Current Date

Search
Close this search box.
Search
Close this search box.

ആ രണ്ടു പിതാക്കളും  നീയും  സ്വര്‍ഗത്തിലാണെന്നായിരുന്നു അല്ലാഹുവിന്റെ ദിവ്യബോധനം! 

നബിയുടെ കൂടെ - 17

ഇമാം അഹ്‌മദ് തന്റെ മുസ്‌നദില്‍ നിവേദനം ചെയ്യുന്നു. ഉബയ്യ് ബ്ന്‍ കഅ്ബ്(റ) പറഞ്ഞു: നബി (സ) കാലത്ത് രണ്ടു മനുഷ്യര്‍ കുടുംബമഹിമ പറഞ്ഞ് തര്‍ക്കിച്ചു. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ ഇന്നാലിന്ന വ്യക്തിയുടെ മകനാണ്. ഉമ്മ പോലുമില്ലാത്ത നീയാരാണ്?! നബി (സ) തുടര്‍ന്നു: മൂസാ നബിയുടെ കാലത്ത് രണ്ടു മനുഷ്യര്‍ കുടുംബമഹിമ പറഞ്ഞ് തര്‍ക്കിച്ചു. കൂട്ടത്തിലൊരാള്‍ ഞാന്‍ ഇന്നാലിന്ന മനുഷ്യന്റെ മകനാണെന്ന് പറഞ്ഞ് ഒന്‍പത് പൂര്‍വപിതാക്കന്മാരുടെ പേരുകളെണ്ണി ഉമ്മയില്ലാത്ത നീയാരാണെന്ന് ചോദിച്ചു. അയാള്‍ മറുപടി പറഞ്ഞു: ഞാന്‍ ഇസ്‌ലാമിന്റെ മകനായ ഇന്നാലിന്ന വ്യക്തിയുടെ മകനാണ്. ശേഷം ഈ രണ്ടുപേരോടും പറയാനായി അല്ലാഹു ദിവ്യബോധനം നല്‍കി. ഒന്‍പത് പൂര്‍വ പിതാക്കന്മാരെ എണ്ണിയ മനുഷ്യനോട് അവരെല്ലാവരും പത്താമനായി നീയും നരകത്തിലാണെന്നും രണ്ടു പിതാക്കളെ എണ്ണിയ മനുഷ്യനോട് നീ മൂന്നാമനായി സ്വര്‍ഗത്തിലാണെന്നുമായിരുന്നു അല്ലാഹുവിന്റെ ദിവ്യബോധനം!
ഗുണപാഠം 1
ജനങ്ങളെ അളക്കേണ്ടതും മനസ്സിലാക്കേണ്ടതും ഹൃദയംനോക്കിയാണ്, കീശവലിപ്പം നോക്കിയല്ല. സ്വഭാവം നോക്കിയാണ്, വസ്ത്രങ്ങള്‍ നോക്കിയല്ല. അവരെങ്ങനെ ജീവിക്കുന്നു എന്നു നോക്കിയാണ്, ഏത് തറവാട്ടില്‍ നിന്നു വന്നു എന്നു നോക്കിയല്ല. കുടുംബമഹിമകൊണ്ട് വല്ലവര്‍ക്കും വല്ല ഫലമുണ്ടായിരുന്നെങ്കില്‍ അത് ഹാശിമിയായ അബൂ ലഹബിനു ലഭിക്കണമായിരുന്നു. കുടുംബമഹിമ ഇല്ലാത്തതിന്റെ പേരില്‍ വല്ല ദോഷവും സംഭവിക്കുമായിരുന്നെങ്കില്‍ അത് ഹസ്‌റത്ത് ബിലാലി(റ)നും സംഭവിക്കണമായിരുന്നു, അടിമയായിരുന്നല്ലോ അദ്ദേഹം. വിശുദ്ധ ഖുര്‍ആനില്‍ ലുഖ്മാന്‍ എന്നവരെക്കുറിച്ച് പറയപ്പെട്ടല്ലോ, അദ്ദേഹവും അടിമയായിരുന്നു.
തറവാടു കൊണ്ട് മാത്രം ഉന്നതനാവുക, അതിന്റെ പേരില്‍ മാത്രം നിന്ദ്യനാവുക എന്ന ഒന്ന് ഇസ്‌ലാമിലില്ല. എല്ലാവരും തനിച്ചാണ് മരിക്കുന്നതും മറവു ചെയ്യപ്പെടുന്നതും വിചാരണ നേരിടുന്നതും. നൂഹ് നബിയുടെ മകന് പോലും തന്റെ പിതാവ് നബിയാണെന്ന കാര്യം ഫലം ചെയ്തില്ല. തന്റെ പിതാവ് അവിശ്വാസിയായത് ഇബ്‌റാഹിം നബിക്ക് ദോഷമായി ഭവിച്ചതുമില്ല. സ്വന്തമായി സല്‍കര്‍മങ്ങള്‍ ചെയ്‌തോളൂ, ജനങ്ങളെല്ലാം അന്ത്യനാളില്‍ സ്വന്തം കര്‍മങ്ങളുമായി വരുമ്പോള്‍ എന്റെ കുടുംബബന്ധം പറഞ്ഞു വരാന്‍ നിങ്ങള്‍ക്കു സാധിക്കില്ലെന്ന് ഒരുവേള നബി (സ) മകള്‍ ഫാത്വിമ(റ)യോടും അബ്ബാസി(റ)നോടുമായി പറയുന്നുണ്ട്.
ഗുണപാഠം 2
പിതാക്കളുടെ പേരുപറഞ്ഞ് മേന്മ നടിക്കല്‍ മനുഷ്യന്റെ അവകാശംതന്നെ. പക്ഷേ, അതും അഹങ്കാരവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. നിന്റെ കുടുംബം ഉന്നതമാണെങ്കില്‍ അതിന്റെ പേരിന് കളങ്കം വരുന്ന ഒരു പ്രവൃത്തിയും നിന്നില്‍ നിന്നുണ്ടാവരുത്. ഇനി നേരെ തിരിച്ചാണെങ്കില്‍ നിന്റെ കുടുംബവും പ്രവൃത്തികളും രണ്ടും നിലവാരമില്ലാത്തതാവുന്ന അവസ്ഥയുണ്ടാവരുത്. നബിയുടെ മകന്‍ തന്നെയായ സുലൈമാന്‍ നബി ‘എനിക്ക് നീ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യാനുള്ള ഭാഗ്യം തരണേ’ എന്ന് ദുആ ചെയ്യുന്നത് നോക്കൂ. ആ അധികാരവും കുടുംബമഹിമയുമൊന്നും ഒരുറുമ്പിനോടോ ഹുദ്ഹുദ് പക്ഷിയോടോ സംസാരിക്കുന്നതിനില്‍ നിന്നൊന്നും അദ്ദേഹത്തെ തടയുന്നില്ല.
യൂസുഫ് നബിയെ നോക്കൂ. മനുഷ്യകുലത്തില്‍ കുടുംബമഹിമ കൊണ്ട് ഏറ്റവും ഉന്നതനായ ഒരാള്‍! ഇബ്‌റാഹിം നബിയുടെ മകന്‍ ഇസ്ഹാഖ് നബിയുടെ മകന്‍ യഅ്ഖൂബ് നബിയുടെ മകന്‍ യൂസുഫ് നബി. മൂന്ന് പ്രപിതാക്കളും നബിമാര്‍! വിശക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന, പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന അദ്ദേഹത്തോട് ആരോ ‘വലിയ സ്വത്തുണ്ടായിട്ടും നിങ്ങളെന്തിനാണ് നോമ്പനുഷ്ഠിക്കുന്നത്’ എന്ന് ചോദിച്ചപ്പോള്‍ ‘വിശക്കുന്ന മനുഷ്യരെ മറക്കാതിരിക്കാനാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി!
ഗുണപാഠം 3
മകന്റെ ദുഷ്പ്രവൃത്തികള്‍ കാരണമായി ഒരു പിതാവിനെ നരകത്തില്‍ കടത്താനോ നേരെ തിരിച്ചോ ചെയ്യാതിരിക്കാന്‍ മാത്രം നീതിയുക്തനാണല്ലാഹു. ഖുര്‍ആനിക സൂക്തങ്ങളും ചരിത്രങ്ങളും വായിക്കുമ്പോള്‍ ദൈവികമായ വിഷയങ്ങള്‍ വളരെ സൂക്ഷ്മമായി വേണം നാം കൈകാര്യം ചെയ്യാന്‍. അവന്റെ നീതിയിലോ കരുണയിലോ ഒരണുവിട ശങ്ക പോലും നമുക്കുണ്ടാവരുത്. ജനങ്ങളെക്കുറിച്ച് നല്ലതുമാത്രം കല്‍പിക്കപ്പെട്ടവരാണ് നാമെന്നിരിക്കെ അല്ലാഹുവിനെക്കുറിച്ച് നാമെന്താണ് കരുതേണ്ടത്!? ജനങ്ങളുടെ പ്രവൃത്തികളെ  അല്ലാഹുവുമായോ അല്ലാഹുവിന്റേത് ജനങ്ങളുമായോ താരതമ്യപ്പെടുത്താതിരിക്കുക. അല്‍പംപോലും അതിക്രമം കാട്ടാത്ത റബ്ബാണവന്‍.
ദേഷ്യപ്പെട്ടാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത മനുഷ്യന്റെ സ്വഭാവമല്ല അവന്റേത്. തെറ്റുകാരനെയും മാന്യതയുടെ പേരില്‍ രക്ഷപ്പെടുത്തുന്നവനാണവന്‍. ദാഹിച്ചുവലഞ്ഞ പട്ടിക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ വ്യഭിചാരിണിക്ക് സ്വര്‍ഗം നല്‍കിയവനാണവന്‍. പിതാവ് നന്നായതിന്റെ പേരില്‍ മകനെ ബഹുമാനിക്കുന്നവന്‍. സൂറത്തുല്‍ കഹ്ഫില്‍ പറഞ്ഞ മൂസാ നബിയുടെയും ഖിള്‌റ് നബിയുടെയും സംഭവത്തില്‍ രണ്ട് യത്തീം മക്കളുടെ സ്വത്തുള്ള ഒരു മതില്‍ നേരെയാക്കാന്‍ അവരിരുവരെയും അല്ലാഹു അയച്ചത് ആ കുട്ടികളുടെ പിതാവ് നല്ല മനുഷ്യനാണ് എന്ന കാരണത്താലായിരുന്നു.
ഗുണപാഠം 4
വിനയമുള്ളവരാവുക! സ്വര്‍ഗമെന്നത് താഴെക്കിടയിലുള്ള, സൗമ്യരും ശാന്തരുമായ പാവപ്പെട്ട മനുഷ്യരുടെ ഇടമാണ്. നരകം അഹങ്കാരികളുടേതും. നബി തങ്ങളുടെ വിനയം നോക്കൂ, താന്‍ കടന്നുവരുമ്പോള്‍ ബഹുമാനാര്‍ഥം എഴുന്നേറ്റു നില്‍ക്കാന്‍ പോലും നബി (സ) സ്വഹാബികളെ സമ്മതിച്ചിരുന്നില്ല. അവരങ്ങനെ ഒരുവട്ടം ചെയ്തപ്പോള്‍ കോപം നബി തങ്ങളുടെ മുഖത്ത് കാണാമായിരുന്നു. രംഗം തണുപ്പിക്കാന്‍ ഹസ്സാന്‍(റ) മനോഹരമായൊരു കവിത ആലപിക്കുകയും നബി (സ) പുഞ്ചിരിക്കുകയും ചെയ്തു.
വളരെ പതിയെ മാത്രം കോപിക്കുകയും എന്നാല്‍ വേഗത്തില്‍ കോപം തണുക്കുകയും ചെയ്യുന്ന പ്രകൃതിയായിരുന്നു നബിയുടെത്. ഒരിക്കല്‍ ഒരു ഗ്രാമീണവാസി നബി തങ്ങളുടെ അടുക്കലേക്ക് വന്നു. പേടിച്ചുവിറച്ചായിരുന്നു അയാള്‍ കടന്നുവന്നത്. സൗമ്യനായി നബി (സ) പറഞ്ഞു: നിങ്ങള്‍ പേടിക്കാതിരിക്കൂ. മക്കയില്‍ സാധാരണക്കാരിയായൊരു സ്ത്രീയുടെ മകന്‍ മാത്രമാണ് ഞാന്‍!
മറ്റൊരുവേള നബി (സ) തന്റെ സദസ്സിലിങ്ങനെ ഇരിക്കുമ്പോള്‍ ഏഴു വയസ്സു മാത്രമുള്ള ചെറിയൊരു പെണ്‍കുട്ടി വന്ന് നബിയുടെ കൈപിടിച്ച് എങ്ങോട്ടെന്നില്ലാതെ കൊണ്ടുപോവുന്നു. നബി തങ്ങള്‍ ഒന്നും മിണ്ടാതെ അവളുടെ പിറകെ പോവുകമാത്രം ചെയ്തു. എന്തോ ഒരു ആവശ്യത്തിന് വീട്ടില്‍ നിന്നു പറഞ്ഞയച്ചതായിരുന്നു അവളെ. തിരിച്ച് ചെല്ലുമ്പോള്‍ സമയം വൈകിയതുകാരണം പഴി കേള്‍ക്കാതിരിക്കാന്‍ ശുപാര്‍ശ ചെയ്യാനായിരുന്നു നബി തങ്ങളെ ആ കുട്ടി കൂട്ടിക്കൊണ്ടുപോയത്! അനസി(റ)ന്റെ ചെറിയ സഹോദരനായ അബ്ദുല്ലാ എന്നവരുടെ ചെറിയ കിളിക്കുഞ്ഞിന്റെ വിശേഷങ്ങള്‍ ചോദിക്കുകയും ഒരുദിവസം അത് മരിച്ചുപോയെന്നു പറഞ്ഞ് കരഞ്ഞ അബ്ദുല്ലായെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നബി തങ്ങളെ നമുക്ക് ഹദീസുകളില്‍ കാണാം.
ഇതുതന്നെയായിരുന്നു സ്വഹാബികളുടെയും സ്വഭാവവും രീതിയും. ഖലീഫയായിരിക്കെ വൃദ്ധയായൊരു സ്ത്രീയുടെ വീട് ദിവസവും പോയി വൃത്തിയാക്കിക്കൊടുക്കുന്ന അബൂബക്‌റ്(റ). വഴിയിലൂടെ നടക്കുമ്പോള്‍ ചെറിയ കുട്ടികള്‍ വന്ന് വസ്ത്രത്തില്‍ പിടിച്ചുവലിച്ച് ‘ഉപ്പാ ഉപ്പാ’ എന്ന് വിളിക്കുമ്പോള്‍ പുഞ്ചിരിക്കുന്ന അദ്ദേഹം. തന്റെ ഭാര്യയോടൊപ്പം, ആരോരുമില്ലാത്ത ഒരു അഅ്‌റാബി സ്ത്രീയുടെ പ്രസവത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ പോവുന്ന ഉമര്‍(റ). യത്തീമായ മക്കള്‍ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്ന, അവിടേക്കു വേണ്ട സാധനങ്ങള്‍ സ്വന്തം ചുമലിലേറ്റിപ്പോകുന്ന അദ്ദേഹം.
കിസ്‌റയുടെ ദൂതന്‍ വന്ന് ഖലീഫയുടെ കൊട്ടാരം ചോദിക്കുമ്പോള്‍ കൊട്ടാരം പോയിട്ട് മാന്യമായൊരിടം പോലും സ്വന്തമായി കാണിച്ചുകൊടുക്കാനില്ലാത്ത, മരച്ചുവട്ടില്‍ കിടന്നുവിശ്രമിക്കുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ പേരക്കുട്ടി ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസി(റ)നെ നോക്കൂ. ഒരിക്കല്‍ സദസ്സിലായിരിക്കെ പെട്ടെന്ന് വിളക്കു കെടുന്നു.അദ്ദേഹം തന്നെ ചെന്ന് അതില്‍ എണ്ണയൊഴിക്കുന്നു. ‘അമീറുല്‍ മുഅ്മിനീന്‍, നിങ്ങളത് ചെയ്യേണ്ടിയിരുന്നില്ല’ എന്ന സദസ്സില്‍ നിന്നാരോ പറയുന്നു. ‘എഴുന്നേറ്റു പോയപ്പോഴും തിരിച്ചു വന്നിരുന്നപ്പോഴും ഞാന്‍ ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസ് തന്നെയാണ്’ എന്നദ്ദേഹത്തിന്റെ മറുപടി! നിശ്ചയം അവരുടെ ജീവിതങ്ങളില്‍ നമുക്ക് ഗുണപാഠമുണ്ട്!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles