Current Date

Search
Close this search box.
Search
Close this search box.

‘ഉമ്മാ, ഒന്നും പേടിക്കേണ്ടതില്ല,  ദുനിയാവിലെ ശിക്ഷ ആഖിറത്തിലെ ശിക്ഷയെക്കാള്‍ എത്രയോ നിസ്സാരമാണ്!’ 

നബിയുടെ കൂടെ - 8

ഇമാം അഹ്‌മദ് തന്റെ മുസ്‌നദില്‍ നിവേദനം ചെയ്യുന്നു. നബി (സ) പറയുന്നു: ‘എന്നെ ആകാശാരോഹരണം നടത്തപ്പെട്ട രാത്രിയില്‍ എനിക്ക് മനോഹരമായൊരു സുഗന്ധം അനുഭവിക്കാനായി. ഇതെന്തിന്റെ സുഗന്ധമാണെന്ന് ഞാന്‍ ജിബ്‌രീലിനോടു ചോദിച്ചപ്പോള്‍ ഇത് ഫിര്‍ഔനിന്റെ മകളുടെ മുടി ചീകുന്ന സ്ത്രീയുടെയും (മാശിത്വ) അവരുടെ മക്കളുടെയും ഗന്ധമാണെന്നായിരുന്നു മറുപടി. അവരുടെ പ്രത്യേകതയെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു. ഒരിക്കല്‍ ഫിര്‍ഔന്റെ മകളുടെ മുടി ചീകിക്കൊടുക്കുന്ന വേളയില്‍ കയ്യില്‍ നിന്ന് ചീര്‍പ്പ് വീണുപോവുകയും ബിസ്മില്ലാ എന്നവര്‍ പറയുകയും ചെയ്തു. എന്റെ പിതാവിനെക്കുറിച്ചാണോ പറഞ്ഞതെന്ന് മകളപ്പോള്‍ ചോദിക്കുന്നു. അല്ലെന്നും എന്റെയും നിന്റെയും രക്ഷിതാവായ അല്ലാഹുവിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്നും അവരുടെ മറുപടി.
ഇക്കാര്യം ഞാന്‍ പിതാവിനോടു പറയട്ടെയെന്നു ചോദിച്ചപ്പോള്‍ അതെയെന്നുമവര്‍ പറഞ്ഞു. തുടര്‍ന്ന് ഫിര്‍ഔന്‍ അവരെ വിളിപ്പിക്കുകയും ഞാനല്ലാതെ നിനക്ക് വേറെ റബ്ബുണ്ടോ എന്ന് ചോദിക്കുകയും ഉണ്ടെന്നും എന്റെയും നിന്റെയുമെല്ലാം റബ്ബാണ് അല്ലാഹുവെന്ന് പറയുകയും ചെയ്തു! തുടര്‍ന്നുണ്ടായ രംഗങ്ങള്‍ അതിഭീകരമായിരുന്നു. ഒരു വലിയ പാത്രം നിറയെ ചെമ്പുനിറച്ച് അത് ചൂടാക്കുകയും അവരെയും മക്കളെ ഓരോരുത്തരെയും അതിലിടാന്‍ ഫിര്‍ഔന്‍ ആജ്ഞാപിക്കുകയും ചെയ്തു.
അവസാനമായി എനിക്കൊരഭ്യര്‍ഥനയുണ്ടെന്നും എന്റെയും മക്കളുടെയുമെല്ലാം എല്ലുകള്‍ ഒരുമിച്ചു ചേര്‍ത്ത് മറവുചെയ്യണമെന്നവര്‍ പറയുകയും ചെയ്തു. തുടര്‍ന്ന് മക്കളെ ഓരോരുത്തരെയായി മാതാവിന്റെ കണ്‍മുന്നില്‍ വച്ചുതന്നെ ചെമ്പുതിളക്കുന്ന ആ പാത്രത്തിലേക്കിട്ടു. അവസാനമായി മുലകുടിപ്രായമുള്ള ഒരു കുഞ്ഞിന്റെ ഊഴമെത്തി. ആ കുട്ടി സ്ഥൈര്യതയോടെ മാതാവിനോട് പറഞ്ഞു: ഉമ്മാ, ഒന്നും പേടിക്കേണ്ടതില്ല. ധൈര്യസമേതം ശിക്ഷ ഏറ്റുവാങ്ങിക്കോളൂ. ദുനിയാവിലെ ശിക്ഷ ആഖിറത്തിലെ ശിക്ഷയെക്കാള്‍ എത്രയോ നിസ്സാരമാണ്!’
ഗുണപാഠം 1
തൊട്ടില്‍പ്രായത്തില്‍തന്നെ സംസാരിച്ചവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നിലേറെയുണ്ട്. ഈസാ നബി, ജുറൈജ് എന്നവരുടെ സംഭവത്തിലെ ആട്ടിടയന്റെ മകന്‍, മാതാവിന്റെ പ്രാര്‍ഥനയോട് പ്രതികരിച്ച കുട്ടി(സംഭവം വഴിയേ വിശദീകരിക്കും) എന്നിങ്ങനെ മൂന്നുപേരാണ് ഇമാം മുസ്‌ലിമിന്റെ നിവേദനപ്രകാരം അവര്‍. ഇമാം അഹ്‌മദിന്റെ ഈ റിപ്പോര്‍ട്ട് അതില്‍ നാലാമത്തെതായി ചേര്‍ക്കാം. യൂസൂഫ് നബി നിരപരാധിയാണെന്ന് സാക്ഷിപറഞ്ഞ കുട്ടിയുടെ സംഭവവും ഇതോടു ചേര്‍ത്തുവക്കാവുന്നതാണ്. അത് ഇസ്‌റാഈലിയ്യാത്തുകളില്‍ പെട്ടതാണെങ്കില്‍ അതിനെ വ്യക്തമായി നിഷേധിക്കുന്ന ഒന്നും നമ്മുടെ പക്കലില്ല എന്നതാണ് കാര്യം. ‘ബനൂ ഇസ്‌റാഈല്യരെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുക, അതില്‍ പ്രശ്‌നമില്ല’ എന്നാണല്ലോ ഹദീസ്. ഇമാം മുസ്‌ലിമിന്റെ നിവേദനത്തിലെ കിടങ്ങുമായി ബന്ധപ്പെട്ട കുട്ടിയെക്കൂടി ചേര്‍ത്ത് അത്തരം കുട്ടികള്‍ ആറെണ്ണമുണ്ടെന്ന് നമുക്ക് സംഗ്രഹിക്കാം.
ഗുണപാഠം 2
നാശം വന്നുചേരുമെന്നു കണ്ടാല്‍ വിശ്വാസം മറച്ചുവെക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. ഫിര്‍ഔന്റെ കുടുംബത്തില്‍പെട്ട വിശ്വാസിയായൊരു മനുഷ്യന്‍ തന്റെ വിശ്വാസം മറച്ചുവെച്ചതിന്റെ പേരില്‍ വിശുദ്ധ ഖുര്‍ആന്‍ പുകഴ്ത്തുന്നതു കാണാം:’ആലു ഫിര്‍ഔനില്‍ പെട്ട, തന്റെ വിശ്വാസം മറച്ചുവക്കുന്നൊരു മനുഷ്യന്‍, ‘എന്റെ ദൈവം അല്ലാഹുവാണ്’ എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങളൊരു മനുഷ്യനെ കൊല്ലുകയാണോ എന്നു ചോദിച്ചു!’ ആ അവസരത്തില്‍ തന്റെ വിശ്വാസം മറച്ചുവെക്കലായിരുന്നു അദ്ദേഹത്തിന് പലനിലക്കും ഉപകാരപ്രദം. ആദ്യമായി, അദ്ദേഹം ജീവിതത്തിന് മൂല്യംകല്‍പിക്കുന്നവരായിരുന്നു.
വിശ്വാസിയായതിന്റെ പേരില്‍ സ്വന്തം ഭാര്യയെതന്നെ വധിക്കുകളഞ്ഞ ഫിര്‍ഔന് മൂസാ നബിയെ വിശ്വസിച്ചതിന്റെ പേരില്‍ തന്റെ കുടുംബത്തിലെ ആരെയും വെറുതെ വിടേണ്ട ഒരാവശ്യവുമില്ല.
രണ്ടാമതായി, കൊട്ടാരത്തിലെ പ്രധാനിയും ഫിര്‍ഔന്റെ എല്ലാ നീക്കങ്ങളും അറിയുകയും ചെയ്യുന്നവരുമായിരുന്നു. സ്വഭാവികമായും ശത്രുവിന്റെ കൊട്ടാരത്തിലെ ഒരു കണ്ണാണല്ലോ ശത്രുവിനു നേര്‍ക്കുള്ള ഒരു വാളിനെക്കാള്‍ ഉത്തമം! മൂന്നാമതായി, തന്റെ വിശ്വാസം വെളിപ്പെടുത്തുകവഴി അവിടെ വ്യക്തിപരമല്ലാത്ത മറ്റൊരുപകാരവും ലഭിക്കാനുണ്ടായിരുന്നില്ല. കാരണം, വിശ്വാസം വെളിപ്പെടുത്തുന്നതോടെ കൊല്ലപ്പെടുകയും ബീവി ആസിയ, മാശിത്വ എന്നിവരോടൊപ്പം ശുഹദാക്കളില്‍ പെടുകയും ചെയ്യും. അതാണ് വ്യക്തിപരമായ ഉപകാരം. പക്ഷേ, വ്യക്തികളുടെ താല്‍പര്യങ്ങളെക്കാളും രക്ഷയെക്കാളുമുപരി ദീനീപ്രബോധനത്തിന്റെ രക്ഷയും താല്‍പര്യങ്ങളുമാണല്ലോ മുന്തിക്കപ്പെടേണ്ടത്.
അത്തരത്തില്‍ ബീവി ആസിയയും മാശിത്വയും തങ്ങളുടെ വിശ്വാസം വെളുപ്പെടുത്തിയപ്പോള്‍ അതിന്റെ വരുംവരായ്കകള്‍ ആലോചിച്ചില്ലെന്നു പറയാനൊക്കില്ല. കാരണം, മാശിത്വ അവര്‍ക്ക് വെറുമൊരു സേവക മാത്രമായിരുന്നു. ഫിര്‍ഔന്‍ രാജാധിരാജനാണെന്ന് അഹങ്കരിക്കുമ്പോള്‍ സാധാരണക്കാരിയായൊരു സേവക അയാളെ വെല്ലുവിളിക്കുന്നത് സഹിക്കാവുന്നതിലുമപ്പുറമാവുമല്ലോ. അതിലും വലിയ ധീരത മറ്റെന്താണുള്ളത്!?
ഗുണപാഠം 3
വിശ്വാസം ഹൃദയത്തില്‍ രൂഢമൂലമാകുമ്പോള്‍ മനുഷ്യന്‍ മാംസവും രക്തവുമുള്ള വെറുമൊരു മനുഷ്യനില്‍ നിന്ന് തലകുനിക്കാന്‍ തയ്യാറാവാത്ത വലിയൊരു പര്‍വതമായി മാറും! എക്കാലത്തും വിശ്വാസികള്‍ അങ്ങനെയാണ്. ശരീരം കൊണ്ട് ബലഹീനയായ ബീവി ആസിയ കുരിശിലേറ്റലിന്റെ വേദന സഹിക്കുന്നു. ദുര്‍ബലയായ മാശിത്വ എന്നവര്‍ അല്‍പംപോലും ചാഞ്ചാടാതെ നില്‍ക്കുന്നു. മക്കയുടെ തപിക്കുന്ന മണല്‍പരപ്പിനും ഉമയ്യതു ബ്ന്‍ ഖലഫ് ദേഹത്തിലേറ്റിവച്ച പാറക്കല്ലിനും ബിലാലി(റ)നെ ഒന്നും ചെയ്യാന്‍ പറ്റാതാവുന്നു. ‘അഹദ്, അഹദ്’ എന്ന ഏകത്വത്തിന്റെ മന്ത്രംമാത്രം അവിടെ നിന്നു മുഴങ്ങുന്നു! മൂസാ നബിയില്‍ വിശ്വസിച്ച മാരണക്കാരുടെ കൈകാലുകള്‍ ഛേദിക്കപ്പെട്ട് കുരിശിലേറ്റപ്പെട്ടപ്പോഴും ‘നിന്റെ ഭരണം വെറും ഈ ദുനിയാവില്‍ മാത്രമല്ലേ’ എന്നവര്‍ സ്ഥൈര്യതയോടെ പറയുന്നു!
സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം:’മുന്‍കാലത്ത്, ഭൂമിയില്‍ വലിയ കുഴികളുണ്ടാക്കി ഒരാളെ അതില്‍ കൊണ്ടുകിടത്തി ഈര്‍ച്ചവാള്‍ കൊണ്ട് തല നെടുകെ രണ്ടായി പിളര്‍ത്തപ്പെടും. തുടര്‍ന്ന് ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് മാംസവും എല്ലും വേര്‍തിരിയുന്നവിധം അവരെ ചീകപ്പെടും. എന്നിട്ടും അവര്‍ അല്ലാഹുവിലുള്ള വിശ്വാസത്തില്‍നിന്ന് അണുകിട വ്യതിചലിച്ചിരുന്നില്ല!’ സ്വര്‍ഗത്തിലേക്കുള്ള നിന്റെ വഴി സര്‍വസൗകര്യങ്ങളുമുള്ളതാണെങ്കില്‍ അത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. നിനക്ക് പ്രയാസങ്ങള്‍ സഹിക്കാനുള്ള ബുദ്ധിമുട്ട് അല്ലാഹു മനസ്സിലാക്കിയിരിക്കാം! ഇനി അല്ലാഹു നിന്നെ പരീക്ഷിക്കുന്നപക്ഷം നിന്റെ ശക്തി ചോര്‍ന്നുപോവരുത്. മുന്‍ഗാമികളെ പിന്തുടരുക. എല്ലാ അക്രമകാരികളുടെയും മുഖത്തുനോക്കി മാരണക്കാര്‍ ഫിര്‍ഔനോട് പറഞ്ഞ ‘നിന്റെ ഭരണം വെറും ദുനിയാവില്‍ മാത്രമല്ലേ’ എന്ന ചോദ്യം നീ ചോദിക്കുക!
ഗുണപാഠം 4
ഒരാള്‍ സ്വദഖ ചെയ്യുന്നത് അവന് പണത്തോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഒരാള്‍ ഹിജാബ് ധരിക്കുന്നത് ഫാഷന്‍ അറിയാഞ്ഞിട്ടുമല്ല. ശഹാദത്ത് കൊതിച്ച് മരണത്തിലേക്ക് ഓടിയടുക്കുന്നവന്‍ ജീവിതത്തെ വെറുക്കുന്നവനുമല്ല. കണ്‍മുന്നില്‍വച്ച് മക്കളെ കൊല്ലാന്‍ സമ്മതിച്ച മാശിത്വ മാതൃത്വമില്ലാത്തവളല്ല. അല്ലാഹുവിങ്കലുള്ളതാണ് എന്നും ബാക്കിയാവുന്നതും അതാണ് ഉത്തമവും എന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കി എന്നതാണ് കാര്യം. അവസാനനിമിഷം പോലും തന്റെയും മക്കളുടെയും എല്ലുകള്‍ ചേര്‍ത്ത് മറവുചെയ്യാന്‍ പറയുന്ന അവരുടെ അഭ്യര്‍ഥനയില്‍ മാതൃത്വമല്ലാതെ പിന്നെയന്താണുള്ളത്!? ദുനിയാവ് തന്നെ മാതാവല്ലേ!
ഗുണപാഠം 5
അക്രമകാരികള്‍ എക്കാലത്തും അങ്ങനെതന്നെയാവും. പേരുകളും ശൈലികളും മാറുമെന്നേയുള്ളൂ, ചിന്താഗതി ഒന്നുതന്നെ! ഫിര്‍ഔന്‍ വധിക്കുകയും കുരിശിലേറ്റുകയും ചെയ്യുന്നു. ഇബ്‌റാഹിം നബിയുടെ സമൂഹം തീയിലിടുന്നു. ഉമയ്യയും അബൂ ജഹ് ലും ശിക്ഷിക്കുന്നു. ഒരാള്‍ വിശ്വാസിയുടെ സ്വത്തപഹരിക്കുമ്പോള്‍ മറ്റൊരാള്‍ അവനെ ജയിലിലടക്കുന്നു. വേറൊരാള്‍ അവന്റെ അഭിമാനം പിച്ചിച്ചീന്തുമ്പോള്‍ മറ്റൊരാള്‍ അവന്റെ വീടു തകര്‍ക്കുകയും അടുത്തയാള്‍ അവന്റെ സന്താനങ്ങളെ കൊലചെയ്യുന്നു. എല്ലാവരും ഒരേപാതയിലാണ് സഞ്ചരിക്കുന്നത്. ഒരേ പരിണിതിയുമാവും അവരുടേത്. അക്രമകാരികളുടെ കാലം അവസാനിക്കില്ല!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles