Faith

തവക്കുൽ: നംറൂദിന്റെ തീക്കുണ്ഡങ്ങളിൽ തണുപ്പ് നിറച്ച ആത്മീയശക്തി

നമ്മുടെ ജീവിതത്തിൽ കേവലം നല്ലതു സംഭവിക്കാൻ വേണ്ടി പ്രാർഥിക്കുകയും (സാഹചര്യം എത്ര അനിശ്ചിതത്വത്തിലാണെങ്കിലും) നല്ലതിനെ മാത്രം ഉറപ്പോടെ പ്രതീക്ഷിക്കുകയും ചെയ്യുന്നതിനെയാണ് ‘തവക്കുൽ’ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഞാൻ കരുതിയിരുന്നത്. അല്ലാഹുവിന്റെ മഹത്തായ പദ്ധതിയിലുള്ള വിശ്വാസം കൂടിയാണ് തവക്കുൽ എന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിരിക്കുന്നു എന്നു നിങ്ങൾ കരുതുന്ന അങ്ങേയറ്റം മോശമായ അവസ്ഥയിൽ, കഠിനമായ പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ, നിങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന പരീക്ഷണഘട്ടത്തിൽ നന്മയുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്നതും കൂടിയാണ് തവക്കുൽ. അല്ലാഹുവിന്റെ മഹത്തായ കാരുണ്യമാണ് പരീക്ഷണം. സ്വന്തം മാതാവ് സ്നേഹിക്കുന്നതിനേക്കാൾ അനേകമായിരം മടങ്ങ് അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ഓർക്കുക. ഇപ്പോൾ നിങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന പരീക്ഷണഘട്ടത്തിന് ഒരുനാൾ നിങ്ങൾ അവനോട് നന്ദി പറയും, കാരണം അതിലൂടെ നിങ്ങൾ ഒരുപാട് അനുഗ്രങ്ങൾ കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ടാകും.

“അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും, എന്നാൽ മനുഷ്യരിൽ അധികപേരും അതറിയുന്നില്ല.” (ഖുർആൻ 12:21)

സുറത്തുൽ യൂസുഫിൽ, അസൂയാലുക്കളായ സ്വന്തം സഹോദരൻമാരാൽ കിണറ്റിലെറിയപ്പെടുകയും, സ്നേഹനിധിയായ പിതാവിൽ നിന്നും പറിച്ചുമാറ്റപ്പെടുകയും, ശേഷം അടിമയായി വിൽക്കപ്പെടുകയും ചെയ്ത യൂസുഫ് നബിയെ കുറിച്ച് പരാമർശിച്ചതിനു ശേഷമാണ് അല്ലാഹു ഈ സൂക്തം നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്, അതും പരീക്ഷണം സ്ത്രീയുടെയും തടവറയുടെയും രൂപത്തിൽ അദ്ദേഹത്തെ തേടി വരുന്നതിനും മുമ്പ്… എന്തുകൊണ്ട്? അതേസമയം, ജീവിതത്തിൽ എന്തെങ്കിലും പ്രയാസം നേരിട്ടാൽ ഭൂരിഭാഗം ആളുകൾക്കും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നതു കാണാം, അവർ നിരാശയിൽ അടിപ്പെട്ട് പ്രാർഥനകൾ ഉപേക്ഷിക്കും. ഇത്തരം ചതിക്കുഴികളിൽ നാം ഒരിക്കലും വീഴാൻ പാടില്ല. ഒരുപക്ഷേ സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയും പ്രയാസങ്ങൾ തുടരുകയും ചെയ്തേക്കാമെങ്കിലും, നമ്മുടെ കാര്യങ്ങളുടെ പൂർണനിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലുണ്ടെന്നും, നിലവിലെ പ്രയാസകരമായ അവസ്ഥ കൊണ്ട് ഈ ലോകത്തും പരലോകത്തും ആത്യന്തികമായ ചില നേട്ടങ്ങൾ നമുക്കു കരഗതമാകുമെന്നും നാം ഓർക്കേണ്ടതുണ്ട്.

Also read: ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-1

“ഒരു കാര്യം നിങ്ങൾക്കു (വാസ്തവത്തിൽ) ഗുണകരമായിരിക്കെ, നിങ്ങൾക്കതിനോട് വെറുപ്പുണ്ടായേക്കാം; ഒരു കാര്യം നിങ്ങൾക്ക് (വാസ്തവത്തിൽ) ദോഷകരമായിരിക്കെ, നിങ്ങൾ അതിനെ ഇഷ്ടപ്പെടുകയും ചെയ്തേക്കാം. (യാഥാർഥ്യം) അല്ലാഹു അറിയുന്നു; നിങ്ങൾക്ക് അറിയുകയില്ല.” (ഖുർആൻ 2: 216)

അല്ലാഹുവാണ് നമ്മെ ഈ പ്രയാസത്തിൽ അകപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ, യൂസുഫ് നബിയുടെ കാര്യത്തിലെന്ന പോലെ, അല്ലാഹു തന്നെ ഈ പ്രയാസത്തിൽ നിന്ന് നമ്മെ കരകയറ്റുകയും ചെയ്യും. സ്വന്തം സഹോദരൻമാരാൽ യൂസുഫ് നബി കിണറ്റിൽ എറിയപ്പെട്ടിരുന്നില്ലെങ്കിൽ, അദ്ദേഹം ഈജിപ്തിന്റെ ധനകാര്യ മന്ത്രിയാകുമായിരുന്നില്ല. അദ്ദേഹം കിണറ്റിലെറിയപ്പെട്ട ആ ദിവസമാണ് അനുഗ്രങ്ങളിലേക്കുള്ള പാത അദ്ദേഹത്തിനു എളുപ്പമാക്കപ്പെട്ടത്. ധനകാര്യ മന്ത്രിപദം, സമ്പത്ത്, ആദരവ് തുടങ്ങി അനവധി അനുഗ്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അതിനെല്ലാം പുറമെ പ്രവാചക പദവിയും സ്വർഗവും അദ്ദേഹത്തിനു നൽകപ്പെട്ടു. തന്റെ സഹനത്തിന്റെ ഫലങ്ങൾ അവസാനം യൂസുഫ് നബി കണ്ടു. യൂസുഫ് നബിയുടെ സഹനം നമുക്കുണ്ടാവേണ്ടതുണ്ട്. കാരണം, എന്നാണോ നമ്മുടെ പരീക്ഷണ കാലം ആരംഭിക്കുന്നത് അന്നു തന്നെയാണ് നമുക്കു നിശ്ചയിക്കപ്പെട്ട ആദരവിന്റെയും അനുഗ്രങ്ങളുടെയും എളുപ്പത്തിന്റെയും വാതായനങ്ങൾ തുറക്കപ്പെടുന്നത്.

അബ്ദുല്ലാഹിബ്നു അബ്ബാസിൽ (റ)ൽ നിന്ന് നിവേദനം, അദ്ദേഹം പറയുന്നു: പ്രവാചകന്റെ പിറകിലായിരിക്കെ ഒരു ദിവസം പ്രവാചകൻ (സ) എന്നോട് പറഞ്ഞു: “അല്ലയോ കുട്ടീ, നിനക്ക് ഞാൻ ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെയോ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ അല്ലാഹു നിന്നെ കാത്തുരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവനെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നിനക്ക് വല്ലതു ചോദിക്കാനുണ്ടെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ ഒരു കാര്യം മനസ്സിലാക്കുക: ലോകത്തുള്ള മുഴുവനാളുകളും ഒരുമിച്ചു നിന്നുകൊണ്ട് നിനക്ക് വല്ല ഉപകാരവും ചെയ്യുവാൻ ഉദ്ദേശിച്ചാലും, അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കുകയില്ല. അതുപോലെ നിനക്ക് വല്ല ഉപദ്രവം വരുത്താൻ വേണ്ടി അവർ മുഴുവനും ഒരുമിച്ചാലും നിനക്ക് അല്ലാഹു വിധിച്ചതല്ലാതെ ഒരുപദ്രവത്തിനും അവർക്കു സാധ്യമല്ല തന്നെ. പേനകൾ ഉയർത്തുകയും, പേജുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു.” (തുർമുദി)

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാവുന്നതാണ്. “നീ അല്ലാഹുവിനെ സൂക്ഷിക്കുക, നിനക്കവനെ നിന്റെ മുമ്പിൽ തന്നെ കാണാവുന്നതാകുന്നു. ഐശ്വര്യമുള്ള അവസരത്തിൽ അല്ലാഹുവിനെ നീ ഓർത്താൽ വിഷമഘട്ടങ്ങളിൽ അല്ലാഹു നിന്നെയും ഓർക്കും.. നീ ഒരു കാര്യം മനസ്സിലാക്കുക, നിന്നിൽ നിന്നും തെറ്റിപ്പോയ ഒന്നും തന്നെ നിന്നെ ബാധിക്കുകയില്ല, അതുപോലെ നിന്നെ ബാധിച്ചത് നിന്നിൽ നിന്നും തെറ്റിപോവുകയുമില്ല. സഹായം സഹനത്തോടൊപ്പവും, ആശ്വാസം ദുഃഖത്തോടൊപ്പവും, എളുപ്പം പ്രയാസത്തോടൊപ്പവുമുണ്ടെന്ന് അറിയുക.”

Also read: നമ്മുടെ ചരിത്രം ആര് നിർമ്മിക്കും?

“മഅ” എന്ന അറബി വാക്കിന്റെ അർഥം “കൂടെ” എന്നാണ്. സ്ഥിരോത്സാഹത്തെ വിജയത്തോടൊപ്പവും, കഷ്ടതയെ ആശ്വാസത്തോടൊപ്പവും ചേർത്തു പറയുമ്പോൾ അതിനർഥം ഒന്ന് കുറച്ച് സമയത്തിനു ശേഷം മറ്റൊന്നിനെ പിന്തുടരുന്നു എന്നല്ല അർഥം, മറിച്ച് രണ്ടും ഒരുമിച്ചു വരുന്നതു പോലെ ഒന്ന് മറ്റൊന്നിനെ വളരെ അടുത്ത് പിന്തുടരുന്നു എന്നാണ് അർഥം. അതിനാൽ, പരീക്ഷണഘട്ടം ആരംഭിക്കുമ്പോൾ തന്നെ ആശ്വാസഘട്ടവും ആരംഭിക്കുന്നതാണ്. എന്തു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും അൽപ്പസമയം നാം സഹനമവലംബിക്കേണ്ടതുണ്ട്, കാരണം ആശ്വാസം നമ്മുടെ അടുത്തായി തന്നെയുണ്ട്, സ്ഥിരോത്സാഹം കേടാതെ സൂക്ഷിക്കുക, കാരണം വിജയം തൊട്ടടുത്തുണ്ട്.

നാം ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുക എന്നത് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിൽ ഒന്നാണ്. അങ്ങനെ സംഭവിച്ചാൽ- അവൾക്ക്/അവന് പകരം വെക്കാൻ എനിക്കിനി ആരുണ്ട്? എന്ന ചോദ്യം മനസ്സിലേക്കു കടന്നുവരിക സ്വാഭാവികമാണ്. ഈ ചിന്ത തന്നെയാണ് ഭർത്താവായ അബൂ സലമ (റ) മരണപ്പെട്ടപ്പോൾ ഉമ്മു സലമയുടെ (റ) മനസ്സിലേക്കു കടന്നുവന്നത്. ഉമ്മു സലമയുടെ (റ) ജീവന്റെ ജീവനായിരുന്നു അബൂ സലമ (റ), അബൂ സലമയുടെ (റ) സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ തന്നെ ഉമ്മു സലമക്കു (റ) കഴിയുമായിരുന്നില്ല.

ഉമ്മു സലമ (റ) നിവേദനം ചെയ്യുന്നു, നബി (സ) അരുളി : “അല്ലാഹുവിന്റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസീബത്ത് (നാശം, നഷ്ടം, രോഗം, മരണം, ആപത്ത്) സംഭവിച്ചാൽ,
ഇപ്രകാരം “إِنّا للهِ وَإِنَا إِلَـيْهِ راجِعـون ، اللهُـمِّ اْجُـرْني في مُصـيبَتي، وَاخْلُـفْ لي خَيْـراً مِنْـها” (ഞങ്ങൾ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരാണ്, ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്. അല്ലാഹുവേ, എന്റെ ഈ വിപത്തിൽ എനിക്ക് പ്രതിഫലം നൽകേണമേ. അതിനു പകരം അതിലും ഉത്തമമായത് എനിക്ക് നൽകേണമേ!”) എന്നു പ്രാർഥിച്ചാൽ അല്ലാഹു അയാൾക്ക് അതിനു പകരം അതിലും ഉത്തമമായത് നൽകാതിരിക്കില്ല!”

ഉമ്മു സലമ (റ) പറഞ്ഞു : “അങ്ങനെ, (എന്റെ ഭർത്താവ്) അബൂ സലമ മരണപ്പെട്ടപ്പോൾ ഞാൻ അപ്രകാരം നബി (സ) കൽപ്പിച്ചതു പ്രകാരം പ്രാർഥിക്കുകയുണ്ടായി. അപ്പോൾ അല്ലാഹു അദ്ദേഹത്തേക്കാൾ ഉത്തമനായ നബി (സ)യെ എനിക്ക് (ഭർത്താവായി) നൽകി.” (മുസ്ലിം 918)

അബൂ സലമ മരണപ്പെട്ടപ്പോൾ ഉമ്മു സലമക്കു ആരെയാണ് അല്ലാഹു പകരം നൽകിയത് എന്നു നോക്കു. ഇസ്ലാമിന്റെ തുടക്കകാലം മുതൽ തന്നെ തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയ ഭർത്താവിന്റെ വേർപാടും, നാലു കുഞ്ഞുങ്ങളുടെ അനാഥത്വവും സൃഷ്ടിച്ച വേദനയിൽ പ്രാർഥനകളുമായി കഴിഞ്ഞിരുന്ന ഉമ്മു സലമക്ക് അല്ലാഹു നബി (സ)യെ ഭർത്താവായി നൽകി.

പ്രയാസങ്ങൾ നേരിടുകയോ പ്രിയപ്പെട്ടവ നഷ്ടപ്പെടുകയോ ചെയ്താൽ മുകളിൽ കൊടുത്ത പ്രാർഥന ചൊല്ലുകയും സഹനം അവലംബിക്കുകയും ചെയ്യുക. എന്തു തന്നെ നഷ്ടപ്പെട്ടാലും അതിനേക്കാൾ ഉത്തമമായ അനുഗ്രഹങ്ങൾ അതിനു പകരം അല്ലാഹു ഈ ലോകത്തും പരലോകത്തും നമുക്കു നൽകും. പ്രസ്തുത അനുഗ്രഹങ്ങൾ അനുഭവിക്കുന്ന അവസരം വരുമ്പോൾ, ആ പരീക്ഷണത്തിലൂടെ കൊണ്ടുപോയതിനു നാം അല്ലാഹുവിനോടു നന്ദി പറയുകയും, അല്ലാഹു നമ്മെ ഉപേക്ഷിച്ചിട്ടില്ലെന്ന് നമുക്കു ബോധ്യമാവുകയും ചെയ്യും. നമ്മുടെ ഓരോ പ്രാർഥനകളും അല്ലാഹു കേൾക്കുന്നുണ്ട്, നമ്മുടെ കാര്യങ്ങളുടെ പൂർണനിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിൽ ഭദ്രമാണെന്ന് മനസിലുറപ്പിക്കുക.

വിവ. മുഹമ്മദ് ഇർഷാദ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker