Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുകളുടെ അദൃശ്യമാകുന്ന ഉത്തരവാദിത്തങ്ങള്‍

പ്രവാചക കാല്‍പാദങ്ങളെ അനുഗമിക്കുന്നവര്‍ക്കുള്ള സന്മാര്‍ഗത്തിന്റെയും പ്രകാശത്തിന്റെയും ഗോപുരമാണ് പ്രവാചകന്‍(സ)യുടെ ജിവചരിത്രം. അപ്രകാരം അവര്‍ പ്രവാചക മാതൃകയിലൂടെ സഞ്ചരിക്കുകയാണ്. പ്രവാചകന്‍(സ)യുടെ ഇസ്‌ലാമിക പ്രബോധനത്തിന് പ്രധാനമായി രണ്ട് ഘട്ടങ്ങളാണുള്ളത്. അവ ഈ ദീനിന്റെ ഭാവിയെ അടയാളപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. ഒന്നാമത്തെ ഘട്ടമെന്നത് രഹസ്യ പ്രബോധനത്തിലൂടെയുള്ള തുടക്കമായിരുന്നു. ഇത് മക്കയിലെ പ്രമാണിമാര്‍ക്ക് നിരന്തര തലവേദനയായിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിലൂടെ, സമൂഹം വിശ്വസിക്കുന്നവര്‍ അല്ലെങ്കില്‍ നിഷേധിക്കുന്നവര്‍ എന്നിങ്ങനെ വേര്‍തിരിയുകയായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ പ്രവാചക അനുയായികള്‍ കൊടിയ ശിക്ഷയും, പീഢനങ്ങളും അനുഭവിച്ചു. കൂടാതെ, അവര്‍ സ്വന്തം നാട്ടില്‍നിന്ന് പുറത്താക്കപ്പെട്ടു. അവരുടെ കൈയിലെ ആയുധമെന്നത്, ക്ഷമയും, സ്ഥൈര്യവും, പ്രതിസന്ധികളെ അവഗണിക്കുന്നതിനും, മനസ്സിനെ അല്ലാഹുവിന്റെ തീരുമാനത്തില്‍ ബന്ധിപ്പിക്കുന്നതിനുമുള്ള പ്രവാചക(സ)യുടെ ആഹ്വാനമായിരുന്നു.

വിശ്വാസികള്‍ അഭയംതേടി പുതിയ ദേശത്തെ കണ്ടെത്താനുള്ള ശ്രമമായിരുന്ന ഹിജ്‌റയിലൂടെ സമാരംഭം കുറിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. ഇത് ഭൗതികമായും ആശയപരമായും മനസ്സിനും ശരീരത്തിനും ഒരുപോലെ അഭയം പ്രാപിക്കാന്‍ പര്യാപ്തമായ ദേശമായിരുന്നു. ഈ ദേശത്തിന് മുന്നോട്ടുപോകുന്നതിന് അടിസ്ഥാനങ്ങളും വ്യവസ്ഥകളും അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ ലോകത്തുള്ള വ്യത്യസ്ത ഭാഷ സംസാരിക്കുന്ന-സംസ്‌കാരമുള്ള-രാജ്യക്കാരായ മുഴുവന്‍ മനുഷ്യര്‍ക്കും ഇസ്‌ലാമിക സന്ദേശം എത്തിക്കുന്നതിന് സുശക്തമായ അടിസ്ഥാനവും കുറ്റമറ്റ കേന്ദ്രവും സംവിധാനിച്ചു. പ്രവാചകന്‍(സ) യസ്‌രിബിന്റെ മണ്ണിലേക്ക് കാലെടുത്തുവെച്ച് കല്ലുകളും കട്ടകളുമുപയോഗിച്ച് ഈ യുവ സമൂഹത്തിന് അടിത്തറ പാകുകയായിരുന്നു. അത് മസ്ജിദിന്റെ നിര്‍മാണമായിരുന്നു. വ്യത്യസ്ത ഉമ്മമാരുടെ ഗര്‍ഭപാത്രത്തിലാണ് ജനിച്ചതെങ്കിലും, വിശ്വാസം അവരെ സഹോദരങ്ങളാക്കി മാറ്റുകയാണ്! പ്രവാചകന്‍(സ)യുടെ ഇത്തരം തീരുമാനത്തിലൂടെ പ്രകടമാകുന്നത് മസ്ജിദിന്റെ പ്രാധാന്യം വ്യക്തിതലത്തിലും, സാമൂഹികതലത്തിലും എത്രത്തോളം അനിവാര്യമാണെന്ന പ്രവാചക ബോധ്യമാണ്. അതിനാല്‍ മസ്ജിദുകള്‍, ഇരുണ്ട വഴികള്‍ക്ക് വെളിച്ചമാകുന്ന ഗോപുരമായും വിശ്വാസികളുടെ മനസ്സില്‍ നിലകൊള്ളുന്ന വികാരമായും മാറേണ്ടതുണ്ട്.

Also read: മുസ്‌ലിം ഉമ്മത്തിന്റെ വജ്രായുധം

അല്ലാഹുവിന്റെ ഭവനമാണ് മസ്ജിദ്. പരിശുദ്ധമായ എല്ലാ സ്ഥലങ്ങളും മസ്ജിദുകള്‍-അല്ലാഹുവിന്റെ ഭവനങ്ങള്‍ തന്നെയാണ്. എന്നിരുന്നാലും, മസ്ജിദിന്റെ പ്രത്യേകത അത് ഇബാദത്തിന് മാത്രമായി ഗണിക്കപ്പെടുന്ന സ്ഥലമാണെന്നതാണ്. മസ്ജിദിന്റെ ഉത്തരവാദിത്തങ്ങളില്‍പ്പെട്ടതാണ് പരിശുദ്ധമായ സ്ഥലങ്ങള്‍ ആരാധനക്കായി കണ്ടെത്തുകയെന്നത്. എന്നാല്‍, ഉത്തരവാദിത്തങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പൂര്‍ത്തീകരിക്കുന്ന കാര്യങ്ങളില്‍ പള്ളികള്‍ വിമുഖത കാണിക്കുന്നു. ഇമാം ഗസ്സാലി പറയുന്നു: പ്രവാചകന്‍(സ) തിരിഞ്ഞ് നമസ്‌കരിച്ച മസ്ജിദ്- മദീനിയിലെത്തി മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് നിര്‍മിച്ച മസ്ജിദ് ആരാധന നടത്തുന്നതിനുള്ള സ്ഥലം മാത്രമായിരുന്നില്ല. ഭൂമി മുഴുവനും മസ്ജിദാണ്. വിശ്വാസിക്ക് ആരാധന നടത്താന്‍ പ്രത്യേകമായ സ്ഥലമൊന്നുമില്ല! തീര്‍ച്ചയായും, ഇസ്‌ലാം ഏറ്റവും പ്രാധാന്യത്തോടെ കാണുകയും, വലിയ അര്‍ഥത്തില്‍ പരിഗണിക്കുകയും ചെയ്യുന്ന ചിഹ്നമാണ് മസ്ജിദ്. അത് അവന്റെ അടിമക്ക് രാവും പകലും അല്ലെങ്കില്‍ സമയബന്ധിതമല്ലാതെ എപ്പോഴും എത്തിച്ചേരുന്നതിനുള്ള സംവിധാനമാണ്.

ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന വലിയൊരു സമൂഹത്തിന്റെ ചെറിയ സങ്കല്‍പമാണ് പള്ളികളെന്ന് പറയുന്നത്. പള്ളികള്‍ക്ക് നിയമങ്ങളും, ഉത്തരവാദിത്തങ്ങളും, ചിട്ടകളും, അതിര്‍വരമ്പുകളും, അവകാശങ്ങളമുണ്ട്. പള്ളിയുടെ പ്രാധാന്യം നിരവധിയാണ്:-

ഒന്ന്: അല്ലാഹുവിനെ ഓര്‍ക്കുന്നതിനും, ഇബാദത്ത് ചെയ്യുന്നതിനുമായി ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലമാണ് മസ്ജിദ്. അല്ലാഹുവിന്റെ മാലാഖമാര്‍ അവരിലേക്ക് ഇറങ്ങിവരുന്നതാണ്. ‘ഒരു കൂട്ടര്‍ അല്ലാഹുവിന്റെ പള്ളികളിലൊന്നില്‍ ഖുര്‍ആന്‍ പാരായണം നടത്തുകയും, പിഠിക്കുകയും ചെയ്യുകയാണെങ്കില്‍, പ്രശാന്തത അവരിലേക്ക് പ്രസരിക്കുകയും, കാരുണ്യത്താല്‍ അവര്‍ ആവരണം ചെയ്യപ്പെടുകയും, അല്ലാഹുവിന്റെ മാലാഖമാര്‍ അവരെ വലയം ചെയ്യപ്പെടുകയും, അല്ലാഹു അടുത്തുള്ള മാലാഖമാരോട് അവരെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ്.’
രണ്ട്: മസ്ജിദുകള്‍ മുഖേന വിശ്വാസി ഉന്നതനാവുകയും, ആകാശത്തേക്ക് ഉയരുകയും ചെയ്യുന്നതാണ്. ദുനിയാവിലെ എല്ലാ ബാധ്യതകളും പ്രയാസങ്ങളും ഇറക്കിവെച്ച് അല്ലാഹുവിലേക്ക് തിരിയുന്നതിനും നന്മ പ്രതീക്ഷിക്കുന്നതിനുമുള്ള സ്ഥലമാണ് പള്ളികള്‍.
മൂന്ന്: വിജ്ഞാനത്തിന്റെ സര്‍വകലാശാലയും, ജ്ഞാനത്തിന്റെ വേദിയും, ഇസ്‌ലാമിക വിധികള്‍ പഠിപ്പിക്കുന്ന സ്ഥാപനവും, നന്മ കല്‍പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിനുള്ള കേന്ദ്രവുമാണ് പള്ളികള്‍.

Also read: ശഹീന്‍ ബാഗ് സമരമുഖം ഇന്ത്യയെ ഏകോപിപ്പിക്കുന്ന വിധം

നാല്: ആളുകള്‍ക്ക് പരസ്പരം അറിയുന്നതിനും, അടുക്കുന്നതിനും, വന്നിട്ടില്ലാത്തവരെ ഓര്‍ക്കുന്നതിനും, രോഗികളെ സന്ദര്‍ശിക്കുന്നതിനുമുള്ള പ്രേരണയാണ് പള്ളികള്‍.
അഞ്ച്: വ്യവസ്ഥ-ചിട്ടങ്ങള്‍ നിശ്ചയിക്കുന്നതിനും, വിശ്വാസികളെ ഐക്യപ്പെടുത്തുന്നതിനും, അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നതിനുള്ള ആഹ്വാനം നല്‍കുന്നതിനുള്ള സംവിധാനമാണ് പള്ളികള്‍.
ആറ്: പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ, വലിയവനെന്നോ, ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സ്‌നേഹവും സാഹോദര്യവും പ്രസരിപ്പിക്കുന്ന കേന്ദ്രമാണ് പള്ളികള്‍.
ഏഴ്: ആളുകള്‍ പരസ്പരമറിയുന്നതിനും, മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള സ്ഥലമാണ് പള്ളികള്‍.
എട്ട്: ഇസ്‌ലാമിക സന്ദേശമെത്തിക്കുന്നതിനുള്ള സൈന്യത്തിന്റെ കോട്ടയാണ് പള്ളികള്‍.
വ്യക്തിയെയും സമൂഹത്തെയും രീപീകരിക്കുന്നതില്‍ മസ്ജിദുകള്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഒരു കാലത്ത് പള്ളികള്‍ നിര്‍വഹിച്ച ഉത്തരവാദിത്തങ്ങളിലേക്ക് നാം തിരിച്ച് നടക്കേണ്ടതായിട്ടുണ്ട്.

അലവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles