Current Date

Search
Close this search box.
Search
Close this search box.

‘ അവർ വല്ല സദസ്സിലും ചെന്നിരുന്നാൽ ആ മോതിരം അനക്കി സുഗന്ധം പരത്തുമായിരുന്നു.’

നബിയുടെ കൂടെ - 11

ഇമാം മുസ്‌ലിം തൻ്റെ സ്വഹീഹിൽ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു:’ ബനൂ ഇസ്റായീല്യരിൽ വളരെ നീളം കുറഞ്ഞൊരു സ്ത്രീയുണ്ടായിരുന്നു. നല്ല നീളമുള്ള രണ്ട് സ്ത്രീകൾക്കൊപ്പം അവർ നടക്കുകയും ചെയ്തു. മരത്തടി ഉപയോഗിച്ച് അവർ രണ്ടു കാലുകൾ നിർമിക്കുകയും സ്വർണത്തിൻ്റെ മോതിരമുണ്ടാക്കി അതിൽ മിസ്ക് നിറക്കുകയും ചെയ്തു. ശേഷം നീളമുള്ള രണ്ട് സ്ത്രീകൾക്കൊപ്പം അവർ നടന്നപ്പോൾ ജനങ്ങൾ അത് തിരിച്ചറിഞ്ഞതുമില്ല. അവർ വല്ല സദസ്സിലും ചെന്നിരുന്നാൽ ആ മോതിരം അനക്കി സുഗന്ധം പരത്തുമായിരുന്നു.’

ഗുണപാഠം 1

വിവാഹം ചെയ്യാൻ പോകുന്ന തൻ്റെ മകളെ ഉപദേശിച്ചുകൊണ്ട് ഒരു ഗ്രാമീണ അറബി സ്ത്രീ പറഞ്ഞു: അവൻ്റെ കണ്ണുകൾ നിന്നിൽ എവിടെ പതിഞ്ഞാലും അവിടം മനോഹരമായിരിക്കണം. സുഗന്ധം മാത്രമേ അവന് നിന്നിൽ നിന്ന് ലഭിക്കാവൂ. സുഗന്ധങ്ങളിൽ ഏറ്റം ഉത്തമം വെള്ളമാണത്രെ! ജീവിതത്തിൻ്റെ വർഷങ്ങൾ നീണ്ട അനുഭവത്തിൻ്റെ വെളിച്ചത്തിലുള്ള ഉപദേശമാണിത്. അണിഞ്ഞൊരുങ്ങി നിൽക്കൽ ആവശ്യമാണ്, അതിലേറ്റം മനോഹരമാണ് സുഗന്ധം.

ഉപര്യുക്ത ഹദീസിൽ സുഗന്ധത്തെ കുറിച്ചുള്ള പരാമർശം ആക്ഷേപരൂപത്തിലാണെങ്കിലും യഥാർഥത്തിൽ ആക്ഷേപിക്കുന്നത് സുഗന്ധത്തെ അല്ല, അതുപയോഗിച്ച സ്ഥലത്തെയും രീതിയെയുമാണ്. സ്ത്രീ തൻ്റെ സൗന്ദര്യം ഭർത്താവിൻ്റെ മുന്നിൽ മാത്രം പ്രദർശിപ്പിക്കാൻ കൽപിക്കപ്പെട്ടവളാണല്ലോ. സുഗന്ധം പൂശി ജനങ്ങളെ കാണിക്കാൻ പുറത്തിറങ്ങി നടക്കുന്ന സ്ത്രീ വ്യഭിചാരിയാണെന്ന് ഹദീസിൽ കാണാം. അതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള ഹദീസാണിത്, അല്ലാതെ നിയമപരമായി ശിക്ഷ കിട്ടുന്ന വ്യഭിചാരമല്ല ഇവിടെ ഉദ്ദേശ്യം.

ഇസ്‌ലാമിൻ്റെ സൗന്ദര്യങ്ങളിൽ മനോഹരമായ ഒന്നാണ് സഹചര്യങ്ങൾതന്നെ ഇല്ലായ്മ ചെയ്യുക എന്ന രീതി. ഇസ്‌ലാമിൻ്റെ യുക്തി സംസാരിക്കുക തീ ആളിപ്പടർന്ന ശേഷം അത് അണക്കുന്നതിനെ കുറിച്ചല്ല, മറിച്ച് തീ പടരാതെ തന്നെയിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചാണ്.

ഗുണപാഠം 2

രണ്ടു കാര്യങ്ങൾ കൊണ്ട് സ്ത്രീ തൻ്റെ ബാഹ്യ പ്രകടനം കാര്യമായി പരിഗണിക്കുന്നവളാണ്. ഒന്നാമതായി അവൾ സ്നേഹിക്കപ്പെടണം, ആഗ്രഹിക്കപ്പെടണം എന്ന മനസ്സ് അവൾക്കുണ്ട്. രണ്ടാമതായി, പുരുഷന് സ്ത്രീയോട് ചായ്‌വ് തോന്നുന്നതിലെറെ സ്ത്രീക്ക് പുരുഷനോട് തോന്നും. ഇതൊരു ആക്ഷേപമല്ല, മറിച്ച് അല്ലാഹു അങ്ങനെയാണ് മനുഷ്യനെ സംവിധാനിച്ചിട്ടുള്ളത്. മനുഷ്യ സൃഷ്ടിയുടെ മൂല ഘടകത്തിൻ്റെ സ്വഭാവം അവരിൽ ഓരോരുത്തരിലും ഉണ്ടാകുമെന്നാണല്ലോ.

ആദം നബി – അഥവാ പുരുഷൻ – സൃഷ്ടിക്കപ്പെട്ടത് മണ്ണിൽ നിന്നാണ്. അതിനാൽ വികാരം കുറഞ്ഞ, ഉത്പാദനം കൂടുതലുള്ള സ്വഭാവമാകും പുരുഷൻ്റെത്. അതേ സമയം ഹവ്വാ ബീവി – സ്ത്രീ – പടക്കപ്പെട്ടത് ആദം നബിയിൽ നിന്നാണ്. അതുകൊണ്ട് പുരുഷനിലേക്ക് കൂടുതലായി ചായുന്ന പ്രകൃതമാവും അവളുടേത്. അതിനാൽ തന്നെ പുരുഷൻ്റെ സംരക്ഷണത്തിലും കരുതലിലുമായി ജീവിക്കുന്നത് അവൾക്കൊരു പ്രശ്നമായി തോന്നുകയുമില്ല. അതേസമയം, സ്ത്രീയെ ആശ്രയിച്ച് പുരുഷൻ കഴിയുന്നത് അവന് അസഹനീയവുമായിരിക്കും. പുരുഷൻ സ്ത്രീയെ ആഗ്രഹിക്കാത്തവരാണെന്ന് ഇതിനർഥമില്ല.

ഗുണപാഠം 3

തൻ്റെ പ്രകൃതം തൻ്റെ മതത്തെ കവച്ചു വെക്കാതിരിക്കാൻ സ്ത്രീ ശ്രദ്ധിക്കണം. മതം ഉണ്ടായിട്ടുള്ളത് വികാരങ്ങളെ ഇളക്കി വിടാനല്ലല്ലോ, മറിച്ച് അവയെ സംസ്കരിക്കാനാണ്. പുരുഷനെ ആകർഷിക്കുന്ന രീതിയിലാണ് സ്ത്രീയുടെ പ്രകൃതം എന്ന് പറഞ്ഞതുവച്ച് എല്ലാ പുരുഷന്മാരുടെയും ആകർഷണ കേന്ദ്രമായി സ്ത്രീ മാറേണ്ടതില്ല, മാറരുത്. പുരുഷന് അല്ലാഹു ബഹുഭാര്യത്വം അനുവദിച്ചു കൊടുത്തു എന്നാൽ അതിനുള്ള ശേഷിയും മനസ്സും കരുത്തും എല്ലാം കൂടെ കൊടുത്തു എന്നാണർഥം.

ഇക്കാര്യം പുരുഷന് എത്രയായാലും വിശദീകരിക്കാൻ കഴിയാത്തതും സ്ത്രീക്ക് മനസ്സിലാക്കാൻ കഴിയാത്തതുമായ കാര്യമാണ്. ഒന്നിൽ മതിയാവുന്ന പ്രകൃതമാണ് സ്ത്രീയുടെത്. എന്നാൽ ഹലാലായ തൻ്റെ സ്വന്തം പുരുഷൻ്റെ (ഭർത്താവ്) മുന്നിൽ സ്ത്രീ പല രൂപങ്ങളും ഭാവങ്ങളും ഉപയോഗിക്കുന്നത് പ്രതിഫലം ലഭിക്കുന്ന കാര്യവും അതേ രീതി മറ്റെല്ലാ പുരുഷന്മാരും കാണുന്ന രീതിയിൽ ഉപയോഗിക്കുന്നത് ശിക്ഷ ലഭിക്കുന്ന കാര്യവുമാണ്.

ഗുണപാഠം 4

സ്ത്രീയിൽ മനോഹരമായത് മാത്രം കാണാനും മണക്കാനും പുരുഷൻ ആഗ്രഹിക്കുന്നത് കൊണ്ടുതന്നെ അപ്രകാരം ചെയ്യുന്നപക്ഷം സ്ത്രീക്ക് പ്രതിഫലം ലഭിക്കുന്നതുമാണ്. ‘ എനിക്കുവേണ്ടി അവൾ അണിഞ്ഞൊരുങ്ങുന്നത് പോലെ ഞാൻ അവൾക്കു വേണ്ടിയും ഒരുങ്ങും ‘ എന്ന് ഇബ്നു അബ്ബാസ് (റ) പറയുന്നു. ആവശ്യമുള്ള സമയത്ത് അവളുടെ വിളിക്ക് ഉത്തരം നൽകൽ പുരുഷനെ സംബന്ധിച്ചും പ്രതിഫലാർഹമായ കാര്യമാണ്.

ദമ്പതികളായ പുരുഷൻ്റെയോ ഭാര്യയുടെയോ ഭാഗത്തു നിന്നുള്ള വല്ല വിധത്തിലുമുള്ള വീഴ്ച ഒരിക്കലും അനർഹമായ ബന്ധങ്ങളിൽ ഏർപ്പെടാനുള്ള അംഗീകാരമല്ല. അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാനാണ് നമ്മോടുള്ള ദീനിൻ്റെ കല്പന. ശാരീരികവും മാനസികവുമായ എല്ലാവിധ തൃപ്തിയും സ്ത്രീയും പുരുഷനും നേടിയെടുക്കുന്ന വൈവാഹിക ജീവിതത്തിന് മുന്നിൽ പ്രയാസങ്ങളും വെല്ലുവിളികളും ഒന്നും തന്നെ ഒരു പ്രശ്നമാവുന്നില്ല. അത് ശരിയാവാത്ത പക്ഷം പ്രശ്നങ്ങൾക്ക് യാതൊരു പഞ്ഞവും ഉണ്ടാവുന്നതുമല്ല. ‘ ഗാർഹിക പ്രശ്നങ്ങളുടെ ഏറ്റവും വലിയ പങ്കും തുടങ്ങുന്നത് കിടപ്പറയിൽ നിന്നാണ് ‘ എന്ന വലിയ തത്വം ഇവിടെ ഓർക്കുക!

ഗുണപാഠം 5

ഹൈ ഹീൽ ചെരുപ്പുകൾ തന്നെയാണ് ഒരർത്ഥത്തിൽ ഉപര്യുക്ത കഥയിലെ മരത്താലുള്ള കാലുകൾ. അതിൽ പറഞ്ഞ മോതിരത്തിലെ സുഗന്ധമാണ് ഇന്നുള്ളതും. ജനങ്ങളെന്നും എക്കാലത്തും ഒരുപോലെ തന്നെയാവും. മാറ്റമുണ്ടാവുക അവരുപയോഗിക്കുന്ന മാധ്യമങ്ങൾക്ക് മാത്രമാണ്. ‘ മുൻകാലക്കാരുടെ ജീവിത രീതികൾ നിങ്ങള് ചാണോടു ചാൺ പിന്തുടരും. അവരൊരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചാൽ തന്നെയും നിങ്ങളും അതിൽ പ്രവേശിക്കും ‘ എന്ന നബി വചനം എത്ര സത്യം.

ബനൂ ഇസ്റാഈലിലെ ആദ്യത്തെ ഫിത്ന സ്ത്രീകളിൽ നിന്നായിരുന്നു. പുരുഷൻ സ്ത്രീയുടെ വിഷയത്തിൽ അല്ലാഹുവിനെ പേടിക്കുക, കാരണം അവൾക്ക് പല അവകാശങ്ങളും ലഭിക്കാനുണ്ട്. സ്ത്രീ പുരുഷൻ്റെ വിഷയത്തിലും അല്ലാഹുവിനെ സൂക്ഷിക്കുക, കാരണം അവള് വികാരത്തിൻ്റെ കേന്ദ്രമാണ്. സൗന്ദര്യ വർധക വസ്തുക്കളോ സുറുമയോ സുഗന്ധമോ എല്ലാം നിഷിദ്ധമാണ് എന്നല്ല. അതിൻ്റെ ഹലാൽ – ഹറാം തീരുമാനിക്കുന്നത് ഉപയോഗിക്കുന്ന സ്ഥലം, രീതി ഒക്കെ അനുസരിച്ചാണ്. യഥാർത്ഥ സ്ഥാനത്ത് അവയെല്ലാം ഉപയോഗിച്ചാൽ പ്രതിഫലം ലഭിക്കും എന്നർത്ഥം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പോലും നന്മയുടെ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച മതമാണ് നമ്മുടേത്!

 

നബിയുടെ കൂടെ – 10

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles