Current Date

Search
Close this search box.
Search
Close this search box.

ലെനിനും സിബാഇയും

ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയാണ് വി.ഐ. ലെനിൻ. സോവിയറ്റ് യൂണിയൻറെ സൃഷ്ടിക്കു വഴിയൊരുക്കിയ ഒക്ടോബർ വിപ്ലവത്തിൻറെ നായകനും അവിടത്തെ ആദ്യത്തെ ഭരണാധികാരിയുമാണ് അദ്ദേഹം.

1972 ൽ മരണമടഞ്ഞ പ്രസിദ്ധ സോവിയറ്റ് സാഹിത്യകാരൻ അലക്സാണ്ടർ ബെക്കിൻറെ സ്വകാര്യ സൂക്ഷിപ്പുകളിൽ നിന്ന് കണ്ടെടുത്ത രേഖകളിൽ വി.ഐ.ലെനിൻ രോഗശയ്യയിലായിരിക്കെ സഖാവ് സ്റ്റാലിനയച്ച കത്തും ഉൾപ്പെടുന്നു. അതിൽ ലെനിൻ ഇങ്ങനെ കുറിച്ചിട്ടു:”ശരീരം തളർന്നു കഴിഞ്ഞു. ഇനി സംസാരശേഷി കൂടി നശിച്ചാൽ ഞാൻ വിഷം കഴിച്ച് ജീവിതമവസാനിപ്പിക്കും. എനിക്ക് എത്രയും വേഗം സയനൈഡ് എത്തിച്ചു തരിക. അതെൻറെ അടുത്തു തന്നെ ഇരിക്കട്ടെ. എനിക്ക് അതൊരാശ്വാസമാണ്.”

ലെനിൻറെ കത്തിനെ സംബന്ധിച്ച് സ്റ്റാലിൻ തൻറെ സുഹൃത്തായ അലക്സാണ്ടർ ബെക്കിനോട് സംസാരിച്ചു. ലെനിൻറെ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കാൻ അദ്ദേഹം സ്റ്റാലിനോട് ആവശ്യപ്പെട്ടു. സ്റ്റാലിൻ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു.കാൾ മാർക്സിൻറെ മകളും ജാമാതാവ് ലഫാർഗും ദുസ്സഹമായ ജീവിതത്തിന് അന്ത്യം കുറിച്ചത് വിഷം കഴിച്ചാണ്. അതായിരിക്കാം ലെനിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് അലക്സാണ്ടർ ബെക്ക് അഭിപ്രായപ്പെടുന്നു.

ഇതിൻറെ മറുഭാഗത്ത് നാം വിശ്വാസിയായ ഡോക്ടർ മുസ്തഫാസ്സിബാഇയെ കാണുന്നു. സിറിയയിലെ ഇസ്ലാമിക പ്രസ്ഥാന നായകനും പ്രമുഖ പണ്ഡിതനുമായിരുന്നു അദ്ദേഹം.തളർ വാതം ബാധിച്ച് മുസ്തഫാസ്സിബാഇയുടെ ഇടതു ഭാഗത്തിൻറെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹം തൻറെ ജോലികൾ തുടർന്നു.കോളേജിൽ പോയി അദ്ധ്യാപനം നടത്തി. പൊതു യോഗങ്ങളിൽ പ്രസംഗിച്ചു. പുസ്തക രചനയിൽ മുഴുകി.രോഗബാധിതനായി കഴിഞ്ഞ് ഏഴു വർഷത്തിനിടയിലാണ് അദ്ദേഹം ശ്രദ്ധേയമായ മൂന്ന് ഗ്രന്ഥങ്ങളെഴുതിയത്.

Also read: മുഹര്‍റം പവിത്ര മാസം, പുണ്യം നേടാം

1962 ൽ ആശുപത്രിയിലായിരിക്കെ ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരോട് അദ്ദേഹം പറഞ്ഞു:”ഞാൻ രോഗിയാണ്. സംശയമില്ല. എൻറെ കൈക്കും കാലിനും വേദനയുണ്ട്. എങ്കിലും എൻറെ കാര്യത്തിൽ അല്ലാഹു ചെയ്തു തന്ന അനുഗ്രഹം നോക്കൂ. അവൻ എന്നെ തീർത്തും തളർത്താൻ ശക്തനായിട്ടും എൻറെ ഒരു ഭാഗം മാത്രമേ തളർന്നുള്ളു. അതും ഇടതുവശം. തളർന്നത് വലതുവശമായിരുന്നുവെങ്കിൽ എനിക്ക് എഴുതാൻ കഴിയുമായിരുന്നോ? എൻറെ കാഴ്ചശക്തി നശിപ്പിക്കാൻ കഴിവുള്ള അല്ലാഹു എനിക്ക് അത്യാവശ്യമായ ആ കഴിവ് എടുത്തു കളഞ്ഞിട്ടില്ല. എൻറെ മസ്തിഷ്കത്തെ മരവിപ്പിക്കാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. എന്നിട്ടും എനിക്ക് മനസ്സിലാക്കാനും ചിന്തിക്കാനും അവനത് വിട്ടു തന്നിരിക്കുന്നു. എൻറെ നാവിൻറെ ആരോഗ്യം അവൻ നിലനിർത്തിയിരിക്കുന്നു. ഇതെല്ലാം അവൻറെ ഔദാര്യവും വിശാലതയുമല്ലേ? അപാരമായ അനുഗ്രഹവും അതിരറ്റ കാരുണ്യവുമല്ലേ?പിന്നെ ഞാനെന്തിന് പരാതിപ്പെടണം! സങ്കടം പറയണം! എന്നോട് കാണിച്ച കാരുണ്യത്തിന് നന്ദി കാണിക്കുകയല്ലേ വേണ്ടത്?”

ഇതെങ്ങിനെ സാധിക്കുന്നു? തൻറെ ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും ശരീരവും ശാരീരികാവയങ്ങളും സമയവും സമ്പത്തും ദൈവദത്തമാണെന്ന് വിശ്വാസിക്ക് ദൃഢ ബോധ്യമുണ്ട്. അത് തിരിച്ചെടുക്കുന്നതും അവനാണെന്ന് അവൻ തിരിച്ചറിയുന്നു. അപ്പോൾ സഹിക്കുകയും ക്ഷമിക്കുകയും ദൈവത്തിൽ ഭരമേൽപിക്കുകയും ചെയ്താൽ മരണ ശേഷം അല്ലലും അലട്ടും രോഗവും വേദനയുമില്ലാത്ത ശാശ്വത സ്വർഗ്ഗം തന്നെ കാത്തിരിക്കുന്നുണ്ടെന്നും അയാളറിയുന്നു. അതിനാൽ തികഞ്ഞ മനസ്സമാധാനത്തോടെയും സ്വസ്ഥതയോടെയും അവസാന നിമിഷം വരെ കർമനിരതമായ ജീവിതം നയിക്കാൻ സാധിക്കുന്നു.

Related Articles