Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ അദ്ദേഹം പുറപ്പെട്ട സ്ഥലവും ലക്ഷ്യസ്ഥാനവും അളന്നുനോക്കുക, എന്നിട്ട് തീർപ്പാക്കാം

നബിയുടെ കൂടെ - 14

ഇമാം മുസ്‌ലിം സ്വഹീഹില്‍ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: നിങ്ങളുടെ മുന്‍ഗാമികളുടെ കൂട്ടത്തില്‍ തൊണ്ണൂറ്റിയൊന്‍പത് പേരെ വധിച്ചൊരു മനുഷ്യനുണ്ടായിരുന്നു. പശ്ചാത്തപിക്കാനായി ഭൂമിയിലെ ഏറ്റവും ജ്ഞാനിയായൊരു വ്യക്തിയെക്കുറിച്ച് അയാള്‍ അന്വേഷിച്ചപ്പോള്‍ ഒരു പുരോഹിതനെക്കുറിച്ച് വിവരം ലഭിച്ചു. അയാളുടെ അടുക്കല്‍ ചെന്ന് ഞാന്‍ ഇത്രയും മനുഷ്യരെ കൊന്നവനാണ്, എനിക്ക് തൗബയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറയുകയും അയാളെകൂടെ വധിച്ച് നൂറു തികക്കുകയും ചെയ്തു!
ശേഷം മറ്റൊരു ജ്ഞാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പണ്ഡിതനെക്കുറിച്ച് വിവരം ലഭിക്കുകയും അയാളുടെ അടുക്കല്‍ ചെന്ന് എനിക്ക് തൗബയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ടെന്നും തൗബയുടെയും മനുഷ്യന്റെയുമിടയില്‍ തടയിടാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അല്ലാഹുവിനെ ആരാധിക്കുന്ന നല്ല മനുഷ്യരുള്ള ഒരു നാടുണ്ട്, അവിടെച്ചെന്ന് അവരുടെ കൂടെ ആരാധനയിലായി കഴിയണമെന്നും നിന്റെ നാട്ടിലേക്ക് തിരിച്ചുവരരുതെന്നും പറഞ്ഞു. ആ മനുഷ്യന്‍ പണ്ഡിതന്‍ നിര്‍ദേശിച്ച പ്രകാരം യാത്ര പുറപ്പെടുകയും യാത്രാമധ്യേ മരണപ്പെടുകയും ചെയ്തു.
സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും മാലാഖമാര്‍ ആ മനുഷ്യന്റെ കാര്യത്തില്‍ തര്‍ക്കമായി. അയാള്‍ ചെയ്തുകൂട്ടിയ ദോഷങ്ങളോര്‍ത്ത് പശ്ചാത്തപിച്ചിരുന്നുവെന്ന് സ്വര്‍ഗത്തിന്റെ മാലാഖമാരും അയാള്‍ ഒരു നന്മപോലും ചെയ്തിട്ടില്ലെന്ന് നരകത്തിന്റെ മാലാഖമാരും വാദിച്ചു. അപ്പോഴാണ് മനുഷ്യന്റെ രൂപത്തില്‍ ഒരു മാലാഖ അവിടെ എത്തിച്ചേര്‍ന്നത്.
അവരദ്ദേഹത്തെ മധ്യസ്ഥത നിര്‍വഹിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. നിങ്ങള്‍ അദ്ദേഹം പുറപ്പെട്ട സ്ഥലവും ലക്ഷ്യസ്ഥാനവും അളന്നുനോക്കുക, അതനുസരിച്ച് തീരുമാനിക്കുകയെന്ന് അദ്ദേഹം വിധിപറഞ്ഞു. അവര്‍ അളന്നുനോക്കിയപ്പോള്‍ ലക്ഷ്യസ്ഥാനത്തേക്കായിരുന്നു കൂടുതല്‍ അടുപ്പം. അതോടെ സ്വര്‍ഗത്തിന്റെ മാലാഖമാര്‍ അയാളെ കൊണ്ടുപോവുകയും ചെയ്തു!
ഗുണപാഠം 1
ദീനിന്റെ വിഷയത്തില്‍ നിനക്ക് വല്ല സംശയവുമുണ്ടായാല്‍ പണ്ഡിതനെ സമീപിക്കുക, ധ്യാനിയെയല്ല. ധ്യാനിയുടെ ആരാധനകള്‍ അയാളുടെ സ്വന്തത്തിനും ജനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മക്കും വേണ്ടിയാണ്. ആരാധനകളുടെ വിഷയത്തില്‍ പണ്ഡിതന്‍ വീഴ്ച വരുത്തുന്നതാവട്ടെ സ്വന്തത്തിനെതിരായും ജനങ്ങളെക്കുറിച്ചുള്ള അറിവിനും വേണ്ടിയാണ്. നമ്മുടെ കൂട്ടത്തില്‍ ആരെങ്കിലും രോഗിയായാല്‍ ഡോക്ടറെയാണ് സമീപിക്കുക.
കാറിന് വല്ല തകരാറും സംഭവിച്ചാല്‍ നല്ലൊരു മെക്കാനിക്കിനെയാണ് നാം തിരയുക. നല്ലൊരു മേശയുണ്ടാക്കാനുദ്ദേശിച്ചാല്‍ പ്രഗത്ഭനായൊരു ആശാരിയാണ് നമുക്ക് വേണ്ടത്. ഇതിനെക്കാളൊക്കെ അമൂല്യമാണല്ലോ ദീന്‍, അതുകൊണ്ട് അതിന്റെ യഥാര്‍ഥ ആള്‍ക്കാരില്‍ നിന്നുതന്നെ വേണം അത് സ്വീകരിക്കാന്‍. പള്ളിയില്‍ വന്നുപോകുന്ന എല്ലാവരും പണ്ഡിതന്മാരാണെന്ന് വെക്കരുത്. ആരാധന വളരെ സ്തുത്യര്‍ഹമായൊരു കാര്യമാണ്. പക്ഷേ അതൊന്നാണ്, അറിവ് മറ്റൊന്നുമാണ്.
സ്വഹാബികളില്‍ തന്നെയും എല്ലാവരും ഫത്‌വ കൊടുക്കാറുണ്ടായിരുന്നില്ല. അവരിലോരോരുത്തരും ഓരോ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു. ഉബയ്യു ബ്ന്‍ കഅ്ബ്(റ)നെ നോക്കൂ, സ്വഹാബികളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഏറ്റവുമധികം പാരായണം ചെയ്തവരായിരുന്നു അദ്ദേഹം. മുആദ് ബ്ന്‍ ജബലാ(റ)യിരുന്നു അക്കൂട്ടത്തില്‍ ഹലാലും ഹറാമും ഏറ്റവും വ്യക്തമായി അറിഞ്ഞിരുന്നവര്‍.
വിശുദ്ധ ഖുര്‍ആന്‍ ഒരുമിച്ചുകൂട്ടാനുള്ള ഉദ്യമത്തിന് സ്വഹാബികള്‍ തീരുമാനിച്ചപ്പോള്‍ ഖലീഫ അക്കാര്യം ഏല്‍പിച്ചത് ഉബയ്യ് ബ്ന്‍ കഅ്ബിനെയായിരുന്നു, ഖാലിദ് ബ്ന്‍ വലീദി(റ)നെയായിരുന്നില്ല. രിദ്ദത്തിനെതിരായി പോരാട്ടം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന് നേതൃസ്ഥാനം വഹിക്കാന്‍ ഖലീഫ തെരഞ്ഞെടുത്തത് ഖാലിദ് ബ്ന്‍ വലീദി(റ)നെയായിരുന്നു, മറ്റാരെയുമല്ല. ഈ ദുനിയാവ് ഇങ്ങനെ ചില പ്രത്യേകതകളുടേതു കൂടിയാണ്. ഓരോ അറിവിനും അതുമായി ബന്ധപ്പെട്ട ആളുകളുണ്ടാവും.
ഹുഥൈഅ എന്നവര്‍ തന്നെ ആക്ഷേപിച്ച് കവിത പാടിയെന്നു പരാതിപ്പെട്ട് ഖലീഫ ഉമറി(റ)ന്റെയടുക്കല്‍ വന്നതായിരുന്നു സബര്‍ഖാന്‍ ബ്ന്‍ അദിയ്യ്(റ). കവിത എന്താണെന്നു കേട്ടശേഷം ഇതില്‍ ഞാന്‍ പ്രശ്‌നങ്ങളൊന്നും കാണുന്നില്ലല്ലോ എന്നായി ഉമര്‍(റ). അതില്‍ ആക്ഷേപമുണ്ടെന്ന് പരാതിക്കാരന്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
പ്രശ്‌നം പരിഹരിക്കാന്‍ തന്നെ ഉമര്‍(റ) തീരുമാനിച്ചു. അതിനായി തര്‍ജുമാനുല്‍ ഖുര്‍ആനായ ഇബ്‌നു അബ്ബാസി(റ)നെയോ ഖുര്‍ആന്‍ കൂടുതല്‍ പാരായണം ചെയ്യുമായിരുന്ന ഉബയ്യി(റ)നെയോ പണ്ഡിതനായിരുന്ന മുആദി(റ)നെയോ ഏറ്റവുമധികം ഹദീസ് നിവേദനം ചെയ്ത അബൂ ഹുറൈറ(റ)യെയോ ഒന്നുമായിരുന്നില്ല അദ്ദേഹം വിളിപ്പിച്ചത്, പകരം ഹസ്സാന്‍ ബ്ന്‍ സാബിതി(റ)നെയായിരുന്നു!
കാരണം ഇവിടെ വിഷയം കവിതയാണല്ലോ, അതില്‍ അഭിപ്രായം പറയേണ്ടത് കവികളുമാണ്. കവിത കേട്ടശേഷം ഹസ്സാന്‍(റ) പ്രതികരിച്ചു: ഹുഥൈഅ ഇദ്ദേഹത്തെ ആക്ഷേപിക്കുക മാത്രമല്ല, ഇദ്ദേഹത്തിന്റെ ദേഹത്ത് മൂത്രിക്കുക കൂടിയാണ് ചെയ്തത്! അതോടെ ഹുഥൈഅയെ ജയിലിലടക്കാന്‍ ഉമര്‍(റ) ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗുണപാഠം 2
‘അല്ലാഹു അഅ്‌ലം’ എന്ന് ആരെങ്കിലും പറഞ്ഞാല്‍ തന്നെയും അവന്‍ ഫത്‌വ നല്‍കിയവനാണ്!ഒരു മസ്അലയുടെ വിധിയറിയില്ലെങ്കില്‍ ‘അല്ലാഹു അഅ്‌ലം’ എന്ന് പറയാന്‍ മടിക്കരുത്. അതു പറയാന്‍ മടിച്ചതിന്റെ പേരില്‍ ജനങ്ങളുടെ ദോഷം നീ പേറരുത്. ഹദീസ് പണ്ഡിതനും കര്‍മശാസ്ത്രജ്ഞനും ഖാളിയും പണ്ഡിതനുമൊക്കെയായ ഇമാം ശഅ്ബിയോട് ഒരു മസ്അലയില്‍ സംശയം ചോദിക്കപ്പെട്ടപ്പോള്‍ ‘അല്ലാഹു അഅ്‌ലം’ എന്നായിരുന്നു മറുപടി.
ഇറാഖിലെ ഏറ്റവും വലിയ പണ്ഡിതനായ താങ്കളോട് ഒരു കാര്യം ചോദിക്കുമ്പോള്‍ ‘അല്ലാഹു അഅ്‌ലം’ എന്നു പറയാന്‍ ലജ്ജയില്ലേ എന്ന് ജനങ്ങള്‍ ചോദിച്ചപ്പോള്‍ ‘സുബ്ഹാനേ, നീ പഠിപ്പിച്ചുതന്നതല്ലാത്ത കാര്യങ്ങളില്‍ ഞങ്ങള്‍ക്കറിവില്ല’ എന്ന് മലക്കുകള്‍ അല്ലാഹുവിനോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് ലജ്ജയുണ്ടായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം!
മദീനയിലെ ഇമാമായിരുന്നു മാലിക്(റ). മാലിക്(റ) മദീനയിലുണ്ടായിരിക്കെ ഫത് വ മറ്റാരോടും ചോദിക്കപ്പെടാന്‍ പാടില്ലെന്നുവരെ പറയപ്പെടാറുണ്ട് അദ്ദേഹത്തെക്കുറിച്ച്. ഇറാഖില്‍ നിന്നൊരു മനുഷ്യന്‍ അല്‍പം ചോദ്യങ്ങളുമായി അദ്ദേഹത്തെ സമീപിച്ചു. ചിലതിനദ്ദേഹം ഉത്തരം നല്‍കുകയും ചിലതിന് നല്‍കാതിരിക്കുകയും ചെയ്തു. ആശങ്കയോടെ ‘നാട്ടില്‍ തിരിച്ചുചെന്ന് ഇറാഖുകാരോട് ഞാനിനി എന്തുപറയും’ എന്നാ മനുഷ്യന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ‘ഇമാം മാലികിന് അറിയില്ലെന്നു പറഞ്ഞോളൂ’ എന്നായിരുന്നു!
ഗുണപാഠം 3
നിന്റെ ദോഷങ്ങള്‍ എത്രയധികമുണ്ടെങ്കിലും അത് അല്ലാഹുവിന്റെ അനുഗ്രഹത്തെക്കാളധികം വരുമെന്ന് നീ ഒരിക്കലും വിശ്വസിച്ചുപോകരുത്. പിശാച് ഏറ്റവുമധികം ആഗ്രഹിക്കുന്നതും അതാണ്, നിന്റെ ദോഷങ്ങളെ വലുതായും അല്ലാഹുവിന്റെ അനുഗ്രഹത്തെ ചെറുതായും കാണിക്കുക എന്ന കാര്യം. നിന്റെ ദോഷങ്ങളെക്കാള്‍ എത്രയോമടങ്ങ് അധികമാണ് അല്ലാഹുവിന്റെ കാരുണ്യമെന്ന് ഉറച്ചുവിശ്വസിക്കുക.
നൂറു മനുഷ്യരെ കൊന്നുകളഞ്ഞ വ്യക്തിപോലും തൗബ ചെയ്യാനുദ്ദേശിച്ച് ആ വഴിയില്‍ പുറപ്പെട്ടമുറക്ക് സ്വര്‍ഗാവകാശിയായി മാറുന്ന കാഴ്ച അല്ലാഹുവിന്റെ കാരുണ്യമല്ലാതെ മറ്റെന്താണ്. ഈ മനുഷ്യനാണെങ്കില്‍ വളരെ നിസ്സാരമായ കാര്യങ്ങള്‍ക്ക് രക്തച്ചൊലിച്ചില്‍ നടത്തിയ വ്യക്തിയും. നൂറാമത്തെ വ്യക്തിയെ അയാള്‍ കൊന്നത് ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി തൃപ്തികരമായില്ല എന്നപേരില്‍ മാത്രമാണ്.
ശിര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും വലിയ പാപം കൊലയാണെന്നാണ് മതാധ്യാപനം. അങ്ങനെയൊരു മനുഷ്യന് അല്ലാഹു പൊറുത്തുകൊടുത്തിരിക്കുന്നു! അതുകൊണ്ട്, നിന്റെ അവിഹിതബന്ധമോ കൈക്കൂലി സ്വീകരിക്കലോ മദ്യപാനമോ ഒന്നും അല്ലാഹുവിന്റെ കാരുണ്യത്തെക്കാളേറെ വലുതല്ലെന്ന് മനസ്സിലാക്കുക. നബിതങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യസാക്ഷികളായ സ്വഹാബിവര്യരുടെ മുന്‍കാല ചരിത്രം പരിശോധിച്ചുനോക്കൂ. നബി തങ്ങളെ വധിക്കാനായി ഒരുവേള ഇറങ്ങിത്തിരിച്ചവരായിരുന്നു ഉമര്‍(റ). മക്കാവിജയത്തിന്റെ ദിവസം നബി തങ്ങള്‍ വധിക്കാന്‍ ആഹ്വാനം ചെയ്തവരായിരന്നു ഇക്രിമ(റ).
ഉഹുദിന്റെ ദിവസം മുസ്‌ലിം സൈനികശക്തിയെ ആകെ തകിടംമറിച്ചവരായിരുന്നു ഖാലിദ്(റ). പിന്നീട് അല്ലാഹുവിന്റെ കാരുണ്യം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നു നോക്കൂ. ഉമര്‍(റ) ഭൂമി നിറയെ നീതിയും കാരുണ്യവും പരത്തുന്നു. ഇക്രിമ(റ) യര്‍മൂകില്‍ ശഹീദായി വീഴുന്നു. ഖാലിദ്(റ) റോമിന്റെയും പേര്‍ഷ്യയുടെയും നായകനായി നിയോഗിക്കപ്പെട്ട, സൈഫുല്ലാഹ്(അല്ലാഹുവിന്റെ വാള്‍) എന്ന പേരില്‍ വിശ്രുതനായ പോരാളിയായി മാറുന്നു!
ജനങ്ങള്‍ ഖനികളാണ്, ജാഹിലിയ്യാ കാലത്ത് അവരിലെ പ്രമുഖരാവും ഇസ്‌ലാമിലും പ്രമുഖര്‍(അവര്‍ പാണ്ഡിത്യമുള്ളവരും ചിന്തിക്കുന്നവരുമാണെങ്കില്‍). ഒരുകാലത്ത് ഇസ്‌ലാമിന്റെ വലിയ ശത്രുക്കളായിരുന്ന, എന്നാല്‍ പിന്നീട് ഇസ്‌ലാമിനെ പ്രതിരോധിക്കുന്നവരായി മാറിയ ഒരുപാടുപേരെ നമുക്ക് കാണാം. നിന്നെയിപ്പോഴും നാട്ടുകാരറിയുന്നത് തെറ്റുകളുടെ പേരിലാണെങ്കിലും വിഷമിക്കേണ്ടതില്ല, നന്മയുടെ വക്താവായി അറിയപ്പെടാന്‍ നിനക്കിനിയും അവസരമുണ്ട്!
ഗുണപാഠം 4
ജനങ്ങള്‍ക്കും അല്ലാഹുവിനുമിടയില്‍ നീയൊരു തടസ്സമാവരുത് ഒരിക്കലും! ജനങ്ങള്‍ക്കാവശ്യം അല്ലാഹുവിലേക്ക് കൈപിടിച്ചു നടത്തുന്ന ആളുകളെയാണ്. നീ അതിന് തടയിടരുത്. തെറ്റുകാരോട് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് പറയുംമുമ്പ് അവന്റെ കാരുണ്യത്തെക്കുറിച്ച് പറയുക. അവന്റെ പ്രതികാരത്തെക്കുറിച്ച് പറയുംമുമ്പ് നീതിയെയും മാപ്പിനെയും കുറിച്ച് പറയുക. സ്വര്‍ഗത്തില്‍ എല്ലാവര്‍ക്കും കഴിയാന്‍ മാത്രം അതിവിശാലമായ സ്ഥലമുണ്ട്, നിന്റെ സ്ഥലത്തെയോര്‍ത്ത് നീ വിഷമിക്കേണ്ടതില്ല!
തെറ്റുകാരോട് സ്‌നേഹപൂര്‍വം പെരുമാറുക, അവരോട് കരുണ കാണിക്കുക. ഒരു ക്രിസ്തീയ പുരോഹിതനെ നബി (സ)  കണ്ടപ്പോള്‍, അയാള്‍ പിഴച്ച മാര്‍ഗത്തിലാണല്ലോ എന്നോര്‍ത്ത് കരഞ്ഞത്രേ. എന്തിനാണങ്ങ് കരയുന്നതെന്നു ചോദിച്ചപ്പോള്‍ ‘അവരുടെ മുഖങ്ങള്‍ അധ്വാനിക്കുന്നതും പരവശവുമായിരിക്കും. ചുട്ടുപൊള്ളുന്ന നരകത്തില്‍ അവര്‍ പ്രവേശിക്കും’ എന്ന ഖുര്‍ആനിലെ സൂക്തം പാരായണം ചെയ്യുകയായിരുന്നു നബി (സ) . മറ്റൊരു മതത്തിലായതിന്റെ പേരില്‍ ഒരാള്‍ നരകത്തില്‍ പ്രവേശിക്കുന്നത് നബി (സ)  ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനത്തെ അവസ്ഥയില്‍ മുസ്‌ലിമായ ഒരാള്‍ നരകത്തില്‍ കടക്കുന്നത് നബി (സ) എങ്ങനെയാണ് സഹിക്കുക!
ജൂതനായൊരാളുടെ അവസാനനിമിഷങ്ങളില്‍ നബി(സ)  അവിടെ കടന്നുചെല്ലുകയും ദുആ ചെയ്തതിന്റെ ഫലമായി അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ‘ഞാന്‍ കാരണമായി അയാള്‍ക്ക് നരകമോചനം സാധ്യമാക്കിയ അല്ലാഹുവിനാണ് സര്‍വസ്തുതികളും’ എന്നായിരുന്നു നബി (സ)  അപ്പോള്‍ പറഞ്ഞത്. അല്ലാഹുവിന് തന്റെ അടിയാറുകളില്‍ ഏറ്റവും പ്രിയം അവന്റെ സ്‌നേഹത്തിലേക്ക് ജനങ്ങളെ അടുപ്പിക്കന്നവരോടാവും.
ജനങ്ങള്‍ക്ക് ആദ്യമേ അവര്‍ ചെയ്തുകൂട്ടിയ ദോഷങ്ങളും അവരെ ചുറ്റിനില്‍ക്കുന്ന പിശാചുമാരുമുണ്ടാവും, നമ്മളും അതിന്മേല്‍ മറ്റൊരു ഭാരമായി നില്‍ക്കരുത്. ആശ്വസമാകാന്‍ സാധിക്കുമെങ്കില്‍ അതുമാത്രമാവുക! ‘നീയവരെ ശിക്ഷിക്കുകയാണെങ്കില്‍ അവര്‍ നിന്റെ അടിമകളാണ്. ഇനി നീയവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കിലോ നീ യുക്തിവാനും മാന്യനുമാണ്’ എന്ന ഒരേയൊരു സൂക്തത്തിന്മേല്‍ ഒരു രാത്രി മുഴുവന്‍ നിന്നു നിസ്‌കരിച്ചവരായിരുന്നു തിരുനബി(സ്വ)!
സമുദായത്തിന്റെ കാര്യത്തില്‍ നാമൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് പടച്ചവന്‍ മറുപടി നല്‍കുന്നു. ഈ കാരുണ്യമാണ് നാം നമ്മുടെ കണ്‍മുന്നില്‍ വെക്കേണ്ടത്. തെറ്റുകാരനെ വെറുക്കുന്നതിനുപകരം തെറ്റിനെ വെറുക്കാനും നമുക്ക് സാധിക്കണം! ഹദീസിലുണ്ടല്ലോ,  പ്രവാചകനെ അദ്ദേഹത്തിന്റെ സമുദായം മര്‍ദിക്കുകയും രക്തമൊലിപ്പിക്കുകയും ചെയ്തപ്പോഴും അദ്ദേഹം മുഖത്തെ രക്തം തുടച്ചുകൊണ്ട് പ്രാര്‍ഥിച്ചത് ‘എന്റെ സമൂഹത്തിന് നീ പൊറുത്തുകൊടുക്കണേ റബ്ബേ. അവര്‍ അജ്ഞരാണ്’ എന്നായിരുന്നു!
ഗുണപാഠം 5
മരണം പെട്ടെന്നാണ് വരിക. നമ്മുടെ കഥയിലെ ആ മനുഷ്യന്‍ നടന്നുകൊണ്ടിരിക്കെ അയാള്‍ ആലോചിച്ചു പോലുമുണ്ടാവില്ല, മരണത്തിലേക്കാണ് താന്‍ നടക്കുന്നതെന്ന്. പക്ഷേ അതെത്ര മനോഹരവും സുന്ദരവുമായൊരു മരണമാണ്. അല്ലാഹുവിലേക്കുള്ള വഴിയിലൊരു മരണം! നിന്റെ ജീവിതത്തെതന്നെ അല്ലാഹുവിലേക്കുള്ള യാത്രയാക്കിമാറ്റുക, പിന്നെ എപ്പോള്‍ മരണപ്പെട്ടാലും  നിനക്കതൊരു പ്രശ്‌നമാവില്ല!
നിന്റെ ചുറ്റുപാടുമൊന്നു നോക്കൂ. എത്രയോ കൃഷികള്‍ കൊയ്യാന്‍ നില്‍ക്കാതെ അതിന്റെ ഉടമസ്ഥര്‍ മരണപ്പെട്ടിരിക്കുന്നു. ഉണ്ടാക്കിയ വീട്ടില്‍ താമസിക്കാന്‍ കാക്കാതെ വീട്ടുകാര്‍ അല്ലാഹുവില്‍ ലയിച്ചിരിക്കുന്നു. എത്ര കുട്ടികളാണ് മരണപ്പെടുന്നത്. എത്ര പിഞ്ചു ബാല്യങ്ങള്‍ക്കാണ് ഖബ്‌റുകള്‍ ഒരുക്കപ്പെടുന്നത്. നിലാവുപോലെ ശോഭയുള്ള എത്ര തരുണികളാണ് മണിയറക്കുപകരം മണ്ണറയിലേക്ക് ആനയിക്കപ്പെട്ടത്. നാളെ തൗബ ചെയ്യുമെ നീന്ന് ഒരിക്കലും പറയരുത്. ചിലപ്പോള്‍ ആ നാളെ നിന്നിലേക്ക് വന്നുചേരണമെന്നില്ല. ഒരു മണിക്കൂര്‍ മുമ്പ് മരണപ്പെട്ടവര്‍ പോലും നമ്മെപ്പോലെ ഇപ്പോള്‍ നാം മരണപ്പെട്ടില്ലെന്ന് വിശ്വസിച്ചവരാകും!
ഗുണപാഠം 6
നിയ്യത്താണ് കര്‍മങ്ങളുടെ സ്വീകാര്യതയുടെ മാനദണ്ഡം. കര്‍മങ്ങളില്ലെങ്കില്‍ പോലും നിയ്യത്ത് ചിലപ്പോള്‍ നമ്മെ ഉന്നതങ്ങളിലെത്തിക്കും. മൂസാ നബിയുടെ കാലത്ത് ബനൂ ഇസ്‌റാഈല്യരില്‍ വലിയൊരു ക്ഷാമമുണ്ടായി. പാവപ്പെട്ടൊരു മനുഷ്യന്‍ അന്ന് പര്‍വതങ്ങളിലേക്കു നോക്കി പറഞ്ഞത്രെ:’അല്ലാഹുവേ, ഈ പര്‍വതങ്ങള്‍ കണക്കെ സ്വര്‍ണം എനിക്കുണ്ടെങ്കില്‍ നിന്റെ അടിമകള്‍ക്കുവേണ്ടി ഞാനത് ചെലവഴിക്കുമെന്ന് നിനക്കറിയാം’. അവന്റെ ദാനധര്‍മം നാം സ്വീകരിച്ചുവെന്ന് എന്റെ ദാസനെ അറിയിക്കൂ എന്ന് അല്ലാഹു മൂസാ നബിക്ക് ദിവ്യബോധനം നല്‍കുകയും ചെയ്തു.
നിയ്യത്ത് തന്നെയാണ് നാമെത്ര കര്‍മങ്ങൾ ചെയ്തവരാണെങ്കിലും നമ്മെ നിസ്സാരരാക്കുന്നതും. നബി (സ) യുടെ പുറകില്‍ നിന്ന് ജമാഅത്തായി സുബ്ഹ് നിസ്‌കരിച്ചയാളായിരുന്നു ഇബ്‌നു സലൂല്‍. അയാളിന്ന് നരകത്തി
ന്റെ ഏറ്റവും അടിത്തട്ടിലാണ്. നിയ്യത്ത് നന്നാക്കുക, കര്‍മങ്ങളും നന്നാവും. കടലില്‍ ഗോതമ്പ് കൃഷി ചെയ്യുന്നവനെപ്പോലെ ആവരുത്, ഫലമൊന്നും ലഭിക്കാതെ പാഴ്ശ്രമങ്ങള്‍ മാത്രം നടത്തുന്നവന്‍!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles