Current Date

Search
Close this search box.
Search
Close this search box.

ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-1

ഇമാം ഇബ്നു തൈമിയ പറയുന്നു: ഈ സമൂഹത്തിലെ ഉത്തമ വനിതകള്‍ ഖദീജ(റ)യും, ആയിശ(റ)യും, ഫാത്വിമ(റ)യുമാണ്. ഇവരില്‍ ആരാണ് ശ്രേഷ്ഠയെന്നത് തര്‍ക്കവിഷയമാണ്. വിശ്വാസികളുടെ മാതാവായ ഖദീജ(റ), ആയിശ(റ) എന്നിവരില്‍ ആരാണ് ശ്രേഷ്ഠയെന്ന് ഇമാം ഇബ്നു തൈമിയ ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു; ഇസ്ലാമിലേക്ക് ആദ്യം വന്ന ഖദീജ(റ)യും അവരുടെ തുടക്ക കാലത്തെ സ്വാധീനത്തിലും, അക്കാലത്ത് ദീനിനെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതിനുമുള്ള അവരുടെ പ്രവര്‍ത്തനത്തിലും ആയിശ(റ)വിനും, മറ്റു പ്രവാചക പത്‌നിമാര്‍ക്കും (വിശ്വാസികളുടെ മാതാക്കള്‍) പങ്കില്ല. എന്നാല്‍, ഇസ്‌ലാമിന്റെ അവസാന കാലത്തെ ആയിശ(റ)വിന്റെ സ്വാധീനത്തിലും, ദീനീ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹത്തിലെത്തിക്കുന്നതിലും, അറിവ് ശേഖരിക്കുന്നതിലും ഖദീജ(റ)വിനും മറ്റു പ്രവാചക പത്‌നിമാര്‍ക്കും പങ്കില്ല. ഓരോരുത്തരും ഒന്നില്‍നിന്ന് മറ്റൊന്നുകൊണ്ട് വ്യത്യസ്തരാണ്. ഇമാം ഇബ്നു ഹജര്‍ പറയുന്നു: ഫാത്വിമ(റ)യുടെ ശ്രേഷ്ഠതയുടെ കാര്യത്തില്‍ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഖദീജ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് ശ്രേഷ്ഠതയെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. ഇമാം അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസിന് നല്‍കിയ വിശദീകരണത്തില്‍ ഇബ്നു ഹജര്‍ പറയുന്നു: ജിബ്‌രീല്‍ മാലാഖ പ്രവാചകന്‍(സ)യുടെ അടുക്കല്‍ വരികയും, ഖദീജ(റ)ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സലാം അറിയിക്കാന്‍ ജിബ്‌രീല്‍ മാലാഖ പ്രവാചകനോട് കല്‍പിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ സുഹൈലി പറയുന്നു: ഈ സംഭവത്തെ മുന്‍നിര്‍ത്തി ഖദീജ(റ)വിനാണ് ആയിശ(റ)യെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠതയുള്ളതെന്ന് അബൂബക്കര്‍ ബിന്‍ ദാവൂദ് തെളിവെടുക്കുന്നു. കാരണം, ജിബ്‌രീല്‍ മാലാഖയില്‍നിന്ന് ആയിശ(റ)വിന് സലാം ലഭിക്കമ്പോള്‍, ഖദീജ(റ)വിന് രക്ഷിതാവിങ്കല്‍ നിന്നുള്ള സലാമാണ് വന്നെത്തുന്നത്. ഖദീജ(റ)വിനാണ് ആയിശ(റ)യെക്കാള്‍ ശ്രേഷ്ഠതയെന്ന കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് ഇബ്നുല്‍ അറബി വാദിക്കുന്നു.

Also read: ‘അല്‍ ഖുര്‍ആന്‍’ – പദാനുപദ വിശകലനവും വ്യാഖ്യാനവും

ഹദീസുകളില്‍ ഓരോരുത്തരുടെയും ശ്രേഷ്ഠത പരിശോധിക്കുകയും, വിലയിരുത്തുകയും ചെയ്താല്‍ അവയെല്ലാം ഖദീജ(റ)യുടെയും, ഫാത്വിമ(റ)യുടെയും ശ്രേഷ്ഠതയാണ് വെളിപ്പെടുത്തുന്നത്. തുടര്‍ന്നാണ് ആയിശ(റ) വരുന്നത്. പ്രവാചകന്‍(സ) പറയുന്നു; ‘എന്റെ സമുദായത്തിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ശ്രേഷ്തയുള്ളത് ഖദീജ(റ)വിനാണ്.’ ‘ഖദീജ(റ)യും, ഫാത്വിമ(റ)യും, മറിയം ബീവിയും, ആസിയ ബിവിയുമണ് സ്വര്‍ഗാവകാശികളായ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ശ്രേഷ്ഠയുള്ളവര്‍.’ ഇബ്നു ഹജര്‍ പറയുന്നു: വിശ്വാസി സമുദായത്തിലെ സ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് ഖദീജ(റ)വിനാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പ്രവാചകന്‍(സ) പറയുന്നു: ‘മറിയം ഇബ്നത് ഇംറാനും, ഖദീജ ബിന്‍ത് ഖുവൈലിദും, ഫാത്വിമ ബിന്‍ത് മുഹമ്മദും, ഫിര്‍ഔനിന്റെ ഭാര്യ ആസിയയും മതി നിങ്ങള്‍ക്ക് ലോക സ്ത്രീകളില്‍!’ ഈ സമുദായത്തിലെ സ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠയുള്ളത് ഖദീജ(റ)വിനാണ് എന്നതിനുള്ള തെളിവാണിത്. ഹദീസുകളില്‍ വന്നിട്ടുള്ളതുപോലെ പ്രവാചക പുത്രി ഫാത്വിമ(റ)യാണ് ഖദീജ(റ) കഴിഞ്ഞാല്‍ വരുന്നത്. ‘അല്ലയോ ഫാത്വിമ, വിശ്വാസിനികളുടെ നേതാവാകുവാന്‍ അല്ലെങ്കില്‍ ഈ സമുദായത്തിലെ സ്ത്രീകളുടെ നേതാകുവാന്‍ നീ ആഗ്രിഹിക്കുന്നില്ലേ? മറ്റൊരു റിപ്പോര്‍ട്ടില്‍- ‘സ്വര്‍ഗവാസികളായ സ്ത്രീകളുടെ നേതാവാകുവാന്‍’ എന്നും കാണാവുന്നതാണ്. ഫാത്വിമ(റ) വിശ്വാസി സമുദായത്തിലെ സ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ടയും, സ്വര്‍ഗാവകാശികളായ സ്ത്രീകളുടെ നേതാവുമാണ് എന്നതിനുള്ള വ്യക്തമായ തെളിവാണിത്. ഈയൊരു വിശേഷണത്തില്‍ ഫാത്വിമ(റ)യുടെ മാതാവ് ഖദീജ(റ)യും ഉള്‍കൊള്ളുന്നു. ഫാത്വിമയും മാതാവ് ഖദീജയുമാണ് സ്വര്‍ഗവാസികളായ സ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളര്‍, ഫാത്വിമയും അവരുടെ ഉമ്മയുമാണ് സമുദായത്തിലെ സ്ത്രീകളില്‍ ഏറ്റവും മഹത്വമുള്ളവര്‍- ഇപ്രകാരത്തിലാണ് പ്രമാണങ്ങളിള്‍ വന്നിട്ടുള്ളത്.

ഇനി, ആയിശ(റ)യെ സംബന്ധിച്ച് ഹദീസുകള്‍ വിശദീകരിച്ച വിശേഷണങ്ങള്‍ പരിശോധിക്കാം. പ്രവാചകന്‍(സ) പറയുന്നു: ‘ഇതര സ്ത്രീകളെക്കാള്‍ ആയിശ(റ)യുടെ ശ്രേഷ്ഠത സരീദിന് (അക്കാലത്തെ രുചിരകരമായ ഭക്ഷണം) മറ്റുള്ള വിഭവങ്ങളില്‍ നിന്നുള്ള മേന്മ പോലെയാണ്. ഈയൊരു (സരീദ്) പദം നിരുധപാധികമായ ശ്രേഷഠതയല്ല പറഞ്ഞുവെക്കുന്നത്. ഇമാം ഇബ്നു ഹജര്‍ പറയുന്നു: മറ്റു സ്ത്രീകളെക്കാള്‍ ആയിശ(റ) ശ്രേഷ്ഠയാണെന്ന് ആ ഹദീസ് വ്യക്തമാക്കുന്നില്ല. കാരണം സരീദിന്റെ ശ്രേഷ്ഠത മൃതുലവും, എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന അക്കാലത്തെ ഏറ്റവും നല്ല രുചികരമായ വിഭവം എന്നതാണ്. എന്നാലിത് എല്ലാ അര്‍ഥത്തിലുമുള്ള ശ്രേഷഠതയും, വിശിഷ്ടതയും, മഹത്വവും വ്യക്തമാകുന്നതിനുളള നിരുപാധികമായ വിശേഷണങ്ങളായി മനസ്സിലാക്കാന്‍ കഴിയുകയില്ല. ചിലപ്പോള്‍, ഒരു വശത്തെ പരിഗണിക്കുമ്പോള്‍ അത് ശ്രേഷ്ഠതയുള്ളതാണെന്ന് പറയാവുന്നതാണ്. അതിനാല്‍, ഖദീജ(റ)യും, ഫാത്വിമ(റ)യുമല്ലാത്ത ഈ സമുദായത്തിലെ മുഴുവന്‍ സ്ത്രീകളെക്കാളും ശ്രേഷ്ഠതയും മഹത്വവുമുള്ളത് ആയിശ(റ)വിനാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. ആയിശ(റ)യുടെ വിശിഷ്ടത തന്നെയാണ് ഈ ഹദീസ് വെളിപ്പെടുത്തുന്നത്. അംറ് ബിന്‍ ആസ്(റ) പ്രവാചകനോട്(സ) ചോദിച്ചു: താങ്കളുടെ അടുക്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ ആരാണ്? പ്രവാചകന്‍(സ) പറഞ്ഞു: ആയിശ. ഈ ഹദീസ് പ്രവാചക പത്നിമാരുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് ഇബ്നു ഹിബ്ബാന്‍ ചൂണ്ടികാണിക്കുന്നു. ഇബ്‌നു ഹിബ്ബാന്‍ അദ്ദേഹത്തിന്റെ സ്വഹീഹില്‍ “ذكر خبر وهم في تأويله من لم يحكم صناعة الحديث” എന്ന തലവാചകം നല്‍കിയിരിക്കുന്നു. ആ തലവാചകത്തിന് താഴെ അംറ് ബിന്‍ ആസില്‍ നിന്നുള്ള ഹദീസ് ഇപ്രകാരത്തില്‍ കാണാവുന്നതാണ്; ഞാന്‍ പ്രവാചകനോട്(സ) ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കള്‍ക്ക് ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത്? പ്രവാചകന്‍(സ) പറഞ്ഞു: ആയിശ. സ്ത്രീകളെയല്ല, പുരുഷന്മാരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: അവരുടെ പിതാവ് (അബൂബക്കര്‍). പിന്നീട് ഇബ്‌നു ഹിബ്ബാന്‍ പറയുന്നു: ഫാത്വിമയും ഇതര സ്ത്രീകളുമല്ലാത്ത പ്രവാചക കുടുംബത്തെ സംബന്ധിച്ചാണ് ഈ ചോദ്യം ഉത്ഭവിക്കുന്നത് എന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. അദ്ദേഹം അനസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അനസ്(റ) പറയുന്നു: താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാരാണെന്ന് പ്രവാചകന്‍(സ) ചോദിക്കപ്പെട്ടു. പ്രവാചകന്‍(സ) പറഞ്ഞു: ആയിശ. അദ്ദേഹത്തോട് പറയപ്പെട്ടു: താങ്കളുടെ കുടുംബത്തെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: അവരുടെ പിതാവ്.

Also read: ഇന്ത്യയിൽ ഇസ് ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ആരംഭം

ശ്രേഷഠതയുടെ കാര്യത്തില്‍ ഖദീജ(റ)യെയും, ഫാത്വിമ(റ)യെയും കഴിഞ്ഞാണ് ആയിശ(റ) വരുന്നതെന്ന് ഈ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ആയിശ(റ)യുടെ ശ്രേഷ്ഠതയെ കുറിച്ച് പൊതുവായ സ്വഭാവത്തില്‍ പറഞ്ഞ ഓരോ ഹദീസുകളും, ഖദീജ(റ)യെയും ഫാത്വിമ(റ)യെയും സംബന്ധിച്ച് വന്ന ഹദീസുകളിലൂടെ പ്രത്യേകമാക്കപ്പെടുകയാണ്; പരിമിതമാക്കപ്പെടുത്തുകയാണ്. ഖദീജ(റ), ഫാത്വിമ(റ) എന്നിവരില്‍ നിന്ന് പ്രത്യകമായ ആയിശ(റ)യുടെ വിജ്ഞാനം പോലെയുളള കാര്യങ്ങളിലെ ശ്രേഷ്ഠതയും വിശിഷ്ടതയുമെല്ലാം നിരാകരിക്കുന്നില്ല. ഒന്നിന്റെ ശ്രേഷഠതയും വിശിഷ്ടതയും സ്ഥിരപ്പെടുന്നതിന് നിരുപാധികമായ (പൂര്‍ണാര്‍ഥത്തിലുള്ള) ശ്രേഷഠതയും വിശിഷ്ടതയും വേണമെന്നില്ല! ശ്രേഷ്ഠമായതിനെ ഇകഴ്ത്തികൊണ്ട് ഒരുവനെ മറ്റൊരുവനില്‍ നിന്ന് പുകഴ്ത്തുകയെന്നതല്ല ശ്രേഷ്ഠത അല്ലെങ്കില്‍ വിശിഷ്ടത. ഈ മൂന്ന് വനിതകളുടെ (ഖദീജ, ഫാത്വിമ, ആയിശ) ഉന്നതമായ സ്ഥാനത്തിനും മഹത്വത്തിനുമുള്ള ഏറ്റവും വലിയ തെളിവാണിത്. മുസ്‌ലിം സമുദായത്തിലെ ഏറ്റവും ഉത്തമരായ ശ്രേഷ്ഠരായ സ്ത്രീകളാണവര്‍ എന്ന കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം ആരെയും മഹത്വത്തിന്റെയും ശ്രേഷ്ഠതയുടെയും പേരുപറഞ്ഞ് പുറത്തുനിര്‍ത്തുന്നില്ല. ശ്രേഷ്ഠതയുടെ കാര്യത്തില്‍ വിശ്വാസികളുടെ മാതാവായ ആയിശ(റ)യുടെ സ്ഥാനം മൂന്നാമതാണെങ്കില്‍ അതിലെന്താണ് പ്രശ്നം!? ഇത് അവരെ പുകഴ്ത്തുന്നതിനും, ആദരിക്കുന്നതിനുമുള്ള കാരണമാണോ അതല്ല, ശിഈ റാഫിദകള്‍ ചെയ്യുന്നതുപോലെ അവരെ ഇകഴ്ത്തുന്നതിനും ആക്ഷേപിക്കുന്നതിനുമുള്ള കാരണമാണോ?

ജമല്‍ യുദ്ധത്തിന് ആയിശ(റ) അനുവാദം നല്‍കിയിരുന്നോ?

ആയിശ(റ) യുദ്ധത്തിന് വേണ്ടി പുറപ്പെടുകയോ, യുദ്ധം ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ല. സുഹ്‌രി റിപ്പോര്‍ട്ട് ചെയ്യുന്നു: ജമല്‍ യുദ്ധശേഷം ആയിശ(റ) പറഞ്ഞു; ആളുക ള്‍ക്കിടയില്‍ എന്റെ സ്ഥാനം നിലനിര്‍ത്തുകയെന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്, ജനങ്ങള്‍ക്കിടിയില്‍ യുദ്ധമുണ്ടാകുമെന്ന് വിചാരിച്ചിട്ടില്ല. അത് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ അത്തരം നിലപാട് എടുക്കുമായിരുന്നില്ല. ആയിശ(റ) നന്മ ഉദ്ദേശിച്ചുകൊണ്ടു മാത്രമാണ് പുറപ്പെട്ടതെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിക്കെ, ആയിശ(റ) യുദ്ധത്തിന് അനുമതി നല്‍കിയെന്നത് അടിസ്ഥാന രഹിതമാണ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെല്ലാം ശിഈ റാഫിദകള്‍ ഇസ്‌ലാമിന്റെ ആരംഭകാല ചരിത്രത്തെ വികൃതമാക്കുന്നതിന് പടച്ചുണ്ടാക്കിയതാണ്. അലി(റ), ത്വല്‍ഹ(റ), സുബൈര്‍(റ), ആയിശ(റ) എന്നിവര്‍ക്കിടയില്‍ സംഭവിച്ചതിനെ ആഭ്യന്തര ലഹളയായി അവതരിപ്പിക്കുകയാണ് ശിഈ റാഫിദകള്‍. ഇത്തരം റിപ്പോര്‍ട്ടുകളുടെ സ്വാധീനത്താല്‍ ആയിശ(റ) ബന്ധിയാക്കപ്പെട്ടുവെന്ന് പോലും ചില ഗവേഷകര്‍ പറയുകയുണ്ടായി. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന ആഭ്യന്തര യുദ്ധമായി അതിനെ അവര്‍ ചിത്രീകരിച്ചു. ഇതെല്ലാം ശരിയായ ഉറവിടത്തില്‍ നിന്ന് ലഭിക്കാത്ത ഗവേഷകര്‍ പറയുന്ന സാധാരണ വര്‍ത്തമാനമാണ്. ഇമാമ വസിയാസ, അഗാനി, മുറൂജ്ദ്ദഹബ്, താരീഖുല്‍ യഅ്ഖൂബി, താരീഖ് തമദ്ദുന്‍ ഇസ്‌ലാമി (ജോര്‍ജ് സൈദാന്‍) തുടങ്ങിയ വിശ്വസനീയമല്ലാത്ത ഗ്രന്ഥങ്ങളെ അവലംബിച്ച് കൊണ്ട് ചിരിത്ര വായന നടത്തിയതിന്റെ പരിണതിയാണിത്.

(തുടരും)

വിവ: അര്‍ശദ് കാരക്കാട്

Related Articles