Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ ചരിത്രം ആര് നിർമ്മിക്കും?

നമ്മുടെ കൈവശമുള്ള ഏറ്റവും ആധികാരികമായ علم ന്റെ സമാഹാരമാണ് വിശുദ്ധ ഖുർആൻ. ഓരോ ഖുർആൻ വചനവും ജ്ഞാന പ്രകാശങ്ങളാണ്. هَٰذَا بَصَائِرُ مِن رَّبِّكُمْ
(ഇതു നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഉള്‍വെളിച്ചത്തിന്റെ കിരണങ്ങളാകുന്നു. )
6236 ഉൾക്കാഴ്ചകളാണ് അല്ലാഹു ഇതിലൂടെ നമുക്ക് പ്രധാനം ചെയ്യുന്നത്.
ഈ ഉൾക്കാഴ്ചയുടെ ടോർച്ച്ലൈറ്റ് ഇല്ലെങ്കിൽ ജീവിതത്തിൽ ശരിയായ നിലപാടുകളിൽ എത്തിച്ചേരാൻ നമുക്ക് സാധ്യമല്ല.

മഹാൻമാരായ പണ്ഡിതൻമാർ ചൂണ്ടിക്കാണിച്ചതുപോലെ: ഇരുട്ടിൽസഞ്ചരിക്കുന്ന ഒരു മനുഷ്യന്റെ കൈപിടിച്ച് ഏറ്റവും വലിയ ഗർത്തത്തിലേക് കൊണ്ടുപോകാൻ ഒരാൾക്ക് കഴിയും. പക്ഷേ അദ്ദേഹത്തിൻറെ കയ്യിൽ ഒരു ജ്ഞാന പ്രകാശം ഉണ്ടെങ്കിൽ ആ അപകടങ്ങളിലേക്ക് പോകാതിരിക്കാൻ സാധ്യമാകും. പരിശുദ്ധ ഖുർആന്റെ ഓരോ സൂക്തവും بصيرة ആണ്. بصيرةഎന്നതിന് ഭാഷാ പണ്ഡിതന്മാർ വിശദീകരിക്കുന്ന അർത്ഥംاتضاح الحق എന്നാണ്. ‘യാഥാർത്ഥ്യത്തിന്റെ വെളിവാകൽ സംഭവിക്കുന്നത്’ എന്തിലൂടെയാണോ അതിനെ بصيرة എന്ന് പറയുന്നു. അല്ലാഹുവിൻറെ അടുക്കൽ നിന്നുള്ള ആയിരക്കണക്കിന് بصيرة കളുടെ സമാഹാരമാണ് വിശുദ്ധ ഖുർആൻ.

Also read: ഇന്ത്യയിൽ ഇസ് ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ആരംഭം

നമ്മുടെയും നമ്മുടെ നാടിന്റെയും, സമുദായത്തിന്റെയും പരീക്ഷണ ഘട്ടങ്ങളിൽ ഈ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് വേണം നിലപാടെടുക്കാൻ.ആ അർത്ഥത്തിൽ പരിശുദ്ധ ഖുർആനിൽ വന്ന ഒരു പ്രയോഗം ശ്രദ്ധയിൽ പെടുത്തുകയാണ്. അല്ലാഹുവിൻറെ നടപടി ക്രമങ്ങൾ അനുസരിച്ച് (മാത്രമാണ് ) ലോകത്ത് കാര്യങ്ങൾ നടക്കുന്നത്. അതിൽ ഒരു മാറ്റവും സംഭവിക്കുകയില്ല. وَلَن تَجِدَ لِسُنَّتِ اللَّهِ تَحْوِيلًا (അല്ലാഹുവിന്റെ നടപടിയില്‍ ഒരു മാറ്റവും നീ കാണുകയില്ല.) സമൂഹങ്ങളും ,നാഗരികതകളും അവരുടെ നിലനിൽപ്പും, അതിജീവനവുമായി ബന്ധപ്പെട്ട് പ്രധാനമായ ഒരു അറിയിപ്പ്; അഥവാ അല്ലാഹുവിൻറെ നടപടിക്രമം എന്താണ് എന്ന് വിശദീകരിച്ച് തരുകയാണ്. അല്ലാഹു പറയുന്നു.
إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْۗ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُۚ وَمَا لَهُم مِّن دُونِهِ مِن وَالٍ.
(ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്താന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല.)
ഈ ആയത്തിന്റെ അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ട സംബോധിതർ മുശ് രിക്കുകൾ ആണെന്ന് നമുക്ക് പറയാമെങ്കിലും ആ പശ്ചാത്തലത്തിനുമപ്പുറത്ത് സമുദായങ്ങളുടെ അതിജീവനവും നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയം എന്ന നിലക്ക് സമീപിച്ചാൽ വളരെ ആഴമേറിയ പഠനങ്ങൾ നടക്കേണ്ട വിഷയമാണ്. ഓരോ സമൂഹവും സ്വയം നിർമ്മിക്കുന്നതാണ് അവരുടെ ചരിത്രം എന്ന് നമ്മൾ മനസ്സിലാക്കണം.
എപ്പോഴോ തെരഞ്ഞെടുക്കപ്പെട്ട ഒരു സമുദായം ആണെന്ന് പറഞ്ഞു കൊണ്ട്, എപ്പോഴും നമ്മൾ അല്ലാഹുവിൻറെ വിശിഷ്ടരായ വ്യക്തികളാണെന്നുള്ളന്ന സമീപനം സ്വീകരിച്ചത് ജൂതായിസം ആണ് .അത് യഹൂദ വീക്ഷണമാണ്. وَقَالَتِ الْيَهُودُ وَالنَّصَارَىٰ نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُۚ
(യഹൂദരും നസ്രായരും പറയുന്നു: ‘ഞങ്ങള്‍ ദൈവത്തിന്റെ പുത്രന്മാരും അവനു പ്രിയപ്പെട്ടവരുമാണ്.’)

ഞങ്ങൾ അല്ലാഹുവിൻറെ പ്രിയപ്പെട്ടവരും മക്കളുമാണെന്ന അവകാശവാദം ഉന്നയിച്ചത് ചരിത്രത്തിൽ ജൂത സമൂഹമാണ്. കേവലം അവകാശവാദങ്ങൾക്ക് അർത്ഥമില്ല എന്ന് നമ്മൾ അറിയണം. അല്ലാഹു എപ്പോഴോ തെരഞ്ഞെടുത്ത വിഭാഗമാണെന്ന് കരുതി കൈകെട്ടി ഇരിക്കുവാൻ നമുക്ക് സാധ്യമല്ല. അല്ലാഹു സ്വീകരിച്ച നടപടിക്രമം വ്യക്തികളിലും ജനതകളിലും സ്വീകരിച്ച സമീപനം ആണ്. إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْۗ
അവനവന്റെ അവസ്ഥകൾ അവനവൻ തന്നെ മാറ്റാതെ അല്ലാഹു മാറ്റുകയില്ല എന്നത് അല്ലാഹുവിൻറെ നടപടിക്രമങ്ങളായി വിശദീകരിക്കുകയാണ്. ഒരു ജനതയിൽ മാത്രമല്ല,വ്യക്തികളിലും ഈ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
فَأَمَّامَنْ أَعْطَىٰ وَاتَّقَىٰ ﴿٥﴾ وَصَدَّقَ بِالْحُسْنَىٰ ﴿٦﴾ فَسَنُيَسِّرُهُ لِلْيُسْرَىٰ ﴿٧﴾ وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ﴿٨﴾ وَكَذَّبَ بِالْحُسْنَىٰ﴿٩﴾فَسَنُيَسِّرُهُ لِلْعُسْرَىٰ
(ആര്‍ (ദൈവമാര്‍ഗത്തില്‍) ധനം നല്‍കുകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ, അവന്ന് നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു.എന്നാല്‍ ആര്‍ ലുബ്ധനാവുകയും (ദൈവത്തിന്റെ) ആശ്രയംവേണ്ടെന്നു നടിക്കുകയും നന്മയെ തള്ളിപ്പറയുകയും ചെയ്യുന്നുവോ അവന്ന് നാം ദുര്‍ഘടമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു )

Also read: ‘അല്‍ ഖുര്‍ആന്‍’ – പദാനുപദ വിശകലനവും വ്യാഖ്യാനവും

അല്ലാഹുവിൻറെ അടിയാറുകൾക്ക് നൽകുകയും, മതത്തെ – നന്മയെ സത്യപ്പെടുത്തുകയും ചെയ്യുന്നത് ആരാണോ? അവരെ ക്ഷേമത്തിലേക്ക് അല്ലാഹു കൂട്ടിക്കൊണ്ടുപോകും. എന്നാൽ ഒരുവൻ ലുബ്ധോട് കൂടി ജീവിക്കുകയും,ആരുടെയും ആശ്രയം വേണ്ടാത്തവനെന്നമട്ടിൽ താൻപോരിമ നടിച്ച് അല്ലാഹുവിൻറെ പ്രവാചകൻ കൊണ്ടുവന്ന സന്ദേശങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന വിധം അവനെ പ്രതിസന്ധികളിലക്ക്, ക്ലേശങ്ങളിലേക്ക് അല്ലാഹു നയിക്കും. ഒരു സമുദായമായും ബന്ധപെട്ട് ഈ കാര്യങ്ങൾ വളരെ ശരിയാണ്.
അതിന്റെ ആന്തരിക അവസ്ഥകളാണ് അതിന്റെ സാമൂഹിക അവസ്ഥകളെ നിർണയിക്കുന്നത് എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു. ഈ സമുദായത്തിന്റെ ആന്തരിക അവസ്ഥയെന്താണ്? നമ്മുടെ നിയോഗത്തിന്റെ അർത്ഥം എന്താണ്?
നിയോഗ പൂർത്തീകരണത്തിന്റെയും ദൗത്യ നിർവഹണത്തിന്റെയും മാർഗത്തിൽ നമ്മൾ എത്ര മാത്രം ശ്രദ്ധിക്കുന്നു എന്നത് വളരെ ഗൗരവത്തിൽ വിചാരണ നടത്തേണ്ട വിഷയമാണ്.
എന്തിനാണ് ഈ സമുദായം? അല്ലാഹുവിൻറെ അവകാശങ്ങൾ വകവെച്ചു കൊടുത്തും ,അല്ലാഹുവിൻറെ അടിയാറുകളുടെ അവകാശങ്ങൾ അവർക്കും വകവെച്ചു കൊടുത്ത് സന്തുലിതമായ ഒരു ജീവിതം ഭൂമിയിൽ നയിക്കേണ്ടവരാണ് മുസ്ലിം ഉമ്മത്ത് എന്ന് പറയുന്നത്.
നമസ്കാരവും സകാത്തും അത്തരത്തിൽ ഒരു സിമ്പലാണ്. അള്ളാഹുവിന് കൊടുക്കുന്ന അവകാശ പൂർത്തീകരണത്തിന്റെ പ്രതീകമാണ് നമസ്കാരം. അല്ലാഹുവിൻറെ അടിയാറുകളോട് ചെയ്ത് നിർവഹിക്കേണ്ട ധർമ്മങ്ങളുടെ പ്രതീകമാണ് സകാത്ത്.
അപ്പോൾ സ്വലാത്തും, സകാത്തും നിലനിൽക്കുന്ന ഒരു സമൂഹം എന്ന് പറഞ്ഞാൽ അല്ലാഹുവിനുള്ള അവകാശങ്ങൾ അവനും അവന്റെ അടിയാറുകൾക്കുള്ള അവകാശം അവർക്കും നൽകുന്ന സന്തുലിതമായ ഒരു സമുദായമാണ് മുസ്ലിം ഉമ്മത്ത് എന്നർത്ഥം.
രണ്ടും ആത്മപരിശോധന നടത്തേണ്ടതുണ്ട്.

പ്രത്യേകിച്ച് ഇത്തരം പരീക്ഷണങ്ങഘട്ടങ്ങളിൽ ഇത്തരം ആന്തരികമായ അവലോകനങ്ങളും,ആലോചനകളും വളരെ പ്രസക്തമാണ്. അല്ലാഹുവിൻറെ അധികാരങ്ങളും അവകാശങ്ങളും അവനല്ലാതെ മറ്റുള്ളവർക്ക് വകവെച്ചു കൊടുക്കുന്ന ഇടപാടുകളും പ്രവണതകളും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടോ എന്ന് സമുദായം പരിശോധിക്കണം. അല്ലാഹു പറയുന്നു: وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ (ദൈവേതരന്മാരെ ദൈവത്തിന്റെ പങ്കാളികളായി സങ്കല്‍പിച്ചുകൊണ്ടല്ലാതെ അവരിലധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല) മുശ് രിക്കുകളായി കൊണ്ട് മുഅ്മിനുകളാവുകയാണ് ഇവിടെ. അല്ലാഹുവിൻറെ അധികാരാവകാശങ്ങൾ ആരാധന, ആധിപത്യ മേഖലകളിലാണെങ്കിലും മറ്റുള്ളവർക്ക് ഏതെങ്കിലും അർത്ഥത്തിൽ പങ്കുവെച്ചു കൊടുക്കുകയാണെങ്കിൽ അത് ശിർക്കാണ്. ആ ശിർക്കിനോടുള്ള സമീപനം ഇന്ന് വളരെയധികം വർധിച്ചുകൊണ്ടിരിക്കുന്നു. ദർഗകളിലും മഖ്ബറകളിലും നടക്കുന്ന ചടങ്ങുകൾ ഇതിന് ഉദാഹരണമാണ്. വളരെ വിചിത്രമായിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തുമാത്രം ഭ്രാന്തുകളാണ് ആത്മീയതയുടെ പേരിൽ സമുദായത്തിൽ അരങ്ങേറുന്നത്. അന്ത്യ നാളിന്റെ അടയാളങ്ങളിൽ പ്രവാചകൻ പറഞ്ഞ ഒരു കാര്യം ഇങ്ങനെയാണ്: ഈ സമുദായത്തിൽ ശിർക്ക് വ്യാപിക്കുമെന്ന് മാത്രമല്ല, വിഗ്രഹാരാധന നടത്തുവോളം ഈ സമുദായം വ്യതിചലിക്കും.

റസൂൽ പറയുന്നു: لا تقوم الساعة حتى تضطرب أليات نساء دوس على ذي الخلصة . وكانت صنما تعبدها دوس في الجاهلية بتبالة
ദുൽഹലസ എന്ന് പറയുന്ന ഒരു ദേവതയുടെ ചുറ്റും ദൗസ് ഗോത്രത്തിലെ വനിതകൾ അവരുടെ പിൻ ഭാഗമിളക്കി നൃത്തം ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.
ജാഹിലിയ്യ കാലഘട്ടത്തിലെ തബാലയിൽ വെച്ച് ഗോത്രത്തിലെ പെണ്ണുങ്ങൾ ചെയ്തിരുന്ന ഒരു കാര്യമാണിത്, അവർ ആരാധിച്ചിരുന്ന ഒരു വിഗ്രഹമാണ് ذي الخلصة.
ആ ദേവതക്ക് മുമ്പിൽ പൃഷ്ടങ്ങളിളക്കി നൃത്തച്ചുവടുകൾ വച്ചിരുന്ന ജാഹിലിയ്യാ സമ്പ്രദായങ്ങൾ വീണ്ടും ഈ സമുദായത്തിൽ വരുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല എന്ന് റസൂൽ ഓർമ്മപെടുത്തുന്നു. ശിർക്കിന്റെ വൈവിധ്യമാർന്ന രൂപങ്ങൾ ഈ സമുദായത്തിലേക്ക് കടന്നുവരുന്നു. അല്ലാഹു അങ്ങേയറ്റത്തെ ഗൗരവത്തിൽ നിങ്ങളുടെ ജീവിതം പാഴായിപോകുമെന്ന് പരിശുദ്ധ ഖുർആനിൽ പ്രവാചകന്മാരെ പോലും സംബോധന ചെയ്തുകൊണ്ട് പഠിപ്പിച്ച ഒരു കാര്യമാണിത്. അല്ലാഹുവിൻറെ അധികാരാവകാശങ്ങൾ ആധിപത്യങ്ങൾ,നിയമം നിർമിക്കാനുള്ള റബ്ബിന്റെ وحدانية നെ സംബന്ധിച്ചുള്ള വലിയ തെറ്റിദ്ധാരണകളിൽ അകപ്പെട്ട ജനസമൂഹം. അത്തരം സമ്പ്രദായങ്ങളിലേക്ക് അല്ലാഹുവിന് പാർട്നർഷിപ് (partnership) സംവിധാനിക്കുന്ന തലങ്ങളിലേക്ക് അധ:പതിച്ചു പോകുമെന്ന് ഖുർആനും സുന്നത്തും മുന്നറിയിപ്പ് നൽകുന്നു. അല്ലാഹുവിൻറെ അധികാരാവകാശങ്ങൾ അവന് വകവെച്ചു കൊടുത്തും ,അവൻറെ അടിയാറുകൾക്ക് അവരുടെ അധികാരാവകാശങ്ങൾ നൽകിയും, എന്ന് പറഞ്ഞാൽ അവർ സഹായിക്കപ്പെടേണ്ട സമുദായമാണെന്നും, അവരുടെജീവിതവും വേദനയും നിങ്ങളുടെ വിഷയങ്ങളായി തീരണമെന്നും, നിങ്ങൾ സമ്പാദിക്കുന്നതിന്റെ നിശ്ചിത ഭാഗം അവർക്ക് വേണ്ടി മാറ്റി വെക്കണമെന്നും ഖുർആനും സുന്നത്തും നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ രണ്ട് സംഗതികളും സന്തുലിതമായി നിർവഹിക്കുന്ന ഒരു സമാജമായി ഉയർന്നു നിൽക്കണം. അഥവാ പടച്ചതമ്പുരാൻ ഈ സമുദായത്തെ ഏൽപ്പിച്ചിട്ടുള്ള ഡ്യൂട്ടികൾ കൃത്യമായി നിർവഹിക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നുണ്ടോ എന്ന് ഗൗരവത്തിൽ ആലോചിക്കണം. പ്രതിസന്ധി ഘട്ടങ്ങൾ നമുക്കുമുമ്പിൽ വരുമ്പോൾ ‘പടച്ചവനേ, രക്ഷിക്കണേ’ എന്ന പ്രാർത്ഥനക്കപ്പുറം നമ്മുടെ ആന്തരിക അവസ്ഥയെ ശരിയാക്കി എടുക്കണം. കാരണം ഈ ആന്തരിക അവസ്ഥയെ നോക്കിയിട്ടാണ് അല്ലാഹു സമൂഹത്തിൻറെ ബാഹ്യ അവസ്ഥയെ നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ചരിത്രം നിർമ്മിക്കേണ്ടത് നമ്മൾ തന്നെയാണ്. അള്ളാഹു നിർണയിച്ചു തന്ന ഡ്യൂട്ടികൾ നിർവഹിക്കുന്നെടത്ത് കൃത്യമായി , സജീവമായി മുന്നോട്ടു പോകുമ്പോഴാണ് അല്ലാഹുവിൻറെ സുന്നത്ത് പ്രകാരം ഈ സമുദായം ഇസ്സത്തിലേക്ക് പോവുക.
പോരിശകൾ പറയുന്നത് നിർത്തി പോരായ്മകൾ പരിഹരിക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടണം.

Also read: പത്രപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്ന കാലം

അപ്പോൾ മാത്രമേ സമരമുഖത്ത് പോലും ധീരതയോടെ നിൽക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. റസൂൽ സ്വഹാബികൾക്ക് പഠിപ്പിച്ചുകൊടുത്ത ഏറ്റവും വലിയ പ്രാർത്ഥന استقامةന് വേണ്ടിയുള്ള പ്രാർത്ഥനയാണ്. വലിയ പരീക്ഷണങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന സന്ദർഭങ്ങളിലും അല്ലാഹുവിന്റെ വഴിയിൽ ഉറച്ചു നിൽക്കണമെങ്കിൽ اللهم ارزقنا الاستقامة(പടച്ചവനെ ഈ മാർഗ്ഗത്തിൽ നീ ഞങ്ങൾക്ക് സ്ഥൈര്യം നൽകേണമേ ) എന്ന് പ്രാർത്ഥിക്കുവാനും നമുക്ക് സാധിക്കണം.

തയ്യാറാക്കിയത് : റിജുവാൻ എൻ. പി

Related Articles