Current Date

Search
Close this search box.
Search
Close this search box.

ഗുഹയിലകപ്പെട്ട ആ മൂന്ന് സുഹൃത്തുക്കളുടെ   കഥയുടെ ഉള്ളടക്കമാണ് പ്രധാനം

നബിയുടെ കൂടെ - 15

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും സ്വഹീഹില്‍ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: മൂന്നുപേര്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ പൊടുന്നനെ ശക്തമായ മഴ പെയ്യുകയും ഒരു മലയിടുക്കിലുള്ള ഗുഹയില്‍ അവര്‍ അഭയംതേടുകയും ചെയ്തു. ദൗര്‍ഭാഗ്യകരമെന്നോണം വലിയൊരു പാറക്കല്ല് വന്ന് ആ ഗുഹാമുഖം പൂര്‍ണമായി മൂടിക്കളഞ്ഞു. നിങ്ങള്‍ ജീവിതകാലത്ത് ചെയ്തിട്ടുള്ള വല്ല നന്മകളെയും മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു നോക്കൂ, അതിന്റെ ഫലമായി ചിലപ്പോള്‍ പാറ നീങ്ങിയേക്കാം എന്നവര്‍ പരസ്പരം പറഞ്ഞു.
കൂട്ടത്തില്‍ ഒന്നാമന്‍ പറഞ്ഞു: അല്ലാഹുവേ, എനിക്ക് പ്രായമായ മാതാപിതാക്കളും ഭാര്യയും ചെറിയ മക്കളുമുണ്ടായിരുന്നു. ഞാന്‍ ആടിനെമേച്ച് പാല്‍ കറന്നുവന്നാല്‍ എന്റെ മക്കള്‍ക്കു കൊടുക്കുംമുമ്പ് മാതാപിതാക്കള്‍ക്ക് ഞാന്‍ പാലു കൊടുത്തിരുന്നു. ഒരുദിവസം വഴിയില്‍ തടസ്സം നേരിട്ടതു കാരണം സാധാരണ വരാറുള്ള സമയത്ത് എനിക്ക് വീട്ടിലെത്താനായില്ല. ഞാന്‍ എത്തിയപ്പോള്‍ മാതാപിതാക്കള്‍ ക്ഷീണിച്ചുറങ്ങിയിരുന്നു. ഞാന്‍ പാല്‍ കറന്ന് അവരുടെ തലയുടെ ഭാഗത്തായി ചെന്നുനിന്നു.
അവരെ ഉണര്‍ത്താനോ അവര്‍ക്കു കൊടുക്കുംമുമ്പ് എന്റെ കാല്‍ക്കല്‍ വീണ് പാലിന് കരഞ്ഞുകൊണ്ടിരുന്ന മക്കള്‍ക്കത് കൊടുക്കാനോ എന്റെ മനസ്സ് സമ്മതിച്ചില്ല. പ്രഭാതത്തില്‍ അവരുണരുന്നതുവരെ ഞാനതേ നിര്‍ത്തം തുടര്‍ന്നു. ഞാനിത് നിന്റെ പ്രീതിമാത്രം കാംക്ഷിച്ച് ചെയ്തതാണെന്ന് നിനക്കറിയാമെങ്കില്‍ ആകാശം കാണും വിധം ഈ പാറയെ നീയൊന്ന് നീക്കിത്തരണേ റബ്ബേ. അയാളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയും ആകാശം കാണുംവിധത്തില്‍ ആ പാറ നീങ്ങുകയും ചെയ്തു.
രണ്ടാമന്‍ പറഞ്ഞു: അല്ലാഹുവേ, എന്റെ അമ്മാവനൊരു മകളുണ്ടായിരുന്നു. പുരുഷന്മാര്‍ സാധാരണയായി സ്ത്രീകളെ സ്‌നേഹിക്കുംപോലെ ഞാനവളെ ഗാഢമായി സ്‌നേഹിച്ചു. ഞാനവളോട് അവിഹിതബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ നൂറു ദീനാറുമായി ചെല്ലാനവള്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ട് നൂറു ദീനാര്‍ ഒരുമിച്ചുകൂട്ടി അവളുടെ അടുക്കല്‍ ചെന്ന് അവളുടെ കാലുകള്‍ക്കിടയില്‍ ഇരുന്നപ്പോള്‍ ‘അല്ലാഹുവിന്റെ അടിമയേ, അല്ലാഹുവിനെ സൂക്ഷിക്കുക. അവകാശമില്ലാതെ ഒരിക്കലും കന്യകാചര്‍മം പൊട്ടിക്കരുത്’ എന്നവള്‍ പറയുകയും ഉടനടി ഞാന്‍ അവളെ വിട്ടു പോരുകയും ചെയ്തു! ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചാണെന്ന് നിനക്കറിയാമെങ്കില്‍ ഈ പാറ അല്‍പംകൂടി നീക്കിത്തരണേ. അതോടെ അയാളുടെ പ്രാര്‍ഥനയും സ്വീകരിക്കപ്പെടുകയും പാറ അല്‍പംകൂടെ നീങ്ങുകയും ചെയ്തു!
മൂന്നാമത്തെ മനുഷ്യന്‍ പറഞ്ഞു: അരി കൂലിയായി നല്‍കാമെന്ന നിലക്ക് ഞാനൊരു മനുഷ്യനെ കൂലിക്കു വിളിച്ചിരുന്നു. ജോലി കഴിഞ്ഞ് പോവുമ്പോള്‍ ഞാന്‍ പറഞ്ഞ കൂലി കൊടുത്തപ്പോള്‍ അയാള്‍ക്കത് തൃപ്തിയായില്ല. ആ പണം കൊണ്ട് ഞാന്‍ വീണ്ടും ജോലി ചെയ്യിക്കുകയും അയാള്‍ വഴി ഒരു പശുവിനെയും ഒരു ഇടനെയും ഞാന്‍ സമ്പാദിച്ചു. ശേഷം അയാള്‍ വന്ന് അല്ലാഹുവിനെ സൂക്ഷിച്ച് അക്രമം കാണിക്കാതെ എനിക്കെന്റെ അവകാശം തരൂ എന്ന് പറഞ്ഞപ്പോള്‍ ആ പശുവിനെയും ഇടയനെയും എടുത്തോളൂ എന്ന് ഞാന്‍ പറഞ്ഞു.
നിങ്ങളെന്നെ പരിഹസിക്കരുതെന്ന് പറഞ്ഞപ്പോള്‍ പരിഹാസമല്ലെന്നും ഗൗരവമായി തന്നെയാണ് പറയുന്നതെന്നും ഞാന്‍ പറയുകയും അയാളത് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം ഞാന്‍ ചെയ്തത് നിന്റെ പ്രീതിയുദ്ദേശിച്ചാണെന്ന് നിനക്കറിയാമെങ്കില്‍ പാറയുടെ ബാക്കിയുള്ള ഭാഗവും നീ നീക്കിത്തരണേ റബ്ബേ. അയാളുടെ പ്രാര്‍ഥനയും സ്വീകരിക്കപ്പെടുകയും പാറയുടെ ബാക്കിയുള്ള ഭാഗവും നീങ്ങി അവര്‍ പുറത്തുകടക്കുകയും ചെയ്തു!
ഗുണപാഠം 1
സ്ഥലമോ കാലമോ കഥാപാത്രങ്ങളോ അറിയപ്പെടാത്തൊരു സംഭവമാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. കഥയുടെ ഉള്ളടക്കം തന്നെയാണ് ഏറ്റവും പ്രധാനം. വിശുദ്ധ ഖുര്‍ആന്റെ കഥകളിലും ഹദീസ് കഥകളിലും ഇതേരീതി തന്നെ കാണാം.  വിശുദ്ധ ഖുര്‍ആന്‍ ആദം നബിയുടെ രണ്ടു സന്താനങ്ങളുടെ കഥ പറയുമ്പോള്‍ ഇരുവരുടെയും പേരു പറയുന്നില്ല. ആ പേരുകള്‍ നാമറിയുന്നത് മുന്‍കാലക്കാരുടെ ചരിത്രങ്ങള്‍ പറയുന്ന ഹദീസുകളിലൂടെയാണ്. അതിന്റെ യുക്തി വളരെ വ്യക്തമാണ്.
കഥ പറയുന്നവേളയില്‍ ഹാബീല്‍, ഖാബീല്‍ എന്നോ അഹ്‌മദ്, ഖാലിദ് എന്നോ ഉള്ള രണ്ടു വ്യക്തികളെക്കുറിച്ചാണ് നാം പറയുന്നതെങ്കില്‍ ആ വ്യക്തികള്‍ക്കപ്പുറത്തേക്ക് ആ കഥയോ പ്രമേയമോ കടക്കുന്നില്ല. പക്ഷേ ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത് ആ രണ്ടുവ്യക്തികളുടെ നിലപാടുകളിലൂടെ വലിയൊരു പാഠം പഠിപ്പിക്കാനാണ്. അസൂയക്കാരനും അത്യാര്‍ത്തിക്കാരനും അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചവനും സഹോദരനെ വധിച്ചവനുമായ ഒരാളും വിശ്വാസിയും സൂക്ഷ്മതയുള്ളവനും ശക്തനും സൂക്ഷ്മജ്ഞനുമായ മറ്റൊരാളും.
ഫിര്‍ഔന്റെ കുടുംബത്തിലെ വിശ്വാസിയായൊരു മനുഷ്യനെക്കുറിച്ച് പറയുമ്പോളും വിശുദ്ധ ഖുര്‍ആന്‍ അയാളുടെ പേര് വ്യക്തമാക്കുന്നില്ല. പേരിലല്ല, അയാളെടുക്കുന്ന നിലപാടിലാണ് കാര്യം എന്നതാണ് കാര്യം. യൂസുഫ് നബിയും സുലൈഖ ബീവിയും തമ്മിലുള്ള സംഭവത്തില്‍ സാക്ഷി പറഞ്ഞ വ്യക്തിയെയും ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് ‘അവരുടെ കുടുംബത്തില്‍ നിന്നുള്ള ഒരു സാക്ഷി’ എന്നു മാത്രമാണ്. അദ്ദേഹത്തിന്റെ വിവരങ്ങള്‍ നാമറിയുന്നത് ഹദീസുകളില്‍ നിന്നും മറ്റുമാണ്. അത് വളരെ വിശദമായ ചര്‍ച്ചയില്‍ മാത്രം കടന്നുവരേണ്ടൊരു കാര്യമാണ്, ഇവിടെ പ്രസക്തം ആ വ്യക്തിയുടെ നിലപാടും പ്രവൃത്തിയുമാണ് എന്നതുതന്നെ കാരണം.
മുര്‍സലുകളെ വധിക്കാനായി ജനങ്ങള്‍ ഇറങ്ങിത്തിരിച്ച സമയത്ത് അവര്‍ക്ക് രക്ഷയായി പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്നു വന്ന മനുഷ്യനെ കുറിക്കാനും സൂറത്തു യാസീനില്‍ അല്ലാഹു ‘ഒരു മനുഷ്യന്‍’ എന്നു മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. വ ജാഅ റജുലുന്‍ മിന്‍ അഖ്‌സല്‍ മദീനത്തി  എന്നു തുടങ്ങുന്ന ആ സൂക്തത്തില്‍ ആ മനുഷ്യന്റെ പേരിനെക്കാള്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയാണ് പ്രധാനമത്രെ!
വിശുദ്ധ ഖുര്‍ആന്‍ നംറൂദിനെക്കുറിച്ചു പറയുമ്പോഴും അയാളുടെ പേരുപയോഗിക്കുന്നത് നാം കാണുന്നില്ല. ആ കഥയിലെ പ്രധാന പാഠം അയാളുടെ അസ്തിതത്വമല്ല, അയാളുടെ ദുഷ്‌ചെയ്തിയാണെന്നതാണ് കാരണം. ഇസ്മാഈല്‍ നബിയെ ബലികര്‍മത്തിന്റെ സംഭവം പറയുമ്പോഴും ഖുര്‍ആന്‍ നബിയുടെ പേരുപയോഗിക്കുന്നില്ല. കാരണം, അവിടെ പ്രധാനം അദ്ദേഹത്തിന്റെ ധീരമായ നിലപാടാണെന്നതുതന്നെ.
ഖുര്‍ആനിലോ ഹദീസിലോ പേരു പറയപ്പെട്ടവരുടെ പേരുതന്നെയും പറയപ്പെട്ടിട്ടുള്ളത് ആ വ്യക്തിയുടെ ധീരമായ നിലപാടു പറയാന്‍ വേണ്ടിമാത്രമാണ്. ഇബ്‌റാഹിം നബിയുടെ തീകുണ്ഠാരത്തിന്റെ സംഭവം പറയുമ്പോള്‍ വഴികേടിലായ സമൂഹത്തെയും വിശ്വാസിയുടെ നിശ്ചയദാര്‍ഢ്യത്തെയുമാണ് ഖുര്‍ആന്‍ കാണിച്ചുതരുന്നത്. അല്ലാതെ ഇബ്‌റാഹിം നബിയുടെ ജീവിതമോ മുന്‍കാലക്കാരുടെ ചരിത്രമോ അല്ല. അത് കഥയിലൂടെ ഒരുവശത്ത് സാധ്യമാവുന്നു എന്നുമാത്രം.
നൂഹ് നബിയുടെ കാലത്തെ പ്രളയത്തെക്കുറിച്ചു പറയുമ്പോള്‍ ഖുര്‍ആന്‍ നമ്മോട് പറയുന്നത് മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗങ്ങളെക്കാള്‍ താഴ്ന്നുപോകുമെന്നാണ്. നൂഹ് നബിയുടെ ഒരേയൊരു വിളിയില്‍ മൃഗങ്ങളെല്ലാം രക്ഷയുടെ കപ്പലില്‍ കയറിയപ്പോഴും തൊള്ളായിരത്തി തൊണ്ണൂറ്റിയമ്പത് വര്‍ഷങ്ങള്‍ നൂഹ് നബി ക്ഷണിച്ചിട്ടും വളരെ കുറച്ചുപേര്‍ മാത്രമേ ആ കപ്പലേറിയുള്ളൂ എന്ന ഞെട്ടിക്കുന്ന സത്യം! പ്രബോധകര്‍ പ്രബോധനവഴിയില്‍ ത്യാഗങ്ങളൊരുപാട് സഹിക്കേണ്ടിവരുമെന്നും അവരൊരിക്കലും നിരാശരാവരുതെന്നുമുള്ള പാഠം!
മൂസാ നബിയുടെയും ഫിര്‍ഔന്റെയും സംഭവം പറയുമ്പോള്‍ എത്രവലിയ തെമ്മാടികളുടെ കണ്‍മുന്നിലായാലും അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നടപ്പിലാവും എന്നാണ് അല്ലാഹു പറയുന്നത്. മൂസാ നബിയെ വധിക്കുക എന്ന ലക്ഷ്യത്തില്‍ ആയിരക്കണക്കിന് കുട്ടികളെ വധിച്ചുകളഞ്ഞ ഫിര്‍ഔന്‍ മൂസാ നബിയെ ശൈശവപ്രായത്തില്‍ തന്നെ തന്റെ കൊട്ടാരത്തില്‍ വളര്‍ത്തുന്നു! അതുകൊണ്ട് ഓരോ സംഭവങ്ങളിലും കഥകളിലും ആ പ്രവൃത്തിയെക്കുറിച്ചും സംഭവത്തെക്കുറിച്ചും ചിന്തിക്കുക, അതിലെ കഥാപാത്രങ്ങളെക്കുറിച്ചല്ല.
ജീവിതത്തെക്കുറിച്ച് വ്യക്തമായി ചിന്തിച്ചു കഴിഞ്ഞാല്‍ മനസ്സിലാകുന്നൊരു കാര്യം, സത്യാസത്യങ്ങള്‍ക്കിടയിലുള്ള സംഘട്ടനം തന്നെയാണ് എല്ലാ കാലത്തുമുണ്ടാവുന്നത്. അതിലെ പോരാളികള്‍ മാറിമാറിവരുന്നുവെന്നു മാത്രം. എല്ലാ കാലത്തുമുള്ള അക്രമകാരികളും ഫിര്‍ഔനും നംറൂദുമൊക്കെ തന്നെയാണ്. എല്ലാ കാലത്തുമുള്ള പ്രബോധകര്‍ ഇബ്‌റാഹീമും(അ) മൂസാ(അ)യുമൊക്കെയാണ്. അസത്യത്തിന്റെ എല്ലാ സൈന്യവും അബ്‌റഹത്തിന്റെതും ബദ്‌റിലെ ഖുറൈശി സൈന്യവും പോലെയാണ്. സത്യത്തിന്റെ മാര്‍ഗത്തിലുള്ള എല്ലാ സൈന്യവും സ്വഹാബികളുടെയും യൂശഇ(അ)ന്റെയും സൈന്യമാണ്.
ഗുണപാഠം 2
ചിലപ്പോള്‍ തെറ്റു ചെയ്തിട്ടും അഹങ്കരിക്കുന്നത് തെറ്റു ചെയ്യുന്നതിലും അതിഭീകരമാവും. ആദം നബിയുടെയും ഇബ് ലീസിന്റെയും സംഭവങ്ങള്‍ നോക്കൂ. രണ്ടുപേരും അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിച്ചവരാണ്. ഇബ് ലീസ് ആദം നബിക്ക് സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ആദം നബി വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും ചെയ്തു. പക്ഷേ രണ്ടിന്റെയും പരിണിതി തുല്യമായിരുന്നില്ല. ഇബ് ലീസ് അഹങ്കരിക്കുകയും ആദം നബി പാപമോചനം തേടുകയും ചെയ്തു. രണ്ടും തമ്മിലുള്ള അന്തരം എത്ര വലുത്!?
തെറ്റില്‍ സ്ഥിരമായി ഉറച്ചുനില്‍ക്കുന്നവന്റെ പാപം അശ്രദ്ധന്റെ പാപത്തെക്കാള്‍ ഭീകരമാണ്. നിന്റെ ഒരു അടുപ്പക്കാരനെ ദേഷ്യപ്പെടുത്തുന്നൊരു വാക്കു നീ പറയുകയും അത് നിന്നെയൊരാള്‍ ഉണര്‍ത്തുകയും ചെയ്താല്‍ നീ രണ്ട് തെറ്റുകള്‍ ഒരുമിച്ച് ചെയ്തുകൂട്ടരുത്. മോശം വാക്കിന്റെ കുറ്റവും അഹങ്കരിച്ചതിന്റെ കുറ്റവും. കുടുംബബന്ധം വിച്ഛേദിച്ച നിന്നെ വല്ലവരും അക്കാര്യം ഉണര്‍ത്തിയാല്‍ അതിലും നീ അഹങ്കരിച്ച് രണ്ടു ദോഷം വരുത്തിത്തീര്‍ക്കരുത്.
അല്ലാഹു വലീദ് ബ്ന്‍ മുഗീറയെക്കുറിച്ചു പറഞ്ഞത് അവന്‍ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു എന്നായിരുന്നു. തെറ്റ് ചെയ്ത് അതില്‍ പരിതപിക്കുന്നതാവും ചിലപ്പോള്‍ അഹങ്കാരപൂര്‍വമുള്ള വല്ല നന്മയെക്കാളും നിനക്ക് ഭേദം! വലിയവനും ചെറിയവനുമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ തുല്യനാണെന്ന കാര്യമോര്‍ക്കുക.
വിശാലമായ സാമ്രാജ്യങ്ങള്‍ ഭരിച്ചുകൊണ്ടിരുന്ന, കോടിക്കണക്കിന് മനുഷ്യരുടെ ഭരണാധികാരിയായ ഉമര്‍(റ) മഹ്‌റിന്റെ വിഷയത്തില്‍ ജനങ്ങള്‍ അതിരുകവിയുന്നത് കണ്ടപ്പോള്‍ ഭീഷണി സ്വരമുയര്‍ത്തി മിമ്പറില്‍ കയറിയതായിരുന്നു. അപ്പോഴാണ് ശിഫാഅ് ബിന്‍ത് അബ്ദില്ലാ എന്നവര്‍ കടന്നുവന്ന് നിങ്ങള്‍ക്കത് പറയാന്‍ അവകാശമില്ലെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് ‘അവരിലൊരാള്‍ക്ക് നിങ്ങള്‍ ധാരാളം ധനം കൊടുത്തിരിക്കുന്നുതാനും’ എന്നാണെന്നും പിന്നെ നിങ്ങളെങ്ങനെയാണ് ആ പ്രഖ്യാപനത്തെ വെല്ലുവിളിക്കുകയെന്നും ചോദിച്ച് മുന്നോട്ടുവന്നത്.
ഉമര്‍(റ) അപ്പോള്‍ പ്രഖ്യാപിച്ചത് ഇപ്രകാരമായിരുന്നു: ആ സ്ത്രീ സത്യം പറഞ്ഞിരിക്കുന്നു, ഉമറിന് തെറ്റുപറ്റിയിരിക്കുന്നു! ഖലീഫയായിരിക്കെ ജനസമക്ഷം തെറ്റാണെന്നു തോന്നിയൊരു കാര്യം തിരുത്തുന്നതില്‍ അദ്ദേഹം അല്‍പം പോലും കുറവു കണ്ടില്ലെന്നതാണ് സത്യം. ഉപദേശിക്കുന്ന ഒരാളുടെ കാര്യമായ ഉപദേശം പോലും നിരസിക്കുന്ന നമ്മുടെ അവസ്ഥയെന്താണ്?! ആദ്യം പറഞ്ഞ കഥയിലെ യുവാവിനെപ്പോലെ, ഏറ്റവുമധികം സ്‌നേഹിച്ച പെണ്ണിനെ തന്റെ കൈകളില്‍ കിട്ടിയിട്ടും, അവസാന നിമിഷം അവള്‍ അല്ലാഹുവിനെ സൂക്ഷിക്കൂ എന്നു പറഞ്ഞപ്പോള്‍ എല്ലാം ഇട്ടേച്ചുപോയ, ലോകത്ത് തനിക്കേറ്റം പ്രിയപ്പെട്ട സ്ത്രീയെ ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ടെന്നുവച്ച ഈമാനാണ് നമുക്ക് വേണ്ടത്!
ഗുണപാഠം 3
ജനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, ബാധ്യതകള്‍ കാര്യഗൗരവത്തില്‍ തന്നെയെടുക്കുക. അല്ലാഹുവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അവന്‍ ചിലപ്പോള്‍ പൊറുത്തുതന്നേക്കാം. പക്ഷേ, ജനങ്ങളുടെ വിഷയത്തില്‍ അവനല്‍പം പോലും അവധാനത കാണിക്കില്ല. ദീനിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായൊരു മനുഷ്യനെ നോക്കൂ. അവന്റെ ആദ്യ രക്തം ചിന്തിവീഴുന്നതോടെ പാപങ്ങള്‍ സകലതും പൊറുക്കപ്പെടുന്നു, കടബാധ്യതയൊഴികെ! കാരണമത് ജനങ്ങളുടെ ബാധ്യതയാണ്. ഹറാം ഭക്ഷിച്ച് വളര്‍ന്നിട്ടുള്ള എല്ലാത്തിനും ഏറ്റവും അനുയോജ്യം നരകമാണെന്ന് ഹദീസ്.
എന്റെ വിധികളില്‍ വല്ല പിഴവും വന്നുപോവുകയും അത് ലഭിച്ചയാള്‍ക്ക് ആ ലഭിച്ച മുതല്‍ അനര്‍ഹമായി തോന്നുകയും ചെയ്താല്‍ അവനതില്‍ നിന്ന് ഭക്ഷിക്കരുത്, അത് നരകത്തീയാണെന്ന് നബി തങ്ങള്‍ മറ്റൊരു ഹദീസില്‍ പറയുന്നുണ്ട്. നബി തങ്ങള്‍ക്കുപോലും മറ്റൊരാളുടെ അവകാശം അന്യായമായി അര്‍ഹതപ്പെടുത്തിക്കൊടുക്കാന്‍ അവകാശമില്ലെന്നര്‍ഥം. ഭൂമിയിലെ സകല നീതിന്യായ കോടതികളും ചേര്‍ന്ന് നിനക്കൊരു കാര്യം ഉടമപ്പെടുത്തിത്തന്നാലും, അത് അന്യായമാണെന്ന് നിനക്കറിയാമെങ്കില്‍ അത് ഹറാം തന്നെയാണ്.
പരലോകത്ത് വലിയൊരു കോടതി വരാനുണ്ടെന്ന കാര്യമോര്‍ക്കുക. നിയമം കൊണ്ട് പാവങ്ങള്‍ക്കുമേല്‍ ശക്തിപ്രയോഗം നടത്താതിരിക്കുക. നിയമം അശ്രദ്ധരെയും പാവങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കുന്നില്ലെന്ന വിഡ്ഢിത്തം നീ വിശ്വസിക്കാതിരിക്കുക. ജനങ്ങള്‍ പാവങ്ങളാണോ അല്ലെന്നോ നോക്കിയല്ല അന്യന്റെ മുതല്‍ അപഹരിക്കല്‍ ഇസ്‌ലാം നിഷിദ്ധമാക്കിയത്.
വിശേഷിച്ച് ഇക്കാലത്ത് കണ്ടുവരുന്ന പ്രകടനപരതയുടെ വലിയൊരു ദുര്യോഗമാണ് ഹൈക്ലാസ് റെസ്റ്ററന്റുകളില്‍ ഭക്ഷണത്തിന് ശേഷം ആയിരക്കണക്കിന് രൂപ ടിപ്പ് കൊടുക്കുന്നൊരു വ്യക്തി, അതേ ഹോട്ടലിലെ ഒരു കപ്പ് കോഫിയുടെ വില പോലും വരാത്ത മറ്റൊരു പാവപ്പെട്ട തൊഴിലാളിയുടെ ന്യായമായും അര്‍ഹതപ്പെട്ട വേതനം അപഹരിക്കുന്നു എന്നത്. ജനങ്ങള്‍ക്ക് നല്‍കേണ്ടത് കൃത്യമായി നല്‍കലാണ് യഥാര്‍ഥ മാന്യത. യഥാര്‍ഥ തലയെടുപ്പും അവകാശങ്ങള്‍ യഥാവിധി നല്‍കുന്നതിലാണ്, വിലപിടിപ്പുള്ള സുഗന്ധങ്ങളുപയോഗിക്കുന്നതിലോ ടൈ കെട്ടുന്നതിലോ അല്ല. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നോണം വസ്ത്രങ്ങളിലെ തലയെടുപ്പ് മാത്രമേ ഇന്ന് മനുഷ്യര്‍ പരിഗണിക്കുന്നുള്ളൂ എന്നതാണ് വസ്തുത.
ഗുണപാഠം 4
പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാണ്, അതിനെ ഒരിക്കലും ചെറുതാക്കിക്കാണരുത്. അല്ലാഹുവിന്റെ ഖദ്‌റിനെയും മാറ്റാന്‍ ശേഷിയുള്ള ശക്തിയാണ് പ്രാര്‍ഥനയെന്ന് ഹദീസില്‍ കാണാം. എന്നുമുതലാണ് രോഗശമനവും സന്താനങ്ങളും വിജയവും ഭക്ഷണവുമെല്ലാം ജനങ്ങളുടെ കൈകളിലായത്?! ജനങ്ങള്‍ വെറും കാരണങ്ങള്‍ മാത്രമാണ്, നിയന്ത്രണം മുഴുവന്‍ അല്ലാഹുവിങ്കല്‍തന്നെ. കാരണങ്ങളെ മാത്രം ആശ്രയിച്ച് കാരണങ്ങളുടെ സ്രഷ്ടാവിനെ അവഗണിക്കുന്ന പരിതസ്ഥിതിയിലേക്ക് നാം ആപതിക്കരുത്. മരുന്ന് രോഗശമനത്തിനുള്ള കാരണം തന്നെ, പക്ഷേ ശമനം നല്‍കുന്നവന്‍ അല്ലാഹുവാണ്. ജോലി ജീവിതോപാധിക്കുള്ള കാരണംതന്നെ, പക്ഷേ അത് നല്‍കുന്നവന്‍ അല്ലാഹുവാണ്. വിവാഹം സന്താനലബ്ധിക്കുള്ള കാരണം തന്നെ, പക്ഷേ ദാതാവ് അല്ലാഹുവാണ്.
ചികിത്സിച്ചിട്ടും ഭേദമാവാത്ത, ജോലി ചെയ്തിട്ടും ആവശ്യമുള്ളതൊന്നും ലഭിക്കാത്ത, വിവാഹം ചെയ്തിട്ടും സന്താനസൗഭാഗ്യമില്ലാത്ത ആളുകളെ നോക്കൂ, ഇക്കാര്യം കൂടുതല്‍ ബോധ്യമാവും. അല്ലാഹുവിനിഷ്ടം ചോദിക്കപ്പെടുന്നതും മനുഷ്യനിഷ്ടം നല്‍കപ്പെടുന്നതുമാണ്. അതുകൊണ്ട് അല്ലാഹുവിന് അവനിഷ്ടപ്പെടുന്നത് കൊടുക്കുക, എങ്കില്‍ നീയിഷ്ടപ്പെടുന്നത് അവനും തരും.
ആദം നബിയും ബീവി ഹവ്വായും ചെയ്തു പോയ പാപമോര്‍ത്ത് അല്ലാഹുവിനോട് കേണപേക്ഷിച്ചപ്പോള്‍ വലിയവനായ അവന്‍ പൊറുത്തുകൊടുക്കുന്നു! നൂഹ് നബി ഹൃദയം പൊട്ടി ഭൂമിയില്‍ അക്രമികളായ ആരെയും ബാക്കിവെക്കരുതേ എന്ന് പ്രാര്‍ഥിച്ചപ്പോള്‍ വെള്ളപ്പൊക്കമുണ്ടാവുന്നു! ജനങ്ങളുടെ ആകര്‍ഷണീയ സ്ഥലമാക്കി അവിടം മാറ്റണേ എന്ന് ഇബ്‌റാഹിം നബി ദുആ ചെയ്തപ്പോള്‍ മക്ക എക്കാലത്തും വിശ്വാസികളുടെ കേന്ദ്രസ്ഥാനമായി മാറുന്നു!
ലൂത്വ് നബി ഉള്ളില്‍ വിങ്ങി നിറഞ്ഞ വേദനകൊണ്ട് എന്നെ സഹായിക്കണേ എന്ന് ഉള്ളറിഞ്ഞ് നാഥനെ വിളിച്ചപ്പോള്‍ ജിബ്രീല്‍ ആ നാടിനെ മുഴുവന്‍ കീഴ്‌മേല്‍ മറിക്കുന്നു! യൂസുഫ് നബിക്കു മുന്നില്‍ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടപ്പോള്‍ ആ മനസ്സില്‍ നിന്നുവന്ന ദുആയുടെ ഫലമായി മിസ്‌റിന്റെ രാജാവാകുന്നു! തന്റെ മേല്‍ വന്നുചേര്‍ന്നിട്ടുള്ള ഉത്തരവാദിത്തം വലുതാണെന്ന് മനസ്സിലാക്കി കാര്യങ്ങളെല്ലാം ഭംഗിയാവാന്‍ നീ തൗഫീഖ് നല്‍കണേ എന്ന് മൂസാ നബി പ്രാര്‍ഥിക്കേണ്ട താമസം ‘നിന്റെ പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു’ എന്ന റബ്ബിന്റെ മറുപടി വരുന്നു! സുലൈമാന്‍ അധികാരത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതും ജിന്നുകളെപ്പോളും അല്ലാഹു അധികാരപ്പെടുത്തിക്കൊടുക്കുന്നതും ഒരുമിച്ചായിരുന്നു!
യൂനുസ് നബി മത്സ്യവയറിന്റെ ഇരുട്ടറയില്‍ അല്ലാഹുവിനെ രക്ഷക്കായി വിളിച്ചപ്പോള്‍ ഭീകരമത്സ്യം സുരക്ഷിതകേന്ദ്രമായി മാറുന്നു! പിതാവാകാനുള്ള ആഗ്രഹം നബി സകരിയ്യാ പ്രകടിപ്പിച്ചപ്പോള്‍ മിഹ്‌റാബില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിന് മാലാഖമാര്‍ വന്ന് യഹ് യാ നബിയെ മകനായി ലഭിച്ച സന്തോഷവാര്‍ത്ത അറിയിക്കുന്നു! കലങ്ങിമറിഞ്ഞ പോര്‍ക്കളമായ ദുനിയാവില്‍ വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ്. വിവേകിയായ പോരാളി യുദ്ധക്കളത്തിലേക്ക് അവന്റെ ആയുധം മറന്ന് ഇറങ്ങിത്തിരിക്കില്ലതന്നെ!
ഗുണപാഠം 5
അടിമ ഒരു നന്മ ചെയ്യാനുദ്ദേശിക്കുകയും ചെയ്യാതിരിക്കുകയും ചെയ്താല്‍ ഒരു നന്മയുടെ പ്രതിഫലം അവന് ലഭിക്കും. ഇനിയത് ചെയ്താല്‍ പത്ത് നന്മയുടെ പ്രതിഫലവും. ഇനി ഒരു തിന്മ ചെയ്യാനുദ്ദേശിച്ച് അത് ചെയ്യാതിരുന്നാലും ലഭിക്കും ഒരു നന്മയുടെ പ്രതിഫലം. വ്യഭിചാരം ചെയ്യാനുദ്ദേശിച്ച് അവസാനം അതില്‍ നിന്നു വിട്ടുനിന്ന മനുഷ്യന്റെ കഥ ആലോചിക്കൂ. നീയൊരു തെറ്റു ചെയ്യാന്‍ അത് തെറ്റാണെന്ന ബോധ്യത്തോടെ മുന്നിട്ടിറങ്ങുമ്പോള്‍, അത് തെറ്റാണെന്ന് അല്ലാഹു നിന്നെ ഓര്‍മിപ്പിച്ചത് അവന്‍ നിന്നെ സ്‌നേഹിക്കുന്നതു കൊണ്ടാണെന്ന് മനസ്സിലാക്കുക.
അല്ലാഹുവിന് ഇഷ്ടമല്ലാത്തവര്‍ക്ക് അവനൊരിക്കലും അത്തരമൊരു ബോധം പോലും നല്‍കില്ലത്രെ. അതുകൊണ്ട് അവന്റെയാ സ്‌നേഹത്തിന് പകരമായി നീ സ്‌നേഹം മാത്രം തിരിച്ചുകൊടുക്കുക. ഹറാമിലേക്ക് നടക്കാനുദ്ദേശിച്ച നടത്തം നീ തിരിച്ചു നടന്നാലും, ഹറാമില്‍ ചെലവിടാനുദ്ദേശിച്ച തുക പിന്‍വലിച്ചാലും, നീ പറയാനുദ്ദേശിച്ച മോശം വാക്ക് വേണ്ടെന്നുവെച്ചാലുമൊക്കെ നിനക്ക് നന്മ ചെയ്ത പ്രതിഫലമാണ്. അല്ലാഹുവിന്റെ അനുഗ്രഹം നോക്കൂ, നരകത്തിലേക്കുള്ള വഴിപോലും, നീ അതിലൂടെ നടക്കേണ്ടെന്നു വച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയായി മാറുന്നു!
ഗുണപാഠം 6
എന്നും നല്ല കൂട്ടുകെട്ട് തെരഞ്ഞെടുക്കുക. നല്ല ഒരുപറ്റം മനുഷ്യരുമായി കൂട്ടുകൂടിയെന്ന പേരിലാണ് ഒരു നായയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ അത്രയേറെ വ്യക്തമായി പറഞ്ഞിട്ടുള്ളത്. സൗഹൃദം തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ ആ നായ നമ്മെക്കാള്‍ വിവേകിയാവരുത്! ഗുഹാവാസികളായ മൂന്നു യുവാക്കളുടെ സംഭവം നോക്കൂ. അല്ലാഹുവിങ്കല്‍ മാത്രം രഹസ്യമായിക്കിടന്നിരുന്ന, നല്ലൊരു സല്‍കര്‍മം അവര്‍ക്കില്ലെങ്കിലുള്ള അവസ്ഥ ഒന്നോര്‍ക്കൂ, കാലാകാലം ആ ഗുഹക്കകത്ത് കിടന്ന് നശിക്കേണ്ടി വരുമായിരുന്നു.
പക്ഷേ, അവരുടെയെല്ലാം നന്മകള്‍ ഒന്നായിച്ചേര്‍ന്നപ്പോള്‍ അവര്‍ രക്ഷയുടെ തീരമണഞ്ഞു. ‘സുഹൃത്ത് വലിച്ചുകൊണ്ടുപോകുന്നവനാണ്'(അസ്സ്വാഹിബു സാഹിബുന്‍) എന്ന് പഴമക്കാര്‍ പറയാറുണ്ട്. സ്വര്‍ഗത്തിലേക്ക് നിന്റെ കൈപിടിച്ചു നടത്തുന്ന സുഹൃത്തും നരകത്തിലേക്ക് നിന്നെ കൈപിടിച്ചു കൊണ്ടുപോകുന്ന സുഹൃത്തും തമ്മിലുള്ള അന്തരമെത്ര വലുതാണ്!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles