Current Date

Search
Close this search box.
Search
Close this search box.

‘ഇത് ഡിജിറ്റല്‍ അയിത്തം’

കോവിഡ് 19ന്റെ വരവ് ലോകത്തെ അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. കോവിഡിനൊപ്പം ജീവിക്കുക എന്ന നയവുമായി മുന്നോട്ടു പോകുന്നതിനെത്തുടര്‍ന്ന് സമസ്ത മേഖലകളും ഇപ്പോള്‍ ഡിജിറ്റല്‍ മയമാണ്. എന്തും ഏതും ഓണ്‍ലൈനായി മാറി. മാറിയ കാലത്ത് മാറ്റത്തിന് അനുസൃതമായി മുന്നോട്ട് പോകുകയാണ് നാടും നഗരവും. ഇതില്‍ പ്രധാനപ്പെട്ട ഒരു മേഖലയാണ് വിദ്യാഭ്യാസ രംഗം. കെ.ജി ക്ലാസുകള്‍ മുതല്‍ ബിരുദാനന്തര-ഗവേഷണ പേപ്പര്‍ പ്രസന്റേഷന്‍ വരെ ഓണ്‍ലൈനില്‍ തകൃതിയായി നടക്കുകയാണ്. എന്നാല്‍ എല്ലാ കാലത്തെയും പോലെ ഇവിടെയുമുണ്ട് ഈ മേഖലയില്‍ നിന്നും പാടെ അരികുവത്കരിക്കപ്പെട്ട വിഭാഗം. ഇത്തരം വാര്‍ത്തകളാണ് ഓരോ ദിവസവും മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ഓണ്‍ലൈന്‍ സൗകര്യങ്ങളും ഇന്റര്‍നെറ്റ് സൗകര്യവുമില്ലാതെ വിവേചനം നേരിടുന്ന കൂട്ടരെക്കുറിച്ചാണത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകണമെങ്കില്‍ അത്യാവശ്യം മോശമല്ലാത്ത സ്മാര്‍ട് ഫോണോ ടാബ്‌ലെറ്റോ കംപ്യൂട്ടറോ നിര്‍ബന്ധമാണ്. എന്നാല്‍, ഇതിന് വലിയ തോതിലുള്ള ചിലവ് വരും. ദരിദ്രരായ ജനവിഭാഗങ്ങള്‍ കൂടുതലുള്ള ഇന്ത്യയില്‍ ഇത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും ഡിജിറ്റല്‍ സേവനങ്ങളുമെല്ലാം ഇപ്പോഴും പരിധിക്ക് പുറത്തു തന്നെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ സമൂഹത്തിന്റെ താഴെതട്ടിലുള്ള വിദ്യാര്‍ത്ഥികളും ആദിവാസി,ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായ വിദ്യാര്‍ത്ഥി സമൂഹത്തിനും ഇതുവരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വാഭാവികമായും അവരുടെ ജന്മാവകാശമായ വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് ഇവിടെ ഹനിക്കപ്പെടുന്നത്. ഈ അധ്യയന വര്‍ഷം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഒരു ക്ലാസില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ രാജ്യത്തുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി നടത്തിയ പരമാര്‍ശം ശ്രദ്ധേയമാണ്. ഡിജറ്റല്‍ ക്ലാസ്‌റൂമുകളില്‍ നിന്നും ദരിദ്രരായ വിദ്യാര്‍ത്ഥികളെ പുറംതള്ളുന്നത് ‘ഡിജിറ്റല്‍ വിവേചന’മാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. സ്വകാര്യ,സര്‍ക്കാര്‍ സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഗാഡ്‌ജെറ്റുകളും ഇന്റര്‍നെറ്റ് പാക്കേജും നല്‍കാത്തത് അവരോടുള്ള വിവേചനമാണെന്ന് പറഞ്ഞ ജസ്റ്റിസ് മന്‍മോഹന്റെ ബെഞ്ച് ഇതിനെ ഡിജിറ്റല്‍ വര്‍ണ്ണവിവേചനമായാണ് വിശേഷിപ്പിച്ചത്.

ഒരേ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഗാഡ്‌ജെറ്റുകള്‍ ഇല്ലാത്തതിന്റെ പേരില്‍ വേര്‍തിരിക്കുന്നത് ഇവര്‍ക്കിടയില്‍ അപകര്‍ഷതബോധം സൃഷ്ടിക്കുമെന്നും അത് ഒരിക്കലും മായ്ക്കാന്‍ കഴിയാതെ അവരുടെ ഹൃദയത്തെയും മനസ്സിനെയും ആഴത്തില്‍ ബാധിച്ചേക്കുമെന്നും കോടതി വിലയിരുത്തി. ഏതെങ്കിലും സ്ഥാപനം ഓണ്‍ലൈന്‍ വിദ്യാഭ്യാസം അധ്യാപന രീതിയായി നല്‍കാന്‍ തീരുമാനിക്കുകയാണെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Also read: ഇണകള്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കുമ്പോള്‍

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുസരിച്ച് ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസത്തിലെ വേര്‍തിരിവ് എന്നത് തുല്യപരിരക്ഷയുടെ നിഷേധമായാണ് 2009ല്‍ നിയമത്തില്‍ വന്ന ഈ ഉത്തരവില്‍ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം പ്രാഥമിക വിദ്യാഭ്യാസം പോലും നേടുന്നതിന് ഇത് ഒരു പ്രതിബന്ധമായിരിക്കുകയാണ്. സാമ്പത്തിക തടസ്സം പറഞ്ഞാണ് സ്‌കൂളുകള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതെന്നും കോടതി കുറ്റപ്പെടുത്തി. ഫീസ് അടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്ന സ്വകാര്യ സ്‌കൂളുകളുടെ നടപടി തെറ്റിദ്ധാരണജനകമാണെന്നും ഇത് വിദ്യാഭ്യാസ അവകാശ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സാമ്പത്തികം തടസ്സമാകാതെ പാവപ്പെട്ടവരും പണക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ,സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ് ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്നത്. അതിനാല്‍ തന്നെ സമകാലിക സമൂഹത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കും സാമ്പത്തികപ്രയാസം മൂലം അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാതെ പോകരുത് എന്ന കോടതി വിധി ഏറെ ഗൗരവമുള്ളതും പ്രശംസനീയവുമാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്ക വിദ്യാര്‍ത്ഥികളും ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസിന് പുറത്താണ്. ഈ ഒരു അവസ്ഥയെല്ലാം മുന്‍നിര്‍ത്തിയാണ് കോടതി സമാന ഹരജി തീര്‍പ്പാക്കവേ ഇത്തരത്തില്‍ വിധിപ്രസ്താവം നടത്തിയത്. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന് കൊട്ടിഘോഷിക്കുന്നതിന്റെ നേര്‍ചിത്രമാണ് ഈ കുട്ടികള്‍ നമ്മോട് പറഞ്ഞുതരുന്നത് എന്നതും ഇവിടെ പ്രത്യേകം ഓര്‍മിക്കേണ്ടതാണ്.

Related Articles