Current Date

Search
Close this search box.
Search
Close this search box.

‘ആദം തന്റെ രക്ഷിതാവിനെ ധിക്കരിക്കുകയും വഴിപിഴക്കുകയും ചെയ്തു’ എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ

നബിയുടെ കൂടെ - 13

ഇമാം ബുഖാരി, ഇമാം മുസ്‌ലിം എന്നിവര്‍ നിവേദനം ചെയ്യുന്നു. നബി (സ)പറഞ്ഞു: ആദം നബിയും മൂസാ നബിയും അല്ലാഹുവിങ്കല്‍ തര്‍ക്കിക്കുകയും ആദം നബി വിജയിക്കുകയും ചെയ്തു. ശേഷം മൂസാ നബി പറഞ്ഞു: അല്ലാഹു സ്വന്തമായി സൃഷ്ടിച്ച് അവന്റെ ആത്മാവ് ഊതിത്തന്ന, മാലാഖമാരെക്കൊണ്ട് സുജൂദ് ചെയ്യിച്ച, അവന്റെ സ്വര്‍ഗത്തില്‍ താമസിപ്പിച്ച, നിങ്ങളുടെ പിഴവുകൊണ്ട് ജനങ്ങളെയെല്ലാം ഭൂമിലോകത്തേക്ക് ഇറക്കിവിട്ട ആളല്ലേ നിങ്ങള്‍?

ശേഷം ആദം നബി പറഞ്ഞു: അല്ലാഹു തന്റെ പ്രവാചകത്വത്തിന് തെരഞ്ഞെടുത്ത, തന്നോട് സംസാരിക്കാന്‍ തെരഞ്ഞെടുത്ത, വേദഗ്രന്ഥം നല്‍കിയ, സംസാരിച്ച് കൊണ്ട് അടുപ്പിച്ച മൂസാ നബിയല്ലേ നിങ്ങള്‍? ഞാന്‍ സൃഷ്ടിക്കപ്പെടുന്നതിനും എത്ര വര്‍ഷം മുമ്പാണ് നിങ്ങള്‍ക്ക് തൗറാത്ത് ലഭിച്ചത്? നാല്‍പത് വര്‍ഷം മുമ്പെന്ന് മൂസാ നബിയുടെ മറുപടി. അതില്‍ ‘ആദം തന്റെ രക്ഷിതാവിനെ ധിക്കരിക്കുകയും വഴിപിഴക്കുകയും ചെയ്തു’ എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ആദം നബിയുടെ ചോദ്യം.

കണ്ടിട്ടുണ്ടെന്ന് മൂസാ നബിയുടെ ഉത്തരം. അപ്പോള്‍ ഞാന്‍ സൃഷ്ടിക്കപ്പെടുന്നതിനും നാല്‍പതു വര്‍ഷങ്ങള്‍മുമ്പ് ഞാന്‍ ചെയ്യുമെന്ന് അല്ലാഹു നിശ്ചയിച്ചുവച്ചിട്ടുള്ള ഒരുകാര്യം ഞാന്‍ ചെയ്തതിന്റെ പേരിലാണോ നിങ്ങളെന്നെ ആക്ഷേപിക്കുന്നതെന്ന് ആദം നബിയുടെ മറുചോദ്യം! നബി തങ്ങള്‍ പറഞ്ഞു: ആദം നബി മൂസാ നബിയെ തര്‍ക്കിച്ച് വിജയിച്ചു!.

ഗുണപാഠം 1

വിവേകികള്‍ ജനങ്ങള്‍ക്കെല്ലാം അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നവരാണ്. മാന്യരുടെ മാന്യത സംരക്ഷിക്കുക മാന്യര്‍ മാത്രമാവും! ആയതിനാല്‍, വിവേകിയാവുക. ഏതെങ്കിലുമൊരു നിലപാടിന്റെ പേരില്‍ മാന്യനായൊരു വ്യക്തിയുടെ ചരിത്രം നീ മായ്ച്ചുകളയരുത്. ധര്‍മിഷ്ടനായൊരു മനുഷ്യന്‍ ഒരുവട്ടം നല്‍കാതിരുന്നെന്നുവച്ച് അവന്റെ മുന്‍കാല ദാനങ്ങള്‍ മറക്കപ്പെടാറില്ല. സഹനശീലന്‍ ഒരിക്കല്‍ ദേഷ്യപ്പെട്ടെന്നുവച്ച് അവന്റെ സഹനശീലം നിഷേധിക്കപ്പെടാറില്ല.

നിത്യപരിശ്രമി ഒരിക്കല്‍ അമാന്തത കാണിച്ചെന്നുവച്ച് അവന്റെ മുമ്പുണ്ടായിരുന്ന പരിശ്രമങ്ങള്‍ ആരും വിലകുറച്ചു കാണാറില്ല. വിവേകികള്‍ തമ്മിലുള്ള സംസാരം കാണാന്‍ ആദം നബിയുടെയും മൂസാ നബിയുടെയും സംസാരം കാണൂ. ‘സ്വര്‍ഗം’ എന്ന വളരെ സുപ്രധാനമായൊരു വിഷയത്തിലാണ് അവരിരുവരും തര്‍ക്കിക്കുന്നത്.

മൂസാ നബി ആദം നബിയെ ആക്ഷേപിച്ചതോ ആദം നബി സ്വയം പ്രതിരോധിച്ചതോ ഒന്നും പരസ്പരം ബഹുമാനം മറന്നുകൊണ്ടുമായിരുന്നില്ല. ജനങ്ങളോട് നിനക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും അവരുടെ സ്ഥാനം അംഗീകരിച്ചു കൊടുക്കുക!.

ഗുണപാഠം 2

നമ്മളൊരു ഗൈബി (അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം) ന്റെ സമുദായമാണ്! നാം നേരില്‍ കാണാതെ വിശ്വസിക്കുന്ന കാര്യങ്ങളാവും നേരില്‍ കണ്ട് വിശ്വസിക്കുന്നതിലേറെ ഉണ്ടാവുക! സ്വര്‍ഗവും നരകവും പുനര്‍ജന്മവും വിചാരണയും സിറാത്വ് പാലവും മാലാഖമാരും എല്ലാമുണ്ടെന്ന് നാം വിശ്വസിക്കുന്നു, അവയൊക്കെയും അദൃശ്യമായ കാര്യങ്ങളുമാണ്. ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള തഖ്‌വയുള്ള മനുഷ്യരുടെ ആദ്യത്തെ വിശേഷണംതന്നെയും അവര്‍ ഗൈബില്‍ വിശ്വസിക്കുന്നു എന്നതാണല്ലോ!

സൂറത്തുല്‍ ബഖറയുടെ ആരംഭത്തില്‍ അല്ലാഹു പറഞ്ഞത് ‘ഇതാണ് ഗ്രന്ഥം. ഇതില്‍ സംശയം ഒട്ടുമേയില്ല. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്മാര്‍ഗദർശകമത്രേ ഇത്. അവര്‍ അഗോചരമായതില്‍ വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ നമസ്‌കരിക്കുകയും നാമവര്‍ക്കു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണ്’ എന്നാണ്.

ഇവിടെ നമസ്‌കാരത്തിനും സകാത്തിനും സ്വദഖക്കും മുമ്പാണ് അദൃശ്യകാര്യങ്ങളിലെ വിശ്വാസത്തെ പരാമര്‍ശിച്ചത്. അഥവാ, വിശ്വാസമില്ലാതെയുള്ള ആരാധനകള്‍ പാഴ്‌വേലയാണെന്നര്‍ഥം! ഇത് അദൃശ്യലോകത്ത് നടന്നിട്ടുള്ളൊരു സംസാരമാണ്. അത് നമ്മോട് പറഞ്ഞിട്ടുള്ളത് സ്വാദിഖും അമീനുമായ നബി തങ്ങളുമാണ്. എപ്പോള്‍, എന്തിന്, എങ്ങനെ എന്നീ ചോദ്യങ്ങളൊന്നും ചോദിക്കാതെ ഏതു അദൃശ്യകാര്യങ്ങളിലും നാം വിശ്വസിക്കുന്നപോലെ ഇതിലും നാം വിശ്വസിക്കുന്നു!.

ഗുണപാഠം 3

നിന്റെ വീക്ഷണത്തില്‍ തെറ്റുണ്ടായിരിക്കെ, നിന്നെ പാപമുക്തനായി സ്വയം കണ്ട് ഭൂമിയിലൂടെ നീ നടക്കരുത്. ജനങ്ങളെക്കുറിച്ച് നീ വച്ചുപുലര്‍ത്തുന്ന വീക്ഷണങ്ങളെല്ലാം ചിലപ്പോള്‍ വെറും അഭിപ്രായമാവും. അവരെക്കുറിച്ച് മറ്റുള്ളവരില്‍ നിന്ന് കേട്ടത് വിശ്വസിക്കാതെ അവരില്‍നിന്നു തന്നെ നേരിട്ടു കേട്ടു മനസ്സിലാക്കുമ്പോള്‍ നീ പുലര്‍ത്തിയിരുന്നത് തെറ്റായ ധാരണയായിരുന്നുവെന്ന് നീ തിരിച്ചറിയും.

മൂസാ നബിയെ നോക്കൂ, ആദം നബി തെറ്റു ചെയ്‌തെന്ന് വിശ്വസിച്ചതായിരുന്നു അദ്ദേഹം. പക്ഷേ സംഭാഷണം അവസാനിച്ചപ്പോള്‍ അതില്‍ വിജയിച്ചത് ആദം നബിയും! ആയതിനാല്‍ ഒന്നിനെയും മുന്‍വിധിയോടെ കണ്ട് ഒരഭിപ്രായം രൂപപ്പെടുത്തി പിന്നീട് അതോര്‍ത്ത് ഖേദിക്കേണ്ട അവസ്ഥയുണ്ടാക്കരുത്. മരക്കഷണത്തിന്റെ കണ്ണില്‍ തന്റെ മേല്‍ ക്രൂരമായി ഇടിച്ചുകയറുന്ന കുറ്റവാളിയാണല്ലോ ആണി. പക്ഷേ, ചുറ്റികയില്‍ നിന്ന് ആണി ഏറ്റുവാങ്ങുന്ന അടിയെക്കുറിച്ച് മരക്കഷണം അറിഞ്ഞിരുന്നെങ്കില്‍ ആണിയോട് മാപ്പു പറഞ്ഞേനെ!.

ഗുണപാഠം 4

ഒരഭിപ്രായം മറ്റൊരഭിപ്രായം കൊണ്ടാണ് എതിര്‍ക്കപ്പെടേണ്ടത്. തെളിവുകളും അങ്ങനെതന്നെ. വാളിനോ മറ്റേതെങ്കിലും ശക്തിക്കോ ഒരിക്കലും ശരിയായൊരു അഭിപ്രായത്തെയോ സത്യത്തെയോ അപ്രസക്തമാക്കാന്‍ സാധിക്കുന്നതല്ല. വടിയുപയോഗിക്കാന്‍ പറ്റുന്നിടത്ത് വാളുപയോഗിക്കുന്നവന്‍ വിഡ്ഢിയാണ്! നാക്കുപയോഗിച്ച് കാര്യം സാധിക്കാവുന്നിടത്ത് വടിയുപയോഗിക്കുന്നവനും പോഴനാണ്! നല്ലൊരു നോട്ടം മതിയാവുന്നിടത്ത് നാക്കുപയോഗിക്കുന്നവനും അശക്തനാണ്!

ആയതിനാല്‍ ശക്തനാവുക, വികാരജീവിയാവരുത്. തര്‍ക്കങ്ങളില്‍ വിജയിക്കുന്നതിലേറെ പ്രധാനമാണ് ജനങ്ങളുടെ മനസ്സ് വിജയിക്കല്‍ എന്ന കാര്യം എപ്പോഴും ഓര്‍ക്കുക. എല്ലാ തര്‍ക്കങ്ങളിലും വിജയിക്കാന്‍ നടക്കുന്നവന്റെ കൂടെ ഒടുവില്‍ ആരുംതന്നെ കാണില്ല!.

ഗുണപാഠം 5

നമ്മുടെ സമുദായത്തെ അല്ലാഹു ബഹുമാനിച്ചിട്ടുള്ളത് വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനെ സംരക്ഷിച്ചുനിര്‍ത്തിക്കൊണ്ടു കൂടിയാണ്. മുന്‍കാല വേദഗ്രന്ഥങ്ങള്‍ അവന്‍ സംരക്ഷിക്കാതിരുന്നത് അവന്റെ കഴിവുകേടാണെന്ന് അര്‍ഥംവെക്കരുത്. തീര്‍ത്തും നടക്കേണ്ടിയിരുന്ന ഒരു കാര്യത്തില്‍ തീര്‍പ്പുകല്‍പിക്കുകയായിരുന്നു അവന്റെ ലക്ഷ്യം.

ഇന്ന് തൗറാത്തില്‍ ‘ആദം തന്റെ രക്ഷിതാവിനെ ധിക്കരിക്കുകയും വഴികേടിലാവുകയും ചെയ്തു’ എന്നൊരു സൂക്തം തിരഞ്ഞുനോക്കൂ, ഒരിക്കലും കാണാന്‍ കിട്ടില്ല! അങ്ങനെയൊരു സൂക്തം ഉണ്ടായിരുന്നുവെന്ന് ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകനോട് പറയുന്നതായി ഹദീസില്‍ വന്നതുമാണ്.

പക്ഷേ, ബനൂ ഇസ്‌റാഈലിലെ പുരോഹിതന്മാര്‍ തൗറാത്തില്‍ കൈകടത്തലുകള്‍ വരുത്തുകയായിരുന്നു, ക്രിസ്ത്യന്‍ പുരോഹിതർ ഇഞ്ചീലില്‍ നടത്തിയതുപോലെ. അപ്പോള്‍ എന്തുകൊണ്ടും പൂര്‍ണമായി അല്ലാഹുവിങ്കല്‍നിന്നെന്ന് ഉറപ്പുള്ള വേദഗ്രന്ഥം പാരായണം ചെയ്യുകയെന്നത് വലിയൊരനുഗ്രഹം തന്നെ!

നബിയുടെ കൂടെ – 12

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles