Current Date

Search
Close this search box.
Search
Close this search box.

അപ്പോള്‍ അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തിലെ അവരുടെ ഭവനം ദൃശ്യമാക്കിക്കൊടുത്തു! 

നബിയുടെ കൂടെ - 3

അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ഫിര്‍ഔന്‍ തന്റെ ഭാര്യയുടെ രണ്ട് കൈകളിലും കാലുകളിലുമായി നാല് ആണികള്‍ തറപ്പിച്ചു. ചുറ്റും നിന്ന് ആൾക്കാർ പിരിഞ്ഞു പോവുമ്പോൾ  മാലാഖമാര്‍ അവര്‍ക്ക് തണലിട്ടുനല്‍കി. അവര്‍ പറഞ്ഞു:’എന്റെ രക്ഷിതാവേ, സ്വര്‍ഗത്തില്‍ എനിക്ക് നിന്റെയടുക്കല്‍ ഒരു വീടൊരുക്കുകയും ഫിര്‍ഔനില്‍ നിന്നും അവന്റെ ചെയ്തികളില്‍ നിന്നും അക്രമകാരികളായ സമൂഹത്തില്‍ നിന്നും എന്നെ രക്ഷിക്കുകയും ചെയ്യണേ.’ അപ്പോള്‍ അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തിലെ അവരുടെ ഭവനം ദൃശ്യമാക്കിക്കൊടുത്തു!
ഗുണപാഠം 1
അല്ലാഹു അതിക്രമികളോട് യുദ്ധംചെയ്യുക അവരുടെ സ്വന്തം തട്ടകങ്ങളില്‍ ചെന്നാവും. ‘ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ രക്ഷിതാവ്’ എന്ന് ഫിര്‍ഔന്‍ പറഞ്ഞ കൊട്ടാരത്തില്‍ നിന്നാണ് ഒരു നബി അനായാസം പുറത്തുവന്നത്! അവന്റെ തന്നെ കിടപ്പറയില്‍ നിന്നാണ് ചരിത്രത്തിലെ തന്നെ ഏറ്റവും പതിവ്രതകളിലൊന്നായ ഒരു മഹതിയും വന്നത്. എത്രമാത്രം അശക്തനാണവനെന്ന് ഫിര്‍ഔനെ കാണിക്കുകയാണല്ലാഹു! മൂസാ നബിയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് കുട്ടികളെ അവന്‍ വകവരുത്തി. പക്ഷേ മൂസാ നബിയുടെ ഊഴമെത്തിയപ്പോള്‍ സ്വന്തം കൊട്ടാരത്തില്‍ തന്നെ അവനദ്ദേഹത്തെ വളര്‍ത്തി! ആയിരണക്കിന് സ്ത്രീകള്‍ അവന് സാഷ്ടാംഗം നമിക്കാനും വിധേയപ്പെടാനും ഒരുക്കമായിരുന്നു. പക്ഷേ, സ്വന്തം ഭാര്യയുടെ കാര്യത്തില്‍ അവന്‍ ദുര്‍ബലനായിരുന്നു. ശരീരം ജനങ്ങളുടെ കയ്യിലാണെങ്കിലും ഹൃദയങ്ങളെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണെന്നര്‍ഥം!
ഗുണപാഠം 2
മതം വെറും കറുപ്പാണെന്നും ആത്മസംതൃപ്തിക്കായി പാവങ്ങള്‍ കൊണ്ടുനടക്കുന്ന ലഹരിയാണെന്നും മരുഭൂമിയിലെ സഞ്ചാരി മരീചികക്കു പിറകെ നടക്കുംപോലെ അവര്‍ സ്വര്‍ഗപ്രതീക്ഷയില്‍ നടക്കുകയാണെന്നും വിശ്വസിക്കുന്ന മനുഷ്യര്‍ യഥാര്‍ഥത്തില്‍ പാവങ്ങള്‍ തന്നെ! ബീവി ആസിയയുടെ ഉദാഹരണം മാത്രം നോക്കൂ. മിസ്‌റിന്റെ പ്രഥമവനിത. അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്ന, രാജാധികാരിയായ മനുഷ്യന്റെ ഭാര്യ. ഒരു വിളിമാത്രം മതി അവര്‍ക്ക്. ഒരു കല്‍പന മാത്രം മതി എന്തും സാധ്യമാക്കാന്‍.
പക്ഷേ എന്നിട്ടും അല്ലാഹുവിങ്കലുള്ളതാണ് നല്ലതും സ്ഥായിയാതും എന്നവര്‍ തിരിച്ചറിഞ്ഞു. സ്വര്‍ഗത്തിലെ ഫലങ്ങളും ആറുകളും വിശപ്പും ദാഹവും കൊണ്ടായിരുന്നില്ല അവര്‍ സ്വപ്‌നം കണ്ടത്. ദുനിയാവിലെ കൊട്ടാരം ചെറുതായതുകൊണ്ടല്ല അവര്‍ സ്വര്‍ഗത്തിലൊരു ഭവനം അല്ലാഹുവിനോടു ചോദിച്ചതും! പക്ഷേ, യഥാര്‍ഥ ഐശ്വര്യം ഹൃദയത്തിലാണെന്നും യഥാര്‍ഥ സമ്പന്നത ദൈവത്തിനാല്‍ സമ്പന്നമാവുകയാണെന്നും സ്വര്‍ഗത്തോടു തുലനപ്പെടുത്തുമ്പോള്‍ എല്ലാ വീടുകളും ചെറുതാണെന്നും അവര്‍ മനസ്സിലാക്കി എന്നതാണ് കാര്യം. ‘നിന്റെ അധികാരപ്പെട്ട സ്വത്ത് മുഴുവന്‍ നീയെടുത്തോളൂ. എന്നെ മാത്രം എന്റെ നാഥനുവേണ്ടി വിട്ടുതന്നാല്‍ മതി’ എന്ന് അവര്‍ ഫിര്‍ഔനോട് പറയാതെ പറഞ്ഞപോലെ!
ഗുണപാഠം 3
ഇസ്‌ലാം വലിയൊരു ശക്തിയായി പടര്‍ന്നു കഴിഞ്ഞശേഷം ഹസ്‌റത്ത് ബിലാലി(റ)നോട് ആരോ ചോദിക്കുകയുണ്ടായി, ഉമയ്യത്തു ബ്ന്‍ ഖലഫിന്റെ ശിക്ഷാമുറകള്‍ നിങ്ങളെങ്ങനെയാണ് സഹിച്ചിരുന്നതെന്ന്. ‘ഞാന്‍ വിശ്വാസത്തിന്റെ മാധുര്യത്തെ ശിക്ഷയുടെ കൈപ്പുനീരുമായി കൂട്ടിക്കലര്‍ത്തി ക്ഷമിക്കുകയായിരുന്നു പതിവ്!’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിശ്വാസം വലിയൊരു സങ്കരമാണ്. അത് ഹൃദയത്തില്‍ കുടിയേറിക്കഴിഞ്ഞാല്‍ മനുഷ്യന്റെ അവസ്ഥ തന്നെ മാറിമറിയും. ഹസ്‌റത്ത് ബിലാല്‍ താനേറ്റ ശിക്ഷാമുറകള്‍ സഹിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ കൂടുതലൊന്നുമില്ല. ഒന്നാമതായി നല്ലൊരു കായിക ബലമുള്ളൊരു പുരുഷനാണദ്ദേഹം, മുമ്പും അടിമയായി കഴിഞ്ഞിരുന്നതിനാല്‍ ജോലിയും പ്രയാസവും ഒരുപാട് ശീലമുള്ളതുമാണ്.
പക്ഷേ, സുഖലോലുപതയില്‍ മാത്രം ജീവിച്ചൊരു സ്ത്രീ ഇത്തരം ശിക്ഷാമുറകള്‍ മുഴുവന്‍ അനുഭവിക്കുന്ന കാര്യം ഒന്നാലോചിച്ചുനോക്കൂ! ഒരു മരപ്പലകയില്‍ ഫിര്‍ഔന്‍ ബീവി ആസിയയെ കിടത്തി രണ്ടു കൈകാലുകളിലും ആണികള്‍ അടിച്ചുകയറ്റി. അപ്പോഴും അവര്‍ മലപോലെ ഉറച്ചുനിന്നു! മഹാവൃക്ഷം പോലെ കരയാതെ നിന്നു! നിസ്സാരമായൊരു ശരീരം ഭൂമിലോകത്ത് ശിക്ഷാമുറകളേറ്റുവാങ്ങുമ്പോള്‍ അതിശക്തമായ അവരുടെ ആത്മാവ് ആകാശലോകവുമായി ബന്ധപ്പെട്ടു കിടക്കുകയായിരുന്നു! ഇബ്‌നു കസീര്‍ തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയപോലെ, ആ റൂഹ് അല്ലാഹുവിങ്കലേക്ക് പിരിയുന്ന നേരത്തും അവര്‍ പുഞ്ചിരി തൂകി. ഭ്രാന്തിയെപ്പോലെ ‘ഇപ്പോഴും നീ പുഞ്ചിരിക്കുകയോ!’ എന്ന് ഫിര്‍ഔന്‍ ആക്രോശിക്കുന്നു. മഹതി ആവശ്യപ്പെട്ട സ്വര്‍ഗത്തിലെ ഭവനം അല്ലാഹു അവര്‍ക്കപ്പോള്‍ കാട്ടിക്കൊടുത്ത കാര്യം അവനറിയില്ലല്ലോ!
ഗുണപാഠം 4
ഫിര്‍ഔന്റെ ശിക്ഷാമുറകളില്‍നിന്ന് മഹതിയെ രക്ഷിക്കാന്‍ അല്ലാഹുവിനാകുമായിരുന്നു. അവര്‍ക്ക് തണലൊരുക്കാനായി മാലാഖമാരെ നിയോഗിച്ച അല്ലാഹുവിന് അവരെ രക്ഷിക്കാനും മാലാഖമാരെ അയക്കുക നിസ്സാരമാണല്ലോ. പക്ഷേ ദുനിയാവിനെ സംവിധാനിച്ചിട്ടുള്ളത് കൃഷിയിറക്കാനുള്ള ഇടമായിട്ടാണ്, കൊയ്ത്തിനുള്ളതല്ല. ബീവി ആസിയ ആഖിറത്തില്‍ കൊയ്യാന്‍ വേണ്ടിയാണ് ദുനിയാവില്‍ നന്മയുടെ കൃഷികള്‍ ചെയ്തത്. അവരുടെ കൃഷി വളര്‍ത്തുക എന്നതുമാത്രമായിരുന്നു അല്ലാഹുവിന്റെ ഉദ്ദേശ്യം! വിശ്വാസികളായ ജനങ്ങള്‍ക്കുമേല്‍ ശിക്ഷാവര്‍ഷങ്ങളും പരീക്ഷണങ്ങളുമുണ്ടാവുമ്പോള്‍ അല്ലാഹുവിനോട് അപമര്യാദയായി പെരുമാറിപ്പോവരുത്. അസത്യം വല്ലയിടത്തും വിജയിക്കുന്നതു കണ്ടാല്‍ ‘എവിടെയാണ് അല്ലാഹു!?’എന്ന് ചില വിഢികള്‍ ചോദിക്കാറുള്ളതുപോലെ.
അല്ലാഹു ചിലരെ കയ്യയച്ചു വിടുന്നത് അവന്‍ അശക്തനായതു കൊണ്ടാണെന്നു കരുതരുത്. അക്രമകാരികള്‍ക്ക് അവന്‍ സാവകാശം നല്‍കുന്നത് അവന്റെ പക്കല്‍ സൈനിക ശക്തി ഇല്ലാത്തതുകൊണ്ടുമല്ല. മറിച്ച്, ഒരു പരീക്ഷണമായിട്ടാണവന്‍ ഈ ജീവിതത്തെ സംവിധാനിച്ചിട്ടുള്ളത്. അല്ലെങ്കിലും അക്രമിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് അക്രമി പരാജയപ്പെടുക? നീതി പുലര്‍ത്താനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് നീതിമാനായ മനുഷ്യന്‍ വിജയിക്കുക? അല്ലെങ്കിലും എപ്പോഴാണ് സ്വര്‍ഗത്തിലേക്കുള്ള പാത പനിനീര്‍ പൂക്കള്‍ വിരിക്കപ്പെട്ടതായത്?! പ്രയാസങ്ങളുടെ തൊള്ളായിരത്തി അന്‍പതു വര്‍ഷങ്ങള്‍ നൂഹ് നബി നടന്ന വഴിയാണിത്. യഹ്‌യാ നബി ഈര്‍ച്ചവാള്‍ കൊണ്ട് അറുക്കപ്പെട്ട വഴിയാണിത്. ഇബ്‌റാഹിം നബി അഗ്നികുണ്ഠത്തിലെറിയപ്പെട്ട വഴിയാണിത്. ഇസ്മായീല്‍ നബി ബലിക്കല്ലിലേക്ക് വെക്കപ്പെടുകയും ചെയ്ത വഴിയുമാണിത്. ഓര്‍ക്കുക, സ്വര്‍ഗം അത്ര വിലകുറഞ്ഞൊരു ഏര്‍പ്പാടല്ല!
ഗുണപാഠം 5
അല്ലാഹുവിനോട് വഞ്ചന കാട്ടുന്നവന്‍ ജനങ്ങളോട് വാഗ്ദത്തപൂര്‍ത്തീകരണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്!  ഫിര്‍ഔന്‍ കുടുംബബന്ധമോ സൗഹൃദമോ പരിഗണിക്കാതെ സ്വപത്‌നിയെ ശിക്ഷിച്ചതോര്‍ത്ത് അത്ഭുതം കൂറേണ്ടതില്ല, കാരണം അവന്‍ അതിനുമുമ്പും അല്ലാഹു ചെയ്ത നന്മകള്‍ക്കു പോലും നന്ദിയില്ലാത്തവനായിരുന്നല്ലോ! വര്‍ഷങ്ങളോളം തനിക്കു ചെയ്ത സേവനത്തിന് അല്‍പംപോലും നന്ദിയില്ലാതെ ഉമയ്യത്ത് ബ്ന്‍ ഖലഫ് ഹസ്‌റത്ത് ബിലാലി(റ)നെ ശിക്ഷിക്കുമ്പോള്‍, തന്റെ അടിമക്കും മുമ്പ് തന്റെ നാഥനായ അല്ലാഹുവിനോടും നന്ദികേട് കാട്ടിയവനായിരുന്നു അയാള്‍ എന്നോർക്കുക. ‘അല്ലാഹുവിനെ പേടിക്കാത്തവരെ പേടിക്കുക’ എന്ന് പ്രായമുള്ളവന്‍ പറഞ്ഞതെത്ര ശരി! അല്ലാഹുവിനോട് മര്യാദപൂര്‍വം പെരുമാറാത്തവരില്‍ നിന്ന് നീയും മര്യാദ പ്രതീക്ഷിക്കരുത്.
അല്ലാഹുവിനോടുള്ള ബാധ്യതകള്‍ നിറവേറ്റാത്തവന്‍ സൃഷ്ടികളുടെ ബാധ്യതകള്‍ അല്‍പവും നിറവേറ്റില്ലെന്നു  സാരം! അതുകൊണ്ടാണ് നബി (സ) പറഞ്ഞത്:’ദീനിന്റെയും സ്വഭാവത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് തൃപ്തിയുള്ള ഒരാള്‍ വിവാഹാന്വേഷണവുമായി വന്നാല്‍ അവര്‍ക്ക് വിവാഹം ചെയ്തു കൊടുത്തേക്കൂ.’ കാരണം, അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമിടുന്നവന് സൃഷ്ടികളുടെ തൃപ്തി അല്ലാഹുതന്നെ നല്‍കും. ആയതിനാല്‍, സ്‌നേഹിച്ചാല്‍ ബഹുമാനിക്കുന്ന, സ്‌നേഹിച്ചില്ലെങ്കില്‍ നിന്ദിക്കാതിരിക്കുന്ന, തഖ്‌വയുള്ളവര്‍ക്ക് മാത്രം നിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുക.
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles