Current Date

Search
Close this search box.
Search
Close this search box.

 ‘നിന്റെ കുട്ടിയെയാണ് ചെന്നായ കൊണ്ടുപോയതെ’ന്നു പറഞ്ഞ് ഓരോരുത്തരും തര്‍ക്കിച്ചു

നബിയുടെ കൂടെ - 16

ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: രണ്ട് സ്ത്രീകളും അവരുടെ രണ്ടു മക്കളും ഒരുമിച്ചിരിക്കുന്ന വേളയില്‍ ഒരു ചെന്നായ വന്ന് അവരിലൊരാളുടെ മകനെ കടിച്ചുകൊണ്ടുപോയി. ഓരോരുത്തരും ‘നിന്റെ കുട്ടിയെയാണ് ചെന്നായ കൊണ്ടുപോയതെ’ന്നു പറഞ്ഞ് തര്‍ക്കിച്ചു. അവസാനം പ്രശ്‌നപരിഹാരത്തിനായി ദാവൂദ് നബിയെച്ചെന്നു കണ്ടപ്പോള്‍ കുട്ടി വലിയ സ്ത്രീയുടെതാണെന്ന് വിധിപറഞ്ഞു. ശേഷം സുലൈമാന്‍ നബിയെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഒരു കത്തി കൊണ്ടുവരൂ. ഞാന്‍ കുട്ടിയെ വെട്ടിമുറിച്ച് ഇരുവര്‍ക്കും തുല്യമായി നല്‍കാം. അപ്പോള്‍ കൂട്ടത്തിലെ ചെറിയ സ്ത്രീ പറഞ്ഞത്രെ: അല്ലാഹുവിനെയോര്‍ത്ത് നിങ്ങളത് ചെയ്യരുത്. കുട്ടിയെ അവള്‍ക്ക് കൊടുത്തേക്കൂ. അതവളുടെ കുട്ടിയാണ്. അത് കേട്ടപക്ഷം കുട്ടി ചെറിയ സ്ത്രീയുടേതാണെന്ന് അദ്ദേഹം വിധിപറഞ്ഞു!
ഗുണപാഠം 1
അല്ലാഹു പ്രവാചകന്മാരില്‍ തന്നെ ചിലരെ ചിലരെക്കാള്‍ മഹത്വവല്‍ക്കരിച്ചിട്ടുണ്ട്. ഉലുല്‍ അസ്മുകളാണ് പ്രവാചകന്മാരുടെ കൂട്ടത്തില്‍ മൊത്തത്തില്‍ ഏറ്റവുമധികം മഹത്വമുള്ളവര്‍. പ്രത്യേകമായി ചിലപ്പോള്‍ ചിലര്‍ക്കു മാത്രം ചില പ്രത്യേകതകള്‍ അവന്‍ നല്‍കും. അത് നല്‍കപ്പെടാത്തവന്‍ അനര്‍ഹനാണെന്നൊന്നും അതിനര്‍ഥമില്ല. ഹാറൂന്‍ നബി മൂസാ നബിയെക്കാള്‍ വാക്‌വൈഭവമുള്ളവരാണെന്ന് മൂസാ നബിയും വിശുദ്ധ ഖുര്‍ആനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മൂസാ നബിക്കാണ് ഹാറൂന്‍ നബിയെക്കാള്‍ മഹത്വമെന്ന കാര്യത്തില്‍ തര്‍ക്കമില്ല, മൊത്തത്തില്‍ രണ്ടുപേരും മഹത്തുക്കള്‍ തന്നെയാണ്.
സുലൈമാന്‍ നബിക്ക് അതുവരെയും അതിനുശേഷവും ആര്‍ക്കും ലഭിക്കാത്തത്രയും അധികാരം ലഭിച്ചു. അതേസമയം, ഈസാ നബി ജീവിച്ചത് ഫഖീറായിട്ടായിരുന്നു. പക്ഷേ, ഈസാ നബി സുലൈമാന്‍ നബിയെക്കാള്‍ മഹത്വമുള്ളവരാണ്, മൊത്തത്തില്‍ ഇരുവരും മഹത്തുക്കള്‍ തന്നെ. അല്ലാഹു ദാവൂദ് നബിക്ക് ഇരുമ്പിനെപ്പോലും കീഴ്‌പ്പെടുത്തിക്കൊടുത്തു, നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബിക്കുപോലും സാധിക്കാത്തതായിരുന്നു അത്. പക്ഷേ, നിരുപാധികം സര്‍വസൃഷ്ടികളില്‍ അത്യുത്തമന്‍ മുഹമ്മദ് നബി തന്നെ! പ്രവാചകന്മാരെക്കുറിച്ച് പറയപ്പെടുന്ന ഇക്കാര്യം മറ്റുള്ളവരെക്കുറിച്ചും പരിശോധിച്ചു നോക്കാം.
അബൂബക്‌റി(റ)ന് നല്‍കപ്പെടാത്ത യുദ്ധതന്ത്രവും പാടവവും നല്‍കപ്പെട്ടവരായിരുന്നു ഖാലിദ് ബന്‍ വലീദ്(റ). പക്ഷേ അബൂബക്‌റി(റ)ന് തുല്യമായി സ്വഹാബികളില്‍ മറ്റാരുമില്ലതന്നെ! ഉമറി(റ)നെക്കാള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരുന്നു ഉബയ്യ് ബ്ന്‍ കഅ്ബ്(റ). പക്ഷേ, അദ്ദേഹത്തെക്കാള്‍ മഹത്വമുള്ളവരാണ് ഖലീഫ ഉമറെ(റ)ന്ന കാര്യം സുവ്യക്തമാണ്!
ഉസ്മാനെ(റ)ക്കാൾ ഹലാലും ഹറാമും അറിയുന്നവരായിരുന്നു മുആദ് ബ്ന്‍ ജബല്‍(റ). പക്ഷേ അവരെക്കാള്‍ എത്രയോ ഉന്നതിലിയാണ് ഉസ്മാന്‍(റ)ന്റെ സ്ഥാനം! സുലൈമാന്‍ നബിയുടെയും ദാവൂദ് നബിയുടെയും സംഭവം വായിക്കുമ്പോള്‍, മഹത്വവും ശ്രേഷ്ടതയുമൊക്കെ ഏതെങ്കിലും ഒരു കാര്യം നോക്കിയല്ല, മൊത്തമായാണ് കണക്കാക്കപ്പെടേണ്ടതെന്ന കാര്യം നാം മനസ്സിലാക്കണം.
ഗുണപാഠം 2
വിധിപ്രസ്താവനയുടെ കാര്യത്തില്‍ അപാര സാമര്‍ഥ്യമുള്ളവരായിരുന്നു സുലൈമാന്‍ നബി. മുകളില്‍ പറഞ്ഞത് കൂട്ടത്തിലൊരു സംഭവം മാത്രം. വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള ഒരു കൃഷിഭൂമിയുമായി ബന്ധപ്പെട്ടുള്ള വിധിപറച്ചിലിന്റെ മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം. ഒരു മനുഷ്യന്റെ ആടുകള്‍ രാത്രിയായപ്പോള്‍ മറ്റൊരാളുടെ കൃഷിയിടത്തില്‍ കയറി വിളകള്‍ തിന്നുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ദാവൂദ് നബിയുടെ അടുക്കല്‍ അവര്‍ പ്രശ്‌നപരിഹാരത്തിനായി പോയപ്പോള്‍ നശിപ്പിച്ച വിളക്കുതുല്യമായ ആടുകളെ ആടിന്റെ ഉടമ കൃഷിയുടമക്ക് നല്‍കുക എന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സുലൈമാന്‍ നബിയെ കാണുകയും കാര്യങ്ങള്‍ പറയുകയും ചെയ്തപ്പോള്‍ വിധി അതല്ലെന്ന് പറയുകയും ആടിന്റെ ഉടമ അയാളുടെ കൃഷിഭൂമി പൂര്‍വസ്ഥിതിപ്രാപിക്കുംവരെ അത് നോക്കിനടത്തണമെന്നും അതുവരേക്കും കൃഷിക്കാരന് അയാളുടെ ആടിന്റെ പാലുപയോഗിക്കാമെന്ന് വിധിക്കുകയും ചെയ്തു. സുലൈമാന്‍ നബിയുടെ വിധിയെ അല്ലാഹു പ്രത്യേകം പ്രശംസിച്ചു. അതോടൊപ്പം ‘അവരിരുവര്‍ക്കും നാം യുക്തിയും അറിവും നല്‍കി’ എന്നുപറഞ്ഞ് ദാവൂദ് നബിയുടെ മഹത്വം പ്രത്യേകം എടുത്തുപറയാനും ഖുര്‍ആന്‍ മറന്നില്ല.
സുലൈമാന്‍ നബിയുടെ വിധിപറച്ചിലിലെ നൈപുണ്യം വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി നോക്കാം. ഒരാള്‍ നബിയുടെ അടുക്കല്‍വന്ന് എന്റെയൊരു അയല്‍വാസി എന്റെ അരയന്നത്തെ മോഷ്ടിച്ചു കൊണ്ടുപോവുന്നുവെന്ന് പരാതിപ്പെട്ടു. ഉടനടി ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി നിസ്‌കാരത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും മിമ്പറില്‍ കയറി നിന്ന് പ്രസംഗിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു: അയല്‍വാസിയുടെ അരയന്നം മോഷ്ടിക്കുകയും ശേഷം തലയില്‍ നിന്ന് അതിന്റെ തൂവല്‍ പോലും കളയാതെ പള്ളിയില്‍ വരികയും ചെയ്ത മനുഷ്യന്റെ അവസ്ഥയെന്താണ്? ഇതുകേള്‍ക്കേണ്ട താമസം ഒരാള്‍ തന്റെ തല തടവുകയും അതാണ് നിങ്ങളുടെ മോഷ്ടാവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു!
ഒരു വിഷയത്തില്‍ വിധിപ്രസ്താവിക്കുന്നവര്‍ കാര്യത്തെക്കുറിച്ച് നല്ല ബോധ്യമുള്ളവരായിരിക്കണം എന്നതു ശരിതന്നെ. ചില വിഷയങ്ങളില്‍ അഭിപ്രായത്തെക്കാളും ഇജ്തിഹാദിനെക്കാളും ജ്ഞാനമായിരിക്കും വേണ്ടത്. അനന്തരസ്വത്തുവിഷയങ്ങള്‍ ഉദാഹരണം. പക്ഷേ, അതോടൊപ്പം യുക്തിയും തന്ത്രവുമുള്ളവരായിരിക്കണം ന്യായാധിപന്‍. സുലൈമാന്‍ നബിയുടേതായി നാം പറഞ്ഞ മൂന്ന് സംഭവങ്ങളിലും ബുദ്ധിയും സാമര്‍ഥ്യവുമുപയോഗിച്ചാണ് അദ്ദേഹം വിധിപറയുന്നത്.
വിധിപറച്ചിലിലെ സാമര്‍ഥ്യത്തെക്കുറിച്ചു പറയുമ്പോള്‍ ഒഴുച്ചുകൂടാനാവാത്ത രണ്ടുപേരുകളാണ് ഇയാസ് ബ്ന്‍ മുആവിയയുടെതും ഖാളി ശുറൈഹിന്റെതും. ഇരുവരും ചരിത്രത്തില്‍ അതുല്യ സ്ഥാനമലങ്കരിക്കുന്നവര്‍. ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസി(റ)ന് വേണ്ടി ഖാളിസ്ഥാനമേറ്റെടുത്തവരാണ് ഇയാസ് ബ്ന്‍ മുആവിയ(റ). ഇബ്‌നുല്‍ ജൗസി ‘അഖ്ബാറുല്‍ അദ്കിയാ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഒരു മനുഷ്യന്‍ തന്റെ സുഹൃത്തിന്റെ സാന്നിധ്യത്തില്‍ തന്റെ അല്‍പം പണം ഒരു മരച്ചുവട്ടില്‍ ഒളിപ്പിച്ചുവച്ചു.
സുഹൃത്താണെങ്കില്‍ അല്‍പം കഴിഞ്ഞ് മടങ്ങിവന്ന് ആ തുക എടുക്കുകയും ചെയ്തു. ഉടമ പരാതിയുമായി ഇയാസി(റ)നെ ചെന്നുകാണുന്നു. അയാളുടെ സുഹൃത്താണെങ്കില്‍ കാര്യം നിഷേധിക്കുകയും ചെയ്തു. ഇയാസ്(റ) പരാതിക്കാരനോട് പറഞ്ഞു: നിങ്ങള്‍ മരത്തിന്റെ അടുക്കല്‍ ഒരിക്കല്‍ കൂടി ചെന്നുനോക്കൂ. ചിലപ്പോള്‍ ലഭിച്ചേക്കാം. പരാതിക്കാരന്‍ തിരിച്ചുവരുന്നതുവരെ നിങ്ങളെന്റെ കൂടെത്തന്നെ ഇരിക്കൂ എന്ന് അയാളുടെ സുഹൃത്തിനോടും ഇയാസ്(റ) പറഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ അയാളോടായ ഇയാസ്(റ) ചോദിച്ചു: നിന്റെ സുഹൃത്ത് ആ മരത്തിന്റെയടുക്കല്‍ എത്തിക്കാണുമോ? ഇല്ലെന്നും ആ സ്ഥലം അല്‍പം ദൂരെയാണെന്നും അയാള്‍ മറുപടി പറഞ്ഞു. നീയല്ലേ എനിക്ക് പണത്തെക്കുറിച്ചും മരത്തെക്കുറിച്ചും ഒന്നുമറിയില്ലെന്ന് അല്‍പം മുമ്പ് പറഞ്ഞതെന്നു പറഞ്ഞ് ഇയാസ്(റ) അയാളെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചു.
മറ്റൊരവസരം, അദ്ദേഹം തനിച്ചിരിക്കുന്ന സമയത്ത് മൂന്നു സ്ത്രീകള്‍ കടന്നുവന്നു. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഗര്‍ഭിണിയും മറ്റൊരാള്‍ മുലകുടിപ്പിക്കുന്നവളും മറ്റൊരാള്‍ കന്യകയുമാണ്. അതെങ്ങനെ താങ്കള്‍ മനസ്സിലാക്കിയെന്നു ചോദിച്ചപ്പോള്‍ ഒന്നാമത്തെ സ്ത്രീ തന്റെ കൈ വയറ്റിലും രണ്ടാമത്തെയാള്‍ സ്തനത്തിലും മൂന്നാമത്തെയാള്‍ ഗുഹ്യഭാഗത്തുമാണ് വച്ചിട്ടുള്ളത്. മനുഷ്യന്‍ ഭീതിയുള്ള സമയത്ത് തനിക്കേറ്റവും മൂല്യമുള്ളതെന്നു തോന്നുന്ന കാര്യമാണ് സംരക്ഷിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി!
അദ്ദേഹത്തെ വാദിച്ചു പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരാള്‍ ഒരിക്കല്‍ കടന്നുവന്നു. ഞാന്‍ വെള്ളം കുടിച്ചാലും മുന്തിരി തിന്നാലും നിങ്ങളെന്നെ ചാട്ടവാറടിക്കില്ലല്ലോ. പിന്നെയെങ്ങനെയാണ് വെള്ളവും മുന്തിയിരിയും ഒരുമിച്ചു ചേര്‍ന്ന് മദ്യമായിത്തീരുമ്പോള്‍ അതുപയോഗിച്ചാല്‍ നിങ്ങളെന്നെ ശിക്ഷിക്കുന്നത്?! അദ്ദേഹത്തിന്റെ മറുപടി ഞാന്‍ നിങ്ങളെ വെള്ളം കൊണ്ടും മണലുകൊണ്ടും എറിഞ്ഞാല്‍ നിങ്ങള്‍ക്ക് വേദനിക്കില്ലല്ലോ, പക്ഷേ വെള്ളവും മണലും ചേര്‍ന്നുണ്ടായ ഈ പാത്രം കൊണ്ടെറിഞ്ഞാല്‍ വേദനിക്കുമല്ലോ എന്നായിരുന്നു! വിധിയുടെ വിഷയത്തില്‍ എന്നെ അതിജയിച്ചത് ഒരേയൊരു മനുഷ്യന്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
അദ്ദേഹം ബസ്വറയില്‍ ഖാളിയായിരിക്കെ ഒരു മനുഷ്യന്‍ വന്ന് ഇന്നാലിന്ന തോട്ടം ഇന്ന മനുഷ്യന്റെ ഉടമസ്ഥാവകാശമാണെന്ന് സാക്ഷിപറഞ്ഞു. അതിലുള്ള മരങ്ങളുടെ എണ്ണമെത്രയാണെന്ന് അദ്ദേഹം ആ മനുഷ്യനോട് ചോദിച്ചു. അല്‍പനേരം മൗനിയായി ആ മനുഷ്യന്‍ അദ്ദേഹത്തോട് ചോദിച്ചു: ഖാളി അവര്‍കള്‍ എത്ര വര്‍ഷമായി ഇവിടെ വിധിപറയുന്നു? അദ്ദേഹം ഉത്തരം പറയുന്നു. ശേഷം ഇവിടെ മേല്‍ക്കൂരയില്‍ എത്ര മരക്കഷ്ണങ്ങളുണ്ടെന്ന് ചോദിക്കുന്നു. അറിയില്ലെന്നും സത്യം നിങ്ങളോടൊപ്പമാണെന്നും അദ്ദേഹം പറയുന്നു.
ഖാളി ശുറൈഹ് ഉമറിന്റെ(റ) കാലത്തെ അതുല്യനായ ന്യായാധിപനായിരുന്നു. ഇമാം ശഅ്ബി പറയുന്നു: ഞാനദ്ദേഹത്തിന്റെ അടുക്കലായിരിക്കെ ഒരു സ്ത്രീ കരഞ്ഞ് കണ്ണുനീരൊലിപ്പിച്ച് കടന്നുവന്നു. ഭര്‍ത്താവിനെക്കുറിച്ചായിരുന്നു അവരുടെ പരാതി. ഈ സ്ത്രീ കരയുന്നതു കണ്ടോ, ഇവരെന്തായാലും അക്രമിക്കപ്പെട്ടവര്‍ തന്നെയാകും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: ഓ ശഅ്ബീ, യൂസുഫ് നബിയുടെ സഹോദരങ്ങളും അവരുടെ പിതാവിനെ ചെന്നു കണ്ടത് കരഞ്ഞുകൊണ്ടായിരുന്നു എന്നായിരുന്നു! അദ്ദേഹത്തിനും ഉമറി(റ)നുമിടയില്‍ ഒരു സംഭവം നടന്നിട്ടുണ്ട്.
ഒരു ഗ്രാമീണന്റെ കയ്യില്‍നിന്ന് കുതിരയെ വാങ്ങി വില നല്‍കി അല്‍പം സഞ്ചരിച്ച ശേഷം ഉമര്‍(റ) അതില്‍ എന്തോ ഒരു ന്യൂനത ശ്രദ്ധിച്ചു. നിന്റെ കുതിരയെ നീയെടുത്തോളൂ, അതിന് ന്യൂനതയുണ്ടെന്ന് അദ്ദേഹം ആ മനുഷ്യനോട് പറഞ്ഞു. ഞാനത് സ്വീകരിക്കില്ലെന്നും ഞാന്‍ തന്നപ്പോള്‍ അതിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്ന് അയാളും പറഞ്ഞു. എങ്കില്‍ നമുക്കൊരാളെ പ്രശ്‌നത്തില്‍ വിധി പറയാനേല്‍പിക്കാമെന്ന് ഖലീഫയും എങ്കിലത് ശുറൈഹാവട്ടെ എന്ന് അയാളും തീരുമാനിച്ചുറച്ചു.
രണ്ടുപേരുടെയും വാദം കേട്ട ശേഷം ശുറൈഹ് ഉമറി(റ)നോടായി ചോദിച്ചു: നിങ്ങള്‍ കുതിരയെ വാങ്ങിയപ്പോള്‍ അതിന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ? ഇല്ലെന്ന് അദ്ദേഹത്തിന്റെ മറുപടി. എങ്കില്‍ നിങ്ങള്‍ വാങ്ങിയതുപോലെ വെച്ചോളൂ, അല്ലെങ്കില്‍ അയാള്‍ക്ക് തിരിച്ചുകൊടുത്തേക്കൂ എന്ന് ശുറൈഹിന്റെ വിധി! അത്ഭുതത്തോടെ ശുറൈഹിന്റെ വിധി കേട്ട ഖലീഫ പറഞ്ഞു: ഇതാണ് യഥാര്‍ഥ വിധി! നിങ്ങള്‍ കൂഫയിലേക്ക് പോവുക, നിങ്ങളെയവിടെ ഖാളിയായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നു!
ഗുണപാഠം 3
ആളുകള്‍ക്കനുസരിച്ച് വിധികളില്‍ മാറ്റങ്ങള്‍ വരാം. കാരണം, അടിസ്ഥാനപരമായി അവരുടെ ബുദ്ധിയുടെ തോത് വ്യത്യാസപ്പെട്ടു കിടന്നുവെന്നതുതന്നെ. അങ്ങനെയാണ് കര്‍മശാസ്ത്രത്തിലെ മദ്ഹബുകളുണ്ടാവുന്നത്. ഓരോ പണ്ഡിതനും ഓരോ വിധിസ്രോതസ്സുകള്‍ പരിശോധിച്ച് ബുദ്ധിയുപയോഗിച്ച് പുതിയ വിധികള്‍ ഉണ്ടാക്കിയെടുക്കുന്നു. എല്ലാവര്‍ക്കും പിഴവുകളും ശരികളും പറ്റുന്നു. പ്രവാചകന്മാര്‍ക്ക് മാത്രമാണല്ലോ പിഴവില്ലായ്മ എന്ന സവിശേഷ ഗുണമുള്ളത്. പ്രവാചകന്മാര്‍ പോലും സ്വയം ഗവേഷണമുപയോഗിച്ച് വിധിപറഞ്ഞാല്‍ അതില്‍ പിഴവുവരാനുള്ള സാധ്യതയുണ്ട്.
പക്ഷേ, അല്ലാഹുവിന്റെ ദിവ്യബോധനംവെച്ച് പറഞ്ഞാല്‍ അതില്‍ പിഴവുപറ്റുകയുമില്ല. ഈ വിഷയത്തിലുള്ള ചര്‍ച്ച സുദീര്‍ഘമായി നാം മുമ്പ് നടത്തിയതാണ്. ദാവൂദ് നബിയുടെയും സുലൈമാന്‍ നബിയുടെയും കാര്യത്തില്‍ തന്നെ രണ്ടു വ്യ്ത്യസ്ത സംഭവങ്ങളില്‍ രണ്ടുപേരുടെയും ഗവേഷണവും വിധിയും വ്യത്യസ്തമായിരുന്നു. അതുകൊണ്ട് മദ്ഹബുകളുടെയും പണ്ഡിതവാക്കുകളുടെയും വിഷയത്തില്‍ തീവ്രതയരുത്. പണ്ഡിതന്മാരുടെ ഭിന്നാഭിപ്രായങ്ങള്‍ അനുഗ്രഹമാണെന്നാണല്ലോ.
ജനങ്ങളെയെല്ലാം ഒരേയൊരു കര്‍മത്തിന്മേല്‍ ഒതുക്കിനിര്‍ത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അവനങ്ങനെ ചെയ്യാമായിരുന്നു. സ്ത്രീയുടെ രണ്ടിരട്ടിയാണ് പുരുഷന്റെ അനന്തരസ്വത്തെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ്. അതിലിനി ചര്‍ച്ചക്ക് വകുപ്പുമില്ല. കട്ടവന്റെ കൈ മുറിക്കപ്പെടുകതന്നെ ചെയ്യും. പക്ഷേ, അല്ലാഹു പറയാതെ പോയിട്ടുള്ള ചില കാര്യങ്ങളുണ്ട്. അത് അനുഗ്രഹമാണ്, അല്ലാതെ അവന്റെ മറവിയല്ല. അതുകൊണ്ട്, മറ്റു മദ്ഹബുകളുമായുള്ള ഇടപാടുകളില്‍ ഹൃദയവിശാലതയുള്ളവരാകാന്‍ നമുക്ക് സാധിക്കണം.
മദ്ഹബിന്റെ ഇമാമുമാര്‍ പരസ്പരം കാത്തുസൂക്ഷിച്ചിരുന്ന ബഹുമാനവും ആദരവുമാവണം നമ്മെ നയിക്കേണ്ടത്. ഇമാം ശാഫി(റ)യുടെ ശിഷ്യനായ അഹ്‌മദ് ബ്ന്‍ ഹമ്പല്‍(റ) അദ്ദേഹത്തെ ബഹുമാനിക്കുന്നതോടൊപ്പം ചില മസ്അലകളുടെ വിഷയത്തില്‍ മാന്യമായി അദ്ദേഹത്തോട് വിരുദ്ധാഭിപ്രായം വെച്ചുപുലര്‍ത്തുന്നു. അതേസമയം, ഇമാം ശാഫി തിരിച്ചദ്ദേഹത്തെയും ബഹുമാനിക്കുന്നു! അതിനാല്‍ നിങ്ങള്‍ അസഹിഷ്ണുക്കളാവരുത്!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles