Current Date

Search
Close this search box.
Search
Close this search box.

‘അല്ലാഹുവാണ, മദ്യാസക്തിയും ഈമാനും ഒരിക്കലും ഒത്തുചേരില്ല!’

നബിയുടെ കൂടെ - 10

ഇമാം നസാഈ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു:’നിങ്ങള്‍ മദ്യം ഉപേക്ഷിക്കുക. നിശ്ചയം അത് പാപങ്ങളുടെ മാതാവാണ്. മുന്‍കാലത്ത് ആരാധനകള്‍ ചെയ്തിരുന്ന നല്ലൊരു മനുഷ്യനുണ്ടായിരുന്നു. തെമ്മാടിയായൊരു സ്ത്രീ അയാളെ ഇഷ്ടപ്പെടുകയും തന്റെ അടിമസ്ത്രീയെ അയച്ച് അയാളെ സാക്ഷി പറയാനെന്ന വ്യാജേന വിളിച്ചുവരുത്തുകയും ചെയ്തു. അവളുടെ അടുത്തെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: നിങ്ങളെ വിളിപ്പിച്ചത് സാക്ഷി പറയാനല്ല. ഞാനുമായി സന്ധിക്കാനും അല്ലെങ്കില്‍ ഒരു കോപ്പ മദ്യം കുടിക്കാനും അതുമല്ലെങ്കില്‍ ഈ അടിമയെ കൊല്ലാനുമാണ്!
മൂന്നു കാര്യങ്ങളില്‍ രണ്ടെണ്ണം വളരെ മോശമാണെന്നു തോന്നിയ അയാള്‍ എനിക്കല്‍പം മദ്യം തന്നേക്കൂ എന്നു പറഞ്ഞു. അത് കുടിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ആവശ്യപ്പെട്ടു. അധികം വൈകാതെ അവളുമായി സന്ധിക്കുകയും അടിമയെ വധിക്കുകയും ചെയ്തു! ആയതിനാല്‍ മദ്യം ഉപേക്ഷിക്കുക. അല്ലാഹുവാണ, മദ്യാസക്തിയും ഈമാനും ഒരിക്കലും ഒത്തുചേരില്ല!’
ഗുണപാഠം 1
നന്മതിന്മകള്‍ക്കിടയിലുള്ള തെരഞ്ഞെടുപ്പവസരം ഒരുതരം ആര്‍ഭാടമാണ്, അതെപ്പോഴും ലഭിച്ചുകൊള്ളണമെന്നില്ല. പക്ഷേ പല സാഹചര്യങ്ങളും നമ്മെ രണ്ടു കാര്യങ്ങള്‍ക്കിടയില്‍ കൊണ്ടുനിര്‍ത്തും. അതിലേറ്റവും മാധുര്യമുള്ളതിന്റെ രുചി കയ്പുമാവും! ഉമര്‍(റ) പറഞ്ഞിട്ടുണ്ടല്ലോ:’നന്മയും തിന്മയും വേര്‍തിരിച്ചറിയുന്നവനല്ല ബുദ്ധിമാന്‍. മറിച്ച് രണ്ടു തിന്മകളില്‍ ഉത്തമം ഏതെന്ന് തിരിച്ചറിയുന്നവനാണ്.’ നമ്മുടെ ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ പ്രധാനമാണ് ദോഷങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന കാഠിന്യം കുറവുള്ളത് ഏതെന്നു കണ്ട് തെരഞ്ഞെടുക്കല്‍.
അത് സ്വഭാവം കൊണ്ടോ മനസ്സുകൊണ്ടോ തെരഞ്ഞെടുക്കേണ്ടതുമല്ല. അതിന്റെ പരിണതിയും വരുംവരായ്കകളും ആലോചിച്ച് കണക്കുകൂട്ടി എടുക്കേണ്ടതാണ്! രണ്ടു ദോഷങ്ങളില്‍ ഒന്നും ചെയ്യാതിരിക്കാന്‍ നിനക്കവസരമുണ്ടെങ്കില്‍ അതാണ് അടിസ്ഥാനം. കാരണം, നീ ചെറുതായി കാണുന്നത് ചിലപ്പോള്‍ മറ്റു വലിയൊരു പ്രശ്‌നത്തിലേക്കുള്ള കവാടമോ വലിയ തീക്കുള്ള തീപ്പൊരിയോ ആവാം. ഈ സംഭവം തന്നെ നോക്കൂ. കൊലയെക്കാളും വ്യഭിചാരത്തെക്കാളും കാഠിന്യം കുറവെന്നു കരുതിയാണയാള്‍ മദ്യപിച്ചത്. പക്ഷേ അതു ചെയ്യുന്നതോടെ മറ്റു രണ്ടു ദോഷങ്ങളും വഴിയെ വരുന്നു!
ഗുണപാഠം 2
ഒരുപാട് ചോയ്‌സുകള്‍ നല്‍കുന്നവര്‍ സത്യത്തില്‍ നിന്റെ ചിന്തയെ സ്വാധീനിക്കാനും ബുദ്ധിയെ ബന്ദിയാക്കാനുമാണ് ശ്രമിക്കുന്നത്. നമ്മുടെ നിത്യജീവിതത്തില്‍ നടക്കുന്നതും അതുതന്നെയാണ്. ചെറിയൊരുദാഹരണത്തിന്, ചായയാണോ കോഫിയാണോ വേണ്ടതെന്ന് സുഹൃത്ത് ചോദിച്ചാല്‍ രണ്ട് ഓപ്ഷനുകള്‍ക്കിടയില്‍ അയാള്‍ നിങ്ങളെ ചുരുക്കിയിരിക്കുകയാണ്. അതിലൊന്ന് തെരഞ്ഞെടുക്കുക മാത്രമാണ് നിങ്ങള്‍ക്കുള്ള വഴി. പക്ഷേ അതെപ്പോഴും ഇതേ ലാഘവമുള്ള വിഷയമാവണമെന്നില്ല.
ചിലപ്പോള്‍ നിനക്ക് മുന്നിലുള്ള രണ്ടു മാര്‍ഗങ്ങളും തെറ്റായതാവാം. ഒന്നിനെക്കാള്‍ നല്ലതാണ് മറ്റൊന്ന്, അല്ലെങ്കില്‍ അത്രയും ദോഷമില്ലാത്തതാണ് എന്നു പറഞ്ഞാവാം നിന്നെ അതിലൂടെ നടക്കാനവര്‍ നിര്‍ബന്ധിക്കുന്നത്. പക്ഷേ, ആ നിമിഷത്തില്‍ നീ കാണാത്തൊരു മൂന്നാമത്തെ വഴി അവിടെ തീര്‍ച്ചയായും ഉണ്ടെന്നതാണ് കാര്യം. നല്‍കപ്പെട്ട രണ്ടു ഓപ്ഷനുകളില്‍ അതില്ലാത്തതിനാല്‍ പെട്ടെന്ന് നിന്റെ ചിന്തയില്‍ മൂന്നാമത്തെ ഒന്ന് വരുന്നില്ല എന്നുമാത്രം. ആയതിനാല്‍, ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുക. രണ്ടവസരങ്ങള്‍ നല്‍കപ്പെടുമ്പോള്‍ മൂന്നാമത്തേതൊന്ന് യുക്തിപൂര്‍വം തെരഞ്ഞെടുക്കുക!
ഗുണപാഠം 3
അല്ലാഹു സസ്യങ്ങള്‍ക്ക് ജീവന്‍ മാത്രമാണ് കൊടുത്തത്, ആത്മാവും ബുദ്ധിയുമില്ലാതെ. മൃഗങ്ങള്‍ക്ക് ജീവനും ആത്മാവും കൊടുത്തു, ബുദ്ധിയില്ലാതെ. മനുഷ്യനെ മാത്രമാണ് ജീവനും ആത്മാവും ബുദ്ധിയും എല്ലാം കൊടുത്ത് പടച്ചത്. അപ്പോള്‍ ബുദ്ധിയില്ലാത്ത മനുഷ്യന്‍ ഒരു നിലക്ക് മൃഗംതന്നെയെന്ന് സാരം. അറബി ഭാഷയില്‍ ബുദ്ധിയെക്കുറിക്കുന്ന അഖ്‌ല് എന്ന പദം അതിനെ അന്വര്‍ഥമാക്കുന്നുണ്ട്.
മനുഷ്യന് ദൈവകല്‍പനയുണ്ടാവാനുള്ള മാനദണ്ഡവും ബുദ്ധിതന്നെ. അതില്ലാത്തവര്‍ക്ക് ദൈവകല്‍പനയോ വിചാരണയോ ഇല്ല. ഇത് അല്ലാഹുവിന്റെ നിശ്ചയപ്രകാരം ബുദ്ധി ഇല്ലാതെ വന്നവരുടെ കാര്യമാണ്. പക്ഷേ സ്വേഷ്ടപ്രകാരം ബുദ്ധി നഷ്ടപ്പെടുത്തിയവര്‍ അക്കാലയളവില്‍ ചെയ്യുന്നതിനെല്ലാം മതപരമായി ഉത്തരവാദികളാവും. ബുദ്ധി നല്‍കി നല്ലൊരു മനുഷ്യനാക്കി അല്ലാഹു പടച്ചു എന്നിരിക്കെ എന്തിനാണ് മൃഗങ്ങളുടെ കോലം മനുഷ്യന്‍ കെട്ടുന്നത് എന്നതാണ് അത്ഭുതം!
അബ്ദുറഹ്‌മാന്‍ ദാഖിലിന്റെ അടുക്കലേക്ക് മദ്യം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘എന്റെ ബുദ്ധി വര്‍ധിപ്പിക്കുന്നത് വല്ലതും തരൂ, കുറക്കുന്നതു വേണ്ട!’ എന്നായിരുന്നു. ശരിയാണ്, മദ്യപാനം ഒരു വന്‍ദോഷമാണെങ്കിലും ഇസ്‌ലാമില്‍ നിന്ന് പുറത്താക്കുന്നതൊന്നുമല്ല. പക്ഷേ, ഹദീസില്‍ പറഞ്ഞതുപ്രകാരം ഈമാനും മദ്യപാനവും ഒരേ കൂരക്കു കീഴില്‍ ഒത്തുപോവാത്തൊരു വീടുപോലെയാണ് നമ്മുടെ ഹൃദയം. അതില്‍ ഏതെങ്കിലുമൊന്നിന് ഹൃദയത്തില്‍ സ്ഥിരവാസം വേണമെങ്കില്‍ മറ്റൊന്ന് പുറത്തുപോയേ തീരൂ!
ഗുണപാഠം 4
ഈ ദുനിയാവ് പരീക്ഷണങ്ങളും ഫിത്‌നകളുമൊക്കെ നിറഞ്ഞതാവും. പരീക്ഷണലോകമാണല്ലോ ഇത്. മനുഷ്യന്‍ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ എല്ലാ പരീക്ഷണങ്ങളുമുണ്ടാവും. യൂസുഫ് നബി രണ്ടു കാര്യങ്ങള്‍ കൊണ്ടായിരുന്നു പരീക്ഷിക്കപ്പെട്ടത്. ശക്തമായ കോപംകൊണ്ടും ശക്തമായ സ്‌നേഹംകൊണ്ടും.
ശക്തമായ ദേഷ്യമാണ് അദ്ദേഹത്തെ കിണറ്റില്‍ കൊണ്ടെത്തിച്ചത്. ശക്തമായ സ്‌നേഹമാണ് ജയിലിലകപ്പെടുത്തിയതും. ഇതാണ് ജനങ്ങളുടെ യൂസുഫ് നബിയുമായുള്ള ബന്ധമെങ്കില്‍ യൂസുഫ് നബിയുടെ ജനങ്ങളുമായുള്ള ബന്ധമെന്താണ്!? പലരും വെറുത്തപ്പോഴും അദ്ദേഹം ക്ഷമിച്ചു. സ്‌നേഹം കൊണ്ട് പരീക്ഷിക്കപ്പെട്ടപ്പോഴും ക്ഷമിച്ചു. രണ്ടും അദ്ദേഹത്തെ വഴിപിഴപ്പിച്ചില്ല. സ്‌നേഹം കൊണ്ടുള്ള പരീക്ഷണമാണ് എന്തുകൊണ്ടും സ്വാഭാവികമായി കൂട്ടത്തില്‍ കഠിനം! യൂസുഫ് നബിയുടെ വിഷയത്തിലും അതുതന്നെയാണ്. പക്ഷേ രണ്ടിടത്തും അദ്ദേഹം ക്ഷമിച്ചു. പക്ഷേ തന്റെ സഹോദരങ്ങളുടെ വിഷയത്തില്‍ അദ്ദേഹം ക്ഷമിച്ചതിലേറെ അസീസ് രാജാവിന്റെ ഭാര്യയുടെ വിഷയത്തില്‍ ക്ഷമിച്ചിരിക്കണം!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles