Current Date

Search
Close this search box.
Search
Close this search box.

ആ മരക്കഷ്ണത്തില്‍ താങ്കള്‍ കൊടുത്തയച്ച വസ്തു അല്ലാഹു കൃത്യമായി എന്നിലേക്ക് എത്തിച്ചിട്ടുണ്ട്

നബിയുടെ കൂടെ - 4

അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം. നബി (സ) ബനൂ ഇസ്‌റായീല്യരിലെ ഒരു മനുഷ്യനെക്കുറിച്ചു പറയുകയായിരുന്നു. ഒരിക്കലദ്ദേഹം ജനങ്ങളില്‍ ചിലരോടായി ആയിരം ദീനാര്‍ വായ്പ ചോദിക്കുന്നു. പണം വേണമെങ്കില്‍ സാക്ഷിയെ ഹാജരാക്കൂ എന്നയാള്‍ പറഞ്ഞപ്പോള്‍ സാക്ഷിയായി അല്ലാഹു മതി എന്നദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ ജാമ്യക്കാരനായി(കഫീല്‍) ഒരാളെ വെക്കണമെന്നു പറഞ്ഞപ്പോള്‍ കഫീലായും അല്ലാഹു മതിയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വായ്പക്കാരന്‍ അതംഗീകരിക്കുകയും നിശ്ചിത കാലാവധിക്ക് പണം നല്‍കുകയും ചെയ്തു. അയാള്‍ തന്റെ ആവശ്യപൂര്‍ത്തീകരണത്തിനായി കടലേറി യാത്ര പുറപ്പെട്ടു. ആവശ്യം നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ പണം തിരിച്ചടക്കാനുള്ള സമയത്ത് വാഹനങ്ങളൊന്നും ലഭിക്കാതെ വന്നു.
പക്ഷേ കൃത്യസമയത്ത് പണം ഉമസ്ഥന് എത്തിക്കണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അതിനായി അദ്ദേഹം ഒരുപായം കണ്ടെത്തി. ഒരു മരക്കഷ്ണമെടുത്ത് തുളയാക്കി ആയിരം ദീനാറും ഒപ്പം ഒരു കത്തും അതില്‍വച്ച് ദ്വാരം വളരെ ഭദ്രമായി അടച്ചു. ശേഷം കടല്‍ക്കരയില്‍ ചെന്ന് അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, ഇന്നാലിന്ന മനുഷ്യന്റെയടുക്കല്‍ നിന്ന് ആയിരം ദീനാര്‍ ഞാന്‍ വായ്പ വാങ്ങിയകാര്യം നിനക്കറിയാം. അദ്ദേഹം കഫീലിനെയും സാക്ഷിയെയും ആവശ്യപ്പെട്ടപ്പോള്‍ അവ രണ്ടുമായി അല്ലാഹു തന്നെ മതിയെന്നു പറയുകയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തതുമാണ്. ഈ സമയത്ത് ആ തുക തിരിച്ചേല്‍പിക്കാന്‍ വേണ്ടി യാത്ര പുറപ്പെടാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വാഹനം ലഭിച്ചില്ല. ആയതിനാല്‍ ഈ മരക്കഷ്ണവും അതിലുള്ളതെല്ലാം നിന്നെ ഭരമേല്‍പിക്കുന്നു.
ശേഷം കടലിലേക്ക് ആ മരക്കഷ്ണം എറിയുകയും തിരിച്ചുപോവുകയും ചെയ്തു. വായ്പ നല്‍കിയ മനുഷ്യനാണെങ്കില്‍ അങ്ങകലെ തന്റെ നാട്ടില്‍ ചരക്കുകള്‍ വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കാനായി കടല്‍ക്കരയിലായിരുന്നു. പെട്ടെന്നാണ് ആ മനുഷ്യനയച്ച വിറകു കഷ്ണം അയാളുടെ ശ്രദ്ധയില്‍പെട്ടത്. വിറകാക്കി ഉപയോഗിക്കാനെന്നോണം അതെടുത്ത് വീട്ടില്‍ ചെന്നു. വെട്ടിനോക്കിയപ്പോഴാണ് അതില്‍ പണവും എഴുത്തും കണ്ടത്! കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കപ്പല്‍ ലഭിച്ചപ്പോള്‍ വായ്പ വാങ്ങിയ മനുഷ്യന്‍ മറ്റൊരു ആയിരം ദീനാറുമായി ഇദ്ദേഹത്തെ കാണാനായി വരികയുണ്ടായി, ഇനിയെങ്ങാനും ആ പണം അദ്ദേഹത്തിനു ലഭിച്ചില്ലെങ്കിലോ എന്നോര്‍ത്ത്.
ഒരു വാഹനം തിരയാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളായെന്നും അവസാനമായി കിട്ടിയ വാഹനത്തിനാണ് ഞാനിപ്പോള്‍ വന്നിട്ടുള്ളതെന്നും ആയിരം ദീനാര്‍ സ്വീകരിക്കണമെന്നും അയാള്‍ പറഞ്ഞു. താങ്കള്‍ വല്ലതും എനിക്ക് കൊടുത്തയച്ചിരുന്നോ എന്ന് വായ്പ നല്‍കിയ വ്യക്തി ചോദിച്ചപ്പോള്‍ എനിക്കിപ്പോഴാണ് വാഹനം ലഭിച്ചതെന്നു മാത്രമായിരുന്നു മറുപടി. പുഞ്ചിരിയോടെ വായ്പ കൊടുത്ത മനുഷ്യന്‍ പറഞ്ഞു: മരക്കഷ്ണത്തില്‍ താങ്കള്‍ കൊടുത്തയച്ച വസ്തു അല്ലാഹു കൃത്യമായി എന്നിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ പണവുമായി താങ്കള്‍ സന്തോഷപൂര്‍വം പോയ്‌ക്കോളൂ!’ (ബുഖാരി)
ഗുണപാഠം 1
ജനങ്ങളില്‍ ചിലര്‍ മറ്റു ചിലരുമായി പലവിധത്തില്‍ ആശ്രയിച്ചു കിടക്കുന്നു! ‘അല്ലാഹുവേ, നിന്റെ സൃഷ്ടികളില്‍ ഒരാളുടെയുമടുക്കല്‍ എനിക്കൊരു ആവശ്യവും വരുത്തല്ലേ’ എന്ന് ദുആ ചെയ്യുന്നതു കണ്ട മനുഷ്യനോട് ഉമര്‍ ബ്നുൽ ഖത്താബ്(റ) പറഞ്ഞത് ‘നിങ്ങള്‍ സ്വന്തത്തിന് മരണത്തെ വിളിച്ചുവരുത്തുകയാണല്ലോ. ജനങ്ങളൊരിക്കലും പരസ്പരം ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്നവരല്ല’ എന്നായിരുന്നു! ആരെങ്കിലും നിങ്ങളെ ലക്ഷ്യംവെക്കുന്നുവെങ്കില്‍ നിങ്ങളില്‍ നന്മയുണ്ടെന്നാണ്. ജനങ്ങള്‍ നല്ലതു വിചാരിക്കുന്നിടത്തു നില്‍ക്കുക എന്നതാണ് മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ബുദ്ധിപരമായ കാര്യം. ദാനം വെറുമൊരു സമ്പത്ത് മാത്രമല്ല, മനുഷ്യന് ഏറ്റവുമധികം ആവശ്യമുള്ള കാര്യംകൂടിയാണ്.
എല്ലാ കാര്യത്തിലും നിര്‍ബന്ധ ബാധ്യതയായ സകാത്തുണ്ടുതാനും. സമ്പന്നത അനുഗ്രഹമായി ലഭിച്ചാല്‍ അതിന്റെ സകാത്താണ് പാവങ്ങളെ സഹായിക്കലെന്നത്. ഇല്‍മിന്റെ സകാത്ത് ആവശ്യപ്പെടുന്നവരില്‍നിന്നും അല്ലാത്തവരില്‍ നിന്നും അത് മറച്ചുവക്കാതിരിക്കലാണ്. ബുദ്ധിയുടെ സകാത്താണ് പരിഭ്രമിച്ചിരിക്കുന്ന ഒരാള്‍ക്ക് അനുയോജ്യമായ ഉപദേശം നല്‍കല്‍. ശരീരത്തിന്റെ സകാത്താണ് ക്ഷയം ബാധിച്ച ഒരാളെ നടത്താനും അന്ധനായൊരു മനുഷ്യനെ റോഡ് മുറിച്ചുകടക്കാനും സഹായിക്കല്‍!
ഗുണപാഠം 2
കൃത്യമായി അടച്ചുവീട്ടണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളുടെ പണം ആരെങ്കിലും സ്വീകരിച്ചാല്‍ അല്ലാഹു തന്നെ അതിനുള്ള വഴിയൊരുക്കും. ഇനി നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണത് ചെയ്യുന്നതെങ്കില്‍ അല്ലാഹു അതിനും വഴിയൊരുക്കും. നന്മക്കു പകരമായി നന്ദികേട് ചെയ്യുന്നവനെയും നന്മയെ നിഷേധിക്കുവനെയും പോലെ നിസ്സാരനായ മനുഷ്യരില്ലതന്നെ! ദുനിയാവില്‍ നിന്ന് നന്മകള്‍ ഇല്ലാതായിപ്പോവാനുള്ളൊരു കാരണമായി നീയൊരിക്കലുമത് മാറക്കരുത്. ഒരുപാട് ജനങ്ങള്‍ ആവശ്യക്കാര്‍ക്കു പോലും പണം വായ്പ നല്‍കുന്ന സ്വഭാവം നിര്‍ത്തിവച്ചിരിക്കുന്നു. വായ്പ വാങ്ങിയ പലരും ആ പണവുമായി രക്ഷപ്പെട്ടുകളഞ്ഞു എന്നതുതന്നെ കാരണം.
മറ്റൊരുപാട് ജനങ്ങള്‍ തങ്ങളുടെ പെണ്‍കുട്ടികളെ മഹ്‌റില്ലാത്ത കെട്ടിച്ചയക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. മഹ്‌റില്ലാതെ മക്കളെ കെട്ടിക്കുന്നവര്‍ പെണ്‍മക്കളെ വിലകുറച്ചു കാണുകയാണെന്ന് പലരും കരുതിത്തുടങ്ങി എന്നതു തന്നെ കാര്യം. വഴിയാധാരമായി കിടക്കുന്ന പലരെയും ജനങ്ങളധികവും പരിഗണിക്കാതെ വന്നു തുടങ്ങിയിരിക്കുന്നു. അത്തരക്കാര്‍ പലപ്പോഴും വഞ്ചകരായിരുന്നു എന്നതുതന്നെ കാരണം. പഴമക്കാര്‍ പറഞ്ഞതെത്ര സത്യം:’നിനക്ക് അഭയം നല്‍കിയയാളെ ഒരിക്കലും വഞ്ചിക്കരുത്, നീയെത്ര വലിയ വഞ്ചകനാണെങ്കിലും!’
ഗുണപാഠം 3
വായ്പ കൊടുത്ത ആദ്യത്തെ കഥയിലെ ആ മനുഷ്യനെയോര്‍ത്താണ് അത്ഭുതപ്പെടേണ്ടതെന്ന് നീ ചിലപ്പോള്‍ ആലോചിക്കുന്നുണ്ടാകും. അല്ലാഹു തന്നെ സാക്ഷിയായും കഫീലായും മതിയെന്നു പറഞ്ഞ മനുഷ്യനെയോര്‍ത്താണോ അതല്ല വാഗ്ദാനം ലംഘിക്കാതിരിക്കാന്‍ തന്റെ വലിയൊരു തുകകൊണ്ട് ഒരു സാഹസത്തിനു മുതിര്‍ന്ന ആ മനുഷ്യനെയോര്‍ത്തോ. വിവേവികള്‍ പരസ്പരം ഇടപെടുന്നത് എത്ര സുന്ദരമായ കാഴ്ചയാണ്. സാക്ഷികളൊന്നുമില്ലാതെ പണം വായ്പ കൊടുക്കുന്നൊരു മനുഷ്യനും ഒരു മരക്കഷ്ണത്തില്‍ വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നൊരു മനുഷ്യനും!
ഗുണപാഠം 4
നന്മ കരുതുക, അല്ലാഹു തന്നെ അതിലേക്കുള്ള വഴി തുറന്നുതരും! വായ്പ വാങ്ങിയ മനുഷ്യന്‍ പണം തിരിച്ചുകൊടുക്കാനുദ്ദേശിച്ചപ്പോള്‍ മരക്കഷ്ണം കത്തും, കടല്‍ തപാല്‍ ശിപായിയുമായി മാറി! നല്ലൊരു ഭര്‍ത്താവാകാന്‍ നീ ഉറച്ച നിയ്യത്തു വെക്കുക, നിശ്ചയം നല്ലൊരു ഭാര്യ നിന്നിലേക്കു വരും. പഠിക്കാനുദ്ദേശിക്കുക, പഠിപ്പിക്കുന്ന ഒരാള്‍ നിന്നെത്തേടി വരും. വിശ്വസ്തനാവാനുള്ള നിയ്യത്തുണ്ടോ, അഭയം നല്‍കാനുള്ള ആള്‍ നിന്നിലേക്കെത്തും. വല്ല മനുഷ്യന്റെയും ഹൃദയത്തില്‍ അല്ലാഹു നന്മ വല്ലതും കണ്ടാല്‍ അതിനുള്ള സൗകര്യ ചെയ്തു കൊടുക്കുമെന്നര്‍ഥം!
ഗുണപാഠം 5
അല്ലാഹുവിന്റെ പേരുപറഞ്ഞ് ആരെങ്കിലും അഭയം തേടിയാലോ സഹായം ചോദിച്ചാലോ അത് കൊടുത്തേക്കുക. വലിയൊരു മാന്യനായ മനുഷ്യന്റെ പേരു പറഞ്ഞ് ആരെങ്കിലും വല്ലതും ചോദിച്ചാല്‍ തന്നെ തഴയാത്ത സ്വഭാവമാണ് ജനങ്ങളുടേത്. അല്ലാഹുവിനെത്തന്നെ മുന്‍നിര്‍ത്തി ചോദിച്ചവനല്ലേ തഴയപ്പെടാതിരിക്കാന്‍ ഏറ്റവുമര്‍ഹന്‍!? സാക്ഷികളെ ആവശ്യപ്പെടലും ഉടമ്പടി എഴുതലുമൊന്നും വലിയ കാര്യമല്ല, മറിച്ച് അല്ലാഹുവിന്റെ പേരിലാവുക എന്നതാണ് പ്രധാനവും അടിസ്ഥാനവും. കാരണം ദുനിയാവെന്നാല്‍ ജീവിതവും മരണവും ചതിയും വഞ്ചനയുമൊക്കയാണ്.
അതുകൊണ്ട് നിന്റെ അവകാശം രേഖപ്പെടുത്തി വെക്കാതിരിക്കേണ്ടതില്ല. ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം തന്നെ കടമിടപാടുകളെക്കുറിച്ചാണല്ലോ. സാക്ഷിയുണ്ടാവാനും രേഖാമൂലം അത് സൂക്ഷിക്കാനും അല്ലാഹു അതില്‍ പറയുന്നു. പക്ഷേ ആ ഔദ്യോഗിക രേഖകളെക്കാളൊക്കെ മുകളില്‍ സല്‍സ്വഭാവം എന്ന ശക്തമായ ഉടമ്പടിക്കാണ് അല്ലാഹു പ്രാധാന്യം നല്‍കിയത്. അവന്‍ പറയുന്നു:’ഇനി പരസ്പര വിശ്വാസത്തിലാണ് ഇടപാട് നടത്തിയതെങ്കില്‍, വിശ്വസിക്കപ്പെട്ടയാള്‍ തന്റെ വിശ്വാസ്യത നിറവേറ്റട്ടെ!’
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles