Current Date

Search
Close this search box.
Search
Close this search box.

സത്യവിശ്വാസികളുടെ പരസ്പരബാധ്യതകള്‍

 عَنْ أَبِي هُرَيْرَةَ ، قَالَ رَسُولُ اللَّهِ ﷺ: حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ: إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وإِذَا دَعَاكَ فَأَجِبْهُ، وإِذَا اسْتَنْصَحَكَ فَانْصَحْهُ، وإِذَا عَطَسَ فَحَمِدَ اللَّهَ فَسَمِّتْهُ، وإِذَا مَرِضَ فَعُدْهُ، وإِذَا مَاتَ فَاتْبَعْهُ. رَوَاهُ مُسْلِمٌ.

അബൂ ഹുറൈറയില്‍ നിന്നും നിവേദനം. റസൂല്‍ (സ) പറയുന്നു. “ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേല്‍ ആറ് ബാധ്യതകളാണുള്ളത്. കണ്ടു മുട്ടിയാല്‍ സലാം പറയുക. ക്ഷണം സ്വീകരിക്കുക. ഉപദേശം തേടിയാല്‍ ഉപദേശം നല്‍കുക. തുമ്മുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുക. രോഗിയായാല്‍ സന്ദര്‍ശിക്കുക. മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക.”(മുസ്‌ലിം)

1. സലാം പറയുക
‘നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. കുറഞ്ഞപക്ഷം അവ്വിധമെങ്കിലും തിരിച്ചുനല്‍കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്.’ (4:86)
ഇംറാന്‍ ബിന്‍ ഹുസൈന്‍ (റ) പറയുന്നു. ഒരാള്‍ നബി (സ) യുടെ അടുത്ത് വന്ന് ‘അസ്സലാമു അലൈക്കും’ എന്ന് അഭിവാദ്യം ചെയ്തു. റസൂല്‍ (സ) സലാം മടക്കുകയും അദ്ദേഹം ഇരിക്കുകയും ചെയ്തു. അപ്പോള്‍ നബി (സ) പറഞ്ഞു. പത്ത് പ്രതിഫലം ഉണ്ട്. പിന്നെ മറ്റൊരാള്‍ വന്നു. ‘അസ്സലാമു അലൈകും വറഹമതുല്ലാ’ എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ (സ) സലാം മടക്കികൊണ്ട് പറഞ്ഞു, ഇരുപത്. പിന്നെ മറ്റൊരാള്‍ വന്ന് ‘അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു’ എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ (സ) പ്രത്യഭിവാദ്യം ചെയ്തു കൊണ്ട് പറഞ്ഞു, മുപ്പത് പ്രതിഫലമുണ്ട്. (തിര്‍മുദി, അബൂദാവൂദ്)

സ്ത്രീകളുടെ സംഘത്തോട് പുരുഷന് സലാം പറയാം. അസ്മാഅ് ബിന്‍ത് യസീദില്‍ നിന്ന് നിവേദനം ചെയ്ത ഹദീസാണ് പ്രമാണം. പ്രവാചകന്‍ (സ) ഒരിക്കല്‍ പള്ളിയിലേക്ക് നടന്നു പോവുമ്പോള്‍ സ്ത്രീകളുടെ ഒരു സംഘം ഇരിക്കുകയായിരുന്നു. പ്രവാചകന്‍ (സ) കൈ കൊണ്ട് ആഗ്യം കാണിച്ചു അവരോട് സലാം പറഞ്ഞു. (തിര്‍മുദി).

പ്രവാചകന്‍ (സ) സലാം പറയുന്നതിന്റെ മര്യാദകളായി പഠിപ്പിച്ച ചില കാര്യങ്ങള്‍
അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം, വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ നടക്കുന്നവന് സലാം പറയുക. നടക്കുന്നവന്‍ ഇരിക്കുന്നവന് സലാം പറയുക. കൊച്ചുസംഘം വലിയ സംഘത്തോട് സലാം പറയുക (ബുഖാരി, മുസ്‌ലിം). ബൂഖാരിയുടെ റിപ്പോര്‍ട്ടില്‍ ചെറിയയാള്‍ വലിയവര്‍ക്ക് സലാം പറയുക എന്നും കാണാം. അബൂ ജുംറ ഹുജൈമിയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ സലാം പറയുന്നതിന്റെ മര്യാദയില്‍ പെട്ട മറ്റു ചിലകാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ നബി (സ) എന്റെ അടുക്കല്‍ വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: “പ്രവാചകരേ അങ്ങേക്ക് സലാം”. (അലൈക്കസ്സലാം) അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. “നീ അലൈക്കസ്സലാം എന്ന് പറയരുത്, നിശ്ചയം അങ്ങിനെ പറയുന്നത് മരണപ്പെട്ടവര്‍ക്ക് മേലുള്ള അഭിവാദ്യമാണ്” (അബൂ ദാവൂദ്, തിര്‍മുദി). സത്യനിഷേധികളോട് സലാം കൊണ്ട് ആരംഭിക്കരുതെന്നും അവര്‍ അപ്രകാരം പറയുന്ന പക്ഷം ‘നിങ്ങള്‍ക്കും’ എന്ന് മാത്രം പറയാമെന്നും ഹദീസുകളില്‍ കാണാം.

ഒരു സഭയില്‍യില്‍ നിന്ന് പിരിയുമ്പോള്‍ എന്താണ് ചെയ്യേണ്ടത്?
അബൂ ഹുറൈറയില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറഞ്ഞു: “നിങ്ങളിലാരെങ്കിലും ഒരു സദസ്സില്‍ നിന്ന് പിരിയുന്ന പക്ഷം സലാം പറഞ്ഞ് കൊണ്ട് പിരിയണം”. തീര്‍ച്ചയായും പ്രവാചകന്‍ (സ) ഹസ്തദാനത്തോടെ സലാം പറയുന്നതിനെ നന്നായി ഇഷ്ടപ്പെട്ടിരുന്നു.(അബൂദാവൂദ്, തിര്‍മുദി). ബര്‍റാഅ് (റ) വില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറയുന്നു: “മുസ്‌ലിംകളായ രണ്ടു പേര്‍ കണ്ടു മുട്ടുകയും ഹസ്തദാനം നടത്തുകയും ചെയ്താല്‍ രണ്ടുപേരുടെയും മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുക തന്നെചെയ്യും”. (അബൂദാവൂദ്, തിര്‍മുദി, ഇബ്‌നുമാജ)

2. ക്ഷണം സ്വീകരിക്കല്‍
ഒരാള്‍ സദ്യക്കോ മറ്റോ ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കുക. എന്നാല്‍ അത്തരം ചടങ്ങുകള്‍ അനിസ്‌ലാമികമോ, അധാര്‍മ്മികത നിറഞ്ഞതോ ആണെങ്കില്‍ പങ്കെടുക്കല്‍ അനുവദനീയമല്ല. ഉമര്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു. “ഒരാള്‍ വിവാഹത്തിലേക്കോ മറ്റോ ക്ഷണിക്കപ്പെട്ടാല്‍ അതിന് ഉത്തരം കൊടുക്കുക”. (മുസ്‌ലിം). ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ പ്രധാനഘടകമാണ് പരസ്പരമുള്ള ഗൃഹ സന്ദര്‍ശനങ്ങള്‍. ക്ഷണിക്കുമ്പോള്‍ അതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്യുന്നത് പരസ്പരമുള്ള സ്‌നേഹബന്ധങ്ങളെ ഈടുറ്റതാക്കിത്തീര്‍ക്കുന്നു. ഇനി ക്ഷണം മറ്റു വല്ല കാരണങ്ങളാലോ നിരസിക്കേണ്ടി വന്നാല്‍ പോലും അത് മാന്യമായിട്ടായിരിക്കണം.

ഒരാൾ സന്തോഷപൂര്‍വ്വം ക്ഷണിക്കുകയും യാതൊരു കാരണവുമില്ലാതെ അവഗണിക്കുകയും ചെയ്യുന്നത് ബന്ധങ്ങളില്‍ അകല്‍ച്ചക്ക് മാത്രമേ വഴിവെക്കൂ. അതിനാലാണ് വിശ്വാസികള്‍ തമ്മിലുള്ള പരസ്പര ബാധ്യതകളില്‍ പ്രധാനമായി തന്നെ ഇക്കാര്യം സൂചിപ്പിച്ചത്. ഇനി ഒരാള്‍ ഇപ്രകാരം സദ്യയില്‍ പങ്കെടുക്കുകയും പിന്നീട് പിരിഞ്ഞ് പോരാതെ അവിടെതന്നെ അനാവശ്യമായി ചുറ്റിത്തിരിഞ്ഞ് നില്‍ക്കുന്നതും ഭൂഷണമല്ല. പ്രവാചകനുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നത് കാണാം: “വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ അനുവാദമില്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന്ന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യംപറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. ” (33: 53  ).  ആതിഥ്യം സ്വീകരിച്ച് മടങ്ങിപ്പോരുമ്പോള്‍ ആഹാരം തന്നതിന്റെ പേരില്‍ അദ്ദേഹത്തോട് നന്ദി പറയുകയും ആതിഥേയന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് പുണ്യകരമാണ്.

3. ഉപദേശം നല്‍കുക
മുസ്‌ലിംകള്‍ തമ്മിലുള്ള പരസ്പര ബാധ്യതകളില്‍ മൂന്നാമതായി എണ്ണിപ്പറഞ്ഞത് ഒരാള്‍ തന്റെ സുഹൃത്തിനോട് ഏതെങ്കിലും വിഷയത്തില്‍ ഉപദേശം തേടിയാല്‍ അത് നല്‍കുക എന്നതാണ്. അല്ലാഹു പറയുന്നു: “കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ” (ഖുര്‍ആന്‍ 103:1-3). പ്രവാചകന്‍ (സ) ഇക്കാര്യത്തെ ഇപ്രകാരം സ്ഥിരപ്പെടുത്തുന്നു. “അദ്ദീനു അന്നസ്വീഹ” -ഇസ്‌ലാം ഗുണകാംക്ഷയാണ്. അപ്പോള്‍ പ്രവാചകനോട് ചോദിക്കപ്പെട്ടു. “ആരോടെല്ലാം”? അവിടുന്ന് പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ റസൂലിനോടും മുസ്‌ലിം നേതാക്കളോടും പൊതുസമൂഹത്തോടും” (മുസ്‌ലിം/ അബൂറുഖ്‌യ തമീം ബിന്‍ ഔസുദ്ദാരി).

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പലരീതിയിലുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായി വരാറുണ്ട്. പല തരത്തിലുള്ള നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അനിവാര്യമായി വരും. അത്തരം സമയങ്ങളില്‍ ഗുണകാംക്ഷ പൂര്‍വ്വമുള്ള ഇടപെടലുകള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരസ്പര ബാധ്യതയില്‍ പെട്ടതാണ്.

4. തുമ്മുമ്പോഴുള്ള സ്തുതിയും പ്രാര്‍ഥനയും
തുമ്മിയാല്‍ അല്ലാഹുവിനെ സ്തുതിക്കുന്നത് സുന്നത്തായ കര്‍മ്മമാണ്. ഇത് കേള്‍ക്കുന്ന വിശ്വാസി അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും മര്യാദയാണ്. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേല്‍ ബാധ്യതയായിട്ടുള്ള കര്‍മ്മമായിട്ടാണ് ഇതിനെ കണക്കാക്കിയിട്ടുള്ളത്. ഇക്കാര്യം പ്രവാചകന്‍ (സ) ഇപ്രകാരം സ്ഥിരീകരിക്കുന്നു: “നിങ്ങളിലാരെങ്കിലും തുമ്മിയാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ (അല്‍ഹംദുലില്ലാ). അപ്പോള്‍ സഹോദരന്‍ തന്റെ സുഹൃത്തിന് വേണ്ടി ‘യര്‍ഹമുകല്ലാഹ്’ (അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ) എന്ന് അവന്‍ പറഞ്ഞാല്‍ ഇപ്രകാരം തിരിച്ച് പറയട്ടെ: ‘യഹ്ദീകുമുല്ലാഹ് യുസ്‌ലിഹ് ബാലകും, (അല്ലാഹു താങ്കള്‍ക്ക് നേര്‍മാര്‍ഗം നല്‍കുകയും കാര്യങ്ങള്‍ നന്നാക്കുകയും ചെയ്യട്ടെ) (ബുഖാരി/ അബൂഹുറൈറ). പ്രവാചകന്‍(സ) തുമ്മുമ്പോള്‍ മറ്റുള്ളവരെ പ്രയാസപ്പെടുത്താതിരിക്കാനായി കയ്യോ വസ്ത്രമോ മറച്ചു പിടിച്ച് ശബ്ദം താഴ്ത്തി അത് നിര്‍വ്വഹിക്കുമായിരുന്നു.(അബൂദാവൂദ്, തിര്‍മുദി/ അബൂ ഹുറൈറ)

5. രോഗസന്ദര്‍ശനം
റസൂല്‍ (സ) ഇപ്രകാരം പറയുന്നു: “നിങ്ങള്‍ രോഗികളെ സന്ദര്‍ശിക്കുക, വിശക്കുന്നവന് അന്നം നല്‍കുക, അടിമകളെ മോചിപ്പിക്കുക” ബുഖാരി/ അബൂമൂസ).
ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു ഇപ്രകാരം പറയുന്നു. ‘അല്ലയോ ആദം സന്തതികളെ…ഞാന്‍ രോഗിയായി. എന്നിട്ടും നിങ്ങളെന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ നിങ്ങൾ പറയും. ഞങ്ങളെങ്ങിനെ നിന്നെ സന്ദര്‍ശിക്കും. നീ സര്‍വ്വലോകങ്ങളുടെയും രക്ഷിതാവല്ലേ? അപ്പോള്‍ ഇപ്രകാരം പറയും: എന്റെ ഇന്ന അടിമ രോഗിയായിരുന്നതായി നിനക്കറിയാമായിരുന്നു. പക്ഷെ, നീ അയാളെ സന്ദര്‍ശിച്ചില്ല. നീ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ നിനക്കവിടെ എന്നെ ദര്‍ശിക്കാമായിരുന്നു.'(മുസ്‌ലിം/ അബൂഹുറൈറ)

പ്രവാചകന്‍ (സ) രോഗസന്ദര്‍ശനം പ്രോല്‍സാഹിപ്പിക്കുകയും അതിന് മഹത്തായ പ്രതിഫലം അറിയിക്കുകയും ചെയ്യുന്നു. സൗബാന്‍ (റ) വില്‍ നിന്ന് നിവേദനം: “നിശ്ചയം ഒരു മുസ്‌ലിം തന്റെ സഹോദരനായ മുസ്‌ലിമിനെ സന്ദര്‍ശിച്ചാല്‍ മടങ്ങിപ്പോരുന്നത് വരെ അവന്‍ സ്വര്‍ഗീയ ഫലസമൃദ്ധിയിലായിരിക്കും” (മുസ്‌ലിം). അലി (റ) ല്‍ നിന്ന് നിവേദനം: “പ്രദോഷമാവുമ്പോഴേക്ക് എഴുപതിനായിരം മാലാഖമാരുടെ പ്രാര്‍ഥനയോടെയല്ലാതെ ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ പ്രഭാതത്തില്‍ സന്ദര്‍ശിക്കുന്നില്ല, അതാവട്ടെ അവന് സ്വര്‍ഗത്തിലെ ഫലങ്ങളാണ്.’ (തിര്‍മുദി)

6. മയ്യിത്തിനെ അനുഗമിക്കുക
ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ അന്ത്യയാത്രയില്‍ ആ മയ്യിത്തിനെ അനുഗമിക്കുകയെന്നത് വിശ്വാസികള്‍ തമ്മിലുള്ള പരസ്പര ബാധ്യതകളില്‍ വളരെ ശ്രേഷ്ടകരമായിട്ടുള്ള കാര്യമാണ്. തന്റെ ശരീരം കൊണ്ട് സഹോദരനായ ഒരു മുസ്‌ലിമിനോട് ചെയ്യാനാവുന്ന അവസാനത്തെ കാര്യമാണ് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയെന്നത്.

അബൂ ഹുറൈറയില്‍ നിന്ന് നിവേദനം, റസൂല്‍(സ) പറയുന്നു: “ആരെങ്കിലും ഒരു ജനാസക്കൊപ്പം സാക്ഷ്യം വഹിച്ച് നമസ്‌കരിച്ചാല്‍ ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. ആരെങ്കിലും സംസ്‌കരിക്കുന്നതു വരെ സാക്ഷിയായാല്‍ അയാള്‍ക്ക് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്”. അപ്പോള്‍ ചോദിക്കപ്പെട്ടു. “ഈ രണ്ട് ഖീറാത്തിന്റെ അളവെത്രയാണ്”? അപ്പോള്‍ പറഞ്ഞു: ‘രണ്ട് വലിയ മലയോളം’ ‘(ബുഖാരി, മുസ്‌ലിം)

അപ്രകാരം ധാരാളം മുസ്‌ലിംകള്‍ ജനാസയെ അനുഗമിക്കുകയും കൂടുതല്‍ ശഫാഅത്തുകള്‍ ജനാസക്ക് വേണ്ടി നമസ്‌കരിക്കുന്നവരില്‍ നിന്ന് ലഭിക്കുകയും ചെയ്യും. പ്രവാചകന്‍(സ) പറഞ്ഞു: “മുസ്‌ലിംകളില്‍ നിന്ന് വലിയൊരു സമൂഹം ഒരു മയ്യിത്തിന് വേണ്ടി നമസ്‌കരിക്കുന്നതിലൂടെ അവരുടെയെല്ലാം ശഫാഅത്തിന് (ശുപാര്‍ശ) ആ വ്യക്തി പാത്രീഭവിക്കുന്നു.’ (മുസ്‌ലിം/ ആഇശ(റ))
ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം, റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു: “മുസ്‌ലിമായ ഒരാള്‍ മരണപ്പെടുകയും അയാള്‍ക്ക് വേണ്ടി ശിര്‍ക്ക് ചെയ്യാത്ത നാല്‍പത് പേരെങ്കിലും നമസ്‌കരിക്കുകയും ചെയ്താല്‍ അല്ലാഹു അവരില്‍ നിന്നും അയാള്‍ക്ക് വേണ്ടി ശുപാര്‍ശ സ്വീകരിക്കും” (മുസ്‌ലിം).

( കടപ്പാട് )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles