Current Date

Search
Close this search box.
Search
Close this search box.

‘മൂവരും പരീക്ഷപ്പെടുകയായിരുന്നു, അതില്‍ നിങ്ങള്‍ വിജയിക്കുകയും  രണ്ട് സുഹൃത്തുക്കള്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു’ 

നബിയുടെ കൂടെ - 9

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അവരുടെ സ്വഹീഹില്‍ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു:’ബനൂ ഇസ്‌റാഈല്യരില്‍ അന്ധനും കുഷ്ഠരോഗിയും കഷണ്ടിക്കാരനുമായ മൂന്നു മനുഷ്യരുണ്ടായിരുന്നു. ഈ മൂവരെയും പരീക്ഷിക്കാനായി അല്ലാഹു അവരിലേക്ക് മാലാഖമാരെ അയച്ചു. ആദ്യമായി മാലാഖ വെള്ളപ്പാണ്ടുകാരനെ സമീപിച്ച് നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് ചോദിച്ചു. ജനങ്ങളൊക്കെ എന്നെ വെറുപ്പോടെയാണ് നോക്കുന്നതെന്നും അതിനാല്‍ എനിക്ക് നല്ല നിറവും നല്ല തൊലിയുമാണ് വേണ്ടതെന്നും അയാള്‍ പറഞ്ഞു. മാലാഖ അയാളെ തടവിയതോടെ വെള്ളപ്പാണ്ടുമാറി നല്ലനിറവും തൊലിയും വന്നു. ശേഷം നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്വത്തെന്താണെന്ന ചോദ്യത്തിനയാള്‍ ഒട്ടകമെന്നു മറുപടി പറയുകയും പത്തുമാസം ഗര്‍ഭിണിയായ ഒട്ടകം അയാള്‍ക്കു നല്‍കുകയും ചെയ്തു. അതില്‍ ബറകത്തുണ്ടാവട്ടെയെന്ന് പ്രാര്‍ഥിച്ച് മാലാഖ അടുത്തതായി കഷണ്ടിക്കാരനെ ചെന്നുകണ്ടു.
നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് അയാളോടു ചോദിച്ചപ്പോള്‍ ഈ കഷണ്ടി മാറി നല്ല മുടി വേണമെന്നായിരുന്നു ആവശ്യം. മാലാഖ തടവുകയും കഷണ്ടിമാറി നല്ല മുടി വരികയും ചെയ്തു. ശേഷം ഇഷ്ടമുള്ള സമ്പത്തെന്താണെന്നു ചോദിച്ചപ്പോള്‍ പശുവെന്നു മറുപടി പറയുകയും ഗര്‍ഭിണിയായൊരു പശുവിനെ അയാള്‍ക്കു നല്‍കുകയും അതില്‍ ബറകത്തുണ്ടാവാന്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
മൂന്നാമതായി അന്ധന്റെയടുക്കല്‍ചെന്ന് സമാനമായ ചോദ്യം ചോദിക്കുകയും ജനങ്ങളെ കാണാന്‍ കഴിയുന്നവിധത്തില്‍ എനിക്കെന്റെ കാഴ്ച തിരിച്ചുതരണമെന്നു പറയുകയും കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. ഇഷ്ടമുള്ള സ്വത്തെന്താണെന്നു ചോദിച്ചപ്പോള്‍ ആടാണെന്നു പറയുകയും ഗര്‍ഭിണിയായൊരു ആടിനെ നല്‍കുകയും ചെയ്തു. അധികം വൈകാതെ മൂവര്‍ക്കും ഒട്ടകത്താലും പശുവിനാലും ആടിനാലുമുള്ള വലിയ സാമ്രാജ്യങ്ങളുണ്ടായി. പിന്നീടൊരുദിവസം ആ മാലാഖ കുഷ്ഠരോഗം മാറിയ മനുഷ്യന്റെയടുക്കല്‍ സാധാരണ വേഷത്തില്‍ ചെല്ലുകയും ഞാന്‍ പാവപ്പെട്ടൊരു യാത്രക്കാരനാണെന്നും നിങ്ങള്‍ക്ക് നല്ല നിറവും തൊലിയും സമ്പത്തും നല്‍കിയ അല്ലാഹുവിനെ മുന്‍നിര്‍ത്തി എനിക്കൊരു ഒട്ടകം തരാമോ എന്ന് ചോദിക്കുകയും ചെയ്തു.
ബാധ്യതകള്‍ ഒരുപാടുണ്ടെന്നും വെള്ളപ്പാണ്ടുകാരനായ എനിക്ക് അല്ലാഹു ഒരു പ്രഭാതത്തില്‍ തന്നതല്ല ഈ സമ്പത്തെന്നും പരമ്പരാഗതമായി കിട്ടിപ്പോന്നതാണെന്നും അയാള്‍ മറുപടി പറഞ്ഞു. നിങ്ങള്‍ പറഞ്ഞത് കളവാണെങ്കില്‍ നിങ്ങളുടെ പൂര്‍വാവസ്ഥ നിങ്ങള്‍ പ്രാപിക്കട്ടെ എന്ന് മാലാഖ പ്രാര്‍ഥിക്കുകയും ചെയ്തു. രണ്ടാമതായി കഷണ്ടിക്കാരനായ മനുഷ്യന്റെയടുക്കല്‍ ചെന്നപ്പോഴും സമാനമായ പ്രതികരണമായിരുന്നു. നിങ്ങള്‍ പറഞ്ഞത് കളവാണെങ്കില്‍ നിങ്ങളുടെ പൂര്‍വാവസ്ഥ നിങ്ങള്‍ പ്രാപിക്കട്ടെ എന്ന് മാലാഖ അവിടെനിന്നും പ്രാര്‍ഥിച്ചു.
മൂന്നാമതായി അന്ധനായ മനുഷ്യന്റെയടുക്കല്‍ ചെന്ന് മറ്റിരുവരോടും പറഞ്ഞപോലെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: അന്ധനായ എനിക്ക് അല്ലാഹു കാഴ്ച തിരിച്ചുതന്നു. ദരിദ്രനായിരുന്ന എന്നെ സമ്പന്നനാക്കി. അതുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ വേണ്ടതെന്തും താങ്കള്‍ എടുത്തോളൂ! നിങ്ങളുടെ സ്വത്ത് നിങ്ങള്‍ തന്നെ വെച്ചോളൂ എന്നും നിങ്ങള്‍ മൂവരും പരീക്ഷപ്പെടുകയായിരുന്നു, അതില്‍ നിങ്ങള്‍ വിജയിക്കുകയും നിങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ പരാജയപ്പെടുകയും ചെയ്തു എന്നുമായിരുന്നു മാലാഖയുടെ മറുപടി.’
ഗുണപാഠം 1
പരീക്ഷണം ശിക്ഷയായി മാത്രമല്ല, അനുഗ്രഹമായും വരും! ശിക്ഷകൊണ്ടുള്ള പരീക്ഷണത്തില്‍ വിജയിക്കുക ക്ഷമകൊണ്ടും അനുഗ്രഹംകൊണ്ടുള്ള പരീക്ഷണത്തില്‍ വിജയിക്കുക നന്ദികൊണ്ടുമാണ്. സുലൈമാന്‍ നബിയുടെ സംഭവത്തില്‍ ബല്‍ഖീസ് രാജ്ഞി തന്റെ കൊട്ടാരത്തിലേക്ക് വരുന്നതറിഞ്ഞ നബി തന്റെ മനുഷ്യരും ജിന്നുകളുമായ മന്ത്രിമാരെ ഒരുമിച്ചുകൂട്ടി യമനില്‍ നിന്ന് രാജ്ഞിയുടെ സിംഹാസനം ഞൊടിയിടയില്‍ ഹാജരാക്കാനാവശ്യപ്പെടുന്നു.
അതിശക്തനായ ജിന്ന് ഉദ്യമത്തില്‍ പരാജയം അംഗീകരിച്ചപ്പോള്‍ വിശ്വാസത്തിന്റെ കരുത്ത് കൂട്ടായുണ്ടായൊരു മനുഷ്യന്‍ അതേറ്റെടുക്കുകയായിരുന്നു. എന്തും സാധ്യമാവുന്ന അല്ലാഹുവിന്റെ മഹത്തായ നാമം(ഇസ്മുല്‍ അഅ്‌ളം) അദ്ദേഹത്തിനറിയാമായിരുന്നു. അതുപ്രകാരം സിംഹാസനം അവിടെ എത്തുകയും ചെയ്തു. അതൊരു പരീക്ഷണമായിരുന്നെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം ‘ഞാന്‍ നന്ദിയുള്ളവനാകുമോ നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കാനുള്ള അല്ലാഹുവിന്റെ ഔദാര്യമാണിത്!’ എന്നായിരുന്നു.
സമ്പന്നതയാകുന്ന പരീക്ഷണത്തില്‍ വിജയം സാധ്യമാവുക സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി ചെലവഴിക്കുമ്പോഴാണ്. അതില്‍ പരാജയപ്പെടുക പിശുക്കു കാണിച്ച് ദരിദ്രജീവിതം ജീവിക്കുകയും ചെയ്യുമ്പോഴാണ്. ശക്തിയാകുന്ന പരീക്ഷണത്തിലെ വിജയം നീതി നടപ്പിലാക്കുകയും ദുര്‍ബലരെ സഹായിക്കുകയും ചെയ്യലാണ്. അതിലെ പരാജയം അതിക്രമം കാട്ടലും ആരോപണങ്ങളുന്നയിക്കലുമാണ്. നിനക്ക് ജനങ്ങളുടെ മേലുള്ള അധികാരമോര്‍ത്ത് നിന്റെ കണ്ണ് മഞ്ഞളിക്കുന്നുവെങ്കില്‍ അല്ലാഹുവിന് നിന്റെ മേലുള്ള അധികാരമൊന്നോര്‍ത്തു നോക്കുക!
വിവാഹം വൈകുന്നതും ഒരു പരീക്ഷണമാണ്. നീ അല്ലാഹുവിന്റെ അനുഗ്രഹം വരുവോളം കാത്തിരിക്കുമോ അല്ല തെറ്റായ ബന്ധത്തിലേക്ക് നീങ്ങുമോ എന്നറിയാനുള്ള പരീക്ഷണം. സന്താനസൗഭാഗ്യം വൈകുന്നതും ഒരു പരീക്ഷണമാണ്. നീ ക്ഷമിച്ച് ഇസ്തിഗ്ഫാര്‍ ചൊല്ലി ആവശ്യമായ ചികിത്സകള്‍ നടത്തുമോ, അല്ല അല്ലാഹുവല്ലാത്ത മറ്റു ദജ്ജാലുമാരായ ശക്തികളിലേക്ക് നീ അഭയം തേടുമോ എന്നറിയാനുള്ള പരീക്ഷണം. സകരിയ്യാ നബിയുടെ വിഷയത്തില്‍ സന്താനസൗഭാഗ്യം വൈകിയപ്പോള്‍ ആ സന്തോഷവാര്‍ത്ത പിന്നീട് അദ്ദേഹത്തിനെത്തിയത് അദ്ദേഹം മിഹ്‌റാബിലായിരിക്കെയാണെന്നോര്‍ക്കുക! സുജൂദില്‍ ചോദിക്കുകയും മിഹ്‌റാബില്‍ അതിനുത്തരം ലഭിക്കുകയും ചെയ്യുന്നൊരു ഉമ്മത്താണു നാം!
ഗുണപാഠം 2
അനുഗ്രഹത്തിനുള്ള നന്ദി പ്രകാശനം നാവുകൊണ്ടും മറ്റവയവങ്ങള്‍ കൊണ്ടുംവേണം. അതിലൊന്നും മറ്റൊന്നിനു പകരമാവില്ല. നിന്റെ നാവില്‍നിന്ന് അല്‍ഹംദുലില്ലാ എന്ന വാക്ക് കേള്‍ക്കാനാണ് അല്ലാഹു ആഗ്രഹിക്കുന്നത്. അല്ലാഹുവിനെപ്പോലെ അത് കേള്‍ക്കാനാഗ്രഹിക്കുന്ന വേറെയാരുമില്ലതന്നെ! അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് നീയെന്താണ് ചെയ്യാന്‍ പോകുന്നതെന്നും അവന്‍ വീക്ഷിക്കുന്നു.
പിശുക്ക് പ്രധാനമായും സമ്പത്തിന്റെ വിഷയത്തിലാണെങ്കിലും അതില്‍ മാത്രം ഒതുങ്ങുന്നതല്ല. മറ്റുള്ളവര്‍ക്ക് ഉപാകരപ്രദമാവുമെന്നു കരുതി നീയൊരു അഭിപ്രായം പറയാതിരിക്കുന്നത് ലുബ്ധാണ് . അവകാശപ്പെട്ടൊരു മുതല്‍ അവകാശിക്ക് നേടിക്കൊടുക്കാവുന്നൊരു സാക്ഷ്യം നിന്റെയടുക്കലുണ്ടായിട്ടും അത് മറച്ചുവെക്കുന്നതും ലുബ്ധാണ്. നിനക്ക് പരിഹരിക്കാവുന്നൊരു ഭാര്യ ഭര്‍തൃ തര്‍ക്കം നീ പരിഹരിക്കാതിരിക്കലും ലുബ്ധാണ്. വൃദ്ധനായൊരു മനുഷ്യന് താങ്ങാനാവാത്തൊരു ഭാരം താങ്ങാന്‍ നീ സഹായിക്കാതിരിക്കലും ലുബ്ധാണ്. വഴിയരികിലുള്ള യാത്രക്കാരനായൊരു മനുഷ്യന് ലിഫ്റ്റ് കൊടുക്കാതിരിക്കലും ലുബ്ധാണ്. നിന്റെ നബിയുടെ പേരുപറയപ്പെട്ടിട്ടും നീ സ്വലാത്ത് ചൊല്ലാതിരിക്കലും ലുബ്ധാണ്.
കുലീനത എല്ലാ  കാര്യത്തിലും മനോഹരമാണ്, അഭിപ്രായത്തിലും സ്വഭാവത്തിലും സഹായിക്കുന്ന വിഷയത്തിലും എല്ലാം. അതിലേറ്റവും മനോഹരം സാമ്പത്തിക വിഷയത്തിലുള്ളതാണ്. ഉപര്യുക്ത കഥയിലെ പിശുക്കിന്റെ പരിണിതി നോക്കൂ. ഒരുകൂട്ടം ഒട്ടകങ്ങളുണ്ടായിട്ടും ഒന്നുപോലും നല്‍കാന്‍ തയ്യാറാകാതിരുന്നു കുഷ്ഠരോഗിയായിരുന്ന ആ മനുഷ്യന്‍. അതോടെ അല്ലാഹു മുഴുവന്‍ ഒട്ടകങ്ങളെയും തിരിച്ചെടുക്കുകയും ചെയ്തു. കഷണ്ടിക്കാരനായ മനുഷ്യന്റെ അവസ്ഥയും തഥൈവ.
പക്ഷേ, തന്റെ പൂര്‍വകാലമോര്‍ത്ത് സഹായം തേടി വന്നൊരാളെ സഹായിക്കാന്‍ തയ്യാറായ ആ മനുഷ്യന് സമ്പത്തില്‍ തുടര്‍ന്നും അഭിവൃദ്ധിയുണ്ടാവുകയും ചെയ്തു. ഒരേസാഹചര്യം മതി നിന്നെ കാലാകാലം സമുന്നതനാക്കാനും കാലാകാലം നിന്ദ്യനാക്കാനും. ജീവിതമെന്നാല്‍ പല സാഹചര്യങ്ങളുമാണ്, അതില്‍ പരാജയപ്പെടാതിരിക്കുക!
ഗുണപാഠം 3
അല്ലാഹു അടിമയെ സ്‌നേഹിക്കുന്നുവെന്നതിനുള്ള തെളിവല്ല ഒരിക്കലും സമ്പത്ത്. അതേക്കുറിച്ച് പറയപ്പെട്ടിട്ടുള്ളതില്‍ മനോഹരമായൊരു കാര്യമിതാ: ‘അല്ലാഹു സുലൈമാന്‍ നബിക്കും നംറൂദിനും ദുനിയാവ് മുഴുവന്‍ നല്‍കി. സമ്പത്താണ് ഇനി മനുഷ്യനെ വ്യതിരിക്തമാക്കാനുള്ള മാനദണ്ഡമെങ്കില്‍ അതില്‍ ഒരു പ്രവാചകനും ഒരു തെമ്മാടിയും തുല്യമാണെന്നു വരില്ലേ! റോമാ സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ പട്ടുമെത്തകളില്‍ കിടന്നുറങ്ങുന്നവരും സ്വര്‍ണത്തിന്റെ തവികള്‍ ഉപയോഗിക്കുന്നവരുമായിരുന്നു.
അതേസമയം നമ്മുടെ നബി തങ്ങളുടെ വീട്ടില്‍ ദിവസങ്ങളോളം അടുപ്പു പുകയാതെ പോലും വരുമായിരുന്നു. ഖന്ദകിന്റെ ദിവസം വയറ്റില്‍ കല്ലുവച്ചുകെട്ടിയായിരുന്നു നബി (സ) കഴിഞ്ഞത്. ചെറുപ്രായത്തില്‍ തന്നെ ഖുറൈശികളിലെ സമ്പന്നര്‍ക്കുവേണ്ടി ആടിനെമേച്ചു നടന്നു അദ്ദേഹം. ദരിദ്രനായി ജീവിക്കുകയും മരിക്കുകയും ചെയ്തു. മരണവേളയില്‍ നബി തങ്ങളുടെ പടയങ്കി ഒരു ജൂതനായ മനുഷ്യന്റെയടുക്കല്‍ പണയംവെക്കപ്പെട്ട അവസ്ഥയിലായിരുന്നു. അതേസമയം, സൃഷ്ടികളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍ അദ്ദേഹംതന്നെയായിരുന്നു.
ആയതിനാല്‍, വല്ലതും നല്‍കപ്പെട്ടാല്‍ അതിന്റെപേരില്‍ നന്ദി പ്രകാശിപ്പിക്കുക. വല്ലതും നല്‍കപ്പെടാതെ പോയാല്‍ ക്ഷമിക്കുകയും ചെയ്യുക. അല്ലാഹു നിനക്ക് വല്ലതും നല്‍കിയാല്‍തന്നെയും അതിന് നീ അര്‍ഹനായിരുന്നില്ലെന്ന് മനസ്സിലാക്കുക. വല്ലതും നല്‍കാതിരുന്നാലും അതിനും നീ അര്‍ഹനായിരുന്നില്ല എന്ന് മനസ്സിലാക്കുക. മറ്റു ജനങ്ങളുടെ കയ്യിലുള്ളത് നീ നോക്കേണ്ടതില്ല. കാരണം, അവര്‍ക്ക് എന്തൊക്കെയാണ് നല്‍കപ്പെടാതിരുന്നതെന്ന കാര്യം നീയറിയില്ലല്ലോ!
ചരിത്രത്തില്‍ എല്ലാ കാലത്തും വിശ്വാസികളെക്കാള്‍ സമ്പന്നരായിരുന്നു അവിശ്വാസികള്‍. സമ്പന്നത നിരുപാധികം ആക്ഷേപിക്കപ്പെടേണ്ടതാണെന്നല്ല. വിശ്വാസിയായൊരു മനുഷ്യന്റെ കയ്യിലുള്ള ഹലാലായ സമ്പത്ത് എത്ര സുന്ദരമാണ്! പക്ഷേ, ജീവിതോപാധിയുടെ വിഷയത്തില്‍ വല്ല പ്രയാസവും നേരിട്ടാല്‍ അല്ലാഹുവിന് നിന്നോട് വെറുപ്പാണെന്ന് കരുതരുത്. രോഗമുണ്ടായാല്‍ അല്ലാഹു നിന്നെ ശിക്ഷിക്കുകയാണെന്നും വെക്കരുത്. പക്ഷേ അല്ലാഹു നല്‍കുന്നതിനും നല്‍കാതിരിക്കുന്നതിനും കൃത്യമായ യുക്തിയുണ്ടാവും. ‘അല്ലാഹു വല്ലതും നല്‍കാതിരിക്കലും നല്‍കുന്നതിനു സമാനമാണെന്ന്’ നാം മനസ്സിലാക്കുന്നതുവരെ വിശ്വാസത്തിന്റെ ശരിയായ സ്ഥാനത്തേക്ക് നാമെത്തുകയില്ല എന്നതാണ് കാര്യം!
ഗുണപാഠം 4
യഥാര്‍ഥ ഡോക്ടര്‍ ആകാശലോകത്താണ്! മച്ചിയായൊരു വൃദ്ധയിലൂടെ ക്ഷണികനേരം കൊണ്ടായിരുന്നു അല്ലാഹു ഒരു പ്രവാചകനെ സൃഷ്ടിച്ചത്! വര്‍ഷങ്ങളോളം രോഗപീഡയനുഭവിച്ച ഒരു പ്രവാചകനോട് ഒരു തണുത്ത വെള്ളത്തിലേക്കിറങ്ങാനായിരുന്നു ദൈവത്തിന്റെ കല്‍പന, അതോടെ അദ്ദേഹം പൂര്‍വാധികം തിളക്കം പ്രാപിക്കുകയും ചെയ്തു! ‘എന്നെ തനിച്ചാക്കല്ലേ’ എന്ന് ഹൃദയംകൊണ്ട് വിളിച്ച സകരിയ്യാ നബിക്ക് യഹ്‌യാ നബിയെ അല്ലാഹു നല്‍കുന്നു! ലോകത്തെ സകല ഭിഷഗ്വരന്മാർ ചേര്‍ന്നിട്ടും രോഗം മാറാത്ത വെള്ളപ്പാണ്ടുകാരന്‍ അല്ലാഹുവിന്റെ ഒറ്റ വാക്കിലൂടെ പൂര്‍ണ ആരോഗ്യവാനാവുന്നു! കഷണ്ടിക്കാരന് തന്റെ മുടിയും അന്ധന് കാഴ്ചയും തിരിച്ചുകിട്ടുന്നു.
ഭൂമിയിലെ ഡോക്ടര്‍രോട് ചികിത്സ തേടുക. ചികിത്സിക്കാന്‍ തന്നെയാണ് നമ്മോട് പടച്ചവന്‍ കല്‍പിച്ചിട്ടുള്ളത്. അതും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതും ഒരിക്കലും വൈരുധ്യമാവുന്നില്ല. അതും അല്ലാഹുവിന്റെ ഖദ്‌റിന്റെ ഭാഗമാണെന്നതുതന്നെ കാര്യം. അവനുദ്ദേശിച്ചാല്‍ അവനു മനുഷ്യന്‍ മതിയാവും രോഗം ശമിക്കാന്‍. ഇനിയവന്റെ ഉദ്ദേശ്യമില്ലെങ്കില്‍ ലോകത്തെ സകല ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്നാലും ഫലം കാണില്ല. യഥാര്‍ഥ ഡോക്ടറെക്കുറിച്ചോര്‍ക്കുക. നിന്റെ രോഗത്തിന് ശമനമാവുമെന്നതിനാല്‍ തന്നെ മരുന്ന് കൃത്യമായി കഴിക്കുക. പക്ഷേ, അതിനും മുമ്പ് നബി (സ) പഠിപ്പിച്ചപ്രകാരം ‘നിന്റെ ശിഫയല്ലാതെ മറ്റൊരു ശിഫയുമില്ലെന്ന്’ ദുആ ചെയ്യുക.
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles