ചു കളയുവാനുമുള്ള ശ്രമങ്ങളെ യുദ്ധകാല ഓര്‍മകള്‍ കൊണ്ടുതന്നെയാണ് തടയിടേണ്ടത്.

Facebook Comments
Related Articles
Tags
Close
Close