Current Date

Search
Close this search box.
Search
Close this search box.

ഇരുളിനെ കീറിമുറിക്കുന്ന ജ്വലിക്കുന്ന വാക്കുകൾ

മലയാളത്തിൻറെ ക്രാന്തദർശിയായ എഴുത്തുകാരി വിജയ ലക്ഷ്മിയുടെ ‘ഊഴം’ എന്ന കവിത മർദ്ദിത ജനതയുടെ അതിജീവനത്തിൻറെ മാനിഫെസ്‌റ്റോ എന്ന നിലയിൽ പ്രശസ്തമാണ്. വായനക്കാരുടെ താല്പര്യം പരിഗണിച്ച് ഈ കവിത ആവർത്തിച്ച് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
“അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോടു പറഞ്ഞു ;
കണ്ടില്ലേ , എന്‍റെ കൈകളില്‍ ചേര്‍ത്തുവച്ചത് ?
അല്ല , ആ തോക്ക് തീര്‍ച്ചയായും എന്‍റെതല്ല.
എനിക്കു വെടിയുണ്ടകളെ അറിയില്ല ,
എന്‍റെമേല്‍ തറഞ്ഞതിനെ ഒഴികെ .
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല ,
ഹിറ്റ്‌ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ .
കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല ,
എങ്കില്‍
എനിക്കും കാണണം ,
ഞങ്ങളുടെ പേര് ഹിറ്റ്‌ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ
ആ നാരകീയ ഡയറി .
മരിച്ചുചെന്നപ്പോഴാണറിയുന്നത് ,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും
പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു ,
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച് ,
അതിനുശേഷം ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച് .
കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍
അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്
മൃതദേഹങ്ങള്‍ കളവ് പറയാറില്ല .
ഞങ്ങളാണ് സത്യം ,
ഞങ്ങള്‍ മാത്രമാണ് സത്യം .
പക്ഷേ , മൃതദേഹങ്ങള്‍ക്ക്
എന്തുചെയ്യാന്‍ കഴിയും ?
കഴിയും
പകലുകളില്‍നിന്നു മായ്ച്ചു കളഞ്ഞ്‌
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത് ,
സൂര്യനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും ;
” ഉറങ്ങാതിരിക്കുക ,
പുലരുന്നത്
നിങ്ങളുടെ ഊഴം. ”

Also read: ‘ഇത് ഡിജിറ്റല്‍ അയിത്തം’

സമകാലീന ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ നേരെ തിരിച്ചു പിടിച്ച കണ്ണാടിയായിത്തീർന്ന കടമ്മനിട്ടയുടെ മിനിക്കഥയിതാ:
“താങ്കൾ മാംസഭുക്കാണോ?” അയാൾ ചോദിച്ചു.
“അങ്ങനെയൊന്നുമില്ല” ഞാൻ പറഞ്ഞു.
“താങ്കളോ” ഞാൻ ചോദിച്ചു.
“ഞങ്ങൾ വൈഷ്ണവ ജനത. ശുദ്ധ സസ്യഭുക്കുകളാണ്.” തെല്ലഭിമാനത്തോടെ അയാൾ പറഞ്ഞു.
“നിങ്ങളിൽ ചില പുല്ലു തീനികൾ പൂർണ്ണ ഗർഭിണിയുടെ വയറു കീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടിനുറുക്കി തിന്നതോ? തള്ളയെയും?”. പെട്ടെന്നു ചോദിച്ചുപോയി .
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാൾ കൊലപ്പല്ലുകൾ കാട്ടി പുരികത്തിൽ വില്ലു കുലച്ചു കൊണ്ട് എൻറെ നേരെ മുരണ്ടു. “ക്യാ”
കരീപ്പുഴ ശ്രീകുമാറിൻറെ ഏറെ പ്രസക്തമായ ചോദ്യമിങ്ങനെ.:
“ഞാൻ സമ്പൂർണ്ണ സസ്യഭുക്കല്ല.
എന്നാലും ഞാൻ അന്യമതസ്ഥകളെ ബലാൽസംഗം ചെയ്യുകയോ അമ്മ വയറ്റിലുറങ്ങിയ കണ്ണുതുറക്കാക്കൺമണിയെ ശൂലത്തിൽ കുത്തി തീയിലെറികയോ ചെയ്തിട്ടില്ല. അപ്പോൾ ചങ്ങാതീ, യഥാർത്ഥ ദുശീലമെന്താണ്.?”
സച്ചിദാനന്ദൻറെ ഈ കവിത കൂടി ചേർത്ത് വായിക്കുക.
“ഇല്ല, ഒരമ്മയും ഇങ്ങനെ
കുഞ്ഞിനെ
ചിതയിലേക്ക് പെറ്റിട്ടുണ്ടാവില്ല.
ഒരു നിലവിളിയും ഇങ്ങനെ
ഉയരും മുമ്പേ ചാരമായിട്ടുണ്ടാവില്ല.
വിട, നിന്നെപ്പിറക്കാനനുവദിക്കാത്ത ലോകത്തിൽ
എനിക്കും ഇനിപ്പിറക്കേണ്ട.
ഇന്ത്യയിലെ അമ്മമാരെ , നിങ്ങളിനി പ്രസവിക്കുകയും വേണ്ട”
കെ.ഇ.എൻ. എഴുതിയത് കൂടി ഓർക്കുക.:”നീ വീണ് പോയിട്ടും നിൻറെ വെളിച്ചം മങ്ങിയിട്ടില്ല. അവർ നിന്നെ നിശ്ശബ്ദനാക്കിയിട്ടും നീ മൂകനല്ല. അവർ നിന്നെ ചുട്ടു കരിച്ചാലും മണ്ണിൽ കുഴിച്ചിട്ടാലും പള്ളിക്കാടുകളിലും ചതുപ്പുനിലങ്ങളിലും ചവിട്ടിത്താഴ്ത്തിയാലും നിന്നെ ലോകം കാണും. കേൾക്കും.”

Related Articles